‘അമാവാസി കണ്ട് ഇനി നിലാവുദിക്കില്ളെന്ന് കരുതരുത്. ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്നും നിലവിളിക്കരുത്’ -രാജ്യതലസ്ഥാനത്ത് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗൃഹത്തിലടച്ച നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഭരണകൂട ഫാഷിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധിച്ച് നവമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ വരികളാണിത്. സമാനമായ ആയിരക്കണക്കിന് കുറിപ്പുകളും സന്ദേശങ്ങളുംകൊണ്ട് നവമാധ്യമങ്ങളില്‍ പ്രതിഷേധത്തിന്‍െറ അണപൊട്ടിയൊഴുകുകയാണ് കഴിഞ്ഞ കുറച്ചുദിവസമായി.
അത്യന്തം അപകടകരവും അസാധാരണവുമായ വഴിത്തിരിവിലൂടെയാണ് ഡല്‍ഹി കടന്നുപോകുന്നത്. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഭൂരിപക്ഷത്തിന്‍െറ അഹങ്കാരത്തില്‍ നാഗ്പുരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെ തീട്ടൂരങ്ങളനുസരിച്ച് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ തേര്‍വാഴ്ചകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെ.എന്‍.യുവിനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഇന്ത്യയുടെ അഭിമാനസ്തംഭമായ കലാശാലയാണ്. രാഷ്ട്രീയപ്രബുദ്ധതയുടെയും ആശയസംവാദത്തിന്‍െറയും പുകള്‍പെറ്റ കാമ്പസ് ആയിരക്കണക്കിന് പ്രതിഭകളെയാണ് നാലരപ്പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തിന് സംഭാവന ചെയ്തത്. അക്ഷരാര്‍ഥത്തില്‍ പ്രതിഭകളുടെ പൂന്തോട്ടമാണ് ജെ.എന്‍.യു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധൈഷണിക പ്രതിഭകള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ബ്യൂറോക്രാറ്റുകള്‍, കലാകാരന്മാര്‍ എന്നിങ്ങനെ നൂറുകണക്കിന് പ്രതിഭകളാണ് ജെ.എന്‍.യുവിന്‍െറ കീര്‍ത്തി രാജ്യത്ത് പരത്തുന്നത്.
സാമ്രാജ്യത്വ-വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ ആശയങ്ങളെ എക്കാലവും തിരസ്കരിച്ച് ഉന്നതമായ രാജ്യസ്നേഹവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചതാണ് ജെ.എന്‍.യുവിന്‍െറ മഹിതമായ പാരമ്പര്യവും പൈതൃകവും. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ മകള്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ സമയത്ത്, ജനാധിപത്യവിരുദ്ധതയും പൗരാവകാശ ധ്വംസനവും നടത്തിയപ്പോള്‍ അതിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ത്തിക്കൊണ്ടുവരുകയും അവര്‍ക്ക് കാമ്പസില്‍ പ്രവേശം നിഷേധിക്കുകയും ചെയ്ത രാഷ്ട്രീയ പ്രബുദ്ധതയുടെ വിളനിലമായിരുന്നു ജെ.എന്‍.യു.
കാമ്പസിന്‍െറ ജനാധിപത്യവേദികളില്‍ വര്‍ഗീയ ഫാഷിസ്റ്റ് ആശയങ്ങള്‍ക്ക് സ്ഥാനമില്ളെന്ന് പ്രഖ്യാപിച്ച് എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന്‍െറ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചപ്പോഴാണ് ജെ.എന്‍.യു സംഘ്പരിവാര്‍ ശക്തികളുടെ കണ്ണിലെ കരടായിത്തീരുന്നത്. ബിഹാറിലെ ബഹുസ്വരായി ഗ്രാമത്തില്‍നിന്ന് എ.ഐ.എസ്.എഫിന്‍െറ ചെങ്കൊടിയേന്തി ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയുടെ ജനാധിപത്യവേദിയുടെ അധ്യക്ഷനായി കനയ്യ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ ആസുരകാലത്തെ ചരിത്രത്തിന്‍െറ നിയോഗമാണ്. ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയുടെയെല്ലാം താക്കോല്‍ സ്ഥാനങ്ങളില്‍ സംഘ് പ്രഭൃതികളെ കുടിയിരുത്തി രാജ്യത്തിന്‍െറ മതനിരപേക്ഷ ജനാധിപത്യചരിത്രം മാറ്റിയെഴുതാന്‍ കിണഞ്ഞുപരിശ്രമിക്കുമ്പോള്‍ അവരെ അദ്ഭുതപ്പെടുത്തിയാണ് കനയ്യ കുമാര്‍ എന്ന ദലിത് ചെറുപ്പക്കാരന്‍ എ.ഐ.എസ്.എഫിന്‍െറ പതാക ജെ.എന്‍.യുവിന്‍െറ മണ്ണില്‍ കൂടുതല്‍ ഉയരത്തില്‍ പാറിപ്പറപ്പിച്ചത്.
