ഗോസംരക്ഷണത്തിന്‍െറ മറവിലെ പീഡനങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പശുഭക്തിയുടെ പേരിലുള്ള മര്‍ദനങ്ങളില്‍നിന്ന് ദലിതരും മോചിതരല്ളെന്ന് ഗുജറാത്തില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കുലത്തൊഴിലിന്‍െറ ഭാഗമായി ചത്തപശുവിന്‍െറ തോലെടുക്കുകയായിരുന്ന ദലിത് യുവാക്കളെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. അതില്‍ പ്രതിഷേധിച്ച് സൗരാഷ്ട്ര മേഖലയിലും വടക്കന്‍ ഗുജറാത്തിലും ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബന്ദ് മൂന്നു ദിവസം തുടര്‍ന്നു. പാര്‍ലമെന്‍റില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭരണപക്ഷവും കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷവും ശക്തമായ വാഗ്വാദം നടത്തി. ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകം ഉപാധ്യക്ഷനായിരുന്ന ദയാശങ്കര്‍ സിങ് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായിരുന്ന മായാവതിക്കെതിരെ ഹീനമായ പരാമര്‍ശങ്ങളുമായി രംഗത്തുവന്നു. അതോടെ പ്രതിഷേധം പൂര്‍വാധികം ശക്തിപ്പെട്ടു. ദയാശങ്കര്‍സിങ് പിന്നീട് മാപ്പുപറഞ്ഞെങ്കിലും ഗോഭക്തിയുടെ പേരിലുള്ള ആക്രമണങ്ങളുടെ കനലുകള്‍ കെട്ടടങ്ങിയിട്ടില്ല.
2015 സെപ്റ്റംബര്‍ 28ന് മുഹമ്മദ് അഖ്ലാഖിനെ വധിച്ചായിരുന്നു ഗോരക്ഷാ ഭീകരപ്രവര്‍ത്തനങ്ങളുടെ തുടക്കം. പിന്നീട് മര്‍ദനങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരതന്നെ അരങ്ങേറി. ഒക്ടോബര്‍ 16ന് ഹിമാചല്‍പ്രദേശില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് സഹാറന്‍പുര്‍ സ്വദേശി നുഅ്മാനെ (22) അടിച്ചുകൊന്നു. ഇതേമാസം 18ന് കശ്മീരിലെ ഉധംപൂരില്‍ റസൂല്‍ ഭട്ടി(22)നെ ഗോവധം ആരോപിച്ച് പെട്രോള്‍ ബോംബെറിഞ്ഞുകൊന്നു. നവംബര്‍ രണ്ടിന് മണിപ്പൂരിലെ ഇംഫാലില്‍ മുഹമ്മദ് അസ്മത് അലിയെ അടിച്ചുകൊന്നു. 2016 മാര്‍ച്ച് 19ന് ഝാര്‍ഖണ്ഡിലെ ലാത്തേഹാറില്‍ ചന്തയിലേക്ക് പോത്തുകളുമായി പോവുകയായിരുന്ന മുഹമ്മദ് മജ്ലൂം (35), ഇബ്റാഹിം (15) എന്നിവരെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഇവകൂടാതെ, മര്‍ദിച്ചതും ചാണകം തീറ്റിച്ചതുമായ സംഭവങ്ങള്‍ വേറെയുമുണ്ട്.
