??????? ????????????? ??????????? ????????????? ????????????? ??????????????? ??????? ??????? ?????? ?????? ??????????

അണയാത്ത അഗ്നിജ്വാലകള്‍

ജൂലൈ ഏഴിന്  ഹിസ്ബുല്‍ മുജാഹിദീന്‍െറ യുവ കമാന്‍ഡര്‍ മുഹമ്മദ്  ബുര്‍ഹാനുദ്ദീന്‍ വാനി എന്ന ബുര്‍ഹാന്‍ മുസഫറിനെ സുരക്ഷാഭടന്മാര്‍ വകവരുത്തിയതുമുതല്‍ പ്രതിഷേധം ഇരമ്പിമറിയുകയാണ് കശ്മീരില്‍. പെരുന്നാള്‍ ആഘോഷം പകര്‍ന്ന ശുഭകാമനയുടെ അന്തരീക്ഷം മായുംമുമ്പായിരുന്നു ആ കൊല.   കുട്ടികള്‍ വീടുകളിലും തെരുവുകളിലും പടക്കങ്ങളും കളിപ്പാട്ടങ്ങളുമായി ഉല്ലസിച്ചുകൊണ്ടിരുന്ന മുഹൂര്‍ത്തം. മുതിര്‍ന്നവര്‍ അവധി കഴിഞ്ഞ് ജോലികളില്‍ പ്രവേശിച്ചിരുന്നില്ല.
എന്നാല്‍, ആ ആഹ്ളാദഭാവം പൊടുന്നനെ നിലച്ചു.  ബുര്‍ഹാന്‍ വാനിയും രണ്ടു കൂട്ടുകാരും സൈനികരുടെ വെടിയേറ്റു  മരിച്ച വാര്‍ത്തയും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി. ബുര്‍ഹാന്‍െറ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങില്‍ സന്നിഹിതരായവരുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ചു. ഇത്രവലിയ ജനക്കൂട്ടത്തെ അധികൃതര്‍ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല. തീവ്രവാദികളുടെ സംസ്കാര ചടങ്ങില്‍ വലിയ ജനാവലി  സംബന്ധിക്കാറുണ്ട് എന്നത് നേരുതന്നെ.
പോയവര്‍ഷം അബൂ ഖാസിം എന്ന തീവ്രവാദിയുടെ ഖബറടക്ക  ചടങ്ങില്‍ അരലക്ഷം പേര്‍ പങ്കെടുത്തത് സര്‍ക്കാറിന് അലോസരം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് തീവ്രവാദികളുടെ അന്തിമ ചടങ്ങുകള്‍ ജനസാന്ദ്രത  ഇല്ലാത്ത  വടക്കന്‍ കശ്മീരിലേക്ക് മാറ്റുകയുമുണ്ടായി. എന്നാല്‍, ബുര്‍ഹാന്‍ വാനി ദക്ഷിണ കശ്മീരുകാരനായിരുന്നു. സംസ്കാര ചടങ്ങ് വടക്കന്‍ മേഖലയിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നില്ല. ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍െറ മൃതദേഹം ഖബറടക്കത്തിനായി എത്തിയപ്പോള്‍ പതിനായിരങ്ങളാണ് ത്രാലില്‍ പ്രത്യക്ഷപ്പെട്ടത്.  നിയന്ത്രണാതീതമായ ജനസമുദ്രം. ജനങ്ങളെ കൈകാര്യം ചെയ്യേണ്ടതില്ളെന്ന് സൈനികര്‍ക്കും പൊലീസിനും  നിര്‍ദേശം ലഭിച്ചിരുന്നു. നിയമപാലകര്‍ ആരുംതന്നെ പുറത്തിറങ്ങിയില്ല.  പട്ടാളക്കാരോ പൊലീസോ ഒന്നും ഇപ്പോഴും ഈ മേഖലയില്‍ കാണാനില്ല.
ഒരിക്കല്‍ പാതിരാവില്‍ ഒരു വാട്ടര്‍ ടാങ്കര്‍ വന്‍ സൈനിക അകമ്പടിയോടെ സമീപത്തെ  സുരക്ഷാതാവളത്തിലേക്കു നീങ്ങിയത് മാത്രമാണ് ഒന്നര ആഴ്ചക്കിടയില്‍ മേഖലയില്‍ കണ്ട ഏക സൈനിക ദൃശ്യം.
ബുര്‍ഹാന്‍ വാനിയുടെ സംസ്കാരദിവസം ജനങ്ങള്‍ അത്യധികം പ്രക്ഷുബ്ധരായിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ പോസ്റ്റുകള്‍ക്കുനേരെ അവര്‍ കല്ളെറിഞ്ഞു.
പൊലീസും അര്‍ധസൈനിക വിഭാഗവും  നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
ഭരണകക്ഷിയായ പി.ഡി.പിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന നാലു ജില്ലകളാണ്  യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രം. ഒരു ഭാഗത്ത് ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ  മറുഭാഗത്ത് അതിനെ അമര്‍ച്ചചെയ്യാനും ശാന്തമാക്കാനുമുള്ള നീക്കങ്ങളും നടക്കുന്നു. സംഘര്‍ഷങ്ങളില്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. ജൂലൈ 18ന് ചൗഗം ജില്ലയിലെ സൈനിക വെടിവെപ്പില്‍ രണ്ട് സ്ത്രീകളും  ഒരു കൗമാരക്കാരനും കൊല്ലപ്പെട്ടതോടെ മരണം 42 ആയി ഉയര്‍ന്നിട്ടുണ്ട്.  ദിവസേന ശരാശരി 50 സംഘര്‍ഷ  സംഭവങ്ങളെങ്കിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു.  രണ്ടായിരത്തിലേറെ പേര്‍ക്കെങ്കിലും മുറിവുകളേറ്റു. സൈനികരുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവമുണ്ടായി. മാരകമല്ലാത്ത ഗ്രനേഡ്-പെല്ലറ്റ് ആക്രമണങ്ങള്‍ വഴിയാണ് ഈ ദുരന്തം.
ഷോപിയാനിലെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 14കാരി  ഇന്‍ശായുടെ രണ്ട് കണ്ണുകളും തകര്‍ന്നു. പ്രക്ഷോഭകര്‍ക്കുനേരെ ഗ്രനേഡ് ഉപയോഗിക്കുന്നതിനു പകരം തന്‍െറ  വീടിനുനേരെ പൊലീസ് എന്തിനു ഗ്രനേഡ് എറിഞ്ഞു എന്ന ഇന്‍ശായുടെ പിതാവിന്‍െറ ചോദ്യത്തിന് ഉത്തരമില്ല. കണ്ണീര്‍വാതക ഷെല്ലുകള്‍ വഴിയും പലര്‍ക്കും പരിക്കും കാഴ്ചനഷ്ടവും ഉണ്ടായി.
അതേസമയം, സുരക്ഷാവിഭാഗത്തിനും ഇടക്ക് തിരിച്ചടികള്‍ കിട്ടി. കല്ളേറില്‍നിന്ന്രക്ഷനേടാന്‍  ജീപ്പ് വെട്ടിക്കുന്നതിനിടയില്‍  ഝലം നദിയില്‍ വീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയുണ്ടായി. കല്ളേറില്‍  ഇതിനകം 1500ഓളം പൊലീസുകാര്‍ക്കും അര്‍ധസൈനികര്‍ക്കും മുറിവേറ്റു. യഥേഷ്ടം  കല്ലും വടിയും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്ന യുവജനങ്ങള്‍ വെടിവെച്ചോളൂ എന്ന് നിയമപാലകരെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. ഈ കടുത്ത പ്രതിസന്ധി മറികടക്കാനുള്ള പോംവഴി കണ്ടത്തൊനാകാതെ പകച്ചുനില്‍ക്കുകയാണ് പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍. പുല്‍വാനയിലെ സാമാജികനായ ഖലീല്‍ ബാന്ദിനെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സൈനികാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സിവില്‍ ആശുപത്രികളില്‍വെച്ച് ജനക്കൂട്ടം അയാളെ വീണ്ടും ആക്രമിക്കുമോ എന്ന ഭയപ്പാടിലാണ് അധികൃതര്‍. പത്രങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കപ്പെടുന്നില്ല. മൊബൈല്‍ ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തൊട്ടയലത്ത് നടക്കുന്ന സംഭവങ്ങള്‍പോലും അറിയാനാകാത്ത ദുരവസ്ഥ. അഭ്യൂഹങ്ങളും കിംവദന്തികളും അതിദ്രുതം പടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കശ്മീരുമായി ബന്ധപ്പെട്ട പതിവ് വ്യവഹാരങ്ങളെ ബുര്‍ഹാന്‍ വാനി വധം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നു. 2008ലും 2010ലും കശ്മീരില്‍ പ്രക്ഷോഭം കത്തിപ്പടര്‍ന്നത് വേനല്‍ക്കാലങ്ങളിലായിരുന്നു. ഇപ്പോഴാകട്ടെ മണ്‍സൂണ്‍ മഴയിലാണ് കശ്മീര്‍ തിളച്ചുമറിയുന്നത്. അമര്‍നാഥ് ക്ഷേത്രസമിതിക്ക് സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ഗ്രൂപ്പുമായി ഈ പ്രക്ഷോഭകര്‍ക്ക് ബന്ധമില്ല. മാര്‍ച്ചില്‍ മേഖലയില്‍ മൂന്ന് കശ്മീരി യുവാക്കള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നില്ല.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ക്ഷുഭിതയൗവനങ്ങള്‍ എന്തുകൊണ്ട്  തെരുവുകളിലിറങ്ങുന്നു?
സൈനികരുടെ തോക്കുകള്‍ക്കു മുന്നില്‍ മരണഭയമില്ലാതെ എന്തുകൊണ്ടിവര്‍ നെഞ്ചുവിരിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആരായാന്‍ അധികൃതര്‍ തയാറാകണം. വ്യാപക വിനാശം വിതച്ച വലിയൊരു പ്രളയം സംഭവിച്ചിട്ട് കഷ്ടിച്ച് രണ്ടുവര്‍ഷം  തികയുംമുമ്പേ ജനങ്ങള്‍ എന്തുകൊണ്ട് കലാപാഗ്നി ജ്വലിപ്പിക്കുന്നു? എന്തുകൊണ്ട് ജ്വലനം മുന്‍കൂട്ടി കാണാതെപോകുന്നു?
കശ്മീര്‍ കാര്യത്തില്‍ തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ളെന്ന് 2015 നവംബറില്‍ ശ്രീനഗര്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്തരം ശാഠ്യങ്ങള്‍ ഉപേക്ഷിക്കപ്പെടണം. നിഷേധാത്മക നിലപാടിലൂടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്തൊനാകില്ല. പരുഷയാഥാര്‍ഥ്യങ്ങള്‍ മാനിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. നിലവിലെ ദുരവസ്ഥ മാറ്റുന്നതിനുള്ള മൂര്‍ത്ത നടപടികള്‍ കൈക്കൊള്ളാന്‍ അമാന്തിക്കുകയുമരുത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.