തുനീഷ്യയില്‍ വീണ്ടും പ്രക്ഷുബ്ധ ദിനങ്ങള്‍

മുല്ലപ്പൂ വിപ്ളവത്തിന്‍െറയും 2011 ജനുവരി 14ന് ഏകാധിപതി  സൈനുല്‍ ആബിദീന്‍ ബിന്‍ അലി നാടുവിട്ടതിന്‍െറയും   അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലും രാഷ്ട്രീയ അസ്ഥിരതയാല്‍ ആടിയുലയുകയാണ് തുനീഷ്യ. അറബ് വസന്താനന്തരം പല രാജ്യങ്ങളും  സ്ഥായിയായ ഭരണകൂടവും ഭരണഘടനയും സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയോ വിപ്ളവത്തിന്‍െറ ആശയങ്ങളത്തെന്നെ കീഴ്മേല്‍ മറിക്കുന്ന തരത്തില്‍ ഏകാധിപത്യ മിലിട്ടറി ഭരണകൂടങ്ങള്‍  നിലവില്‍വരുകയോ രക്തരൂഷിതമായ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വേദിയാവുകയോ ചെയ്തപ്പോള്‍  ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് സാക്ഷിയാവുകയും  മതേതരമായൊരു ഭരണഘടന സ്ഥാപിക്കുന്നതില്‍ വിജയിക്കുകയും  ചെയ്ത രാജ്യമാണ് തുനീഷ്യ. അതിനാലാണ് രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച തുനീഷ്യന്‍ നാഷനല്‍ ഡയലോഗ്  ക്വാര്‍ട്ടെറ്റിന് 2015ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതും.
ഭരണ കക്ഷിയിലെ  പ്രധാന പാര്‍ട്ടിയായ നിദാ തൂനിസിലെ ആഭ്യന്തര ഛിദ്രതയാണ് തുനീഷ്യന്‍ രാഷ്ട്രീയം ഏതാനും മാസങ്ങളായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധി. ജനുവരി ആദ്യത്തിലാണ് പ്രസിഡന്‍റ് ഖാഇദ് അസ്സബ്സിയുടെ നിദാ തൂനിസ് പാര്‍ട്ടിയില്‍നിന്ന് 17 എം.പിമാര്‍ രാജിവെച്ചത്. പ്രസിഡന്‍റിന്‍െറ മകന്‍ ഹഫീദ് അസ്സബ്സിയുടെ  അമിതാധികാര പ്രവണതയിലും  പാര്‍ട്ടിയില്‍ കുടുംബാധിപത്യം സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി.  
വിപ്ളവാനന്തരം ഇസ്ലാമിക കക്ഷിയായ അന്നഹ്ദ അധികാരത്തില്‍ വരാതിരിക്കുന്നതിന് ലെഫ്റ്റിസ്റ്റുകളും നാഷനലിസ്റ്റുകളും മുമ്പ് ബിന്‍ അലി ഗവണ്‍മെന്‍റില്‍  അധികാരം കൈയാളിയിരുന്നവരും ചേര്‍ന്ന് 2012ല്‍ രൂപവത്കരിച്ച  മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ  നിദാ തൂനിസില്‍  മാസങ്ങളായി ആഭ്യന്തര ഭിന്നതകള്‍ ഉരുണ്ടുകൂടി വരുന്നുണ്ടായിരുന്നു. രണ്ടു മാസം മുമ്പ്  പ്രസിഡന്‍റ് അസ്സബ്സി മകനെ പാര്‍ട്ടിയിലെ  തന്‍െറ ഒൗദ്യോഗിക പ്രതിനിധിയായും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചതിനു  ശേഷമാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. തുനീഷ്യന്‍ ഭരണ ഘടന പ്രകാരം പ്രസിഡന്‍റ്, കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ളെന്നിരിക്കെ അസ്സബ്സിയുടെ നടപടി വ്യാപകമായ വിമര്‍ശം ക്ഷണിച്ചുവരുത്തി. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ജനറല്‍ സെക്രട്ടറിയുമായിരുന്ന മുഹ്സിന്‍ മര്‍സൂഖിന്‍െറ  അനുകൂലികളും ഹഫീദ് അസ്സബ്സിയുടെ പക്ഷവും തമ്മിലുള്ള ഭിന്നത കഴിഞ്ഞ മാസം അവസാനം മര്‍സൂഖിന്‍െറ രാജിയിലാണ് കലാശിച്ചത്. ഇപ്പോള്‍ രാജിവെച്ചവര്‍  മുഹ്സിന്‍ മര്‍സൂഖിനെ അനുകൂലിക്കുന്നവരാണ്.
