കുതിപ്പ് പ്രഖ്യാപനങ്ങളില്‍; കര്‍ഷക വിഹിതം കുമ്പിളില്‍ ഷെവലിയര്‍

പ്രതീക്ഷകളുടെ മാസമാണ് ഫെബ്രുവരി. ഭരണത്തിന്‍െറ സുവര്‍ണ കാലഘട്ടം വിളിച്ചറിയിക്കുന്ന സംസ്ഥാന സര്‍ക്കാറിന്‍െറ നയപ്രഖ്യാപനം കഴിഞ്ഞു. ഇനി മോഹനവാഗ്ദാനങ്ങളും വികസന വായ്ത്താരികളുമായി കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ വരാന്‍പോകുന്നു. കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം വടക്കുമുതല്‍ തെക്കുവരെ യാത്രനടത്തി പുത്തന്‍ വികസന സൂക്തങ്ങള്‍ ജനഹൃദയങ്ങളിലത്തെിക്കാന്‍ നെട്ടോട്ടത്തിലാണ്. അധികാരത്തിലേറാനും അള്ളിപ്പിടിച്ചിരിക്കാനുമുള്ള രാഷ്ട്രീയ അത്യാര്‍ത്തിക്കിടയില്‍ ചതിക്കുഴിയിലായ കര്‍ഷകന്‍ ജീവിക്കാന്‍വേണ്ടി കിതക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാറുകള്‍ ജനങ്ങളുടെ സംരക്ഷണത്തിനും നാടിന്‍െറ വികസനത്തിനും സാമൂഹിക- സാംസ്കാരിക ജനകീയ തലങ്ങളുടെ സമഗ്രവളര്‍ച്ചക്കുമായി അവതരിപ്പിക്കുന്ന സാമ്പത്തിക വിനിയോഗത്തിന്‍െറയും ധനാഗമ മാര്‍ഗങ്ങളുടെയും ഭരണനിര്‍വഹണച്ചെലവുകളുടെയും ആകത്തുകയായ ബജറ്റ് നിര്‍ദേശങ്ങള്‍ ഫലപ്രദമായി ലക്ഷ്യപ്രാപ്തി കൈവരിക്കാറുണ്ടോ? അവതാരകന്‍െറ അവതരണ ചാതുര്യത്തിനപ്പുറം വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സുപ്രധാന രേഖയായി സഭകളിലവതരിപ്പിക്കുന്ന ബജറ്റുകള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കുമാകുന്നുണ്ടോയെന്ന് പൊതുസമൂഹം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

കാര്‍ഷികമേഖലയിലെ പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയപ്രഖ്യാപനം പുറത്തുവന്നത്. 300 കോടി റബര്‍ മേഖലയുടെ സംരക്ഷണത്തിന് മാറ്റിവെച്ച സര്‍ക്കാര്‍ ഒൗദാര്യത്തെ കൈയടിച്ചു സ്വാഗതംചെയ്യാന്‍ കര്‍ഷകര്‍ക്കിന്നാവില്ല. 2015 മാര്‍ച്ച് 13ന് ധനമന്ത്രി അവതരിപ്പിച്ച 2015-16 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉണര്‍വിന്‍െറ ഊര്‍ജവുമായി കാര്‍ഷികമേഖല എന്ന തലക്കെട്ടിലെ 14ാം ഖണ്ഡികയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘റബര്‍ കൃഷിയെ ജീവനോപാധിയായി കണക്കാക്കുന്ന വലിയൊരു ജനവിഭാഗം സംസ്ഥാനത്തുണ്ട്. 2014 ഡിസംബറില്‍ റബറിന്മേലുള്ള വാങ്ങല്‍ നികുതി ഒഴിവാക്കിയതിലൂടെ മേഖലയിലെ ദുരിതം ഭാഗികമായി ലഘൂകരിക്കാന്‍ കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്‍െറ നേട്ടം പൂര്‍ണമായി ലഭിച്ചിട്ടില്ല. അതിനാല്‍ റബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതി അനിവാര്യമാണ്. ഇതിനായി ഒരു റബര്‍ വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുന്നതാണ്. കിലോക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ വാങ്ങാനുള്ള സഹായമായി 300 കോടി രൂപ ഇതിനായി വിനിയോഗിക്കുന്നതാണ്’.

