കേവലം പലിശനിരക്കുകളെക്കുറിച്ചോ ധനകാര്യ വിഷയങ്ങളെക്കുറിച്ചോ മാത്രം സംസാരിക്കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറല്ല രഘുറാം രാജന്‍. രാഷ്ട്രീയം സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യുകതന്നെ വേണമെന്ന നിലപാട് അദ്ദേഹത്തിനുണ്ട്. രാജ്യത്ത് ഹൈന്ദവ ഫാഷിസ്റ്റുകളുടെ അസഹിഷ്ണുത പടരുന്നതിന്‍െറ ഉദാഹരണമായി നടന്ന ദാദ്രി സംഭവം മാധ്യമങ്ങളില്‍ കത്തിനിന്ന വേളയില്‍ സഹിഷ്ണുതയും പരസ്പര ബഹുമാനവും ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചത് ഈ നിലപാടിന്‍െറ ഭാഗമായായിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്കിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് അന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചത്. ഇന്നിപ്പോള്‍ എത്രയുംപെട്ടെന്ന് രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ നിരത്തിക്കൊണ്ട് സ്വാമി ആവശ്യപ്പെടുന്നത്. സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണകക്ഷിയുടെയോ സര്‍ക്കാറിന്‍െറയോ പ്രതിനിധികള്‍ ഉരിയാടാത്തത് അര്‍ഥഗര്‍ഭമാണ്.
സര്‍ക്കാറിന്‍െറ വിമര്‍ശകനായി രഘുറാം രാജന്‍ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെട്ടത് നേരത്തേതന്നെ എന്‍.ഡി.എ സര്‍ക്കാറും യു.പി.എയുടെ നോമിനിയായിരുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 2015 ഫെബ്രുവരി 20ന് ഡി.സി. കൊസാംബി ഐഡിയാസ് ഫെസ്റ്റിവലില്‍ രഘുറാം രാജന്‍ നടത്തിയ പ്രഭാഷണത്തിലാണ് ആദ്യമായി സര്‍ക്കാറിന് ചില മുന്നറിയിപ്പിന്‍െറ സൂചനകള്‍ നല്‍കിയത്. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുമായി ബന്ധപ്പെടുത്തി രഘുറാം രാജന്‍ നടത്തിയ പരാമര്‍ശം ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു പാര്‍ട്ടിയുടെ നേതാവായ നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവമുള്ള ഭരണരീതിയുടെ വിമര്‍ശമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. രഘുറാം രാജന്‍ പറഞ്ഞു: ‘ശക്തമായ സര്‍ക്കാറുകള്‍ ശരിയായ രീതിക്ക് നീങ്ങിക്കൊള്ളണമെന്നില്ല. ഹിറ്റ്ലര്‍ ജര്‍മനിക്ക് നല്‍കിയത് തികച്ചും കാര്യക്ഷമമായ ഭരണസംവിധാനമാണ്. അയാളുടെത് ശക്തമായ സര്‍ക്കാറായിരുന്നു. പക്ഷേ, ഉറച്ച കാല്‍വെപ്പോടെ ഹിറ്റ്ലര്‍ ജര്‍മനിയെ നാശത്തിലേക്കാണ് നയിച്ചത്.’ ജനാധിപത്യ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഭരണ സംവിധാനത്തിന് നിലനില്‍പുണ്ടാവില്ളെന്ന രഘുറാം രാജന്‍െറ വാക്കുകള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും ബി.ജെ.പി മതതീവ്രവാദ രാഷ്ട്രീയം കടുപ്പിക്കുന്നതിനു മുമ്പുതന്നെ നല്‍കിയ മുന്നറിയിപ്പ് ആയിരുന്നു.
‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിനിന്‍െറ കാര്യത്തില്‍ രഘുറാം രാജന്‍ വ്യത്യസ്തമായ ആശയമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം പറഞ്ഞു: ‘മേക് ഇന്‍ ഇന്ത്യ എന്നതുകൊണ്ട് ഉല്‍പാദന മേഖലയെ ആണ് ലക്ഷ്യമാക്കുന്നതെന്നും ചൈനയുടെ കയറ്റുമതി കേന്ദ്രിത വളര്‍ച്ചാപാതയെയാണ് പിന്തുടരുന്നതെന്നും കരുതി ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഒരു അപകടമുണ്ട്. അത്തരമൊരു പ്രത്യേക ഊന്നലാണ് മേക് ഇന്‍ ഇന്ത്യകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.’ എന്താണ് താന്‍ ഉദ്ദേശിച്ചതെന്ന് മോദി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ഏറ്റവുമൊടുവില്‍ ഇന്ത്യയെ ‘അന്ധന്മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവ്’ എന്ന് വ്യംഗ്യന്തരേണ വിശേഷിപ്പിച്ചതും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പ്രായോഗികമതിയാകണമെന്നിരിക്കെ ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കുള്ള രാജ്യമായി മാറിയെന്നതിന്‍െറ പേരില്‍ അത്യാഹ്ളാദം പ്രകടിപ്പിക്കാന്‍ തനിക്കാവില്ളെന്നും രഘുറാം രാജന്‍ പറഞ്ഞത് കേന്ദ്ര മന്ത്രിമാരുടെ അതൃപ്തിക്ക് ഇടവരുത്തി.
രാജന്‍െറ സംഭാവനകള്‍
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തിയതിന് ആഭ്യന്തരതലത്തിലും രാജ്യാന്തരതലത്തിലും പ്രശംസക്ക് പാത്രമായ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് രഘുറാം രാജന്‍. ഒരു ഭാഗത്ത് രാജ്യാന്തരതലത്തില്‍ വിവിധ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍െറ മൂല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂനിന്മേല്‍ കുരു എന്ന പോലെ ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിക്കുകയും രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് ഇരയാവുകയും ചെയ്ത സാഹചര്യത്തിലാണ് 2013 സെപ്റ്റംബറില്‍ സുബ്ബറാവുവിന്‍െറ പിന്‍ഗാമിയായി രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിതനായത്. അസാധാരണ നടപടികളിലൂടെയാണ് അദ്ദേഹം രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിക്കുന്നതിലേക്ക് എത്തിച്ചത്. യു.എസ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതോടെ ധനകാര്യ വിപണികളില്‍ ഉണ്ടാകാവുന്ന ഡോളറിന്‍െറ പിന്‍മടക്കം ഉള്‍പ്പെടെയുള്ള രാജ്യാന്തര തലത്തിലുള്ള രൂപ നേരിടുന്ന വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് അദ്ദേഹം നടപടികള്‍ രൂപപ്പെടുത്തിയത്. രൂപ ഇടിവ് നേരിടുന്ന സാഹചര്യങ്ങളെ നേരിടാനായി രാജ്യത്തിന്‍െറ വിദേശ നാണ്യശേഖരം അദ്ദേഹം റെക്കോഡ് നിലയിലേക്ക് ഉയര്‍ത്തി. 2013 ആഗസ്റ്റില്‍ 27,500 കോടി ഡോളറായിരുന്ന വിദേശനാണ്യ ശേഖരം ഇപ്പോള്‍ 36,000 കോടി ഡോളറാണ്.
തന്‍െറ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി റിസര്‍വ് ബാങ്ക് എന്ന സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കൃത്യമായ നിലപാട് വിളംബരം ചെയ്തുകൊണ്ടാണ് രഘുറാം രാജന്‍ ആ സ്ഥാനമേറ്റെടുത്തത്. 2013 സെപ്റ്റംബറില്‍ സ്ഥാനമേറ്റതിനു ശേഷം രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള തന്‍െറ ലക്ഷ്യങ്ങളെക്കുറിച്ച് ഇങ്ങനെ വ്യക്തമാക്കി: പണപ്പെരുപ്പം നിയന്ത്രണാധീനമാക്കുക, വളര്‍ച്ച നിലനിര്‍ത്തുക, ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുക, കുബുദ്ധികളായ ബാങ്ക് പ്രൊമോട്ടര്‍മാരെ പുറത്താക്കുക...
