ഏതാനും മാസങ്ങളായി, അനാരോഗ്യം മൂലം യോഗങ്ങളിൽനിന്നും മറ്റും മാറിനിൽക്കുകായിരുന്നു മൻമോഹൻ. എങ്കിലും, എല്ലാ ഇ-മെയിലുകൾക്കും കൃത്യമായ മറുപടി നൽകാൻ അദ്ദേഹം സൂക്ഷ്മത കാണിച്ചു. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിന് അനുമതി തേടി ഞാൻ ഇ- മെയിൽ അയച്ചിരുന്നു. ‘അനാരോഗ്യം മൂലം തൽക്കാലം എനിക്ക് ഒരു അഭിമുഖം റെക്കോഡ് ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുന്നതിൽ ഖേദമുണ്ട്.’ എന്നായിരുന്നു മറുപടി ലഭിച്ചത്.
രാജ്യതലസ്ഥാനത്തെ തിരക്കിൽ അക്ഷമരായ, അപരന്റെ വിഷമങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലാത്ത നേതാക്കൾക്കിടയിൽ വ്യത്യസ്തനായിരുന്നു അദ്ദേഹം. ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയരാവുന്ന സമയം കോൺഗ്രസിലെ വലിയൊരുവിഭാഗം അതിനെ കെട്ടുകാഴ്ചയെന്ന് വിശേഷിപ്പിച്ച് വിമർശനം ശക്തമാക്കി. ഉച്ചകോടിക്ക് ദിവസങ്ങൾക്കുമുമ്പ് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ സൗമ്യനായി എന്നാൽ, ആധികാരികമായി മൻമോഹൻ സിങ് ഉച്ചകോടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ആ വാക്കുകൾ കുടുതൽ പ്രസക്തമാകുന്നു.
2004 മേയ് 22ന് ഉച്ചകഴിഞ്ഞ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ച സമയം ഓർക്കുന്നു. അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ ഗുർശരൺ കൗറിനെ ദി ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിനായി സമീപിച്ചിരുന്നതുകൊണ്ടുതന്നെ ഞങ്ങൾക്ക് അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ലഭിച്ചു. ‘ഈ ദൗത്യത്തിൽ എല്ലാവരുടെയും സഹായം എനിക്ക് ആവശ്യമാണ്’ അദ്ദേഹം കൈകൾ കൂപ്പി പറഞ്ഞു. ഗുർശരൺ കൗർ അവരുടെ കുടുംബ ആൽബത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ ഞങ്ങളുമായി പങ്കിട്ടു. അടുത്ത ദിവസം, രാജ്യചരിത്രത്തിലെ നിർണായകവും പ്രക്ഷുബ്ധവുമായ ഒരുപതിറ്റാണ്ട് കാലത്തെ പ്രധാനമന്ത്രി പദം അദ്ദേഹം ഏറ്റെടുത്തു.
2009ൽ ആരോഗ്യപ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന് അടിയന്തരമായി എയിംസിൽ കൊറോണറി ബൈപാസ് സർജറി (രണ്ടാംതവണ) നടത്തേണ്ടി വന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യനിലയിലുണ്ടായിരുന്ന സങ്കീർണതകളെക്കുറിച്ച് മൂത്ത മകൾ ഉപീന്ദർ ഇന്ത്യൻ എക്സ്പ്രസിനോട് ആശങ്ക പങ്കുവെച്ചത് ഓർക്കുന്നു. തികച്ചും ആശങ്കാജനകമായ സാഹചര്യത്തിലായിരുന്നു ആ ശസ്ത്രക്രിയ നടന്നത്.
പ്രധാനമന്ത്രി എന്ന നിലയിൽ, ഓഫിസിലെ പലരും ‘ഡോ സാഹെബ്’ എന്നായിരുന്നു അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. യു.എസിലേക്കുള്ള ഔദ്യോഗിക പര്യടനങ്ങളൊഴികെ അദ്ദേഹം നീണ്ട വിദേശ യാത്രകൾ ഇഷ്ടപ്പെട്ടിരുന്നില്ല. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനായി യു.എസിൽ എത്തുന്ന വേളകളിൽ മിക്കപ്പോഴും അദ്ദേഹം, ന്യൂയോർക്കിൽ അറ്റോർണിയായി ജോലി ചെയ്യുന്ന മകൾ അമൃതിനൊപ്പം ചെലവഴിക്കാനായി സന്ദർശനം ഒരു ദിവസത്തേക്ക് നീട്ടുമായിരുന്നു.
2011ൽ യു.എൻ ജനറൽ അസംബ്ലിക്ക് ശേഷമുള്ള മടക്കയാത്ര സെപ്റ്റംബർ 26നായിരുന്നു. അന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ പ്രമേഹം കൂടി കണക്കിലെടുത്ത് ഷുഗർ ഫ്രീ കേക്ക് കാലേക്കൂട്ടി വിമാനത്തിൽ എത്തിച്ചിരുന്നു. എന്നാൽ, വിമാനത്തിൽ വെച്ചുള്ള ആഘോഷങ്ങൾ അദ്ദേഹം വിനയപൂർവം നിരസിച്ചു. ടേക്ക് ഓഫിനുശേഷം മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം മാധ്യമ വിഭാഗത്തിലേക്ക് എത്തി. ഇതിനിടെ, അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉദ്യോഗസ്ഥ സംഘത്തിലെ ഒരു അംഗം എന്നോട് ആവശ്യപ്പെട്ടു. തുടർന്ന്, പ്രധാനമന്ത്രി നാണത്തോടെ സമ്മതിക്കുകയായിരുന്നു. തുടർന്ന് ജന്മദിന കേക്ക് പങ്കുവെച്ച് ഞങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
2014ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനുപിന്നാലെ മൻമോഹൻ പ്രധാനമന്ത്രിയുടെ വസതി ഒഴിയാൻ തയാറെടുക്കുന്ന സമയം. മകൾ ഉപീന്ദറോട് ഇനിയെന്താവും പിതാവിന്റെ പദ്ധതിയെന്ന് ചോദ്യമുയർന്നു. താൻ ഏറ്റവും വിലമതിക്കുന്ന തന്റെ പുസ്തക ശേഖരം പുതിയ വീട്ടിലെത്തിക്കാനായി അടുക്കിപ്പെറുക്കുന്ന തിരക്കിലാണ് അദ്ദേഹമെന്നുമായിരുന്നു മറുപടി.
കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.