ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങാന്‍പോവുകയാണ്. കൈയില്‍ വഞ്ചനയുടെ രക്തക്കറയുമായിട്ടായിരിക്കും സര്‍ക്കാര്‍ പടിയിറങ്ങുക. 2011 ലായിരുന്നു സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രഖ്യാപിച്ചത്. നിരവധി നീട്ടിവെക്കലുകള്‍ക്കുശേഷം 2015 ഡിസംബര്‍ 30ഓടെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെ 2016ഉം പിറന്നു. ഭൂരഹിതകേരളത്തിന് പുതുതായി കാര്യമായൊന്നും സംഭവിച്ചില്ല. രേഖപോലും വിതരണംചെയ്തത് ആകെ 11,033 പേര്‍ക്ക്. ഇത് യഥാര്‍ഥത്തില്‍ മൂന്നു ലക്ഷത്തിലധികം വരുന്ന ഭൂരഹിതരില്‍ നിന്നാണെന്നോര്‍ക്കണം.
ഭൂമി ഒരു മൗലികവിഭവമാണ്. പുതുതായി ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത അടിസ്ഥാനവിഭവം. ജാതീയവും മറ്റുമായ കാരണത്താല്‍ ഭൂമി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അവര്‍ സാമൂഹികവും ചരിത്രപരവുമായ കാരണത്താല്‍ ഭൂമി നിഷേധിക്കപ്പെട്ടവരാണ്. കേരളത്തിലെ ഭൂരഹിതരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ വഞ്ചനയല്ല. വഞ്ചനകളുടെ ചരിത്രത്തിലെ പുതിയ പാഠം മാത്രം. എന്തു കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല? യു.ഡി.എഫ് നേതാക്കള്‍ പറയുന്നത് ഞങ്ങള്‍ കഴിവിന്‍െറ പരമാവധി പരിശ്രമിച്ചു, ഇത്രയേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ, ഇത്ര ചെയ്തില്ളേ എന്നാണ്. ഇത്രയേ ചെയ്യാന്‍ കഴിയുള്ളൂവെന്ന് നിങ്ങള്‍ക്ക് നേരത്തേ അറിയില്ലായിരുന്നോ? ഞങ്ങള്‍ ഭൂമി കണ്ടത്തൊന്‍ ശ്രമിച്ചു. മന്ത്രി ഭൂമി നല്‍കി, വ്യവസായപ്രമുഖര്‍ ഈ പദ്ധതിയിലേക്ക് ഭൂമി നല്‍കി എന്നിട്ടും ഇത്രയേ എത്താനായുള്ളൂ എന്നാണ് ഭരണകക്ഷിനേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.
ഈ വിശദീകരണത്തില്‍തന്നെയാണ് പദ്ധതി പരാജയത്തിന്‍െറ കാരണവും അടങ്ങിയിരിക്കുന്നത്. വിനോബാജിയുടെ ഭൂദാനപ്രസ്ഥാനംപോലൊരു പ്രസ്ഥാനംകൊണ്ട്, ഭൂപ്രഭുക്കളുടെ ഒൗദാര്യംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ ഭൂപ്രശ്നം. വിനോബാജിയുടെ ഭൂദാനപ്രസ്ഥാനംപോലെ ഒന്നിനുപോലും യു.ഡി.എഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയിട്ടില്ല എന്നത് വേറെ കാര്യം. മൗലികവിഭവമായ ഭൂമി അന്യായമായി കൈവശംവെച്ചിരിക്കുന്നവരില്‍നിന്നെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നതാണ് ചോദ്യം. അതിനുള്ള മനസ്സോ ഇച്ഛാശക്തിയോ അത്തരമൊരു രാഷ്ട്രീയ വികസന കാഴ്ചപ്പാടോ യു.ഡി.എഫിന് ഇല്ല എന്നതാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തികഞ്ഞ ഒരു പരാജയമായിത്തീര്‍ന്നതിന്‍െറ കാരണം.
മനുഷ്യാവകാശ കമീഷന്‍ നിശ്ചയിച്ച പ്രകാരം ഐ.ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാറിന് പിടിച്ചെടുക്കാന്‍ കഴിയുന്ന അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി കേരളത്തിലുണ്ട്. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാറിനോട് മാത്രമല്ല, പിന്നിട്ടതും വരാനിരിക്കുന്നതുമായ ഏത് സര്‍ക്കാറിനോടുമുള്ള ചോദ്യം ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാനുള്ള കരുത്തും പ്രതിബദ്ധതയും നിങ്ങള്‍ക്കുണ്ടോ എന്നതാണ്.