എന്നാല്‍, പ്രാമാണിക ഹിന്ദുമത ഗ്രന്ഥങ്ങളില്‍ മാംസഭക്ഷണത്തെയും ഗോവധം ഉള്‍പ്പെടെയുള്ള ബലികളെയും അംഗീകരിക്കുന്ന പരാമര്‍ശങ്ങള്‍ കാണാം. ശ്രീകൃഷ്ണന്‍െറയും പഞ്ചപാണ്ഡവരുടെയും കഥ പറയുന്ന മഹാഭാരതത്തില്‍ മാംസഭക്ഷണത്തെപ്പറ്റി വ്യക്തമായ സൂചനകളുണ്ട്. ഭക്ഷണാവശ്യത്തിനുള്ള മാംസവില്‍പനയും ഇറച്ചിവെട്ടും പ്രാചീന ഭാരതീയര്‍ക്കിടയിലും പ്രചാരം നേടിയിരുന്നു. അത് ഏതെങ്കിലും വ്യക്തി നിര്‍വഹിച്ചിരുന്ന തൊഴില്‍ മാത്രമായിരുന്നില്ളെന്നും തലമുറകള്‍ കൈമാറിവന്ന കുലധര്‍മമായിരുന്നു എന്നുമാണ് വ്യാസമഹാഭാരതം ഓര്‍മിപ്പിക്കുന്നത്. അതിലെ സംവാദങ്ങളില്‍ ഒന്ന് വ്യാധന്‍ എന്ന ഇറച്ചിവെട്ടുകാരനും കൗശികന്‍ എന്ന ബ്രാഹ്മണ സന്യാസിയും തമ്മിലുള്ളതാണ്. പ്രാചീന ഭാരതത്തിലെ സമൂഹജീവിതത്തിന്‍െറ ഉള്ളറകളിലേക്ക് ആ സംഭാഷണം നമ്മെ നയിക്കുന്നുണ്ട്.
വനപര്‍വത്തിലെ 10 അധ്യായങ്ങളിലായാണ് ആ സംവാദം രേഖപ്പെടുത്തിയത്; മാര്‍കണ്ഡേയ മുനി യുധിഷ്ഠിരന് നല്‍കിയ ഉപദേശങ്ങളുടെ ഭാഗമായിട്ടാണ്. വേദങ്ങളും അംഗോപനിഷത്തും ഹൃദിസ്ഥമാക്കിയ കൗശികന്‍ എന്ന ബ്രാഹ്മണന്‍ ഭിക്ഷതേടി ഗ്രാമത്തിലെ ഒരു ഭവനത്തില്‍ എത്തുന്നു. അവിടെനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ളെന്ന് കണ്ടപ്പോള്‍ ക്ഷുഭിതനായി. അതുകണ്ട് ആ വീട്ടുകാരി: ഭഗവാന്‍ കോപിക്കാതിരിക്കൂ... വിപ്രനായിട്ട് (ബ്രാഹ്മണന്‍, പുരോഹിതന്‍) പരമമായ ധര്‍മം അറിയില്ളെങ്കില്‍ മിഥിലയില്‍ ചെന്ന് ധര്‍മവ്യാധനോട് ചോദിക്കുക... അവന്‍ ഉപദേശിച്ചു തരും. അപ്പോഴാണ് ധര്‍മം ഉള്‍ക്കൊള്ളുന്നതില്‍ തനിക്ക് വീഴ്ചപറ്റിയതായി ബ്രാഹ്മണന് തോന്നിയത്. താമസിയാതെ മിഥിലയിലേക്ക് പുറപ്പെട്ടു. ജനകരാജാവ് വാണരുളുന്ന വിദേഹ രാജ്യത്തിന്‍െറ തലസ്ഥാനമാണ് അന്നത്തെ മിഥില. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും നിത്യോത്സവത്തിന്‍െറ പ്രതീതി ഉളവാക്കുന്നതുമായ ആ നഗരം ബ്രാഹ്മണനെ സന്തോഷിപ്പിച്ചു.
