രാഷ്ട്രീയ പ്രവര്‍ത്തനമാകുന്ന കവിത

മലയാളകവിതയില്‍ വിപ്ളവകവിതയുടെ തീപ്പന്തങ്ങള്‍ തെളിച്ച് നിസ്വവര്‍ഗത്തെ  വിളിച്ചുണര്‍ത്തിയ  മഹാകവിയാണ് ഒ.എന്‍.വി. കുറുപ്പ്. സ്വാതന്ത്ര്യാനന്തര കേരളീയജീവിതത്തെയും ഭാവുകത്വത്തെയും സ്വാധീനിച്ച കവിശ്രേഷ്ഠരില്‍ പ്രമുഖനായിരുന്നു. മലയാളകവിതയെ ഭക്തിയുടെ പാരമ്പര്യത്തില്‍നിന്ന് സാമൂഹികജീവിതത്തിന്‍െറ തീക്ഷ്ണതലങ്ങളിലേക്ക് നയിച്ച പുരോഗമന കവികളില്‍ പ്രമുഖനായിരുന്ന ഒ.എന്‍.വി തുടക്കംമുതല്‍ക്കുതന്നെ എതിര്‍പ്പുകള്‍കൂടി ക്ഷണിച്ചുവരുത്തിയിരുന്നു. പക്ഷേ, എതിര്‍പ്പുകളുടെ അഗ്നിയില്‍ ഉരുകി ത്തെളിയുന്ന അനുഭവമാണ് പിന്നീട് നമ്മള്‍ കാണുന്നത്. മുണ്ടശ്ശേരി നിരീക്ഷിച്ചതുപോലെ 24 വയസ്സ് കഴിഞ്ഞപ്പോള്‍ ഒരു പുരുഷായുസ്സിന്‍െറ രചനകള്‍ നിര്‍വഹിച്ച ഒ.എന്‍.വി ജീവിതത്തിലുടനീളം കാവ്യസപര്യയെ ജീവിതശൈലിയും ജീവിതവൃത്തിയുമായി സ്വീകരിച്ച കവിയായിരുന്നു. കവിതയെ ചരിത്രവത്കരിക്കുകയും സാമൂഹികവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. കവിതയെ രാഷ്ട്രീയവത്കരിച്ചതുകൊണ്ടാണ് വളരെയധികം എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നത്.

എക്കാലത്തും മനുഷ്യകേന്ദ്രീകൃതമായ രാഷ്ട്രീയമേഖലയോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍െറ യാത്ര. കവിതയെ സാമൂഹികവത്കരിച്ചുകൊണ്ട് പ്രകൃതിവിനാശത്തിനും പരിസ്ഥിതിനാശത്തിനുമെതിരെ കവിതയെ ഉപയോഗിച്ചു. ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവുമൊക്കെ മനുഷ്യമനസ്സുകളില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ എതിരാളികളായ വിമര്‍ശകര്‍ക്കുപോലും അംഗീകരിക്കേണ്ടിവന്നു. മനുഷ്യപക്ഷത്ത് ഉറച്ചുനിന്നതുകൊണ്ട് ചൂഷണവ്യവസ്ഥകള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ കവിതയെ ഉപയോഗിച്ചു. കവിത പ്രതികരണമാണെന്ന് വിശ്വസിച്ച ഒ.എന്‍.വിക്ക് ഓരോരചനയും ജീവിതത്തോടുള്ള പ്രതികരണമായിരുന്നു.

കവിതയെ രാഷ്ട്രീയപ്രവര്‍ത്തനമാക്കിയ കവിയാണ് ഒ.എന്‍.വി. ആദ്യകാലകവിതകള്‍ രാഷ്ട്രീയമാനമുള്ള രചനകളാകുന്നത് അതുകൊണ്ടാണ്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകുമെന്ന സ്വപ്നം ഇനിയും നിറവേറ്റാത്ത ഇന്ത്യന്‍സ്വപ്നമായി നില്‍ക്കുന്നു. വയലില്‍ പണിചെയ്യുന്ന അധ$സ്ഥിതവര്‍ഗങ്ങള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒ.എന്‍.വിയുടെ തലമുറ ഏറ്റെടുത്ത സാമൂഹികദൗത്യം ഇപ്പോഴും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. വിപ്ളവത്തിന്‍െറ ശക്തിമാറ്റങ്ങള്‍ മനുഷ്യസ്നേഹിയായ കവിയെ അലോസരപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘ഭൂമികന്യകയെ വേള്‍ക്കാന്‍വന്ന മോഹങ്ങള്‍ കാര്‍മുഖമെടുത്ത്  കുലയ്ക്കാതെ-വിപ്ളവദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാതെ പോയതിന്‍െറ ദു$ഖം ഒ.എന്‍.വിയുടെ കാവ്യജീവിതത്തിലെ വഴിത്തിരിവായിരുന്നു. ‘മയില്‍പ്പീലി’ എന്ന കാവ്യസമാഹാരത്തിലെ രചനകള്‍ അദ്ദേഹത്തിന്‍െറ കാവ്യജീവിതത്തിലെ ഗതിമാറ്റമായാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയമാനത്തില്‍നിന്ന് വൈയക്തികമാനങ്ങളിലേക്കും കുടുംബാന്തരീക്ഷത്തിലേക്കും കവിതയുടെ അനുഭവതലങ്ങള്‍ മാറുന്നു. അപ്പോഴും കവിയുടെ നിലപാട് സാമൂഹികനിരപേക്ഷമോ വിഷാദാത്മകമോ ആകുന്നില്ല. മ

