ന്യൂനപക്ഷക്ഷേമത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്

‘ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ സത്വരശ്രദ്ധക്ക്’ എന്ന ശീര്‍ഷകത്തില്‍ ജൂണ്‍ 20ന്‍െറ ‘മാധ്യമം’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ കുറിപ്പിന് ആധാരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ന്യൂനപക്ഷക്ഷേമ വകുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള പരിജ്ഞാനംപോലും  ലേഖകന് ഇല്ലാതെ പോയതില്‍ ഖേദിക്കുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ളെന്ന് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, വരുംനാളുകളില്‍ ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്യാന്‍ പോകുന്ന മന്ത്രിയെന്ന നിലയില്‍ ‘വസ്തുതകള്‍ നേരിട്ട്’ അനുഭവവേദ്യമാകും. എന്നാല്‍, പാലോളി മുഹമ്മദ് കുട്ടി നിര്‍ത്തിയിടത്തുനിന്നാണ് ഇനി ജലീലിന് തുടങ്ങേണ്ടതെന്ന, കണ്ണടച്ച് ഇരുട്ടാക്കുന്ന കാസിം ഇരിക്കൂറിന്‍െറ അഭിജ്ഞാനം അമ്പരപ്പുളവാക്കുന്നതാണ്.
2006ലെ സച്ചാര്‍ ശിപാര്‍ശകളത്തെുടര്‍ന്നുണ്ടായ 2008ലെ പാലോളി കമ്മിറ്റി നിര്‍ദേശങ്ങളുടെ ഭാഗമായാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കൃതമായത്. എന്നാല്‍, വകുപ്പ് രൂപവത്കരണം യാഥാര്‍ഥ്യമാവാതെ വെറും കടലാസില്‍ മാത്രം ഒതുങ്ങിപ്പോയി. ഡയറക്ടറേറ്റിന് പ്രവര്‍ത്തിക്കാന്‍ ഒരിടം അനുവദിക്കാനോ ഡയറക്ടറേറ്റിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിനായി മതിയായ ജീവനക്കാരെ നിയോഗിക്കാനോ പദ്ധതി നിര്‍വഹണത്തിനായി പ്രത്യേകമായൊരു ശീര്‍ഷകം ബജറ്റില്‍ ഉള്‍പ്പെടുത്താനോ ഇടത് സര്‍ക്കാര്‍ തയാറായില്ല.  അതുകൊണ്ടു തന്നെ, പദ്ധതിച്ചെലവുകളുടെ ഭാഗമായി ഒരു രൂപപോലും 2011 മാര്‍ച്ച് വരെ ബജറ്റില്‍ എല്‍.ഡി.എഫ് അനുവദിച്ചില്ല.

11ാം പഞ്ചവത്സര പദ്ധതികാലത്ത് 2011 സെപ്റ്റംബര്‍ വരെ എം.എസ്.ഡി.പി ഫണ്ട് വിനിയോഗത്തില്‍ ദേശീയതലത്തില്‍ ഏറ്റവും പിറകില്‍ 16ാം സ്ഥാനത്താണ് കേരളം നിന്നിരുന്നത്. പിന്നീട് കേരളം നൂറുശതമാനം ഫണ്ട് ചെലവഴിച്ച് 2013 ഏപ്രിലില്‍ ഒന്നാം സ്ഥാനം കൈവരിച്ചത് ദേശീയ മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. വയനാട് ജില്ലയില്‍ അനുവദിച്ച മുഴുവന്‍ ഫണ്ടും ചെലവഴിച്ചാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രാജ്യത്തിന് മാതൃകയായത്. എന്നാല്‍,  2012-13 വര്‍ഷങ്ങളില്‍ ഈ പദ്ധതി കൂടുതല്‍ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറില്‍ പദ്ധതികള്‍ സമര്‍പ്പിച്ച് 80 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും  ഫണ്ട് നിഷേധിക്കപ്പെട്ടു.

