ഊഷ്മള സൗഹൃദത്തിന്‍െറ ദിനങ്ങള്‍

ഒ.എന്‍.വിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് 67 വര്‍ഷം മുമ്പുള്ള ചിത്രമാണ്. ഒ.എന്‍.വിയുമായി ഒന്നിച്ചുചേരുന്നത് കൊല്ലം എസ്.എന്‍ കോളജില്‍ വെച്ച്. ഞാന്‍ ആറു കൊല്ലത്തെ സംസ്കൃതപഠനത്തിനുശേഷം ഇന്‍റര്‍മീഡിയറ്റിന് എസ്.എന്‍ കോളജില്‍ എത്തി. അന്ന് ഞാന്‍ നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. അക്കാലത്താണ് ഒ.എന്‍.വി ബി.എക്ക് കൊല്ലം എസ്.എന്‍ കോളജില്‍ എത്തിയത്. ആദ്യവര്‍ഷം രണ്ടുപേരും രണ്ട് വിദ്യാര്‍ഥിസംഘടനയിലായിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയിലായിരുന്നു ഒ.എന്‍.വി. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അവരുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ വിദ്യാര്‍ഥി ഫെഡറേഷന് നേതൃത്വം നല്‍കാന്‍ ഒ. മാധവനും തിരുനല്ലൂര്‍ കരുണാകരനും ഉണ്ടായിരുന്നു.

ഫെഡറേഷന്‍ സ്ഥാനാര്‍ഥികളെല്ലാം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഒ.എന്‍.വിയും കൂട്ടുകാരും ദയനീയമായി പരാജയപ്പെട്ടു. അക്കാലത്തുതന്നെ ഒ.എന്‍.വിക്ക് നല്ല ചരിത്രബോധമുണ്ടായിരുന്നു. അതുകൊണ്ട് സോഷ്യലിസ്റ്റുകാരുടെ വിദ്യാര്‍ഥിസംഘടനക്ക് ഭാവിയില്ളെന്ന് തിരിച്ചറിഞ്ഞ് അവരുടെ പ്രസ്ഥാനം വിട്ടു. പിറ്റേവര്‍ഷം വിദ്യാര്‍ഥി ഫെഡറേഷനില്‍ ചേര്‍ന്നു. അതോടെ ഞങ്ങള്‍ ഒരു ലോഡ്ജിലായി താമസം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് കൊല്ലം കടപ്പുറത്ത് ഒഴിഞ്ഞ കെട്ടിടം വാടകക്കെടുത്തിരുന്നു. അവിടെയായിരുന്നു താമസം. മലബാറിലെയും കൊച്ചിയിലെയും തിരുവിതാംകൂറിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ അന്ന് ലോഡ്ജിലത്തെിയിരുന്നു. അവരുടെ ക്ളാസുകളാണ് ഞങ്ങളുടെ സാമൂഹിക, രാഷ്ട്രീയബോധത്തെ തിരിച്ചുവിട്ടത്.

ഒ.എന്‍.വിയും ഫെഡറേഷനിലൂടെ പാര്‍ട്ടിയിലേക്ക് വന്നു. 1949-51 കാലം സമരതീക്ഷ്ണമായിരുന്നു. വിദ്യാര്‍ഥിസമരത്തെ തുടര്‍ന്ന് ഞാന്‍ അറസ്റ്റിലായി. ലോക്കപ് മര്‍ദനം നേരിടേണ്ടിവന്നു. ജയിലിലടച്ചു. അഞ്ചുദിവസം നിരാഹാരസമരം നടത്തി. ജയിലില്‍ കിടക്കുമ്പോള്‍ ഒ.എന്‍.വി. കുറുപ്പ് ‘അവര്‍ മരിക്കുന്നു’ എന്ന കവിത കൊല്ലത്തുനിന്നുള്ള കേരളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. അത് ഞാന്‍ ജയിലില്‍ വെച്ചാണ് വായിച്ചത്. ഞാന്‍ ജയിലിലാകുമ്പോള്‍ ഒ.എന്‍.വി അടക്കമുള്ളവര്‍ പിറ്റേദിവസം നിയമം ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, അതുണ്ടായില്ല. ജയിലില്‍വെച്ച് ‘അവര്‍ മരിക്കുന്നില്ല’ എന്ന കവിത ഞാനും എഴുതി. ജയിലില്‍നിന്ന് പുറത്തുവന്ന് ഒ.എന്‍.വിയെ കണ്ടപ്പോള്‍ ആ കവിതയുടെ കോപ്പി കാണിച്ച് വായിച്ചുകേള്‍പ്പിച്ചു. ഒ.എന്‍.വിയുടെ മുന്നില്‍വെച്ചുതന്നെ അത് കീറി കാറ്റില്‍ പറത്തി. എസ്.എന്‍ കോളജിലെ പരീക്ഷ എഴുതിയശേഷം 1951ല്‍ മാര്‍ച്ച് അവസാനം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നാട്ടിലേക്ക് മടങ്ങി. 1951-53 കാലത്ത് ശൂരനാട് കലാപത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാനും പാര്‍ട്ടി കെട്ടിപ്പടുക്കാനുമായി രണ്ടു കൊല്ലം നാട്ടില്‍ നിന്നു. 1953ല്‍ ശൂരനാട് കേസിലെ പ്രതികള്‍ ജയിലില്‍നിന്ന് പുറത്തുവന്നതോടെയാണ് പഠനം തുടരാന്‍ തിരുവനന്തപുരത്ത് എത്തിയത്.

