സുഷമ, സ്വദേശകാര്യ മന്ത്രി !

സുഷമ, സ്വദേശകാര്യ മന്ത്രി !

വയലാര്‍ രവി പ്രവാസികാര്യ മന്ത്രിസ്ഥാനം വഹിച്ചതിന്‍െറ നിര്‍ഗുണം കണ്ട് രോഷം കടിച്ചമര്‍ത്തി കഴിഞ്ഞിരുന്ന മലയാളികള്‍ക്കും ആഗോള പ്രവാസി സമൂഹത്തിനും സുഷമ സ്വരാജ് ഒരു ആശ്വാസമാണ്. പ്രവാസികാര്യത്തെ വിദേശകാര്യത്തിലേക്ക് ലയിപ്പിച്ചു ചേര്‍ത്തതിന്‍െറ അമര്‍ഷം ബാക്കിയുണ്ടെങ്കിലും മന്ത്രി ചിലതെല്ലാം ചെയ്യുന്നു എന്നൊരു തോന്നല്‍. പ്രവാസി ദിവസ് മാമാങ്കവും പതക്ക വിതരണവും മിക്കവാറും നിര്‍ത്തിയെങ്കിലും പ്രവാസി പ്രശ്നങ്ങള്‍ മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. യമന്‍, ദക്ഷിണ സുഡാന്‍ എന്നിങ്ങനെ യുദ്ധകലുഷിതമായ രാജ്യങ്ങളില്‍നിന്ന് നൂറുകണക്കിന് മലയാളികളെ ഒഴിപ്പിച്ച് സുരക്ഷിതമായി നാട്ടിലത്തെിക്കാന്‍ കാണിച്ച താല്‍പര്യം അഭിനന്ദനം പിടിച്ചുപറ്റി. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരിലേക്കും സുഷമയുടെ സാന്ത്വനം എത്തി. ചില നടപടികളില്‍ അബദ്ധം പിണയുന്നുവെന്നു മാത്രം. അമളി മനുഷ്യസഹജമത്രെ. അമ്മക്കും അമ്മായിക്കും അതു പറ്റും. ഉദ്ദേശശുദ്ധിക്കാണ് മാര്‍ക്ക്.

യമനിലേക്കും മറ്റും വിമാനവും സഹമന്ത്രി വി.കെ. സിങ്ങിനെയും അയച്ചാണ് പ്രവാസികളെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുപോന്നത്. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. പെരുപ്പിച്ചേടത്തോളം വിഷയം വലുതല്ലാത്തതു കൊണ്ട് ഉദ്ദേശിച്ചത്ര നടപടികള്‍ വേണ്ടിവന്നില്ല. 230 കോടിയിലധികം രൂപ തട്ടിയെടുക്കപ്പെട്ട ശേഷമാണെങ്കിലും കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് കൊള്ള അവസാനിപ്പിച്ചത് സുഷമ സ്വരാജ് മന്ത്രിയായശേഷമാണ്. പ്രവാസികള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുന്നതിനും ആശ്വാസമത്തെിക്കുന്നതിനും മന്ത്രിക്ക് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. ഒന്നും വിലകുറച്ചു കാണാവുന്നതല്ല.