നേരത്തേ നവംബര്‍ ആദ്യവാരത്തില്‍  മുഹ്സിന്‍ മര്‍സൂഖ്  അനുകൂലികളായ   മുപ്പതോളം  എം.പിമാര്‍ രാജിഭീഷണി മുഴക്കിയിരുന്നു. പുതിയ രാജികളോടെ  217 അംഗ പാര്‍ലമെന്‍റില്‍  86 അംഗങ്ങളുണ്ടായിരുന്ന നിദാ തൂനിസിന്‍െറ അംഗസംഖ്യ 67  ആയി. 69 അംഗങ്ങളുള്ള അന്നഹ്ദ  ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തു. രാജിവെച്ച മുഹ്സിന്‍ മര്‍സൂഖ് റീ കണ്‍സ്ട്രക്ഷന്‍ പാത്ത് എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിക്കുകയും ഈ വര്‍ഷത്തില്‍ വരാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരെ  മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  
ഭരണകക്ഷിയിലെ ഛിദ്രത
നിദാ തൂനിസിലെ ആഭ്യന്തര കലഹങ്ങള്‍ക്കൊപ്പംതന്നെ എടുത്തുപറയേണ്ട ഒന്നാണ് ഇസ്ലാമിസ്റ്റ് കക്ഷികളുമായി കൂടുതല്‍ അടുക്കുന്നതില്‍  പാര്‍ട്ടിക്കകത്തുള്ള ഭിന്നത. നിദാ തൂനിസിന്‍െറ ഡെപ്യൂട്ടി ലീഡറായ  ഫത്ഹി ജാമൂസി ഇസ്ലാമിസ്റ്റ് നേതാവ് റാശിദുല്‍ ഗനൂശിയെ മതേതരമായ പാര്‍ട്ടിയുടെ ആഭ്യന്തര യോഗങ്ങള്‍ക്കടക്കം ക്ഷണിക്കുന്നതിനെ ഈയിടെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. അതേസമയം,  കഴിഞ്ഞയാഴ്ച  യോഗത്തില്‍ സ്വാഗതംചെയ്യപ്പെട്ട ഗനൂശിയുടെ പ്രസംഗത്തെ  നീണ്ട  കരഘോഷത്തോടെയാണ്  നിദാ തൂനിസ് അംഗങ്ങള്‍  സ്വീകരിച്ചത്.
രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ ആക്രമണങ്ങളുംമൂലം ജനപിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ, മുഖം മിനുക്കല്‍ നടപടിയെന്നോണം പ്രധാനമന്ത്രി ഹബീബ് അസൈ്സദ് കഴിഞ്ഞയാഴ്ച  മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണി നടത്തിയിരുന്നു.  പുതിയ മന്ത്രിസഭയില്‍ അന്നഹ്ദ (ഇസ്ലാമിസ്റ്റ്) വിരുദ്ധരുടെ എണ്ണം കുറവാണെന്നും അതുകൊണ്ടുതന്നെ അഴിച്ചു പണി കഴിഞ്ഞ മന്ത്രിസഭ മുമ്പുള്ളതിനെക്കാള്‍ കെട്ടുറപ്പുള്ളതാണെന്നുമാണ്  രാഷ്ട്രീയ നിരീക്ഷകനായ  യൂസുഫ് ശരീഫ് തുനീഷ്യന്‍ പോര്‍ട്ടലില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ജനുവരി രണ്ടാം വാരത്തില്‍ പുതിയ  മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ സൈദ് ഐദി, സാമൂഹികക്ഷേമ മന്ത്രി മഹ്മൂദ് ബിന്‍ റമദാന്‍ എന്നിവര്‍കൂടി രാജിവെച്ചതോടെ നിദാ തൂനിസ് അതിന്‍െറ നേതൃത്വത്തെക്കുറിച്ച് കാര്യമായിത്തന്നെ പുനരാലോചിക്കേണ്ട സമയമായെന്ന് വ്യക്തമാവുന്നു. അല്ലാത്ത പക്ഷം വസന്താനന്തരം  ലോക രാഷ്ട്രീയത്തില്‍  പുതിയ മാതൃക തീര്‍ത്ത ഇസ്ലാമിസ്റ്റ് മതേതര ഭരണ മുന്നണിക്ക് അധിക കാലം മുന്നോട്ടുപോകാനാവില്ളെന്ന് ഉറപ്പ്.    