യൂനിവേഴ്സിറ്റി കോളജില്‍ ഒ.എന്‍.വിയും തിരുനല്ലൂരും ഞാനും വീണ്ടും ഒരുമിച്ചു. 1954ല്‍ തിരുനല്ലൂര്‍ കരുണാകരനും 1955ല്‍ ഒ.എന്‍.വി. കുറുപ്പിനും ’56ല്‍ എനിക്കും ഒന്നാം റാങ്കോടെ വിജയിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിക്കൊടി ഉയര്‍ത്തിപ്പിടിച്ചാണ് ഒന്നാം റാങ്ക് നേടിയത്. അതിനുശേഷം കെ.പി.എ.സി ആയിരുന്നു ഒ.എന്‍.വിയുടെ തട്ടകം. ഒ.എന്‍.വിക്ക് മുമ്പുതന്നെ ഞാന്‍ കെ.പി.എ.സിയില്‍ എത്തിയിരുന്നു. എറണാകുളം ലോ കോളജിലായിരുന്നു കെ.പി.എ.സിയുടെ പിറവി. കമ്യൂണിസ്റ്റ് കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള യുദ്ധപശ്ചാത്തലത്തില്‍ ‘കമ്യൂണിസ്റ്റ് പടയാളിപ്പെണ്ണ്’ എന്നൊരു കവിത ഞാന്‍ എഴുതി. വിശ്വകേരളം വിശേഷാല്‍പ്രതിയിലാണ് കവിത വന്നത്. കെ.പി.എ.സിയില്‍ ഉണ്ടായിരുന്ന ജി. ജനാര്‍ദനന്‍ നായരും പുനലൂര്‍ രാജഗോപാല്‍ നായരും അന്ന് ലോ കോളജ് വിദ്യാര്‍ഥികളായിരുന്നു. അവര്‍ കവിത നിഴല്‍നാടകമാക്കി അവതരിപ്പിച്ചു.  പിന്നീടാണ് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അടക്കമുള്ള നാടകങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് നടന്ന ഇടതുപക്ഷ സാഹിത്യസാംസ്കാരിക പ്രവര്‍ത്തനത്തില്‍ ഒന്നിച്ച് അണിനിരന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വേദനയോടെയാണ് ഞങ്ങള്‍ ആ സംഭവത്തെ വിലയിരുത്തിയത്. പാര്‍ട്ടി ഞങ്ങളുടെ പ്രാണനായിരുന്നു. പിന്നെ കുറച്ചുനാള്‍ ഞങ്ങള്‍ ഒന്നും ചെയ്തില്ല. അതുകഴിഞ്ഞ് രണ്ടുപേരും സി.പി.ഐയുടെ ഭാഗത്തായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ സി.പി.ഐ സര്‍ക്കാറിന്‍െറ ഭാഗമായിരുന്നു. അത് നല്ലതിനായിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. പിന്നീടാണ് സ്വാതന്ത്ര്യത്തിന് ചങ്ങല വീഴുന്നു എന്ന് തിരിച്ചറിഞ്ഞത്. അന്ന് അതിനെ എതിര്‍ക്കുകയോ അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. നിഷ്ക്രിയമായ ഒരു കാലമായിരുന്നു അത്.

അവസാനകാലത്തെ പ്രവര്‍ത്തനം മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കാന്‍ നടത്തിയ ശ്രമമാണ്. ഒ.എന്‍.വി, സുഗതകുമാരി എന്നിവരോടൊപ്പം ഞാനും ഇതിനായി ഡല്‍ഹിയില്‍ പോയി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടു. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കാന്‍ ചരിത്രപരമായി അര്‍ഹതയുണ്ടെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. എം.എ. ബേബി, ഉമ്മന്‍ ചാണ്ടി, എ.കെ. ആന്‍റണി തുടങ്ങിയവരും ഈ പരിശ്രമത്തില്‍ ഞങ്ങളെ സഹായിച്ചു. ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് ഞാനും ഒ.എന്‍.വിയും പ്രവര്‍ത്തിച്ചത്. തൊഴിലാളിവര്‍ഗത്തിന്‍െറ ഉയര്‍ച്ച, സമത്വം, തൊഴിലാളിവര്‍ഗത്തിന്‍െറ നേതൃത്വത്തിലുള്ള ഭരണം, ചൂഷണമില്ലാത്ത കാലം ഇതൊക്കെ ഞങ്ങളുടെ സ്വപ്നമായിരുന്നു. പി. ഭാസ്കരന്‍, പുനലൂര്‍ ബാലന്‍ തുടങ്ങിയ നിരവധി പേര്‍ ഇക്കാലത്ത് ഞങ്ങളോടൊപ്പം എഴുത്തിലും പ്രവര്‍ത്തനത്തിലും അണിനിരന്നിരുന്നു. സാമൂഹിക-രാഷ്ട്രീയചരിത്രത്തില്‍ ഏഴു പതിറ്റാണ്ടോളം സജീവപങ്കാളികളായി പ്രവര്‍ത്തിച്ചു. അതൊരു ചരിത്രനിയോഗം പോലെ തോന്നുന്നു.                   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.