2012-13 സാമ്പത്തിക വര്‍ഷത്തിലാണ് ആദ്യമായി വകുപ്പിന് പ്ളാന്‍ ഫണ്ട് ആരംഭിച്ചത്. വകുപ്പിന് സ്വന്തമായി ഒരു ആസ്ഥാനവും ഡയറക്ടറേറ്റിന് കീഴിലെ വിവിധ കേന്ദ്രങ്ങളിലായി 65ലധികം തസ്തികകളും സൃഷ്ടിച്ചു. പാലോളിയുടെ കാലത്ത് ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനത്തിനായി ആരംഭിച്ച ഏതാനും  കേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിച്ച് എല്ലാ ജില്ലകളിലുമായി 16 പ്രധാന കേന്ദ്രങ്ങളും 23 ഉപകേന്ദ്രങ്ങളും പ്രവര്‍ത്തനസജ്ജമാക്കി. ന്യൂനപക്ഷവിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ 14000ത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും അതില്‍ 2500 ലധികം പേര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.  ഏറ്റവുമൊടുവില്‍ 5,17,000 അപേക്ഷകരുണ്ടായിരുന്ന ഇക്കഴിഞ്ഞ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേരുടെ പട്ടികയില്‍ 100ലധികം ഉദ്യോഗാര്‍ഥികള്‍ ഈ കേന്ദ്രങ്ങളില്‍നിന്നു ശാസ്ത്രീയമായി പരിശീലനം ലഭിച്ചവരാണെന്നത് അതുല്യ നേട്ടമാണ്.  

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്റസ അധ്യാപകര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സംഖ്യ മാസവരിയായി അടക്കുന്ന ക്ഷേമനിധി ആരംഭിച്ചിരുന്നു. എന്നാല്‍, അതിനായി മാറ്റിവെച്ചിരുന്ന കോര്‍പസ് ഫണ്ട് മുഴുവന്‍ കോഴിക്കോട് ജില്ലാ സഹകരണസംഘം ബാങ്കില്‍ ഉയര്‍ന്ന പലിശക്കായി നിക്ഷേപിച്ചിരുന്നതിനാല്‍ 2012 മാര്‍ച്ച് വരെ 1,30,000 വരുന്ന മദ്റസാ അധ്യാപകരില്‍  716 പേര്‍ മാത്രമാണ് അംഗത്വമെടുത്തിരുന്നത്. മാത്രമല്ല, അക്കാലത്ത് സമസ്ത കാന്തപുരം എ.പി വിഭാഗക്കാര്‍ അടക്കം പലിശയില്‍ അധിഷ്ഠിതമായ ഈ ക്ഷേമപദ്ധതിയില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് 2012 മാര്‍ച്ച് 17ലെ സര്‍ക്കാര്‍ ഉത്തരവ് 57/12 പൊതുഭരണവകുപ്പ് പ്രകാരം ക്ഷേമനിധി സമ്പൂര്‍ണ പലിശരഹിതമാക്കി പുനരാവിഷ്കരിക്കുകയും കോര്‍പസ് ഫണ്ട് മുഴുവന്‍ ജില്ല ട്രഷറിയില്‍ പലിശരഹിതമായി നിക്ഷേപിക്കുകയും ചെയ്തു.  ജില്ലാ ഭരണകൂടങ്ങള്‍ വഴി നടപ്പാക്കിയ വ്യാപക കാമ്പയിനിലൂടെ മദ്റസാ അധ്യാപകരുടെ അംഗത്വം 13,000 ആയി ഉയര്‍ത്തി.  ഈ ക്ഷേമപദ്ധതി കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍  യു.ഡി.എഫ് സര്‍ക്കാര്‍ ഭവനനിര്‍മാണ വായ്പ, വിവാഹ ധനസഹായം, വിദ്യാഭ്യാസ വായ്പ തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചു.  ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള പ്രായം 65 ആക്കി ഉയര്‍ത്തി. മിനിമം പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു.

ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിരക്ഷിക്കാനാണ് കേന്ദ്രസംസ്ഥാന ന്യൂനപക്ഷകമീഷനുകള്‍ രൂപവത്കരിക്കപ്പെട്ടത്. 1960 മുതല്‍ ഇതര സംസ്ഥാനങ്ങളിലും 1978 മുതല്‍ ദേശീയ ന്യൂനപക്ഷ കമീഷനുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. കേരളത്തില്‍ സച്ചാര്‍കമ്മിറ്റി ശിപാര്‍ശകള്‍ക്കു ശേഷവും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ രൂപവത്കരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ല.  ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന നിരന്തരമായ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളെയും പൊതു ജനങ്ങളുടെ ആവശ്യങ്ങളെയും സര്‍ക്കാര്‍ അവജ്ഞയോടെ തള്ളി. ഏറ്റവുമൊടുവില്‍ 2009 ജനുവരിയില്‍ അന്നത്തെ ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ശാഫി ഖുറൈശി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ശക്തമായ ഭാഷയില്‍ കത്തെഴുതി. ഒപ്പം ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുടെ മാതൃകാ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തു. എന്നിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് 2013 ല്‍ 13 ാം നിയമസഭയുടെ 256ാം ബില്ലായി സംസ്ഥാന ന്യൂനപക്ഷ കമീഷന്‍െറ ബില്‍ മന്ത്രി മഞ്ഞളാംകുഴി അലി അവതരിപ്പിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തേതായി കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ പിറവിയെടുത്തത്.