 അതിനിടെ നിദാ തൂനിസിലെ അന്തശ്ഛിദ്രത്തില്‍  പ്രതീക്ഷ അര്‍പ്പിച്ചാവണം  നിലവിലെ പ്രസിഡന്‍റ് അസ്സബ്സിയോട് മത്സരിച്ച് തോറ്റതിനെ തുടര്‍ന്ന്  രാഷ്ട്രീയം മതിയാക്കിയിരുന്ന വിപ്ളവാനന്തര തുനീഷ്യയുടെ ആദ്യ പ്രസിഡന്‍റ് മുന്‍സിഫ് മര്‍സൂഖി പുതിയ പാര്‍ട്ടിയുമായി വീണ്ടും രംഗത്തത്തെിയത്. അല്‍ഇറാദ  എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ രൂപവത്കരണ സമ്മേളനത്തില്‍  തീവ്രവാദ ആക്രമണങ്ങള്‍   തടയുന്നതില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്  പറഞ്ഞ  മുന്‍സിഫ് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും വിപ്ളവ ആശയങ്ങള്‍   നടപ്പില്‍ വരുത്താനും ഗവണ്‍മെന്‍റിന്  സാധിച്ചില്ളെന്നും കൂട്ടിച്ചേര്‍ത്തു.
   തൊഴിലില്ലായ്മ
തുനീഷ്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് യുവാക്കളില്‍ വര്‍ധിച്ചുവരുന്ന  റാഡിക്കല്‍  പ്രവണതകളാണ്. സാമൂഹിക അസമത്വവും തൊഴിലില്ലായ്മയും രാജ്യത്ത് പൊതുവായി നിലനില്‍ക്കുന്ന അരാജകത്വവും  ഐ.എസ് പോലുള്ള റാഡിക്കല്‍ സംഘടനകളിലേക്ക് യുവാക്കള്‍  ആകര്‍ഷിക്കപ്പെടാന്‍  കാരണമാവുന്നുണ്ട്. വിപ്ളവ ഘട്ടത്തില്‍ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 15 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ജനസംഖ്യയിലെ  40  ശതമാനം പേര്‍ 35 വയസ്സിനു താഴെയുള്ളവരായിരിക്കെ  യുവാക്കള്‍ക്കായി പ്രത്യേക നയപരിപാടികളുടെ അഭാവം  പ്രശ്നം രൂക്ഷമാക്കുന്നു.  യു.എന്‍ കണക്കു പ്രകാരം ഐ.എസിനു വേണ്ടി പോരാടുന്ന മിലിട്ടന്‍റുകളില്‍ ആനുപാതികമായി  കൂടുതലും തുനീഷ്യന്‍ യുവാക്കളാണ്. മുമ്പ് യുവാക്കളുടെയും ജനങ്ങളുടെയും  ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സമയം ലഭിച്ചിരുന്ന  അന്നഹ്ദക്ക് ഇപ്പോള്‍  ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതോടെ ആ ഒഴിവിലേക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കടന്നുകയറാന്‍ എളുപ്പം സാധിക്കുന്നു. തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുമുമ്പാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഇതിനു പുറമെയാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍. 2015  ജൂണില്‍ നടന്ന സൂസെ ബീച്ച് ആക്രമണത്തിന്‍െറയും    മാര്‍ച്ചിലെ നാഷനല്‍ ബാര്‍ദോ മ്യൂസിയം ആക്രമണത്തിന്‍െറയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുകയുണ്ടായി. നവംബര്‍  30ന്  തുനീഷ്യന്‍ തലസ്ഥാനത്ത് ആഭ്യന്തര മന്ത്രാലയത്തിന് അടുത്തുണ്ടായ  ചാവേര്‍ ബോംബാക്രമണത്തില്‍ 12 പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഈ ആക്രമണത്തിന്‍െറയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ രാജ്യത്തിന്‍െറ മുഖ്യ വരുമാന സ്രോതസ്സുകളില്‍ ഒന്നായ ടൂറിസം മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.