ധര്‍മവ്യാധന്‍െറ വസതി അദ്ദേഹം ചോദിച്ചറിഞ്ഞു. മിഥിലയിലെ തെരുവില്‍ ഇറച്ചിവെട്ടുകാരനായിരുന്നു ധര്‍മവ്യാധന്‍. മാന്‍, പോത്ത് മുതലായ മൃഗങ്ങളുടെ മാംസംവില്‍ക്കുന്ന കടയിലാണ് ധര്‍മ വ്യാധനുള്ളത്. ‘മാംസം വാങ്ങാന്‍ വന്നവരുടെ തിരക്ക് കാരണം ബ്രാഹ്മണന്‍ കടയുടെ ഒരറ്റത്ത് നിന്നു’ എന്ന പ്രസ്താവന അന്നത്തെ സാമൂഹിക ജീവിതത്തിലേക്കുള്ള സൂചനകൂടിയാണ്. ജനങ്ങളുടെ ഭക്ഷണാവശ്യത്തിനായി മാംസം മാത്രം വില്‍ക്കുന്ന ഒരു തെരുവ് പുരാതന പ്രസിദ്ധമായ ആ ഹൈന്ദവ രാജ്യത്ത് ഉണ്ടായിരുന്നു എന്നാണ് മഹാഭാരതം നല്‍കുന്ന സൂചന. അക്കാലത്തെ ഹൈന്ദവ സമൂഹം ഭക്ഷണത്തിന്‍െറ ഭാഗമായി മാംസഭക്ഷണത്തെയും പരിഗണിച്ചു. ശ്രീരാമന്‍െറ പട്ടമഹിഷിയായ സീതയുടെ പിതാവിന്‍െറ ഭരണപ്രദേശത്ത് ഭക്ഷണാവശ്യത്തിനായി മാംസ വില്‍പന കുലത്തൊഴിലായി സ്വീകരിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങളുണ്ടായിരുന്നുവെന്ന് വ്യാധന്‍െറ കഥയില്‍നിന്ന് മനസ്സിലാക്കാം.
തന്‍െറ അച്ഛനും മുത്തച്ഛനും ചെയ്തുവന്ന കുലധര്‍മമാണ് ധര്‍മവ്യാധനും നിര്‍വഹിക്കുന്നത്. സ്വധര്‍മത്തെ സംരക്ഷിച്ചും വൃദ്ധരായ ഗുരുക്കളെയും മാതാപിതാക്കളെയും ശുശ്രൂഷിച്ചുമായിരുന്നു വ്യാധന്‍െറ ജീവിതം. സത്യമേ പറയൂ. ഈര്‍ഷ്യയില്ല. ദാനം നിര്‍വഹിക്കുന്നു. ദേവതകള്‍ക്കും അതിഥികള്‍ക്കും ഭൃത്യന്മാര്‍ക്കും നല്‍കിയ ശേഷമേ ആഹരിക്കുകയുള്ളൂ. ആരെയും നിന്ദിക്കുകയില്ല തുടങ്ങിയവ വ്യാധന്‍ എന്ന ആ ഇറച്ചിവെട്ടുകാരന്‍െറ സവിശേഷതകളായി മഹാഭാരതം എണ്ണിപ്പറഞ്ഞിരിക്കുന്നു. ശൂദ്രനു ദാസ്യവും വൈശ്യനു കൃഷിയും നൃപനു യുദ്ധവും വിപ്രനു ബ്രഹ്മചര്യവും വ്രതം, മന്ത്രം, സത്യം എന്നിവയും വിധിച്ചിട്ടുള്ളതുപോലെ സ്വധര്‍മത്തോടുകൂടി ജീവിക്കുന്ന പ്രജകളെ രാജാവ് സംരക്ഷിക്കുന്നു. വികര്‍മസ്ഥരെ സ്വകര്‍മത്തില്‍ നില്‍ക്കാന്‍ ശാസിക്കുന്നു. അതിനാല്‍, ജനകരാജാവിന്‍െറ നാട്ടില്‍ വികര്‍മസ്ഥരില്ളെന്നാണ് വ്യാധന്‍ ബ്രാഹ്മണനെ ഉണര്‍ത്തിയത്.