ലോകത്തെ എല്ലാ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും വേരൂന്നാന്‍ പ്രയോഗിച്ച സങ്കുചിത ദേശീയവികാരവും വംശീയ വികാരവും ഇളക്കിവിടാനാണ് സംഘ്പരിവാര്‍ ജെ.എന്‍.യുവില്‍ തീരുമാനിച്ചത്. രാജ്യദ്രോഹി എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയെന്ന ഫാഷിസത്തിന്‍െറ തേഞ്ഞുപോയ ആയുധമാണ് അവര്‍ പ്രയോഗിച്ചത്. സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാഗാന്ധിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കനയ്യ കുമാറിനെതിരെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്‍റ് ചുമത്തുന്നുവെന്നത് ചരിത്രത്തിന്‍െറ തനിയാവര്‍ത്തനമാകുന്നു. മഹാത്മഗാന്ധിയും തിലകനും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഏതുവിധമാണ് രാജ്യദ്രോഹിയാകുന്നത്, അതേ വിധത്തിലാണ് മോദിസര്‍ക്കാറിന്‍െറ കാലത്ത് കനയ്യ രാജ്യദ്രോഹിയാകുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 19 (1) എ, 19 (2) അനുച്ഛേദങ്ങളുടെ അന്തസ്സത്തക്ക് നിരക്കാത്തതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്നെ ഈ വകുപ്പ് എത്രയും വേഗം നീക്കംചെയ്യണമെന്നും നിന്ദ്യവും പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇത് നമ്മുടെ നിയമത്തില്‍ തുടരാന്‍ പാടില്ലാത്തതാണെന്നും അസന്ദിഗ്ധമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചിരുന്നു. അത്തരം കരിനിയമങ്ങളാണ് ഒരു ലജ്ജയുമില്ലാതെ വിദ്യാര്‍ഥിനേതാക്കള്‍ക്കെതിരെ കേന്ദ്ര ഗവണ്‍മെന്‍റ് അന്യായമായി ചുമത്തുന്നത്.
ഏറ്റവുമൊടുവില്‍ നട്ടാല്‍ കുരുക്കാത്ത പെരുംനുണകളുമായി കോര്‍പറേറ്റ് പിന്തുണയോടെ മാധ്യമഭീമന്മാര്‍ തകര്‍ത്താടുന്ന നിറംകെട്ട നാടകങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങുതകര്‍ക്കുന്നത്. വ്യാജ വിഡിയോയിലൂടെ കനയ്യ കുമാര്‍ രാജ്യദ്രോഹിയാണെന്ന് ചിത്രീകരിക്കാനുള്ള തരംതാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്‍െറ ഒത്താശയോടെ ചില ദേശീയ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിച്ചു. എന്നാല്‍, അതെല്ലാം കെട്ടുകഥകളാണെന്ന് മാധ്യമങ്ങള്‍തന്നെ തെളിവുസഹിതം സമൂഹത്തിനു മുന്നില്‍ തുറന്നുപറഞ്ഞു. എന്നിട്ടും കേരളത്തില്‍ അതേറ്റുപാടാനും സംഘ്പരിവാറിനുവേണ്ടി കൂലിയെഴുത്ത് നടത്താനും ചിലരെ കൂടെക്കൂട്ടാനായി. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്‍െറ എല്ലാ സീമകളും ലംഘിച്ച് നിറംപിടിപ്പിച്ച നുണകളാണ് ഈ കൂലിയെഴുത്തുകാര്‍ പ്രചരിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായ ഡി. രാജയുടെയും എന്‍.എഫ്.ഐ.ഡബ്ള്യു ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജയുടെയും മകളും ജെ.എന്‍.യു എ.ഐ.എസ്.എഫ് ഘടകത്തിന്‍െറ പ്രസിഡന്‍റുമായ അപരാജിതയെ വ്യക്തിഹത്യ നടത്തി അപമാനിക്കാനായി ജെ.എന്‍.യു കാമ്പസിലെ വിദ്യാര്‍ഥി ഉമര്‍ ഖാലിദുമായി ഉറ്റബന്ധമുണ്ടെന്നും അതുവഴി അപരാജിതക്ക് ഐ.എസ് ബന്ധമുണ്ടെന്നുമുള്ള പെരുംനുണകളാണ് സംഘ്പരിവാറിനുവേണ്ടി പടച്ചുവിട്ടത്. മുസ്ലിം നാമധാരിയായ സഹപാഠിയോട് സൗഹൃദംപോലും വിലക്കുന്ന സങ്കുചിത ഹിന്ദു വര്‍ഗീയ ഫാഷിസ്റ്റുകള്‍, കലാലയങ്ങളില്‍ എന്നുമുണ്ടായിരുന്ന, ജാതി-മത-രാഷ്ട്രീയ-വര്‍ണ-വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായ വിശാലവും ജീവസ്സുറ്റതും ഹൃദയസ്പര്‍ശിയുമായ കാമ്പസ് സൗഹൃദങ്ങളെ ഇല്ലായ്മചെയ്ത് മതത്തിന്‍െറ തുരുത്തില്‍ വിദ്യാര്‍ഥിബന്ധങ്ങളെ കുടിയിരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇസ്ലാമോഫോബിയ പിടിപെട്ട ഇത്തരം മാധ്യമപ്രവര്‍ത്തനം ഈ നാടിനെ എവിടെയാണ് എത്തിക്കുക?