 ജൂണില്‍ നടന്ന സൂസെ ബീച്ച് ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദ പ്രവണതകളെ ചെറുക്കാന്‍ 2003ല്‍ ബിന്‍ അലിയുടെ കാലത്ത് നിലവിലുണ്ടായിരുന്ന കുപ്രസിദ്ധമായ ഭീകരവാദ വിരുദ്ധ നിയമം കൂടുതല്‍ കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് പാസാക്കുകയാണ് ഭരണകൂടം ചെയ്തത്. ഉദാഹരണത്തിന്, ബിന്‍ അലിയുടെ കാലത്ത് ഈ നിയമപ്രകാരം കോടതി അനുമതി   കൂടാതെ ഒരാളെ തടഞ്ഞുവെക്കാവുന്ന പരമാവധി ദിവസം ആറ് ആായിരുന്നെങ്കില്‍ ഇപ്പോളത് രണ്ടാഴ്ചയായി വര്‍ധിപ്പിച്ചിരിക്കുന്നു. ഇങ്ങനെ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക്  ചോദ്യംചെയ്യലിനിടെ നിയമസഹായം തേടാനും പുതിയ നിയമത്തില്‍  വിലക്കുണ്ട്. പ്രസ്തുത നിയമം ജനാധിപത്യ വിരുദ്ധമാണെന്നും ചെറിയ കാലയളവിലെ നേട്ടങ്ങള്‍ക്കായി ജനപിന്തുണ ലഭിച്ചേക്കാമെങ്കിലും ഭാവിയില്‍ ദോഷംചെയ്യുമെന്നും ലാര്‍ബി സാദിഖിയെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍  തീവ്രവാദികളെക്കാള്‍ കൂടുതലായി സുരക്ഷാസേന റെയ്ഡുകളിലൂടെയും അന്യായമായ അറസ്റ്റുകളിലൂടെയും സാധാരണ ജനങ്ങളെയാണ് പീഡിപ്പിക്കുന്നതെന്നും സുരക്ഷാ സേനയിലും  പൊലീസ് സേനയിലും ബിന്‍ അലി അനുഭാവികള്‍ ഇന്നും നിലവിലുള്ളതിനാല്‍തന്നെ അവയെ   നിയന്ത്രിക്കാനും പരിഷ്കരിക്കാനും ഭരണ കക്ഷിക്ക് കഴിയേണ്ടതുണ്ടെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി രാജ്യം മറികടക്കുമെന്ന പ്രതീക്ഷയിലാണ് തുനീഷ്യക്ക് ചരിത്രനേട്ടങ്ങള്‍ സമ്മാനിച്ച അന്നഹ്ദയുടെ അമരക്കാരന്‍ റാശിദുല്‍ ഗനൂശി. വിയനയിലെ വേള്‍ഡ് ഡെമോക്രാറ്റിക് അസോസിയേഷന്‍  ലോകരാജ്യങ്ങളിലെ  ആവിഷ്കാര സ്വാതന്ത്ര്യത്തെയും ജനാധിപത്യ സാഹചര്യത്തെയും മറ്റും  വിലയിരുത്തി  നടത്തിയ ഡെമോക്രസി റാങ്കിങ് പട്ടികയില്‍  കഴിഞ്ഞ പ്രാവശ്യത്തെ 98ല്‍നിന്ന് 66ാം സ്ഥാനത്തേക്ക് ഉയര്‍ന്ന  തുനീഷ്യ ഈ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള അറബ് രാജ്യമാണ്. 113 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള  പ്രസ്തുത പട്ടികയില്‍ ഈജിപ്ത് -108, സിറിയ -112, യമന്‍ -113 എന്നിങ്ങനെയാണ്  അറബ് വസന്തം പടര്‍ന്ന മറ്റു രാജ്യങ്ങളുടെ റാങ്കിങ്.
ഏകാധിപത്യ മര്‍ദക ഭരണകൂടങ്ങളില്‍നിന്ന് മുക്തിനേടിയ തുനീഷ്യക്ക് ജനാധിപത്യ പാതയില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്.  അതേസമയം, വര്‍ത്തമാന കാലുഷ്യങ്ങള്‍ക്കിടയിലും ലോകാംഗീകാരം നേടുന്ന നവീകരണങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഈ ആഫ്രിക്കന്‍ രാജ്യത്തിന് സാധിക്കുകയുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.