വ്യാധന്‍ എന്ന വ്യക്തിയോട് ബ്രാഹ്മണന് മതിപ്പായിരുന്നെങ്കിലും അദ്ദേഹത്തിന്‍െറ തൊഴിലിനോട് തികഞ്ഞ പുച്ഛമായിരുന്നു. അതറിഞ്ഞപ്പോഴാണ് സ്വന്തം തൊഴിലിന്‍െറ മാഹാത്മ്യത്തെ പറ്റി ഇത്രയും പറഞ്ഞത്. മാത്രവുമല്ല, തന്‍െറ തൊഴില്‍ ഒരിക്കലും സ്വഭാവത്തെയോ പ്രവര്‍ത്തനത്തെയോ കളങ്കപ്പെടുത്തിയിട്ടില്ളെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന്‍ സ്ഥിരമായി ചീത്തയാണെന്ന് വിചാരിക്കരുത്. ശീലം കെട്ട മനുഷ്യനും ശീലവാനായ് ഭവിക്കാം. കൊലപാതകിപോലും ധാര്‍മികനായ് വരാം എന്നെല്ലാം വ്യാധന്‍ ഉണര്‍ത്തുന്നു.
ജനങ്ങള്‍ക്ക് മാംസഭക്ഷണം ലഭിക്കുന്നതിന് വ്യാധന്‍ നടത്തുന്ന വില്‍പനയേ ‘ഘോരമായ കര്‍മം’ എന്നായിരുന്നു ബ്രാഹ്മണന്‍ ആക്ഷേപിച്ചത്. എന്നാല്‍, കൊല്ലപ്പെട്ട ജന്തുക്കളുടെ മാംസം ഭക്ഷണ യോഗ്യമാക്കുന്നതും ധര്‍മമാകുന്നു എന്ന് ഓര്‍മപ്പെടുത്തിയപ്പോള്‍ അതിനോട് വിയോജിക്കാന്‍ ബ്രാഹ്മണന് കഴിഞ്ഞില്ല. മറ്റുള്ളവര്‍ കൊന്നതിനെയാണ് വില്‍പന നടത്തുന്നത്. വില്‍പനക്ക് മൃഗങ്ങളെ വധിച്ചിട്ടില്ല. സസ്യങ്ങളും ഒൗഷധികളും പശു-പക്ഷി-മൃഗങ്ങളും ലോകര്‍ക്കുവേണ്ടി ആദ്യം ഉണ്ടായി എന്ന് വേദം പറഞ്ഞതായും സൂചിപ്പിച്ചു. വിപ്രന്മാര്‍ നിത്യവും യജ്ഞത്തില്‍ പശുക്കളെ വധിക്കുന്നു. മന്ത്രംകൊണ്ട് അവ വാനിലത്തെും. അഗ്നികള്‍ മാംസകാംക്ഷികളായിരുന്നില്ളെങ്കില്‍ ഇന്ന് മാംസം ആരും ഭക്ഷിക്കുമായിരുന്നില്ളെന്ന് വ്യാധന്‍ തുറന്നടിച്ചപ്പോള്‍ ബ്രാഹ്മണന് വീണ്ടുവിചാരം ഉണ്ടാവുകയാണ്.