റിച്ച്, കുടുംബാന്തരീക്ഷത്തിനുള്ളിലൂടെ പുറംലോകത്തെ പ്രതിഫലിപ്പിക്കുന്നരീതിയാണ് പിന്തുടര്‍ന്നത്. ഒ.എന്‍.വിയുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും പ്രതിഫലിപ്പിക്കുന്ന രചനയാണ് ‘ചോറൂണ്’. മനുഷ്യന്‍ സൂര്യന്‍െറയും ഭൂമിയുടെയും പുത്രനാണെന്ന പ്രാപഞ്ചികനിഗമനം, മനുഷ്യനെ സാര്‍വദേശീയമായ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നരീതി എന്നിവ ഈ കവിതയില്‍ കാണാം. പ്രകൃതിനിഷ്ഠമായ മാനവികദര്‍ശനത്തെ ജീവിതദര്‍ശനത്തിന്‍െറ അടിത്തറയാക്കുകയാണ് ഒ.എന്‍.വി ചെയ്യുന്നത്. അദ്ദേഹത്തിന്‍െറ പില്‍ക്കാലരചനകളില്‍ മുഴുവന്‍ പ്രകൃതി, മനുഷ്യന്‍, ഭൂമി, ആകാശം, സൂര്യന്‍ തുടങ്ങിയ ബിംബങ്ങള്‍ അനുഭവാഖ്യാനങ്ങളുടെ ചിന്താവലികളായി നിറയുന്നത് അതുകൊണ്ടാണ്. മനുഷ്യനെ പ്രകൃതിയില്‍നിന്ന് വേര്‍പെടുത്തിക്കൊണ്ടൊരു നിലപാട് ഒ.എന്‍.വിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഒ.എന്‍.വി നാഗരികസംസ്കാരത്തിന്‍െറ കവിയായിരുന്നില്ല, നേരെമറിച്ച് ഗ്രാമീണതയുടെ കവിയായിരുന്നു. നാഗരികതയുടെ അന്യവത്കരണം മനുഷ്യത്വത്തെ ഹനിക്കുന്നതാണെന്ന് സ്വരചനകളിലൂടെ വ്യക്തമാക്കിയിരുന്നു. അശാന്തിപര്‍വംപോലുള്ള രചനകളില്‍ മനുഷ്യജീവിതത്തിനുമേല്‍ നിഴല്‍വിരിച്ചുവരുന്ന ആക്രമണോത്സുകതയെ ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. പട്ടണവും ഗ്രാമവും പങ്കുവെക്കുന്നവര്‍ക്ക് മനുഷ്യരായിമാത്രം ജീവിക്കുകവയ്യ. പറയുമ്പോള്‍ അപമാനവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്‍െറ ഭീതിദമായ അവസ്ഥയെയാണ് കവി ആവിഷ്കരിക്കുന്നത്.