മുകളില്‍ സൂചിപ്പിച്ചതില്‍ ആദ്യഭാഗത്തുള്ളത് 2014 ഡിസംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ റബര്‍ വ്യവസായികളും വന്‍കിട റബര്‍ വ്യാപാരികളുമായുണ്ടാക്കിയ കരാറിന്‍െറ പശ്ചാത്തലത്തിലുള്ള പരാമര്‍ശമാണ.് ബാങ്കോക്കിലെ റബര്‍വിലയെ ആസ്പദമാക്കി വാങ്ങല്‍ നികുതി ഉള്‍പ്പെടെ വിവിധ നികുതികള്‍ ഒഴിവാക്കി റബര്‍ ഇറക്കുമതി ചെയ്യുന്നതിലും കുറഞ്ഞ തുകക്ക് ഇന്ത്യയിലെ വ്യവസായികള്‍ക്ക് കേരളത്തില്‍നിന്ന് റബര്‍ ലഭ്യമാക്കുന്ന കരാര്‍. ഈ കരാര്‍ പ്രഖ്യാപിക്കുന്ന ദിവസത്തെ ബാങ്കോക് മാര്‍ക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള റബര്‍ ബോര്‍ഡ് പ്രഖ്യാപിത വില കിലോഗ്രാമിന് 131.50 രൂപ. 2015 മാര്‍ച്ച് 31 വരെയാണ് കര്‍ഷകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കുകയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, സംഭവിച്ചതെന്ത്? കര്‍ഷകരില്‍നിന്നും ചെറുകിട വ്യാപാരികളില്‍നിന്നും മേല്‍കരാറിനു മുമ്പായി വന്‍കിട വ്യാപാരികള്‍ 109-112 രൂപക്ക് വാങ്ങിവെച്ച വന്‍ റബര്‍ സ്റ്റോക്ക് നികുതിയില്ലാതെ വ്യവസായികള്‍ക്ക് 131.50 രൂപക്ക് വിറ്റഴിക്കാനും അതേസമയം ഇക്കാലത്ത് ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ കിലോഗ്രാമിന് 149 രൂപ ആകെ ചെലവുവരുന്ന ഉണക്കഷീറ്റ് റബര്‍ 131.50 രൂപക്ക് വ്യവസായികള്‍ക്ക് ലഭിക്കാനും അവസരമൊരുക്കിയ സര്‍ക്കാറിന്‍െറ കര്‍ഷകക്ഷേമ പ്രഖ്യാപനത്തിന്‍െറ കാപട്യം വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. പാക്കേജിലൂടെ സര്‍ക്കാര്‍ 45 കോടി രൂപ വിനിയോഗിച്ചെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോള്‍ നേട്ടമുണ്ടാക്കിയത് വ്യവസായികളും വന്‍കിട വ്യാപാരികളുമാണ്; കൃഷിക്കാരല്ല. റബര്‍ കൃഷിയെക്കുറിച്ച് അറിവും പഠനവുമില്ലാത്ത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒരു കാര്യം മറന്നു. വേനല്‍ക്കാറ്റും ഇലപൊഴിച്ചിലും മൂലം സാധാരണരീതിയില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കര്‍ഷകര്‍ റബര്‍ ടാപ്പിങ് നടത്താറില്ല. അതിനാല്‍ ഉല്‍പാദനവുമില്ല. ഈ അവസരം മുതലാക്കിയുള്ള സര്‍ക്കാറിന്‍െറ റബര്‍ സംഭരണ പ്രഖ്യാപനങ്ങള്‍ വിരോധാഭാസവും വഞ്ചനയുമാണ്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ വിലസ്ഥിരതാ പദ്ധതിയായി പ്രഖ്യാപിച്ച 300 കോടിയില്‍ 2016 ഫെബ്രുവരി മൂന്നിലെ കണക്കനുസരിച്ച് 79 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കുന്നത്.
മുന്‍ ബജറ്റുകള്‍
കാര്‍ഷിക രംഗത്ത് എത്രമാത്രം മോഹനവാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുവെന്ന കാര്യം മുന്‍വര്‍ഷങ്ങളിലെ  ബജറ്റുകള്‍ അവലോകനം ചെയ്യുമ്പോള്‍ ബോധ്യമാവും.
2011-12: കൃഷിഭവനും ഭൂവുടമയുമായി ചേര്‍ന്നുള്ള കരാര്‍ കൃഷി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപയുടെ പെന്‍ഷന്‍.  കിസാന്‍ പാസ്ബുക്. കൃത്യമായി വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് അഞ്ചു ശതമാനം പലിശയിളവ്. കാര്‍ഷിക ഇന്‍ഷുറന്‍സ്. പബ്ളിക്-പ്രൈവറ്റ് പഞ്ചായത്ത് പങ്കാളിത്തത്തോടെ തരിശുഭൂമി വികസനോന്മുഖമാക്കല്‍.