തന്‍െറ വാദം സമര്‍ഥിക്കുന്നതിന് മറ്റുചില കാര്യങ്ങളിലേക്കും ബ്രാഹ്മണന്‍െറ ശ്രദ്ധതിരിക്കുന്നുണ്ട്. കൃഷി നല്ല തൊഴിലാണ്. അതില്‍ ഹിംസയില്ല -എന്നാണ് ചിലരുടെ വിചാരം. നിലം ഉഴുതുമറിക്കുന്നവര്‍ മണ്ണിലുള്ള പലതരം ജീവജാലങ്ങളെ കൊല്ലുന്നുണ്ട്. നെല്ലുതൊട്ടുള്ള നാനാ ബീജ ധാന്യങ്ങളെ നാം ഭക്ഷിക്കുന്നു. അവയെല്ലാം ജീവികളാണെന്നറിയുക എന്ന് പറഞ്ഞ് കൊണ്ടാണ്, ‘അപ്രകാരം തന്നെയാണ് പശുക്കളെ കൊന്ന് തിന്നുന്നതും’ എന്ന് ഉണര്‍ത്തുന്നത്. വൃക്ഷങ്ങളില്‍ ഫലങ്ങളെ ആശ്രയിച്ച് പല ജീവികള്‍ അധിവസിക്കുന്നുണ്ട്; വെള്ളത്തിലുമുണ്ട്. പ്രാണികളെ തിന്നുന്ന പ്രാണികളെ എല്ലായിടത്തും കാണാം. മത്സ്യത്തെ മത്സ്യം തിന്നുന്നു. ഇതില്‍ നിന്നെല്ലാം എന്താണ് ചിന്തിക്കേണ്ടത്?
പ്രാണിയെ തിന്ന് പ്രാണി ജീവിക്കുന്നു. നടക്കുന്ന സമയത്തുതന്നെ പല ജീവികളെയും മനുഷ്യന്‍ ചവിട്ടിക്കൊല്ലുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും പല ജീവികളെയും മനുഷ്യന്‍ കൊല്ലുകയാണ്. നാം അറിയാതെ നമ്മളാല്‍ കൊല്ലപ്പെടുന്ന അനവധി ജീവികളുണ്ടിവിടെ. പണ്ടുള്ളവര്‍ അഹിംസയെന്ന് പറഞ്ഞില്ളേ? ജീവഹിംസ ചെയ്യാത്ത ഒരു മനുഷ്യനെങ്കിലും ഉണ്ടോ? ഹിംസിക്കാത്ത ഒരുത്തനെയും കാണുന്നില്ല. യതിമാര്‍ അഹിംസാതല്‍പരന്മാരാണ്. എന്നാല്‍, അവരും ഹിംസ ചെയ്യുന്നുണ്ട്. യത്നിക്കുകയാണെങ്കില്‍ ഹിംസ ചുരുക്കാന്‍ കഴിയും...
ഇറച്ചിവെട്ടും ഇറച്ചി വില്‍പനയും കൊടിയ പാതകമാണെന്ന് കരുതിയ കൗശികനോട് ധര്‍മവ്യാധന്‍ നടത്തിയ സംവാദം, നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ ഇന്നും പ്രതിധ്വനിക്കുകയാണ്. ഹിംസയും അഹിംസയും തമ്മിലുള്ള അന്തരത്തെ മാത്രമല്ല, വ്യാധന്‍ പ്രശ്നവത്കരിക്കുന്നത്; നിരുപദ്രവമെന്ന് കരുതുന്ന കാര്‍ഷിക വൃത്തിയും സസ്യാഹാരവും ജീവികള്‍ പരസ്പരം കൊന്നുതിന്നുന്നതും മനുഷ്യന്‍െറ നിത്യജീവിതത്തിലെ ഇടപെടലുകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് വരുത്തിവെക്കുന്ന പീഡനങ്ങളും ഈ സംവാദത്തില്‍ കടന്നുവരുന്നുണ്ട്. മുകളില്‍ പരാമര്‍ശിക്കപ്പെട്ടതുപോലുള്ള അസമത്വങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ലോകത്ത് മാംസഭക്ഷണം മാത്രം പാപമായി കരുതി, അതിനെതിരെ പടനയിക്കുന്നതില്‍ സംതൃപ്തി കണ്ടത്തെുന്നവരുടെ നിലപാടുകളെയാണ് ഈ സംവാദം ചോദ്യം ചെയ്യുന്നത്. ഇന്നും പ്രസക്തമായ ചോദ്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മഹാഭാരതത്തിലൂടെ ധര്‍മവ്യാധന്‍ ഉന്നയിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.