മുഖ്യവനിത

സുചേത കൃപലാനിയിലാണ് ആ ചരിത്രത്തിന്‍െറ തുടക്കം. ജാനകി രാമചന്ദ്രനും ജയലളിതയും മായാവതിയും റാബ്റി ദേവിയും സുഷമ സ്വരാജും ഷീല ദീക്ഷിതും ഉമാ ഭാരതിയും വസുന്ധര രാജെയും മമത ബാനര്‍ജിയും ആനന്ദി ബെന്‍ പട്ടേലുമൊക്കെയായി ആ പട്ടിക നീളുന്നു. സംസ്ഥാന ഭരണത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന പെണ്‍നേതാക്കളുടെ കൂട്ടത്തില്‍ ഇടംനേടിയിരിക്കുകയാണ് മുഫ്തി മുഹമ്മദ് സഈദിന്‍െറ ഓമനപ്പുത്രി മെഹബൂബ. ജമ്മു-കശ്മിരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുമ്പോള്‍ വയസ്സ് 56. വെടിയൊച്ചകള്‍ക്കൊപ്പം ചോരപ്പൂക്കള്‍ കൊഴിയുന്ന താഴ്വരയില്‍ പേടിക്കാതെ ഉറങ്ങാന്‍ കൊതിക്കുന്ന ജനത 13ാമത് മുഖ്യമന്ത്രിയിലും പ്രതീക്ഷയര്‍പ്പിക്കുന്നു. നിയമം പഠിച്ച മൂത്ത മകള്‍ക്ക് സംഘര്‍ഷഭരിതമായ ഒരു ദേശത്തിന്‍െറ ആശയാഭിലാഷങ്ങള്‍ക്ക് ഒപ്പംനില്‍ക്കാനാവും എന്നു കണ്ടറിഞ്ഞത് പിതാവ് തന്നെ.

ഉത്തരവാദിത്തമേറ്റെടുക്കാനുള്ള ശേഷി നിനക്കുണ്ടെന്ന് ആത്മവീര്യം പകര്‍ന്ന് എന്നും കൂടെനിന്നു. സംസ്ഥാനത്തിന്‍െറ കാര്യങ്ങള്‍ നോക്കാനുള്ള പ്രാപ്തി മകള്‍ക്കായെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് ആളുകളെ ബോധ്യപ്പെടുത്തുകയും ചെയ്തു, സഈദ്. ആ ചുമതലയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എളുപ്പമല്ല പണി. തീവ്രവാദവും പ്രകൃതിദുരന്തവും പട്ടാള അതിക്രമങ്ങളും കുഴച്ചുമറിച്ചിട്ടിരിക്കുന്ന മണ്ണാണ്. അവിടെ അടിപതറാതെ ചവിട്ടിനില്‍ക്കുകപോലും ദുഷ്കരം. ‘ഡാഡിയുടെ മകള്‍’ എന്നാണ് താഴ്വരയില്‍ എന്നും വിളിക്കപ്പെട്ടിരുന്നത്. 24 മണിക്കൂറും സ്നേഹിച്ചും കലഹിച്ചും തര്‍ക്കിച്ചും പിതാവിനൊപ്പമായിരുന്നു. അവര്‍ ഒരുമിച്ചാണ് താഴ്വരയില്‍ പാര്‍ട്ടി പണിതുയര്‍ത്തിയത്; നാഷനല്‍ കോണ്‍ഫറന്‍സിന് ജനാധിപത്യ ബദലൊരുക്കിയത്. സഈദിന്‍െറ മരണശേഷം സഹതപിക്കുന്ന ആരെയും അടുപ്പിച്ചിട്ടില്ല. നാലു ദിവസത്തോളം അടുത്ത കുടുംബാംഗങ്ങളെയല്ലാതെ ആരെയും കാണാന്‍ കൂട്ടാക്കിയില്ല. വിലപിക്കുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നുനിന്നു. മുഫ്തി മുഹമ്മദ് സഈദ് നെഞ്ചുവേദനയും പനിയുമായി ന്യൂഡല്‍ഹിയിലെ എയിംസിലേക്കു പറന്നപ്പോഴേ പിന്‍ഗാമിയെ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ അനന്ത്നാഗില്‍നിന്നുള്ള ലോക്സഭാംഗമാണ്. മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്ന് ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയോ വേണം.

