അറിഞ്ഞിരിക്കാം, ഈ കാര്യങ്ങളിൽ ഇന്നുമുതൽ ഒത്തിരി മാറ്റങ്ങൾ...

പെൻഷൻ വാങ്ങാം; എവിടെനിന്നും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പെൻഷൻകാർക്ക് രാജ്യത്തെവിടെനിന്ന് വേണമെങ്കിലും പെൻഷൻ വാങ്ങാവുന്ന കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സിസ്റ്റം ഇന്ന് മുതൽ നടപ്പാകും. ആദ്യ പെൻഷൻ വാങ്ങുമ്പോൾ ബാങ്കിലെത്തി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. താമസസ്‌ഥലം മാറുമ്പോൾ അവിടത്തെ പി.എഫ് ഓഫിസിലെത്തി പെൻഷൻ പേയ്മെന്റ് ഓർഡർ നൽകേണ്ട. പെൻഷൻ അക്കൗണ്ട് പുതിയ ബാങ്കിലേക്കോ ബാങ്ക് ശാഖയിലേക്കോ മാറ്റുകയും വേണ്ട.

കാറിന് വിലയേറും

പ്രമുഖ കാറുകളുടെ വിലയിൽ മൂന്ന് -അഞ്ച് ശതമാനം വർധന ഉണ്ടാകും. ടാറ്റ മോട്ടോഴ്സ‌്, മഹീന്ദ്ര, ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, ടൊയോട്ട, എംജി മോട്ടോഴ്സ്, നിസാൻ മോട്ടോർ ഇന്ത്യ, മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു, ഔഡി കമ്പനികളെല്ലാം വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എസ്‌.സി അഭിമുഖ തീയതി മാറ്റം

പി.എസ്‌.സി നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർ തീയതി മാറ്റിക്കിട്ടാൻ ജനുവരി ഒന്ന് മുതൽ പ്രൊഫൈൽ വഴി അപേക്ഷിക്കണം. തപാൽ, ഇ-മെയിൽ വഴി അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

ഫീച്ചർ ഫോൺ പണമിടപാട് 10,000 വരെ

സാധാരണ ഫോൺ (ഫീച്ചർ ഫോൺ) ഉപയോഗിച്ച് 10,000 രൂപവരെയുള്ള പണമിടപാട് നടത്താം. ‘യു.പി.ഐ 123പേ’ സംവിധാനത്തിലൂടെയാണിത്. ഇത് ഇന്നുമുതൽ പ്രാബല്യത്തിലാകും. സ്‌മാർട്ഫോണും ഇന്റർനെറ്റും ഇല്ലാത്തവർക്കുള്ള ഫോൺ പണമിടപാടാണിത്.

ജി.എസ്‌.ടി പോർട്ടൽ ഇരട്ടി സുരക്ഷയിൽ

ജി.എസ്‌.ടി പോർട്ടലിലെ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷക്കായി ലോഗിൻ രീതിയിൽ മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ (എം.എഫ്.എ) ഇന്നുമുതൽ നടപ്പാക്കും. പാസ്‌വേഡിനു പുറമേ ഫോണിലെത്തുന്ന വൺ ടൈം പാസ്‌വേഡ് കൂടി വേണം. 20 കോടിക്കു മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇന്ന് മുതലും അഞ്ച് കോടിക്കു മുകളിലുള്ളവർക്ക് ഫെബ്രുവരി ഒന്ന് മുതലും ജി.എസ്‌.ടി രജിസ്ട്രേഷനുള്ള എല്ലാ ബിസിനസുകൾക്കും ഏപ്രിൽ ഒന്ന് മുതലും ബാധകമാകും.

ഈടില്ലാത്ത കൃഷി വായ്‌പ

രണ്ട് ലക്ഷം വരെയുള്ള കൃഷി വായ്‌പകൾക്ക് ഈട് വേണ്ടെന്ന ആർ.ബി.ഐ വ്യവസ്ഥ ഇന്ന് പ്രാബല്യത്തിലാകും. വായ്‌പാ പരിധി 1.6 ലക്ഷം രൂപയായിരുന്നതാണ് രണ്ട് ലക്ഷമാക്കിയത്.

പഴയ ഫോണാണോ; വാട്‌സ്​ആപ് കിട്ടില്ല

സാംസങ്, സോണി, എൽ.ജി അടക്കമുള്ള കമ്പനികളു​ടെ പഴയ ഫോണിൽ ഇന്ന് മുതൽ വാട്സ്​ആപ്​ ലഭിക്കില്ല. സാംസങ് ഗാലക്സി എസ്3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്‌സ് 3, ഗാലക്സി എസ്4 മിനി, സോണി എക്സ്‌പീരിയ, എൽ.ജി ഒപ്റ്റിമസ് ജി, നെക്സസ് 4 തുടങ്ങിയവയാണ് വാട്സ്​ആപ് പ്രവർത്തിക്കാത്ത പഴയ ചില ഫോൺ മോഡലുകൾ.

