ന്യൂനപക്ഷത്തിന്റെ ആകുലതകൾ അറിയാനും പരിഹരിക്കാനും ഒട്ടും അപകർഷത തോന്നാത്ത ന്യൂനപക്ഷ നേതാവായിരുന്നു മൻമോഹൻ സിങ്ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഡോ. മൻമോഹൻ സിങ് ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിലുള്ള ചക്വാൽ ജില്ലയിലെ തന്റെ ജന്മദേശമായ ‘ഗാഹ്’ എന്ന കൊച്ചുഗ്രാമത്തിലെ നിവാസികളെ ബന്ധപ്പെട്ട് തന്റെ മനസ്സിലെ ചെറിയൊരു അഭിലാഷം അറിയിച്ചു. ഗ്രാമീണരായ മുസ്ലിംകൾ ആരാധനക്കായി ആശ്രയിക്കുന്ന ‘ഗാഹി’ലെ ജമാ മസ്ജിദിൽ...
ന്യൂനപക്ഷത്തിന്റെ ആകുലതകൾ അറിയാനും പരിഹരിക്കാനും ഒട്ടും അപകർഷത തോന്നാത്ത ന്യൂനപക്ഷ നേതാവായിരുന്നു മൻമോഹൻ സിങ്
ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഡോ. മൻമോഹൻ സിങ് ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിലുള്ള ചക്വാൽ ജില്ലയിലെ തന്റെ ജന്മദേശമായ ‘ഗാഹ്’ എന്ന കൊച്ചുഗ്രാമത്തിലെ നിവാസികളെ ബന്ധപ്പെട്ട് തന്റെ മനസ്സിലെ ചെറിയൊരു അഭിലാഷം അറിയിച്ചു. ഗ്രാമീണരായ മുസ്ലിംകൾ ആരാധനക്കായി ആശ്രയിക്കുന്ന ‘ഗാഹി’ലെ ജമാ മസ്ജിദിൽ അതിശൈത്യത്തിലും ‘വുദൂ’(പ്രാർഥനക്കു മുമ്പുള്ള അംഗശുദ്ധി)വിന് തണുത്ത വെള്ളമാണുപയോഗിക്കുന്നതെന്നും അതൊഴിവാക്കാൻ തന്റെ വക ‘ഗീസർ’ ഘടിപ്പിക്കണമെന്നുമായിരുന്നു ആ ആഗ്രഹം.
അപ്പോഴാണ് സമീപത്തെ മറ്റു രണ്ടു മുസ്ലിം പള്ളികളിലും സമാനമാണ് അവസ്ഥയെന്ന് ഗ്രാമീണർ പറയുന്നത്. ഇന്ത്യയിൽനിന്നുള്ള സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും സമ്മാനമായി മൻമോഹൻ അയച്ചുകൊടുത്ത ഗീസറുകളുപയോഗിച്ചാണ് അവിടന്നിങ്ങോട്ട് ഗാഹിലെ മൂന്നു പള്ളികളിലും വിശ്വാസികൾ വുദൂഇന് വെള്ളമെടുക്കുന്നത്.
മുസ്ലിംകളും സിഖുകാരും സഹവർത്തിത്വത്തോടെ ജീവിക്കുന്ന അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ‘ഗാഹ്’ ഗ്രാമത്തിൽ ജനിച്ചുവളർന്ന് വിഭജനത്തോടെ ഇന്ത്യയിലേക്ക് കുടിയേറിയ സർദാർ തിരിച്ചുപോന്ന ശേഷവും തന്റെ ഗ്രാമീണരെ മറന്നില്ല. ‘ഗാഹി’ലെ ഉർദുമീഡിയം പ്രൈമറി സ്കൂളിൽ പഠിച്ചുവളർന്ന കൊച്ചുമിടുക്കൻ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തിയതോടെ തങ്ങളുടെ തലവരയും മാറിയത് ഗ്രാമത്തിൽ പുതുതായി വന്ന ഹൈസ്കൂളും മറ്റു വികസനങ്ങളും ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ നന്ദിയോടെ സ്മരിക്കുന്നു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അവർക്കിപ്പോഴും പ്രിയപ്പെട്ട മൻമോഹൻ സാബ് ആണ്. ഉർദു മീഡിയം സ്കൂളിലെ പ്രൈമറി ക്ലാസിലെ ഹാജർ പട്ടികയിൽ 22ാമനായ മൻമോഹന്റെ മാർക്ക്ലിസ്റ്റുകൾ ഉയർത്തിക്കാട്ടി അഭിമാനത്തോടെ തങ്ങൾ ഇത് സംരക്ഷിക്കുമെന്ന് പ്രധാനാധ്യാപകൻ ആണയിടുന്നു. താൻ ജനിച്ച മണ്ണിനെയും പ്രിയപ്പെട്ട തന്റെ നാട്ടുകാരെയും മരണംവരെ മറക്കാതിരുന്ന മൻമോഹൻ ആ മണ്ണിലും തന്നെക്കുറിച്ചുള്ള ഓർമകൾക്കൊപ്പം മാത്രമല്ല തന്റെ അടയാളങ്ങൾകൂടി ബാക്കിയാക്കിയാണ് കടന്നുപോയത്.
