?????????????? ????? ????????? ?????????? ???????????? ??????????????? ??????????????????

ചരിത്ര യുഗത്തിന്‍െറ അന്ത്യം

മഹാശ്വേത ദേവിയുടെ മരണം ഒരു ചരിത്ര യുഗത്തിന്‍െറ അന്ത്യമാണ്. ഈ കാലഘട്ടം കണ്ട അതുല്യ വ്യക്തിത്വമാണ് നമ്മളെ വിട്ടൊഴിഞ്ഞത്. വലിയ എഴുത്തുകാരി എന്നതിനപ്പുറത്തേക്ക് പരന്ന പ്രഭാവമാണ് ആ വ്യക്തിത്വം. പാവങ്ങളുടെ അമ്മ, ആക്ടിവിസ്റ്റ്, ദലിതുകള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി വാക്കും അക്ഷരവും ആയുധമാക്കിയ പോരാളി... ഏതേത് മണ്ഡലങ്ങളില്‍ ദീദി പ്രവര്‍ത്തിച്ചിട്ടുണ്ടോ അവിടെയെല്ലാം മനുഷ്യത്വത്തില്‍ ഊന്നി സമാധാനത്തിനായി യത്നിച്ച സാന്ത്വന ചികിത്സകയായിരുന്നു.

ആരാലും അനുകരിക്കാന്‍ കഴിയാത്തതാണ് ആ ജീവിതം. മഹത്തരമായ മാതൃക. ഒരു കുടുസ്സു മുറിയില്‍ എഴുത്തിലും വായനയിലും മുഴുകി ദീദി ജീവിച്ചു. അങ്ങേയറ്റം  ലാളിത്യം കാത്തുസൂക്ഷിച്ചു. ആ ജീവിതത്തില്‍നിന്ന് പഠിക്കാന്‍ പാഠങ്ങള്‍ പലതായിരുന്നു. ഒൗന്നത്യമെന്നാല്‍ അറിവും ആഘോഷവും മാത്രമല്ല, ലാളിത്യവും വിനയവും കൂടിയാണെന്ന് ആ അമ്മ നമ്മളെയെല്ലാം ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ടി.പി. ചന്ദ്രശേഖരന്‍െറ വധത്തില്‍ പ്രതിഷേധിക്കാന്‍ കോഴിക്കോട്ട് കൂട്ടായ്മ സംഘടിപ്പിച്ചപ്പോള്‍ അതില്‍ സംസാരിക്കാന്‍ മഹാശ്വേതാ ദേവി എത്തിയത് ഞാനോര്‍ക്കുന്നു. അന്ന് രണ്ടു കാലും നീരുവന്ന് വീര്‍ത്ത അവസ്ഥയിലായിരുന്നു അവര്‍. വീല്‍ചെയറില്‍ ഇരുത്തിയാണ് വേദിയില്‍ കയറ്റിയത്. അന്ന് അമ്മയുടെ തൊട്ടടുത്ത് ഒരു കസേരയില്‍ ഇരിക്കാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. അമ്മ പറഞ്ഞത് ഹിംസയെക്കുറിച്ചാണ്. അതുകേട്ട് നനയാത്ത കണ്ണുകളില്ല.

മഹാശ്വേതാ ദേവിയെന്ന എഴുത്തുകാരിയുടെ മരണം ഒരുപക്ഷേ നമുക്ക് നികത്താനാവുമായിരിക്കും. പക്ഷെ, ഒരു സമ്പൂര്‍ണ മനുഷ്യനായി അവര്‍ ജീവിച്ച ജീവിതം, ആ ജീവിതത്തിന്‍െറ വിജയം...അത് എത്തിപ്പിടിക്കാന്‍ പ്രയാസമാണ്. വിവേകശാലിയായ മനുഷ്യന്‍, വിവേകശാലിയായ എഴുത്തുകാരി, വിവേകശാലിയായ ആക്ടിവിസ്റ്റ്; ഇതെല്ലാം ചേര്‍ന്നതായിരുന്നു ആ അമ്മ. അവര്‍ക്ക് പിന്തുടര്‍ച്ചകളുണ്ടാവും.

പക്ഷെ, അവര്‍ക്കു പകരം വെക്കാന്‍ അവര്‍ മാത്രമെയുള്ളൂ. ‘അന്യജീവനുതകി സ്വജീവിതം...’ എന്ന ആശാന്‍െറ വരികള്‍ നിഴലിച്ചു നിന്ന ജീവിതമായിരുന്ന ദീദിയുടേത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.