ആർ.ടി ഓഫിസുകൾ സ്മ‌ാർട്ട്​

സംസ്ഥാനത്തെ ആർ.ടി ഓഫിസുകൾ ഇന്ന് മുതൽ സ്മാർട്ട്​ ആക്കണമെന്ന് ഗതാഗത കമീഷണറുടെ നിർദേശം. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. സന്ദർശന സമയം രാവിലെ 10.15 മുതൽ ഉച്ചക്ക് 1.15 വരെ മാത്രമാകും.

മൊബൈൽ ടവർ വിലക്ക് വിലപ്പോവില്ല

സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്‌ഥാപിക്കുന്നതും ടെലികോം ലൈൻ വലിക്കുന്നതും പൊതുജനത്തിന് അനിവാര്യമെങ്കിൽ സ്‌ഥലമുടമ വിസമ്മതിച്ചാൽ ടെലികോം കമ്പനികൾക്ക് കലക്ടറുടെ അനുമതി നേടാം. ഇതിനായി ടെലികോം കമ്പനി ആദ്യം സ്ഥലം ഉടമക്ക് അപേക്ഷ നൽകണം. ഉടമ അനുവദി​ച്ചില്ലെങ്കിൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം. തീരുമാനം ജനു​വരി ഒന്നുമുതൽ നടപ്പാകും.

ക്രെഡിറ്റ് സ്കോർ മാസം രണ്ടുവട്ടം

ഇന്ന് മുതൽ മാസം രണ്ടുവട്ടം ക്രെഡിറ്റ് സ്കോർ പുനഃക്രമീകരിക്കും. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾ മാസത്തിൽ ഒരിക്കലാണ് വ്യക്തികളുടെ വായ്പാവിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സി.ഐ.സി) പങ്കുവെക്കുന്നത്. ജനു​വരി ഒന്നു മുതൽ രണ്ടാഴ്ച‌ കൂടുമ്പോൾ ഈ വിവരം കൈമാറണം. അതോടെ, മാസത്തിൽ രണ്ടുതവണ സ്കോർ അപ്ഡേറ്റ് ചെയ്യും. വായ്‌പ തിരിച്ചടച്ചു കഴിഞ്ഞവർക്ക് ഒരു മാസം കാത്തിരിക്കാതെ പുതിയ സ്കോർ ലഭിക്കും.

യു.എസ് വിസ റീഷെഡ്യൂൾ ചെയ്യാം

താൽക്കാലിക ആവശ്യങ്ങൾക്കായി യു.എസിലേക്ക് പോകാനുള്ള നോൺ- ഇമിഗ്രന്റ് വിസക്കുള്ള അപ്പോയ്ന്റ്മെന്റുകൾ അധികനിരക്ക് നൽകാതെ ഒറ്റത്തവണ റീഷെഡ്യൂൾ ചെയ്യാനുള്ള ക്രമീകരണം യു.എസ് എംബസികൾ ഇന്ന് മുതൽ നടപ്പാക്കും. ഒന്നിലേറെ തവണ റീഷെഡ്യൂൾ ചെയ്യണമെങ്കിൽ വീണ്ടും അപേക്ഷ നൽകി ഫീസടക്കണം. ടൂറിസം, ചികിത്സ, ബിസിനസ്, താൽക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള ആവശ്യങ്ങൾക്കായി പോകുന്നവർക്ക്​ നൽകുന്നതാണ് നോൺ-ഇമിഗ്രന്റ് വിസ.

പഞ്ചായത്തുകളിലേക്ക് കെ–സ്‌മാർട്ട്

നഗരസഭകളിലെ കെ-സ്മാർട്ട് ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിനു മുന്നോടിയായ പൈലറ്റ് പദ്ധതി ഇന്ന് തുടങ്ങും. ആദ്യം തിരുവനന്തപുരം ജില്ലയിൽ.

ട്രെയിനുകൾക്ക് പഴയ നമ്പർ

ദക്ഷിണ റെയിൽവേയുടെ കീഴിലെ ട്രെയിനുകളുടെ പഴയ നമ്പറുകൾ ഇന്നുമുതൽ തിരികെ വരും. കോവിഡ് കാലത്താണ് റെയിൽവേ നമ്പർ മാറ്റം വരുത്തിയത്.

Tags:    
News Summary - This change starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.