2012-13: റൈസ് ബയോപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ. കോക്കനട്ട് ബയോപാര്‍ക്കിനായി 15 കോടി. ഗ്രീന്‍ ഹൗസ് പദ്ധതി നടപ്പാക്കാന്‍ 4.5 ലക്ഷം രൂപവെച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ 45 കോടി.
2013-14: ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളുന്നു. എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത കാര്‍ഷിക വായ്പ ഉറപ്പാക്കുന്നു. കാര്‍ഷികാദായ നികുതിയില്‍നിന്ന് വ്യക്തികളെ ഒഴിവാക്കുന്നു. സംയോജിത കൃഷിത്തോട്ട പദ്ധതി. മാതൃകാ ഹൈടെക് ഹരിതഗ്രാമങ്ങള്‍. കര്‍ഷക ഉല്‍പാദക സംഘങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും (എഫ്.പി.സി) കര്‍ഷക മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ 25 കോടി. ജൈവകൃഷിക്ക് കേരള മോഡല്‍. തെങ്ങില്‍നിന്ന് നീര ഉല്‍പാദിപ്പിക്കാന്‍ നീര കര്‍ഷക ഫെഡറേഷനുകള്‍ക്ക് 15 കോടി.
2014-15: കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍കം ഗാരന്‍റിയും വിലനിര്‍ണയ അവകാശവും. രണ്ടു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും അഗ്രികാര്‍ഡും. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി രൂപപ്പെടുത്താന്‍ പദ്ധതി. കാര്‍ഷികോല്‍പന്ന വിപണനത്തിന് സംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ.

2015-16: 300 കോടി രൂപക്ക് റബര്‍ വിലസ്ഥിരതാ ഫണ്ട്. റബറിന് 150 രൂപയുടെ താങ്ങുവില. നെല്ലുസംഭരണത്തിന് 300 കോടി. കാര്‍ഷിക വായ്പകളുടെ മുഴുവന്‍ പലിശ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കാര്‍ഷിക വായ്പ പലിശരഹിതമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. നീര ഉല്‍പാദക സംഘങ്ങള്‍ക്ക് ഉല്‍പാദക യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വരെ ഓരോ യൂനിറ്റിനും സര്‍ക്കാര്‍ സഹായം. ഇതിനായി 100 കോടി.
മേല്‍പറഞ്ഞ പ്രഖ്യാപനങ്ങളൊക്കെ അവതരണഭാഷയില്‍ അത്യുഗ്രമെന്ന് അടിവരയിടാം. പക്ഷേ, യാഥാര്‍ഥ്യങ്ങളിലേക്കു കടക്കുമ്പോള്‍ കര്‍ഷകര്‍ക്കിന്നും നിരാശയാണ്. കിസാന്‍ പാസ്ബുക്കും കാര്‍ഷികഇന്‍ഷുറന്‍സും കരാര്‍ കൃഷിയുമൊക്കെ എവിടെ നില്‍ക്കുന്നു? വിവിധ ബയോപാര്‍ക്കുകള്‍ക്കായി പ്രഖ്യാപിച്ച കോടികളെവിടെ? ഹൈടെക് ഹരിതഗ്രാമങ്ങളെവിടെ? പലിശരഹിത കാര്‍ഷിക വായ്പകളും പലിശബാധ്യത എഴുതിത്തള്ളലും ഗുണം ചെയ്തതാര്‍ക്കാണ്? കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സും അഗ്രികാര്‍ഡും ചുവപ്പുനാടയില്‍ കുടുങ്ങിയോ? വിവരാവകാശ പ്രകാരം ലഭിച്ച കണക്കനുസരിച്ച് മൂന്നു കോടിയോളം ചെലവാക്കി നടത്തിയ ഗ്ളോബല്‍ അഗ്രിമീറ്റിലൂടെ ഒരു നിക്ഷേപമെങ്കിലും തരപ്പെടുത്താനായോ? നെല്‍കര്‍ഷകര്‍ക്കായി 300 കോടി പ്രഖ്യാപിച്ചവര്‍ 225 കോടി സഹകരണബാങ്കുകളില്‍നിന്ന് കടമെടുത്തു. നെല്ലിന്‍െറ സംഭരണവില കിലോഗ്രാമിന് 19ല്‍നിന്ന് 21.50 രൂപയായി ഉയര്‍ത്തുന്നുവെന്ന് 2015 സെപ്റ്റംബര്‍ 29ന് വീണ്ടും പ്രഖ്യാപനമുണ്ടായി. വര്‍ധിപ്പിച്ച തുക നെല്‍കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