കേരളത്തില്‍ നടന്ന ഭൂപരിഷ്കരണം നിരവധി അംഗവൈകല്യങ്ങളുള്ള ഒന്നായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ മൗലികവാദ കാഴ്ചപ്പാട് ഈ അംഗവൈകല്യത്തിന്‍െറ വളരെ പ്രധാനമായ ഒരു കാരണമാണ്. ഭൂമിയുടെ വര്‍ഗപ്രശ്നം മനസ്സിലായവര്‍ക്ക് ഭൂമിയുടെ ജാതി പ്രശ്നം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഭൂപരിഷ്കരണം കുടിയാന്മാര്‍ക്ക് ഭൂമിയും മണ്ണില്‍ പണിയെടുത്തവര്‍ക്ക് പരമാവധി 10 സെന്‍റിന്‍െറ കുടികിടപ്പവകാശവും ലഭിക്കുന്നതിലേക്ക് കാര്യങ്ങളത്തെിയത്.
ഭൂവിതരണ സാധ്യതകള്‍
ഭൂവിതരണത്തിന് അന്നില്ലാത്ത ചില സാധ്യതകള്‍ ഇന്നുണ്ട്. അന്നും കാഴ്ചപ്പാടും ധീരതയും ഉണ്ടായിരുന്നെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാമായിരുന്നു. തോട്ടഭൂമികള്‍ നാട്ടുരാജാക്കന്മാരും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടവും സ്വദേശി-വിദേശി കമ്പനികള്‍ക്ക് 100 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കുമ്പോള്‍ ഈ പാട്ടക്കരാറുകള്‍ നിലവിലുണ്ടായിരുന്നു. അഥവാ അവയുടെ കാലാവധി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അതിന്‍െറ കാലാവധി അവസാനിച്ചിരിക്കുന്നു. പാട്ടക്കരാര്‍ ലംഘിച്ചാല്‍ കാലാവധി കഴിയുന്നതിന്‍െറ മുമ്പുതന്നെ ഭൂമി തിരിച്ചെടുക്കാം എന്നതും പാട്ടക്കരാറിന്‍െറതന്നെ ഭാഗമാണ്. പാട്ടക്കരാര്‍ ലംഘിക്കാത്ത ഒരൊറ്റ പാട്ടഭൂമിയും കേരളത്തിലില്ല. തോട്ടത്തെ ഭൂപരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കിയതിന്‍െറ ന്യായം അത് ഒരു നിശ്ചിതവിളയുടെ വന്‍കിട ഉല്‍പാദനം നടത്തുകയും തൊഴിലാളിക്ക് ജോലി നല്‍കുകയും ചെയ്യുന്നു എന്നതായിരുന്നു. തോട്ടങ്ങള്‍ ഒറ്റവിളത്തോട്ടങ്ങള്‍ എന്നനിലക്ക് നഷ്ടത്തിലാണെന്ന് തോട്ടമുടമകള്‍തന്നെ ഇപ്പോള്‍ പറയുന്നു. എന്തുല്‍പാദിപ്പിക്കാനാണോ ആ ഭൂമിയെ തോട്ടഭൂമിയായി നിലനിര്‍ത്തിയത് ആ ഉദ്ദേശ്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന് അവര്‍തന്നെ വ്യക്തമാക്കിയിരിക്കുന്നു. പകരം തോട്ടഭൂമി ടൂറിസംപോലുള്ള തോട്ടേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
തോട്ടങ്ങള്‍ നഷ്ടത്തിലാവുമ്പോള്‍ അത് മുറിച്ചുവില്‍ക്കാന്‍ തോട്ട ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. തോട്ടഭൂമി എന്തിനുവേണ്ടി നീക്കിവെച്ചോ അതിന്‍െറ ലാഭകരമായ ഉല്‍പാദനം നടക്കുന്നില്ല. തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നത് ഭക്ഷ്യവിളയല്ല നാണ്യവിളയാണെന്ന് ഓര്‍ക്കണം. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിത്തരുന്നില്ല. നിശ്ചയിക്കപ്പെട്ട നാമമാത്രമായ പാട്ടംപോലും ഇവര്‍ അടക്കുന്നുമില്ല. തോട്ടഭൂമിയില്‍ ക്വാറി നടത്താന്‍ സര്‍ക്കാറിനുള്ള അനുമതി കഴിഞ്ഞദിവസം കേരള ഹൈകോടതി റദ്ദുചെയ്തു. തോട്ടം പരാജയമാണെന്ന് തോട്ടം ഉടമകള്‍തന്നെ സമ്മതിച്ചിരിക്കെ ഉടമകളെ ഭൂപരിഷ്കരണത്തിന്‍െറ ആത്മാവിനെ അട്ടിമറിച്ചുകൊണ്ട് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുഭൂമിയായ തോട്ടഭൂമിയെ ഭൂപരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്തിയത് മേല്‍പറഞ്ഞ ഉല്‍പാദനത്തിന്‍െറയും തൊഴിലിന്‍െറയും വിദേശനാണ്യത്തിന്‍െറയും ലക്ഷ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. അതെല്ലാം അപ്രസക്തമായി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഈ പൊതുഭൂമി തോട്ട ഉടമകളുടെ ഇഷ്ടത്തിന് ഉടമസ്ഥാവകാശത്തിന് വിട്ടുകൊടുക്കാതെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഭൂമിപ്രശ്നം പരിഹരിക്കാനുള്ള വഴി.
ഭൂരഹിതരില്ലാത്ത കേരളം
നടപ്പാക്കാന്‍ കഴിയാതെപോയ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിതന്നെ ധാരാളം പരിമിതികള്‍ ഉള്ളതായിരുന്നു. ഈ വാഗ്ദത്ത ഭൂമിതന്നെ മൂന്നു സെന്‍റായിരുന്നു. ഈ പദ്ധതി സമ്പൂര്‍ണമായി നടപ്പാക്കിയാല്‍പോലും ചരിത്രത്തിലെ ദുരിതങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുക. അടുത്ത തലമുറയില്‍വെച്ച് ഇവരിലെ വലിയവിഭാഗം വീണ്ടും ഭൂരഹിതരായിത്തീരും. ഭൂമിക്ക് പകരം കോളനി എന്നതാണ് ഇടതുവലത് ഗവണ്‍മെന്‍റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കിയത്. പ്രത്യേകിച്ച് ഭൂരഹിതരിലെ ദലിതുകള്‍ക്ക്. കോളനിയില്‍നിന്ന് കൃഷിഭൂമിയിലേക്ക് എന്നതാണ് ഭൂരഹിതരുടെ സമരത്തിന്‍െറ സുപ്രധാന മുദ്രാവാക്യം. കോളനികള്‍ ഭൂരഹിതരുടെ തലമുറയെയാണ് ഉല്‍പാദിപ്പിക്കുക. കോളനികളില്ലാത്ത കേരളത്തെയാണ് ഭൂസമരം സ്വപ്നം കാണുന്നത്. ഇത് സചിദാനന്ദന്‍ ചൂണ്ടിക്കാട്ടിയതുപോലെ സമ്പൂര്‍ണ പൗരത്വത്തിനുവേണ്ടിയുള്ള സമരമാണ്. ഞങ്ങളും മറ്റുള്ളവരെപ്പോലെതന്നെ അന്തസ്സും അവകാശങ്ങളും ഉള്ളവരാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള സമരമാണ്-അദ്ദേഹം സൂചിപ്പിച്ചപോലെ ഇത് കോളനിവിരുദ്ധ സമരത്തിന്‍െറ തുടര്‍ച്ചയാണ്.
ഞാന്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസാന്തത്തില്‍ നടത്തിയ ജനഹിതമുന്നേറ്റ യാത്രയില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍െറ എളിയ സാരഥി എന്നനിലക്ക് ഭൂരഹിതരായ സഹോദരീസഹോദരന്മാരുടെ ആയിരക്കണക്കിന് നിവേദനങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. ഇത് കൈമാറിക്കൊണ്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ ഡിസംബര്‍ 30ഓടെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിനല്‍കുമെന്ന് ഉറപ്പുനല്‍കിയതായിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കയാണ്. അതിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികളുമായ് മുന്നോട്ടുപോവുകയല്ലാതെ ഭൂരഹിതരുടെ അവകാശം നേടിയെടുക്കാന്‍ അസാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.