1959 മേയ് 22ന് കശ്മീരില്‍ അനന്ത്നാഗ് ജില്ലയിലെ അഖ്രാന്‍ നൗപോറയില്‍ ജനനം. ആകസ്മികമായിരുന്നു രാഷ്ട്രീയ പ്രവേശം. 1987ല്‍ മുഫ്തി മുഹമ്മദ് സഈദ് കോണ്‍ഗ്രസ് വിട്ട് വി.പി. സിങ്ങിന്‍െറ കൂടെ കൂടി. രണ്ടുകൊല്ലത്തിനുശേഷം രാജ്യത്തെ ആദ്യ മുസ്ലിം ആഭ്യന്തരമന്ത്രിയായി. 1989ല്‍ വി.പി. സിങ് സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജമ്മു-കശ്മീര്‍ വിമോചന മുന്നണി അനിയത്തി റുബയ്യയെ തട്ടിക്കൊണ്ടുപോയത്. 23കാരിയായ ആ മെഡിക്കല്‍ വിദ്യാര്‍ഥിനി ബസില്‍ യാത്രചെയ്യുകയായിരുന്നു. ജയിലിലുള്ള അഞ്ചു തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടിവന്നു അവളെ മോചിപ്പിക്കാന്‍. അത് പിതാവിന്‍െറ പ്രതിച്ഛായയെ നന്നായി ബാധിച്ചു. ലോക്കല്‍ മിനി ബസില്‍ യാത്രചെയ്യുന്ന മകളുള്ള ആഭ്യന്തരമന്ത്രിയുടെ ലളിത ജീവിതമൊന്നും ആരും കണ്ടില്ല. സഈദ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത് 1996ലാണ്. കേന്ദ്രസര്‍ക്കാര്‍ ജമ്മു-കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ ദേശീയ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് സഈദ് ഭാര്യ ഗുല്‍ഷന്‍ നസീറിനെയും അന്ന് നിയമം പഠിച്ചുകൊണ്ടിരുന്ന മൂത്ത മകള്‍ മെഹബൂബയെയും പറഞ്ഞ് ബോധ്യപ്പെടുത്തി മത്സരത്തിനു നിര്‍ത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മ പെഹല്‍ഗാമിലും മകള്‍ ബിജ്ബെഹാരയിലും കന്നിയങ്കം കുറിച്ചു.

പ്രായപൂര്‍ത്തിയായിരുന്നെങ്കില്‍ ഇളയമകന്‍ തസദ്ദുഖ് ഹുസൈനെയും നിര്‍ത്തിയേനെ. ആ അവസരനഷ്ടം അവനെ കലാകാരനാക്കി. ഇന്ന് ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളാണ്. വിശാല്‍ ഭരദ്വാജിന്‍െറ ‘ഓംകാര’ക്കും ‘കമീന’ക്കും വേണ്ടി കാമറ ചലിപ്പിച്ച പ്രതിഭ. ആ തെരഞ്ഞെടുപ്പില്‍ ഉമ്മ തോറ്റപ്പോള്‍ മകള്‍ ജയിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതുവരെ ആരുമറിയാതിരുന്ന മെഹബൂബയെ പിന്നീട് അറിയാത്തവര്‍ ആരുമില്ളെന്നായി. ഫാറൂഖ് അബ്ദുല്ല സര്‍ക്കാറില്‍ പ്രതിപക്ഷ നേതാവായതോടെ രാജ്യവ്യാപകമായി കീര്‍ത്തി പരന്നു. മേശക്കു ചുറ്റുമിരുന്ന് കൂടിയാലോചന നടത്തുന്ന നേതാവല്ല. കഴിഞ്ഞ 15 കൊല്ലമായി ജനമധ്യത്തിലാണ്. മേഖലയില്‍ അബ്ദുല്ലമാരുടെ ആധിപത്യത്തിന് ബദലായൊരു രാഷ്ട്രീയമാണ് തിരഞ്ഞത്.