പക്ഷേ, ഇടപെടലുകള്‍ക്ക് അനുബന്ധമായി പുതിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരടക്കം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരുടെ പുനരധിവാസ കാര്യങ്ങളില്‍ എന്തെങ്കിലും നടപടി ഉണ്ടായോ? ഗള്‍ഫിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഇപ്പോഴും നടക്കുന്നില്ളേ? വിദേശരാജ്യത്ത് ഒരൊറ്റ ഇന്ത്യക്കാരനും പട്ടിണി കിടക്കേണ്ടിവരില്ളെന്ന് പറഞ്ഞ് ഭക്ഷണമത്തെിക്കാനും മറ്റും കാണിച്ച അമിതാവേശം തിരിച്ചടിച്ചോ? കഥയില്‍ ചോദ്യമില്ല എന്നതുപോലെ, അനന്തരം എന്ത് സംഭവിക്കുന്നു ഇങ്ങനെ ഓരോ കാര്യത്തിലും ചോദിക്കരുത്. യഥാര്‍ഥ മാതാപിതാക്കളെ ഏല്‍പിച്ചു കൊടുക്കാന്‍ പാകിസ്താനില്‍നിന്ന് കൊട്ടിഘോഷിച്ച് ഇന്ത്യയിലത്തെിച്ച മൂക-ബധിരയായ ഗീതയെന്ന യുവതിയുടെ കാര്യത്തിലും പാടില്ല, ചോദ്യം. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നാണ് ഗീതോപദേശം. പ്രവാസി ലോകവുമായി നിരന്തരം ഇടപഴകുന്ന, ജനപ്രിയ ട്വിറ്റര്‍ താരമാണിന്ന് സുഷമ സ്വരാജ്.

പ്രവാസികളുടെ പ്രയാസങ്ങളോട് പ്രതികരിക്കുമ്പോള്‍ ട്വിറ്റര്‍ ഗ്രാഫ് കുത്തനെ ഉയരുകതന്നെ ചെയ്യും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വെളിപ്പെടുത്തിയതു പ്രകാരം, പ്രവാസികളുമായുള്ള സോഷ്യല്‍ മീഡിയ സമ്പര്‍ക്കത്തിന് മന്ത്രി ദിനേന രണ്ടു മണിക്കൂര്‍ നീക്കിവെക്കുന്നു. വന്നുവന്ന്, കേടായ ഫ്രിഡ്ജ് നന്നാക്കാനാണ് ഒരു പ്രവാസി വിരുതന്‍ അടുത്തയിടെ മന്ത്രിയോട് ട്വിറ്ററില്‍ സഹായം ചോദിച്ചത്. തെല്ലു ശാസനയോടെയാണെങ്കിലും അതിനും സുഷമ മറുപടി നല്‍കാതിരുന്നില്ല. ലോകത്തുതന്നെ ട്വിറ്റര്‍ നയതന്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെയാണ്. രണ്ടാം സ്ഥാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക്. അതും കഴിഞ്ഞാല്‍ 22 ദശലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മൂന്നാം സ്ഥാനത്ത്. 5.64 ദശലക്ഷം പേരെ ആകര്‍ഷിക്കുന്ന ട്വിറ്റര്‍ നയതന്ത്രമാണ് സുഷമാ സ്വരാജിന്‍േറത്. മൊത്തത്തില്‍ നാലാം സ്ഥാനത്താണെങ്കിലും വനിതാ നേതാക്കളുടെ ഗണത്തില്‍ സുഷമക്ക് ഒന്നാം സ്ഥാനമാണ്.

ഈ സ്ഥാനലബ്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസൂയയുണ്ടോ എന്ന് വ്യക്തമല്ല. എങ്കിലും, വലിയ തിരക്കുകള്‍ക്കിടയില്‍ എന്തിനുമേതിനും മന്ത്രി ഇടപെടേണ്ടിവരുന്ന പ്രയാസം മാറ്റിയെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്‍െറ സമ്പര്‍ക്ക സംവിധാനം മെച്ചപ്പെടുത്താനുമെന്ന വിശദീകരണത്തോടെ സോഷ്യല്‍മീഡിയ ശൃംഖല മന്ത്രാലയം കഴിഞ്ഞദിവസം മുതല്‍ വിപുലപ്പെടുത്തി. 170 നയതന്ത്ര കാര്യാലയങ്ങളെ ഒറ്റ വേദിയിലേക്ക് കൊണ്ടുവരികയും പ്രവാസി വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് താല്‍പര്യമെടുക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. ഫലത്തില്‍ ട്വിറ്ററില്‍ സുഷമ സ്വരാജിന്‍െറ മറുപടി ഇനിയങ്ങോട്ട് എല്ലായ്പ്പോഴും കിട്ടിക്കൊള്ളണമെന്നില്ല; ഉദ്യോഗസ്ഥര്‍ മിക്കവാറും വിഷയങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുമ്പോള്‍ സേവനം ആവശ്യപ്പെടുന്നവര്‍ക്ക് സുഷമ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരണമെന്നില്ല. പിന്തുടര്‍ന്നാല്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല.