പണപ്പെരുപ്പം നിയന്ത്രണാധീനമാക്കുന്നതിനു വേണ്ടി പലിശനിരക്ക് ഒരു ഘട്ടത്തില്‍ വര്‍ധിപ്പിക്കുകവരെ ചെയ്ത രഘുറാം രാജന്‍ അതിന്‍െറ പേരില്‍ കേട്ട വിമര്‍ശങ്ങള്‍ കുറച്ചൊന്നുമല്ല. സര്‍ക്കാറും വ്യവസായിക ലോകവും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. എന്നാല്‍, പണപ്പെരുപ്പം കുറഞ്ഞ നിലവാരത്തില്‍ സ്ഥിരപ്പെട്ടുവെന്ന് ബോധ്യമായപ്പോള്‍ 2014നു ശേഷം ഒന്നര ശതമാനമാണ് റിപോ നിരക്ക് കുറച്ചത്. എന്നാല്‍, അതിനനുസരിച്ച് നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ തയാറാകാതിരുന്നതോടെ റിസര്‍വ് ബാങ്കിന്‍െറ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കമാണ് ലക്ഷ്യംകാണാതെപോയത്. ഇന്ന് വ്യവസായിക ലോകം വിമര്‍ശിക്കുന്നത് റിസര്‍വ് ബാങ്കിനെയല്ല, ബാങ്കുകളെയാണ്. വായ്പ കണ്ടത്തൊന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്ന രീതിയില്‍ വ്യവസായിക ലോകം നിലപാട് മാറ്റുകയും ചെയ്തു.
ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ ശുദ്ധീകരിക്കുക എന്നതാണ് രഘുറാം രാജന്‍െറ അജണ്ടകളിലൊന്ന്. 2017 മാര്‍ച്ചിനുള്ളില്‍ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കണമെന്ന ശാസനമാണ് രഘുറാം രാജന്‍ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കിട്ടാക്കടം പുറത്തുകാണിക്കാതെ മറച്ചുവെക്കുന്നതിന് ബാങ്കുകള്‍ കാണിക്കുന്ന സൂത്രങ്ങളൊന്നും ഇനി വിലപ്പോവില്ല. കിട്ടാക്കടം ശരിയായ രീതിയില്‍ കണ്ടത്തെി രേഖപ്പെടുത്താനും കിട്ടാക്കടം വര്‍ധിക്കുന്നതിന് അനുസരിച്ച് നീക്കിയിരിപ്പ് കൂട്ടാനുമാണ് റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശം. പുനര്‍രൂപവത്കൃത വായ്പകളെയും കിട്ടാക്കടമായി ഉള്‍പ്പെടുത്താനും അതിന്മേല്‍ നടപടികളെടുക്കാനുമാണ് പുതിയ ചട്ടം അനുശാസിക്കുന്നത്.
വിജയ് മല്യയുടെ കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ വരുത്തിവെച്ച കിട്ടാക്കടത്തിന്‍െറ വെള്ളപ്പൊക്കത്തില്‍ ചാഞ്ചാടിനില്‍ക്കുന്ന ബാങ്കുകളെ അങ്ങനെ തുടരാന്‍ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്ന ‘വളര്‍ച്ചാദാഹി’കളെ തൃപ്തിപ്പെടുത്തുന്ന അയഞ്ഞ നയങ്ങള്‍ ആവിഷ്കരിക്കാന്‍ രഘുറാം രാജന്‍ തയാറല്ല. പൊതുമേഖലാ ബാങ്കുകള്‍ വരുത്തിവെക്കുന്ന കിട്ടാക്കടം എഴുതിത്തള്ളി അവക്ക് ഓരോ വര്‍ഷവും മൂലധനം അനുവദിക്കുന്നതിന് ഖജനാവില്‍നിന്ന് സഹസ്രകോടികള്‍ വിനിയോഗിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റിന് അറുതിവരുത്താന്‍ ഈ ശുദ്ധീകരണം കൂടിയേതീരൂ. ഈ വര്‍ഷം സെപ്റ്റംബറിലാണ് രഘുറാം രാജന്‍െറ ആദ്യ ടേം അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും പ്രകടിപ്പിച്ചത് രഘുറാം രാജനെ സര്‍ക്കാറിലെ പ്രമുഖരുടെ അനിഷ്ടപാത്രമാക്കി മാറ്റിയിരിക്കെ രണ്ടാമതൊരു ഊഴംകൂടി അദ്ദേഹത്തിന് നല്‍കുമോ? ബാങ്കിങ് സംവിധാനത്തെ ശുദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള അജണ്ടകള്‍ രഘുറാം രാജന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ അദ്ദേഹം ആ പദവി തുടരേണ്ടതുണ്ട്. രാജനു മുമ്പുണ്ടായിരുന്ന നാല് ഗവര്‍ണര്‍മാര്‍ക്കും രണ്ടാമതൊരു ഊഴംകൂടി നല്‍കിയിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോള്‍ രഘുറാം രാജന് വീണ്ടുമൊരു അവസരം ലഭിക്കേണ്ടതാണ്. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ത്തന്നെ രാജനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്ന ചോദ്യം അതീവ പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.