പിതാവിനെക്കാള്‍ നല്ല മുഖ്യമന്ത്രിയായിരിക്കും മകളെന്നു പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. മോരും മുതിരയും പോലൊരു മുന്നണിയുടെ തലപ്പത്തിരിക്കാനാണ് യോഗം. ബി.ജെ.പിക്കും ആര്‍.എസ്.എസിനും ആശങ്കയുണ്ട്. മിതവാദിയായ പിതാവിനെപ്പോലെയല്ല, വിഘടനവാദികളോട് ഒരു കൂറുണ്ട് മെഹബൂബക്ക് എന്ന് അവര്‍ കരുതുന്നു. മെഹബൂബയാവട്ടെ, ബി.ജെ.പിക്ക് തലവേദനയാവുന്ന പ്രസ്താവനകളൊക്കെ ഇടക്ക് നടത്തും. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുഛേദത്തില്‍ തൊട്ടുകളിക്കാന്‍ പാടില്ളെന്ന് പറഞ്ഞിട്ടുണ്ട്. ജമ്മു-കശ്മീരിന് സ്വയംഭരണം ആവശ്യപ്പെട്ട് 1999ല്‍ 151 പേര്‍ ദര്‍ശനരേഖയില്‍ ഒപ്പുവെച്ചപ്പോള്‍ രൂപംകൊണ്ട പി.ഡി.പിയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്. അതുകൊണ്ട് അടിസ്ഥാന നയങ്ങളില്‍ തൊട്ടുകളിക്കാന്‍ തയാറല്ളെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബി.ജെ.പിയെ കുഴക്കും.

ആമിര്‍ ഖാനും ഷാറൂഖ് ഖാനും രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രസ്താവന നടത്തിയപ്പോള്‍ അവരെ പിന്തുണച്ചു.  അസഹിഷ്ണുതക്കെതിരെ ശബ്ദിക്കുന്നവര്‍ പാകിസ്താനിലേക്കു പോവണമെന്നു പറഞ്ഞവര്‍ക്കെതിരെ ആഞ്ഞടിച്ചു. മുന്നിലുള്ള വലിയ വെല്ലുവിളി പാര്‍ട്ടിയിലെ താപ്പാനകളെ ഒതുക്കുക എന്നതാണ്. ഭരണത്തില്‍ കന്നിക്കാരിയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി മുഖ്യവക്താവ് മുസഫര്‍ ഹുസൈന്‍ ബെയ്ഗിനെപ്പോലുള്ളവരെ കൈകാര്യംചെയ്യുക കുറച്ച് ദുഷ്കരമാണ്. ബി.ജെ.പിയുമായി കൂട്ടുകൂടിയതോടെ പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയും വിമതശല്യം രൂക്ഷമാവുകയും ചെയ്തു. ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കുന്നതില്‍ വ്യക്തിപരമായി താല്‍പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ പ്രബലമാക്കിനിര്‍ത്തുക എന്നതും ഒരു ദൗത്യമാണ്. ബി.ജെ.പി പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവമുള്ള പിതാവിനെക്കാള്‍ വിലകുറച്ച് തന്നെ കാണിക്കാതിരിക്കാനും നോക്കണം.

അടിമുടി രാഷ്ട്രീയക്കാരിയാണ്. സന്തുഷ്ടമായ വ്യക്തി ജീവിതം ഉണ്ടായിട്ടില്ല. ജാവേദ് ഇഖ്ബാലില്‍നിന്ന് വിവാഹമോചനം നേടി. രണ്ടു മക്കളുണ്ട്. ഇല്‍തിജയും ഇര്‍തിഖയും. ഇല്‍തിജ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ ജോലി ചെയ്യുന്നു. ഇര്‍തിഖ തെരഞ്ഞെടുത്തത് അമ്മാവന്‍െറ വഴിയാണ്. സിനിമയുടെയും കലയുടെയും ലോകം. ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം ഇപ്പോള്‍ തിരക്കഥാകൃത്തായി മാറിയിരിക്കുന്നു. അനിയത്തി റുബയ്യ വിവാഹിതയായി ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വസതിയില്‍ മുഴുവന്‍ സമയവും രാഷ്ട്രീയം ചിന്തിച്ചും പ്രവര്‍ത്തിച്ചുമാണ് ജീവിതം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.