യഥാര്‍ഥത്തില്‍ ട്വിറ്റര്‍ സുഷമ സ്വരാജിന് ഒരു ആശ്വാസ കേന്ദ്രമാണ്. പ്രവാസികളുമായി ബന്ധപ്പെടാനുള്ള ഉപാധി മാത്രമല്ല അത്. ഭര്‍ത്താവുമൊത്ത് പാര്‍ലമെന്‍റ് മന്ദിരത്തില്‍ അടുത്തയിടെ എത്തിയത്, പഴയ സംഘ്പരിവാര്‍ കാലം, വിവാഹവേള എന്നിവയെല്ലാം അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വിശേഷങ്ങളുമൊക്കെ അവര്‍ ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. പക്ഷേ, നയതന്ത്ര വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രി ഒറ്റയക്ഷരം പറയാറില്ല. ട്വിറ്ററില്‍ മാത്രമല്ല, പുറത്തും ഏതാണ്ട് അങ്ങനെതന്നെ. പ്രധാനമന്ത്രിക്കൊപ്പം ഏതെങ്കിലും അന്താരാഷ്ട്ര വേദികളില്‍, യാത്രകളില്‍ വിദേശകാര്യ മന്ത്രിയെ കണ്ടിട്ടുണ്ടോ? ചൈനയുടെ കടന്നുകയറ്റം, പാകിസ്താന്‍െറ നുഴഞ്ഞുകയറ്റം, കശ്മീര്‍, ബലൂചിസ്താന്‍ എന്നിങ്ങനെ നീളുന്ന നയതന്ത്ര വിഷയങ്ങളില്‍ വിദേശകാര്യമന്ത്രിക്ക് റോളില്ല; അഭിപ്രായമില്ല.

ബി.ജെ.പി സര്‍ക്കാര്‍ വന്നശേഷം പ്രവാസി മന്ത്രാലയം വിദേശകാര്യത്തില്‍ ലയിപ്പിക്കുകയല്ല സംഭവിച്ചത്. വിദേശകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷാകാര്യ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് ഏറ്റെടുക്കുകയും വിദേശകാര്യ മന്ത്രിയെ പ്രവാസികാര്യത്തിലേക്ക് ഒതുക്കുകയുമാണ് ഉണ്ടായത്. മോദി-ഡോവല്‍ മേല്‍ക്കോയ്മ അംഗീകരിച്ച് അടങ്ങിയൊതുങ്ങി സ്വദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കാനുള്ള വിരുതും വിനയവും കഴിഞ്ഞ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു പോരുന്നു. വിദേശത്ത് ഇന്ത്യയുടെ മുഖമായി മാറാന്‍ പണിപ്പെടുന്ന നരേന്ദ്ര മോദിയോട് മത്സരിക്കാനൊന്നും അവരില്ല. സ്വയം ഒതുങ്ങിയില്ളെങ്കില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഉത്തമ ബോധ്യം അവര്‍ക്കുണ്ട്. മന്ത്രിപ്പട്ടികയില്‍നിന്ന് തഴയപ്പെടുന്ന സാഹചര്യം അതിജീവിക്കാന്‍ കഴിഞ്ഞ സുഷമ സ്വരാജ് മോദിയുടെ വിശ്വാസവും പ്രീതിയും നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതുകൊണ്ട് അതിര്‍വരമ്പുകള്‍ മറികടക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ട്വിറ്റര്‍ കിളിക്കൂട് മന$സംഘര്‍ഷം അയച്ചെടുക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് നയതന്ത്രം കൈകാര്യം ചെയ്യുമ്പോള്‍, വിദേശകാര്യ മന്ത്രാലയം തരംതാഴ്ത്തപ്പെട്ട ഇടമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെടുന്നു. സഹമന്ത്രിമാരോ? പട്ടാളച്ചിട്ടയുള്ള വി.കെ. സിങ് പ്രധാനമന്ത്രിയെ സ്തുതിക്കാനുള്ള അവസരമൊന്നും നഷ്ടപ്പെടുത്തുന്നില്ളെന്ന് ഓരോ ട്വിറ്റര്‍ കുറിപ്പിലും ഉറപ്പാക്കുന്നു. പത്രപ്രവര്‍ത്തക വാക്ചാതുരിയുള്ള എം.ജെ. അക്ബര്‍ മാറിപ്പോയ സ്വന്തം രാഷ്ട്രീയ ഇടം മനസ്സിലാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ്.