ഒരു കലാലയത്തിന്‍െറ ഉത്തരവാദപ്പെട്ട ചെയര്‍മാന്‍ എന്നനിലയില്‍ കാമ്പസില്‍ രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ സമാധാനത്തിന്‍െറ വഴിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഇടപെട്ടതാണ് കനയ്യ കുമാര്‍ ചെയ്ത ‘രാജ്യദ്രോഹം’. തികച്ചും ജനാധിപത്യവിരുദ്ധമായി എതിര്‍ശബ്ദമുയര്‍ത്തുന്നവരെയും വ്യത്യസ്ത വീക്ഷണങ്ങളും നിലപാടുകളുമുള്ളവരെയുമെല്ലാം നിശ്ശബ്ദരാക്കാനുള്ള പാഴ്വേലയാണ് സംഘ്പരിവാര്‍ ശക്തികള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍കര്‍, എം.എം. കല്‍ബുര്‍ഗി തുടങ്ങിയവരെല്ലാം ഈ ഫാഷിസ്റ്റ് വേട്ടയുടെ ഇരകളാണ്. കനയ്യ കുമാര്‍ എന്ന യുവജന പോരാളിയെ രാജ്യദ്രോഹിയായി കല്‍ത്തുറുങ്കിലടക്കാമെന്ന് വ്യാമോഹിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ എ.ഐ.എസ്.എഫ് എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ ഇന്നലെകളിലെ ഗരിമയാര്‍ന്ന പ്രക്ഷോഭസമരങ്ങളുടെ ചരിത്രം വായിച്ചുപഠിക്കണം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 17ാം വയസ്സില്‍ ബ്രിട്ടീഷുകാരന്‍െറ തൂക്കുമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഹെമു കലാനിയുടെയും ഇന്‍ക്വിലാബിന്‍െറ മുദ്രാവാക്യം മുഴക്കി തൂക്കുകയര്‍ ഏറ്റുവാങ്ങിയ ഭഗത്സിങ്ങിന്‍െറയും രാജ്ഗുരുവിന്‍െറയും സുഖ്ദേവിന്‍െറയും പിന്മുറക്കാരാണ് എ.ഐ.എസ്.എഫുകാര്‍. ചോരകൊണ്ട് ചരിത്രമെഴുതിയ പ്രസ്ഥാനത്തെ തടവറ കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതുന്ന സംഘ്പരിവാറുകാര്‍ പൊട്ടക്കിണറ്റിലെ തവളകളാണ്.
പട്യാല ഹൗസ് കോടതിവളപ്പിലും ജെ.എന്‍.യുവിലും നടന്ന രാജ്യം ലജ്ജിച്ച് തലകുനിച്ചുപോകുന്ന ആക്രമണം ഡല്‍ഹി പൊലീസിന്‍െറ പൂര്‍ണ പിന്തുണയോടെയാണ് അരങ്ങേറിയത്. രാജ്യസ്നേഹത്തെക്കുറിച്ച് വീമ്പിളക്കുന്ന പരിവാറുകാര്‍ മഹത്തായ നമ്മുടെ നീതിന്യായവ്യവസ്ഥയെ കൊഞ്ഞനംകുത്തുമാറ് കോടതിനടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ന്യായാധിപന്‍െറ കണ്‍മുന്നില്‍വെച്ച് അഴിഞ്ഞാടുകയായിരുന്നു. കോട്ടും ഗൗണുമിട്ട സംഘ്പരിവാര്‍ അഭിഭാഷകര്‍ കനയ്യ കുമാറിനെ കോടതിവളപ്പില്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന കാഴ്ച അവരുടെ തനിനിറം ഒന്നുകൂടി രാജ്യത്തിനു മുന്നില്‍ വെളിവാക്കി. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി യുവജനസംഘടനകളെല്ലാം ഒറ്റക്കെട്ടായി അണിനിരന്ന, സമീപകാലത്ത് നടന്ന ഏറ്റവും വലിയ ബഹുജനമുന്നേറ്റത്തിനാണ് ഡല്‍ഹി സാക്ഷ്യംവഹിച്ചത്.
സംഘ്പരിവാറിന്‍െറ എല്ലാ കടുത്ത എതിര്‍പ്പുകളെയും അതിജീവിച്ച് ഡല്‍ഹിയിലെ വിദ്യാര്‍ഥികളും യുവജനങ്ങളും അധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി നടത്തുന്ന ഐതിഹാസിക മുന്നേറ്റം, നാഗ്പുരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന്‍െറ തീട്ടൂരങ്ങള്‍ക്ക് വിധേയമായി ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തെ കടപുഴക്കിയെറിയാനുള്ള കൊടുങ്കാറ്റായിത്തീരുകതന്നെ ചെയ്യും.
(ലേഖകന്‍ എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.