പടിയിറക്കം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍

ഒരു കാര്യം ഉറപ്പായി, ഏറെ ചര്‍ച്ചചെയ്യപ്പെട്ട് ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്‍െറ തലപ്പത്തത്തെിയ രഘുറാം രാജന്‍ സെപ്റ്റംബര്‍ നാലിന് പടിയിറങ്ങും. ഒരു കാലാവധി നീട്ടല്‍ ലഭിക്കാതെ ആര്‍.ബി.ഐയുടെ നേതൃത്വത്തില്‍നിന്ന് ഇറങ്ങേണ്ടിവന്ന ഗവര്‍ണര്‍ എന്ന വിശേഷണവും അദ്ദേഹത്തോടൊപ്പം ഉണ്ടാവും. ഇത് വരുംനാളുകളില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഉറപ്പാണ്. ഒപ്പം ഈ പടിയിറക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലൂടെ നീങ്ങിയപ്പോള്‍ വളരെ വിദഗ്ധമായി കേന്ദ്ര ബാങ്കിനെ നയിച്ച വ്യക്തിയാണ് പടിയിറങ്ങുന്ന രഘുറാം രാജന്‍. ഇന്ത്യ ആഗോള സമ്പദ്വ്യവസ്ഥകളുമായി ഇഴചേരാന്‍ ശ്രമിക്കുന്നതിനിടെ അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ തക്ക അനുഭവസമ്പത്തും കഴിവുമുള്ള വ്യക്തിയായിരുന്നു ഷികാഗോ സര്‍വകലാശായില്‍നിന്ന് എത്തിയ രാജന്‍. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവചിച്ച പ്രതിഭ. ഇതെല്ലാം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യക്ക് ഏറെ ഗുണകരമായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  രൂപ കടുത്ത മൂല്യത്തകര്‍ച്ച നേരിടുന്ന വേളയിലാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്‍െറ തലപ്പത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ കാത്തിരുന്നത് മറ്റ് രണ്ട് ഗുരുതര പ്രതിസന്ധികളായിരുന്നു; പണപ്പെരുപ്പവും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളും.

സ്ഥാനമേറ്റയുടന്‍ രണ്ടുതവണ തുടര്‍ച്ചയായി പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ രാജന്‍ ഒരു മടിയും കാണിച്ചില്ല. വ്യവസായികള്‍ ഉയര്‍ത്തിയ നിരന്തര ആവശ്യങ്ങള്‍ പാടെ അവഗണിച്ചായിരുന്നു ഈ തീരുമാനം. പലിശനിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും പണലഭ്യത ഉയര്‍ത്തി ബാങ്കുകളെ വായ്പാ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്‍േറത്. എന്‍.ഡി.എ അധികാരത്തിലത്തെിയശേഷം പലിശ നിരക്ക് കുറയ്ക്കണമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആവശ്യം പോലും ഒരു ഭയാശങ്കയുമില്ലാതെ രഘുറാം രാജന്‍ തള്ളുകയായിരുന്നു. തിടുക്കത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം വീണ്ടും നിയന്ത്രണാതീതമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. കഴിഞ്ഞ മാസങ്ങളില്‍ ഉയരുന്ന പണപ്പെരുപ്പം വീണ്ടും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഈ നിലപാട് ശരിയായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

രാജന്‍ ഗവര്‍ണറായി എത്തിയില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരമുണ്ടാവില്ല. അത്തരമൊരു ചോദ്യത്തിന് പ്രസക്തിയുമില്ല. പൊടുന്നനെ കാലാവധി അവസാനിപ്പിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ പടിയിറങ്ങുമ്പോള്‍ അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കടുത്ത പ്രഹരവും പ്രതിസന്ധിയും ആകും എന്ന് കരുതാനുമാവില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുമ്പും പല പ്രശ്നങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. അതെല്ലാം അതിജീവിച്ചിട്ടുമുണ്ട്. അത് തുടരുകയും ചെയ്യും.

പക്ഷേ, ആര്‍.ബി.ഐയുടെ തലപ്പത്ത് എത്തിയ ഏറ്റവും പ്രതിഭാധനനായ വ്യക്തിക്ക് അര്‍ഹിക്കുന്ന യാത്രയയപ്പാണോ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന ചോദ്യം ബാക്കിയാവുന്നു. അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയുകയായിരുന്നു എന്ന ന്യായീകരണം ബി.ജെ.പി നേതൃത്വത്തിന് നിരത്താം. എന്നാല്‍, സുബ്രമണ്യന്‍ സ്വാമി എന്ന വ്യക്തിയെ മുന്നില്‍നിര്‍ത്തി ഒരു പുകച്ചു ചാടിക്കലാണ് നടന്നത് എന്ന് ഉറപ്പ്. അത്തരമൊരു സമീപനം ഉണ്ടാകാന്‍ രഘുറാം രാജന്‍ ചെയ്ത തെറ്റ് എന്തെന്ന ചോദ്യം ബാക്കിയാവുന്നു.

യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിതനായതെങ്കിലും പലിശ കുറയ്ക്കാനുള്ള അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്‍െറ ആവശ്യം ഒരു മടിയും കൂടാതെ അദ്ദേഹം നിരസിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഈ നിലപാടുകളില്‍ മാറ്റമുണ്ടായില്ല. എന്നാല്‍, ഈ കടുംപിടിത്തം രാജ്യത്തെ വ്യവസായികളുടെ കണ്ണിലെ കരടായി രാജനെ മാറ്റി. ഈ സാമ്പത്തിക നിലപാടുകള്‍ക്ക് പുറമെ ചില രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തെ ബി.ജെ.പി നേതൃത്വത്തിന്‍െറ കണ്ണിലെ കരടാക്കി. ഇന്ത്യയിലെ ചില വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് അനധികൃതമായി കോടികളുടെ ബാങ്ക് വായ്പ അനുവദിക്കാന്‍ നടന്ന നീക്കം പരാജയപ്പെടാനും രഘുറാം രാജന്‍െറ നിലപാടുകള്‍ കാരണമായി.  

ബി.ജെ.പി എം.പി കൂടിയായ സുബ്രമണ്യന്‍ സ്വാമിയുടെ തുടര്‍ച്ചയായ ആക്രമണമാണ് ഒടുവില്‍ രഘുറാം രാജന്‍െറ പടിയിറക്കത്തിന് കാരണമായിരിക്കുന്നത്. സ്വാമിയുടെ ആക്രമണത്തിന് മറ്റൊരു കാരണം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ശരിയ നിയമം അടിസ്ഥാനമാക്കിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഏറെ ഗുണകരമാണെന്ന നിലപാട് സ്വീകരിച്ച ആര്‍.ബി.ഐ മേധാവി കൂടിയായിരുന്നു രഘുറാം രാജന്‍. റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് ഇസ്ലാമിക് ബാങ്ക് എന്ന പേരില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ കഴിയുമായിരുന്നില്ളെങ്കിലും ഇത്തരം നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്താന്‍ രഘുറാം രാജന്‍ ശ്രമം നടത്തി. 2014ല്‍ എസ്.ബി.ഐ ആരംഭിക്കാനിരുന്ന ശരിയ നിയമം അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ടിന് അനുമതി ലഭിച്ചത് രാജന്‍െറ പിന്തുണയോടുകൂടിയായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, അവസാനനിമിഷം ബി.ജെ.പി സര്‍ക്കാര്‍ ഈ അനുമതി പിന്‍വലിക്കുകയായിരുന്നു. ഇതിനുപിന്നില്‍ സുബ്രമണ്യന്‍ സ്വാമിയുടെ ഇടപെടലാണെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

തങ്ങള്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയായ രാജന്‍െറ ചില പ്രസ്താവനകളും അദ്ദേഹത്തെ ബി.ജെ.പിയുടെ ശത്രുവാക്കി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഗര്‍വ്വോടെ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ രാജന്‍ വിശേഷിപ്പിച്ചത് കുരുടന്മാരുടെ രാജ്യത്തെ ഒറ്റക്കണ്ണന്‍ രാജാവിനോടാണ്. ഇതിനെതിരെ പ്രതിഷേധം ഉയരുകയും രാജന്‍ മാപ്പ് പറയണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്രങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, രാജന്‍ കുരുടന്മാരോട് മാപ്പ് ചോദിച്ചത് ബി.ജെ.പിക്ക് മറ്റൊരു പ്രഹരമായി. ഇതിനെല്ലാം ഒടുവില്‍ രഘുറാം രാജന് മുന്നില്‍ ആര്‍.ബി.ഐയില്‍നിന്ന് പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യം മുന്‍ഗാമിയെപ്പോലെ ‘പറ്റില്ളെ’ന്ന് പറയാനുള്ള ധൈര്യം ഇനിവരുന്ന ഗവര്‍ണര്‍മാരും കാണിക്കുമോ എന്നതാണ്.

സാധ്യത വിരളമാണെന്നുതന്നെയാണ് ഉത്തരം. സുബ്രമണ്യന്‍ സ്വാമി എന്തൊക്കെ ആരോപണം ഉയര്‍ത്തിയാലും ലോകം അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് രഘുറാം രാജന്‍ എന്നകാര്യം വസ്തുതയായി അവശേഷിക്കുന്നു. അക്കാദമിക് രംഗത്തും ആഗോള ധനകാര്യ മാനേജ്മെന്‍റ് രംഗത്തും വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്. ഒരു പക്ഷേ ആര്‍.ബി.ഐ ഗവര്‍ണര്‍ എന്നതിനെക്കാള്‍ വലിയ സ്ഥാനം. പൊതുമേഖലാ ബാങ്ക് മേധാവികളും ആര്‍.ബി.ഐ മുന്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ആര്‍.ബി.ഐയുടെ തലപ്പത്തേക്ക് എന്‍.ഡി.എ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇവര്‍ക്കെല്ലാം ഈ ധൈര്യം ഉണ്ടാകുമോ? സംശയം ബാക്കിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.