ഇന്ത്യയുടെ ‘വസീറെ അഅ്സം’ ഒരു പ്രാവശ്യമെങ്കിലും ഗ്രാമത്തിലെത്തുമെന്ന തങ്ങളുടെ ആഗ്രഹം സഫലമാകാതെപോയതും ഇപ്പോൾ അദ്ദേഹത്തിന്റെ അന്ത്യോപചാരങ്ങളിൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാതെപോയതുമെല്ലാം ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയസാഹചര്യങ്ങൾകൊണ്ടാെണന്ന് ‘ഗാഹി’ലെ ഗ്രാമീണർ സമാശ്വസിക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷത്തിന്റെ ആരാധനാലയത്തിലെ വുദൂഖാന അടച്ചുപൂട്ടി മുദ്രവെക്കുന്നതും അതിനോ അതിന്റെ പരിസരങ്ങൾക്കോ താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് മണ്ണ് മാന്തി പരിശോധിക്കുന്നതും ഭരണകൂടത്തോടൊപ്പം കോടതികളും ആ കൃത്യത്തിൽ പങ്കാളികളാകുന്നതും കാണുന്ന രാജ്യത്താണ് പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും താൻ ജനിച്ചുവളർന്ന കൊച്ചുഗ്രാമത്തിലെ ഇതര സമുദായങ്ങളുടെ ആരാധന നിർവഹണത്തിൽ താൽപര്യപൂർവം സൗകര്യങ്ങളൊരുക്കുന്നതിൽ ഉത്സുകനായ ഒരു രാഷ്ട്ര നേതാവിനെ നാം കാണുന്നത്.
ന്യൂനപക്ഷത്തിന്റെ ആകുലതകൾ അറിയാനും പരിഹരിക്കാനും ഒട്ടും അപകർഷത തോന്നാത്ത ന്യൂനപക്ഷ നേതാവായിരുന്നു മൻമോഹൻ. മറ്റു പിന്നാക്ക സമുദായങ്ങൾക്കുള്ള 27 ശതമാനം സംവരണത്തിൽ ന്യൂനപക്ഷത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ഉപസംവരണം വേണമെന്ന നിലപാടുമായി തന്റെ സർക്കാർ മുന്നോട്ടുപോയെന്ന് അഭിമാനത്തോടെ ഡോ. സിങ് വിളിച്ചുപറഞ്ഞു. മുസ്ലിം സമുദായത്തിന്റെ പതിതാവസ്ഥ തുറന്നുകാട്ടുന്നതിന് നിമിത്തമായ സച്ചാർ കമ്മിറ്റിയെ നിയോഗിച്ച ശേഷം ആ റിപ്പോർട്ട് കൈയിൽപിടിച്ചിരിക്കുകയാണ് താൻ ചെയ്തതെന്ന് വിമർശിച്ചവർക്ക് സച്ചാർ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ കൈക്കൊണ്ട നടപടികൾ എണ്ണിപ്പറഞ്ഞാണ് മൻമോഹൻ മറുപടി നൽകിയത്.
സർക്കാർ ജോലികളിലേക്കും സുരക്ഷാസേനകളിലേക്കും ബാങ്കിങ് മേഖലയിലേക്കും ന്യൂനപക്ഷ റിക്രൂട്ട്മെന്റുകളിലെ വർധനയും വിവിധ മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പകളിൽ ഒമ്പത് മുതൽ 15 വരെ ശതമാനം വർധനയും ഉണ്ടാക്കിയതും 40 ലക്ഷം ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതും രാജ്യത്തെ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ കണ്ടെത്തി അവയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിയതുമെല്ലാം ആ പട്ടികയിലുണ്ടായിരുന്നു.
സച്ചാർ ശിപാർശകൾക്ക് അനുസൃതമായി തന്റെ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് പ്രയോജനപ്രദമാകുന്നത് കാണാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും മൻമോഹൻ തുറന്നുപ്രകടിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം തന്റെ മുദ്ര പതിപ്പിച്ചതിനൊപ്പം സ്വന്തം നിലപാടുകളിലൂടെ സ്വയം അടയാളപ്പെടുത്തിയാണ് ഡോ. മൻമോഹൻ സിങ് കാലയവനികക്കുള്ളിലേക്ക് മറയുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾക്കൊപ്പംതന്നെ സാമൂഹിക മേഖലയിലെ പരിഷ്കാരങ്ങളും രാഷ്ട്രപുരോഗതിക്ക് അനിവാര്യമാണെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു മൻമോഹൻ. തന്നെ പരിഹസിച്ചവരും താൻ തുറന്നിട്ട ആഗോളീകരണത്തിന്റെ വാതായനങ്ങളിലൂടെ ലോകത്തെ കാണുന്നതും അനുഭവിക്കുന്നതും കൺനിറയെ കണ്ടപ്പോഴും തന്റെ പിൻഗാമിയെപ്പോലെ പരിഹാസോക്തിയിൽ ഒളിയമ്പെയ്തില്ല ക്രാന്തദർശിയായ ഡോ. മൻമോഹൻ സിങ്. അതുകൊണ്ടാണ് ‘അസർദാർ ആയ സർദാർ’ എന്ന് അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.