കാര്‍ഷിക പ്രതിസന്ധിയില്‍ നടപടികളില്ലാതെ ഉറപ്പുകള്‍ മാത്രം നിരന്തരം നല്‍കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന സ്ഥിരം വഞ്ചനകള്‍ ഒട്ടേറെയുണ്ട്. ഭൂനികുതി വര്‍ധിപ്പിക്കില്ളെന്ന് ഉറപ്പുനല്‍കിയവര്‍ 2011-12ല്‍ ഹെക്ടറിന് 100 രൂപയുണ്ടായിരുന്ന ഭൂനികുതി 2015-16ല്‍ മുന്‍കാലപ്രാബല്യത്തോടെ 800 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ വൈദ്യുതി ചാര്‍ജ് യൂനിറ്റിന് 70 പൈസയായിരുന്നത് അമിതമായി വര്‍ധിപ്പിച്ച് 7 രൂപ 40 പൈസയായി ഉയര്‍ത്തി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ ഉത്തരവിറക്കി. പട്ടയമില്ലാത്ത എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയമെന്ന് ഉറപ്പുനല്‍കിയവര്‍ 16 ഉപാധികളുമായി കുറെ പട്ടയങ്ങള്‍ പട്ടയമാമാങ്കങ്ങളിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാറിന്‍െറ ഉറപ്പ് എവിടെപ്പോയി?

യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില പാക്കേജുകളുടെ അവസ്ഥയും ഇവിടെ പ്രസക്തമാണ്. കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതമകറ്റാന്‍ ഡോ. എംഎസ്. സ്വാമിനാഥന്‍ കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട കുട്ടനാട് പാക്കേജ് അട്ടിമറിക്കപ്പെട്ടു. 1840 കോടി രൂപയാണ് പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ 500 കോടി മാത്രമാണ് അഞ്ചു വര്‍ഷംകൊണ്ട് ചെലവാക്കിയത്. കാലാവധി തീര്‍ന്നതിനാല്‍ ബാക്കി പണം മുഴുവന്‍ നഷ്ടപ്പെട്ടുപോയി. 2008ല്‍ പ്രഖ്യാപിക്കപ്പെട്ട ഇടുക്കി പാക്കേജ് 1876 കോടി രൂപ സുസ്ഥിര പുരോഗതിയും കാര്‍ഷിക വളര്‍ച്ചയും അടിസ്ഥാനസൗകര്യ വികസനവും ഗതാഗത സൗകര്യവും ലക്ഷ്യമിട്ടതായിരുന്നു. എന്നാല്‍, അഞ്ചു വര്‍ഷത്തിനുശേഷം കാര്യമായ ഒരു ചലനവും സൃഷ്ടിക്കാതെ ഈ പാക്കേജും നിന്നുപോയി.
സര്‍ക്കാറിന്‍െറയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവവും ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഈ രണ്ടു പദ്ധതികളും അട്ടിമറിക്കപ്പെടാന്‍ കാരണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്‍െറ റബര്‍ നയവും പാക്കേജും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍വിധിയോടെ ഇതിനെയും സമീപിക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് ഇന്ന് കര്‍ഷകര്‍. മോഹനവാഗ്ദാനങ്ങളാല്‍ കര്‍ഷക മന$സാക്ഷിയെ വിലക്കുവാങ്ങാന്‍ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഈ നാടിനെ തീറ്റിപ്പോറ്റുന്ന കര്‍ഷകസമൂഹമാണ്. നടപടികളില്ലാത്ത ഉറപ്പുകളും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും വീണ്ടും നല്‍കി അസംഘടിത കര്‍ഷകനെ സ്ഥിരനിക്ഷേപംപോലെ കൈയിലൊതുക്കി നേട്ടംകൊയ്യാമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.  ഈ പശ്ചാത്തലത്തില്‍ വരാന്‍പോകുന്ന ബജറ്റില്‍ കര്‍ഷകര്‍ക്ക് എങ്ങനെ പ്രതീക്ഷയര്‍പ്പിക്കാനാകും?
(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.