ഭാരതീയ പാരമ്പര്യത്തില്‍ സ്നേഹത്തിന്‍െറ പക്ഷത്താണ് ഒ.എന്‍.വി നിലയുറപ്പിച്ചത്. കൊല്ലുക എന്ന് പറഞ്ഞ് ഉണ്ണികളുടെ കൈയില്‍ അമ്പും വില്ലും കൊടുത്ത വിശ്വാമിത്രന്‍െറ പാരമ്പര്യമല്ല, ഹിംസക്കെതിരെ ശ്ളോകമുതിര്‍ത്ത വാല്മീകിയുടെ ശാന്തിമന്ത്രത്തിന്‍െറ കവിതാപക്ഷത്താണ് ഒ.എന്‍.വി നില്‍ക്കുന്നത്. ‘വാല്മീകിയും കാട്ടാളനും’ എന്ന ആദ്യകാല രചന മുതല്‍ ‘ആരണ്യകം’ എന്ന പില്‍ക്കാല രചന വരെ ഈയൊരു സര്‍ഗാത്മകപക്ഷ നിലപാട് തുടരുന്നതുകാണാം. ആത്മീയതക്ക് സൃഷ്ട്യന്മുഖവും സംഹാരാത്മകവുമായ തലങ്ങളുണ്ട്. ഒ.എന്‍.വി ആത്മീയതയുടെ സൃഷ്ട്യന്മുഖമായ തലത്തെയാണ് പിന്തുടരുന്നത്. അതുകൊണ്ട് വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭാസന്‍ തുടങ്ങിയ മനുഷ്യകഥാ ഗായകന്മാരായ ഭാരതീയ കവികളുടെ സംസ്കാരത്തോടാണ് ആഭിമുഖ്യവും പുലര്‍ത്തുന്നത്. ഹിംസാത്മകമായ ഭാരതീയ പാരമ്പര്യത്തെ അദ്ദേഹം നിരസിക്കുന്നു. ഒ.എന്‍.വിയുടെ കാവ്യലോകത്തെ നിര്‍ണയിച്ചിരിക്കുന്നത് പാശ്ചാത്യകാവ്യ പാരമ്പര്യമോ രീതിശാസ്ത്രമോ അല്ല, ഭാരതീയവും കേരളീയവുമായ കാര്യപാരമ്പര്യമാണ്. അതാകട്ടെ പാടിപ്പുകഴ്ത്തപ്പെട്ട ഭക്തിപാരമ്പര്യത്തിന്‍േറതല്ല.

മനുഷ്യസ്നേഹത്തിന്‍െറ, സ്നേഹിച്ചുതീരാത്ത വംശപരമ്പരകളുടെ പാരമ്പര്യത്തെയാണ്. കവി ആഗ്രഹിക്കുന്ന പുനര്‍ജന്മം കര്‍മഫലത്തിന്‍േറതല്ല, നേരെമറിച്ച് സ്നേഹിച്ചുതീരാത്തതിന്‍െറ ഫലമായ് ഉണ്ടാകുന്ന ജന്മപരമ്പരകളുടേതാണ്. കുമാരനാശാനുശേഷം മലയാളം കണ്ട ഏറ്റവുംവലിയ സ്നേഹഗായകനാണ് ഒ.എന്‍.വി എന്നത് കേവലമൊരു പ്രശംസാവചനമല്ല. മനുഷ്യനെ സംബന്ധിക്കുന്നതൊന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഭാരതീയ കഥകളും പുരാണകഥാസന്ദര്‍ഭങ്ങളും കാവ്യവിഷയമായി സ്വീകരിക്കുമ്പോള്‍ അതിന് മതാത്മകതയുടെ നിറം ലഭിക്കാത്തതിന് കാരണം മനുഷ്യസ്നേഹപക്ഷ നിലപാടാണ്. ‘വേദനിക്കലും വേദനിപ്പിക്കലും സ്നേഹബന്ധങ്ങള്‍ വേണമീ ഊഴിയില്‍’ എന്ന് പാടിയ പൗരാണിക കഥകളെ പുനരാഖ്യാനം ചെയ്തത് സ്നേഹബന്ധങ്ങളുടെ അക്ഷയഖനികള്‍ എന്നനിലയിലാണ്. എങ്ങനെയാണ് പ്രാചീനസംസ്കൃതികളെ സമീപിക്കേണ്ടതെന്ന നിര്‍ദേശംകൂടി അത്തരം രചനകള്‍ നല്‍കുന്നു.

കേരളത്തിലെ സാധാരണ ജനങ്ങളുടെ കാവ്യാഭിരുചിയെ ചങ്ങമ്പുഴക്കുശേഷം ഇത്രവിപുലമായി സ്വാധീനിച്ച മറ്റൊരു മലയാളകവി ഉണ്ടായിട്ടില്ല. സംഗീതാത്മകതയുടെയും അയത്നലളിതമായ കാവ്യശൈലിയുടെയും പേരില്‍ നാഗരിക കവിതയുടെ കാമുകര്‍ നിരന്തരം വിമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നെങ്കിലും മലയാളികളുടെ മനസ്സുകളില്‍ കവിത നിറച്ചുകൊണ്ടിരുന്ന മഹാകവിയായിരുന്നു ഒ.എന്‍.വി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.