പ്രധാനമന്ത്രിയുടെ നയതന്ത്ര മേളങ്ങള്‍ക്ക് വേദിയും തന്ത്രവും രൂപപ്പെടുത്തുന്നത് അജിത് ഡോവലാണ്. അദ്ദേഹം സൈനിക സ്കൂളില്‍ പഠിച്ച്, ഐ.പി.എസിലൂടെ വളര്‍ന്ന് രഹസ്യാന്വേഷണ മേധാവി സ്ഥാനത്തത്തെിയ ആളാണ്. സംഘ്പരിവാര്‍ ബുദ്ധിവികാസ കേന്ദ്രമായ വിവേകാനന്ദ ഫൗണ്ടേഷന്‍െറ മാര്‍ഗദര്‍ശിയാണ്. വിദേശമന്ത്രാലയത്തിനും വിദേശനയത്തിനും പതിവുരീതികളില്‍നിന്ന് ഭിന്നമായ രഹസ്യാത്മകതയോ എടുത്തുചാട്ടമോ ഉണ്ടായിപ്പോകുന്നത് അതുകൊണ്ടാകാം. ചേരിചേരാ നയമല്ല, ചേരി ചേരുന്ന നയമാണ് ഇന്ത്യക്ക് ഇപ്പോള്‍ പറ്റിയതെന്ന തോന്നല്‍ ഭരണകൂടത്തിന് അതിനിടയില്‍ ഉണ്ടായിപ്പോകുന്നു. അമേരിക്കയും ഇസ്രായേലും അതിപ്രിയ രാജ്യങ്ങളാവുന്നു. ചൈനയും റഷ്യയും നേപ്പാളുമെല്ലാമായി സൗഹാര്‍ദം കുറഞ്ഞുവരുന്നു. എന്‍.എസ്.ജി, യു.എന്‍ രക്ഷാസമിതി അംഗത്വ പ്രശ്നങ്ങള്‍ കുഴഞ്ഞുമറിയുന്നു. പാകിസ്താനുമായി നിരന്തരം കലഹിക്കുന്നു. യുദ്ധജ്വരം വളരുന്നു. നമ്മുടെ ആഭ്യന്തര കാര്യത്തില്‍ ആരും ഇടപെടരുതെന്ന പോലെ, മറ്റുള്ളവരുടെ ആഭ്യന്തര കാര്യത്തില്‍ നമ്മള്‍ കൈകടത്തുന്നതിലെ അനൗചിത്യം വിഷയമാകാതെ പോകുന്നു. കശ്മീരില്‍ ഇടപെടുന്ന പാകിസ്താനെ ബലൂചിസ്താന്‍ കൊണ്ട് അടിക്കുന്നു. ഇങ്ങനെ നീളുന്ന നയതന്ത്രത്തില്‍ രണ്ടരവര്‍ഷത്തെ നമ്മുടെ നേട്ടം എന്താണ്? ഇല്ല; ട്വിറ്റര്‍ കിളിക്കൂട്ടിലെ സുഷമ സ്വരാജ് ശബ്ദിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.