1994ലാണ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (എന്‍.എം.ഡി .എഫ്.സി) വരുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനും  സ്വയം തൊഴില്‍ സംരംഭത്തിനുമൊക്കെ രണ്ടു ശതമാനം വരെയുള്ള പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനാണ് എന്‍.എം.ഡി.എഫ്.സിയുടെ സംസ്ഥാനതല ചാനലൈസിങ് ഏജന്‍സികളായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുകള്‍ രൂപവത്കരിക്കപ്പെടേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് നേരത്തേ യാഥാര്‍ഥ്യമായെങ്കിലും സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശിപാര്‍ശകള്‍ക്ക് ശേഷം കേരളത്തില്‍ ഇത് നടപ്പായില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇത് യാഥാര്‍ഥ്യമാക്കി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കി. ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന് ഏക കേന്ദ്രാവിഷ്കൃത പദ്ധതിയായ എം.എസ്.ഡി.പി ഒഴികെ മറ്റ് ഇരുപതിലധികം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കഴിഞ്ഞു. ഇതില്‍ ഡിഗ്രി-പി.ജി പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കിയ പുനരാവിഷ്കൃത സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പിന് പുറമെ സ്വകാര്യ ഐ.ടി.ഐ കളില്‍ പഠിക്കുന്നവര്‍ക്കും സി.എ, ഐ.സി.ഡബ്ള്യു, കമ്പനി സെക്രട്ടറി തുടങ്ങിയവക്ക് പഠിക്കുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകളും പ്രഥമ സംരംഭമായിരുന്നു. അഖിലേന്ത്യ സിവില്‍ സര്‍വിസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് കോച്ചിങ് ഫീ സൗജന്യമാക്കി. കൂടാതെ, ഹൈസ്കൂള്‍  ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടു ‘പാസ്വേഡ്’ എന്ന വ്യക്തിത്വ വികസന ക്യാമ്പുകള്‍. ന്യൂനപക്ഷകേന്ദ്രീകൃത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഹ്രസ്വകാല ഗവേഷണ ഫെലോഷിപ്പുകള്‍ മറ്റൊരു പുതിയ കാല്‍വെപ്പായിരുന്നു.

2013-14 വര്‍ഷം മുതല്‍ വകുപ്പ് നടപ്പിലാക്കി വരുന്ന ഏറെ സാമൂഹികപ്രാധാന്യമേറിയ മറ്റൊരു പദ്ധതിയാണ് ന്യൂനപക്ഷ വിഭാഗത്തിലെ വിവാഹമോചിതരും വിധവകളും ഉപേക്ഷിക്കപ്പെട്ടവരുമായ നിര്‍ധനര്‍ക്കായി ആവിഷകരിച്ച  ഭവനപദ്ധതി. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 2498 വിധവകള്‍ക്കായി 54 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു.  നടപ്പു സാമ്പത്തിക വര്‍ഷം ഇതിലേക്കായി മാത്രം യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി ഇനത്തില്‍ 31 കോടി രൂപ വകയിരുത്തി. എന്നാല്‍ ബജറ്റ് അവതരണ ദിവസം ഇത് ന്യൂനപക്ഷ പ്രീണനമാണെന്നും  സാമൂഹികനീതിക്ക് നിരക്കാത്തതാണെും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യപ്രസ്താവന നടത്തിയത് സാന്ദര്‍ഭികമായി ഓര്‍ക്കുക. ചുരുക്കത്തില്‍ പാലോളിയില്‍ നിന്നാണ് കെ.ടി. ജലീല്‍ തുടങ്ങേണ്ടതെന്ന ഉപദേശം ന്യൂനപക്ഷ പദ്ധതികളെ അഞ്ചുവര്‍ഷം കൂടി പിറകോട്ട് വലിക്കാനേ ഉപകരിക്കൂ.

