കൊല്ലപ്പെട്ട ഹിസ്ബു ല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുഹമ്മദ് മുസഫര്‍ വാനി ദക്ഷിണേന്ത്യന്‍ നഗരമായ ബംഗളൂരുവില്‍നിന്ന് ആഗസ്റ്റ് 28ന് ശനിയാഴ്ച ദക്ഷിണ കശ്മീരിലെ ത്രാലിനടുത്ത ശരീഫാബാദിലെ വീട്ടില്‍ തിരിച്ചത്തെുമ്പോള്‍ അസാധാരണമായൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, രാത്രി അത്താഴം കഴിച്ചു തീരും മുമ്പേ അദ്ദേഹത്തിന്‍െറ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. പെട്ടെന്നൊരു ബംഗളൂരു യാത്ര എന്തിനായിരുന്നുവെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അറിയേണ്ടിയിരുന്നത്. അദ്ദേഹം ബംഗളൂരു നഗരം വിട്ടു മണിക്കൂറുകള്‍ക്കു പിറകെ ജീവനകലയുടെ സ്ഥാപകനും ആത്മീയഗുരുവുമായ ശ്രീ ശ്രീ രവിശങ്കര്‍ ആശ്രമത്തില്‍ തന്‍െറ കൂടെ നില്‍ക്കുന്ന മുസഫര്‍ വാനിയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു. കഴുത്തില്‍ പട്ടുറിബണ്‍ ചുറ്റി ഇടതുകൈയില്‍ സമ്മാനപ്പൊതിയുമായി രവിശങ്കറിന്‍െറ കൂടെ നില്‍ക്കുന്നതായിരുന്നു പടം.
രണ്ടു നാള്‍ ചികിത്സക്കായി ജീവനകല ആശ്രമത്തില്‍ തങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. ആശ്രമത്തില്‍നിന്നു പുറത്തുവന്ന പടം മീഡിയ നന്നായി ആഘോഷിച്ചു. കശ്മീരില്‍ രണ്ടു മാസത്തോളം നീളുന്ന രക്തരൂഷിതമായ പ്രതിഷേധത്തിന് വഴിയൊരുക്കുകയും താഴ്വരയില്‍ ഭരണകൂടനിയന്ത്രണം അപ്രസക്തമാക്കുകയും ചെയ്ത പ്രമാദമായ ഏറ്റുമുട്ടലില്‍ ജൂലൈ എട്ടിന് കൊല്ലപ്പെട്ട, ചെറുപ്പക്കാരുടെ ഐക്കണായിരുന്ന ബുര്‍ഹാന്‍െറ പിതാവ് ഒരു ഹിന്ദു ആത്മീയഗുരുവിന്‍െറ ആശ്രമത്തില്‍ അഭയം തേടിയെന്നായിരുന്നു ചിത്രം ആഘോഷിച്ചവര്‍ നല്‍കിയ സന്ദേശം. 67 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ബഹുഭൂരിപക്ഷം ടീനേജുകാരടങ്ങുന്ന 8000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 500 പേരുടെ കണ്ണുകളില്‍ പെല്ലറ്റ് ചീളുകള്‍ തറക്കുകയും ചെയ്ത സംഘര്‍ഷത്തിന്‍െറ അമ്പതാം നാളിലാണ് ഈ വാര്‍ത്തയത്തെുന്നത്.
പ്രതീക്ഷിച്ചതുപോലെ മുസഫര്‍ വാനിയും ശ്രീശ്രീയും തമ്മിലുള്ള കൂടിക്കാഴ്ച അലയൊലികളുണ്ടാക്കി. ‘ഭീകരന്‍െറ പിതാവി’ന് അഭയം നല്‍കിയതിന്‍െറ പേരില്‍ ശ്രീശ്രീ ആക്ഷേപിക്കപ്പെട്ടപ്പോള്‍ കശ്മീരിലെ സ്ഥിതിഗതികള്‍ നേര്‍പ്പിക്കാന്‍ വാനിയെ ഉപയോഗിക്കുകയാണെന്നായിരുന്നു താഴ്വരയിലെ ഗോസിപ്. ബുര്‍ഹാനെ കരുവാക്കി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് ശ്രമിക്കുകയാണെന്നും ശ്രീശ്രീയും മുസഫര്‍ വാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നിലെ അജണ്ടയതാണെന്നും ആരോപണമുയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മുസഫറിനെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന് ‘മാധ്യമ’ത്തോട് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. അതിങ്ങനെ വായിക്കാം:
‘പ്രമേഹരോഗത്തിനുള്ള ചികിത്സക്കായി ബംഗളൂരുവിലെ ശ്രീശ്രീ കോളജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്‍ഡ് റിസര്‍ച് ആശുപത്രിയില്‍ പോകാന്‍ നേരത്തേ തീരുമാനമെടുത്തതാണ്. എന്നാല്‍, റമദാന്‍ വ്രതമാസമായതോടെ അവസാന പത്തില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനുള്ളതിനാല്‍ അത് കഴിയട്ടെ എന്നു കരുതി. ഈദ് കഴിഞ്ഞു മൂന്നു നാളിനു ശേഷമായിരുന്നു ബുര്‍ഹാന്‍െറ കൊല. ഇപ്പോള്‍ ഏതാണ്ട് രണ്ടുമാസത്തോളമായതോടെ ചികിത്സക്കു പോകാമെന്നു കരുതി. അങ്ങനെയാണ് ബംഗളൂരുവിലത്തെിയത്. ബുര്‍ഹാന്‍ കൊല്ലപ്പെട്ട ദിവസം ശ്രീശ്രീ രവിശങ്കര്‍ വിളിച്ച് അനുശോചനമറിയിച്ചിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ചികിത്സക്കു വരുന്നുണ്ടല്ളോ, അപ്പോള്‍ ആകാം എന്നു ഞാനും പറഞ്ഞു.