സച്ചാര്‍ ശിപാര്‍ശകളും പാലോളി കമ്മിറ്റിയും

2006 നവംബറില്‍ സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റിയുടെ 74 ശിപാര്‍ശകളും ഒന്നാം യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്തുവെച്ച ശിപാര്‍ശകളില്‍ മൂന്നെണ്ണമൊഴികെ 71 ശിപാര്‍ശകളും  സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. ന്യൂനപക്ഷ, ഗ്രാമവികസനം, മാനവവികസനം തുടങ്ങിയ മന്ത്രാലയങ്ങള്‍ വഴി 68 ശിപാര്‍ശകളും ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകള്‍ പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയെന്ന് വസ്തുതാ വിവരണ പഠന ഏജന്‍സികള്‍ കണ്ടത്തെിയിട്ടുണ്ട്. സച്ചാര്‍ ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനുപകരം മെല്ളെപ്പോക്കിനായിരുന്നു വീണ്ടും പാലോളി കമ്മിറ്റിയെ കൂടി നിശ്ചയിച്ചത്. 2008 ഫെബ്രുവരിയില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസം വിദ്യാഭ്യാസ-ഉദ്യോഗ സംവരണം, സ്കോളര്‍ഷിപ്പുകള്‍, ഭരണനടപടികള്‍ തുടങ്ങിയ ഒമ്പത് ഉപശീര്‍ഷകങ്ങളുണ്ടായിരുന്നു. പാലോളി കമ്മിറ്റി ശിപാര്‍ശകളില്‍നിന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ മുന്‍ഗണന പ്രകാരം നടപ്പാക്കാന്‍ യു.ഡി.എഫ് ധീരതകാണിച്ചു. ന്യൂനപക്ഷപ്രീണനം എന്ന ഓലപ്പാമ്പിനെ തൃണവത്ഗണിച്ചുകൊണ്ട് കോലാഹലങ്ങളൊന്നുമില്ലാതെയാണ് ഇത്രയേറെ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.

ഹജ്ജും കരിപ്പൂര്‍ വിമാനത്താവളവും

കഴിഞ്ഞ സര്‍ക്കാറിന്‍െറ ഹജ്ജ് കമ്മിറ്റിയെയും കരിപ്പൂര്‍ വിമാനത്താവള സ്ഥലമെടുപ്പിനെയുമാണ് ലേഖകന്‍ കണ്ണടച്ച് എതിര്‍ത്തിരിക്കുന്നത്. ഇതും വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പരാമര്‍ശങ്ങളാണ്. ഹജ്ജ് ഹൗസ് കെട്ടിടം കല്യാണാവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാന്‍ തീരുമാനിച്ചതും പുതിയ ഏഴുനില കെട്ടിടം പണിയാന്‍ തീരുമാനിച്ചതും യു.ഡി.എഫ് സര്‍ക്കാറല്ല. 2007 നവംബര്‍ അഞ്ചിനാണ് ഹജ്ജ് ഹൗസ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നത്. കാന്തപുരം വിഭാഗം നോമിനിയായ പ്രഫ. അബ്ദുല്‍ഹമീദ് ചെയര്‍മാനായുള്ള ബോര്‍ഡ് തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്  കല്യാണാവശ്യങ്ങള്‍ക്ക് കെട്ടിടം വാടകക്ക് നല്‍കുന്നത്. ഇന്ത്യയിലെ മിക്ക ഹജ്ജ് ഹൗസുകളും ഇത്തരത്തില്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. മുംബൈ കേന്ദ്ര ഹജ്ജ് ഹൗസും വിവാഹാവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാറുണ്ട്. ഹജ്ജ് ഹൗസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതും യു.ഡി.എഫ് അല്ല, പി.ടി.എ റഹീം ചെയര്‍മാനായുള്ള 2012 ലെ കമ്മിറ്റിയാണ്. ഹജ്ജ് വളന്‍റിയര്‍മാരുടെ തെരഞ്ഞെടുപ്പിന് കാലങ്ങളായി വ്യവസ്ഥാപിത സംവിധാനങ്ങളുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വളന്‍റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഏതെങ്കിലും ജില്ലക്കാര്‍ കൂടുതലായെങ്കില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഹാജിമാരെ കരിപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ആട്ടിയോടിച്ചെന്നാണ് മറ്റൊരു ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടാണ് ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതെന്ന് ഏതു ചെറിയ കുട്ടിക്കും അറിയാം. ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ കുറ്റമറ്റ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയത്. കരിപ്പൂരില്‍ സ്ഥലമെടുപ്പിനായി കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ പരിശ്രമങ്ങളും നടത്തി. എന്നാല്‍, സ്ഥലമെടുപ്പ് തടസ്സപ്പെടുത്താന്‍ ഇടതുപാര്‍ട്ടികളും ചില തല്‍പര കക്ഷികളും സമരം നടത്തിയത് ലേഖകന്‍ കാണാതെ പോവരുത്. ഇതുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാറിന്‍െറ ക്രിയാത്മക ഇടപെടലുകളെ മുസ്ലിംലീഗ് പിന്തുണക്കും.
(മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.