ചികിത്സക്കു പോകുമ്പോള്‍ ആശ്രമത്തില്‍ തങ്ങുകയാണ് സുരക്ഷിതമെന്ന് തോന്നി. രണ്ടു നാളാണ് അവിടെ കഴിഞ്ഞത്. അന്ന് കശ്മീരിലെ വസ്തുതയെന്തെന്ന് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. താഴ്വരയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ബ്ളോക്ചെയ്തിരിക്കുന്നു. കശ്മീര്‍ പ്രശ്നത്തെ ദേശീയമാധ്യമങ്ങള്‍ വസ്തുനിഷ്ഠമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചികിത്സ തേടുന്നതിനൊപ്പം കശ്മീരില്‍ എന്തു നടക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിക്കണമെന്നും എനിക്കുണ്ടായിരുന്നു.
കശ്മീരികള്‍ക്ക് ഇന്ത്യയില്‍നിന്നുള്ള സ്വാതന്ത്ര്യം (ആസാദി) ആണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു കശ്മീരികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം. അപ്പോള്‍ അദ്ദേഹം എനിക്ക് സിറിയന്‍ യുദ്ധത്തിന്‍െറ വിഡിയോ കാണിച്ചുതന്നു. അതേ ദുരന്തമാണ് കശ്മീരില്‍ നടക്കുന്നതെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ എന്‍െറ മൊബൈല്‍ ഫോണ്‍ അപ്പോള്‍ കൈവശമില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ കശ്മീരികളോട് എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് കാണിച്ചു തന്നേനെ.
‘കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരോടാണ് സംസാരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഞാനൊരു സാധാരണക്കാരനാണ്, വെറും അധ്യാപകന്‍. അലിഷാ ഗീലാനി, യാസീന്‍ മാലിക്, ശബീര്‍ഷ തുടങ്ങിയ കശ്മീരികളുടെ നേതാക്കളോടാണ് നിരുപാധികമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടതെന്ന് ഞാന്‍ പറഞ്ഞു. കശ്മീര്‍, ലഡാക്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലുള്ളവരുമായൊക്കെ ചര്‍ച്ച വേണം. കശ്മീരികളോട് ചര്‍ച്ച തുടങ്ങിവെക്കുന്നതിന്‍െറ ഭാഗമായാണോ രവിശങ്കര്‍ എന്നോട് സംസാരിച്ചതെന്ന് വ്യക്തമല്ല. അങ്ങനെയുമാവാം.
ഒരു പോസിറ്റിവ് തിങ്കിങ് ഉള്ളയാളാണ് അദ്ദേഹം. ആ കൂടിക്കാഴ്ചക്ക് ഫലമുണ്ടാകും. കേന്ദ്ര ഗവണ്‍മെന്‍റില്‍ അത്തരം ആളുകള്‍ മന്ത്രിമാരായുണ്ടായിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്നം എന്നേ പരിഹരിക്കപ്പെട്ടേനെ. കൂടിക്കാഴ്ചയുടെ പേരില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നറിയാം. എന്നാല്‍, ഒന്നു പറയാം, കശ്മീരികള്‍ എന്‍െറ കാര്യത്തില്‍ വിഷമിക്കേണ്ടിവരില്ല. മുസഫര്‍ എന്നും മുസഫര്‍ ആയിരിക്കും.
ഞാനൊരിക്കലും എന്‍െറ ജനതയെ വഞ്ചിക്കില്ല. എന്‍െറ രണ്ടു മക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചത് കശ്മീരിനു വേണ്ടിയാണ്. രക്തസാക്ഷ്യമോ വിജയമോ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല. ബുര്‍ഹാന്‍ രക്തം ചിന്തിയതിന് ഫലമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. കശ്മീരികളുടെ കാര്യം അവര്‍ ആലോചിച്ചു തീരുമാനിക്കട്ടെ. തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ പറഞ്ഞാല്‍ രണ്ടു മക്കളെ നഷ്ടപ്പെട്ട എന്‍െറ സ്വാര്‍ഥമായി അത് മാറിയാലോ? പോരാട്ടം മുന്നോട്ടുകൊണ്ടുപോകണോ, ചെറുത്തുനില്‍പിന്‍െറ രീതി എന്തായിരിക്കണം എന്നൊക്കെ അവര്‍തന്നെ തീരുമാനിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.