ഭാരത് മാതയും മതേതര ഇന്ത്യയും

ദേശീയതയെയും രാജ്യസ്നേഹത്തെയും കുറിച്ച് രാജ്യത്ത്  അരങ്ങുതകര്‍ക്കുന്ന വാദപ്രതിവാദങ്ങളും ആക്രോശങ്ങളും അഡോള്‍ഫ് ഹിറ്റ്ലറുടെ വഴിയെ അല്ളേ നാമും സഞ്ചരിക്കുന്നതെന്ന ആശങ്ക ഉയര്‍ത്തുന്നു. ദേശസ്നേഹ സംബന്ധിയായ ഒരുതരം ഹിസ്റ്റീരിയ പടര്‍ത്തി തങ്ങളുടെ ലക്ഷ്യത്തെ എതിര്‍ക്കുന്നവരെ തകര്‍ക്കാനും അവരുടെ നാവരിയാനുമുള്ള ശ്രമങ്ങളാണെങ്ങും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് തുടങ്ങി, ജെ.എന്‍.യുവഴി  മഹാരാഷ്ട്ര അസംബ്ളിയിലത്തെിയപ്പോള്‍ ഫാഷിസം ഫണം വിടര്‍ത്തി തകര്‍ത്താടിയ കാഴ്ച നാം കണ്ടു. രാജ്യത്തെ വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പ്രഖ്യാപനത്തിലൂടെ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗവേദിയില്‍നിന്ന് നരേന്ദ്ര മോദി രാജ്യത്തിനു നല്‍കിയ സന്ദേശം വളരെ വ്യക്തമാണ്: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനു വിരുദ്ധമായി ചിന്തിക്കുന്നതും മൊഴിയുന്നതും ഭരണഘടന പ്രദാനം ചെയ്യുന്ന അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരില്ല; അത്തരം ചെയ്തികളെ ദേശവിരുദ്ധമായി കണ്ട് എല്ലാ നിലക്കും നേരിടും. ‘ദേശദ്രോഹികള്‍’ക്കെതിരായ വികാരം കത്തിയാളിച്ച് ധ്രുവീകരണം എളുപ്പമാക്കുക എന്ന തന്ത്രത്തിന്‍െറ ഭാഗമായാണ് ‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപക കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

മജ്ലിസ് നിയമസഭാംഗം വാരിസ് പത്താനെ സഭയില്‍നിന്ന് പിടിച്ചുപുറത്താക്കാന്‍ ബി.ജെ.പി-ശിവസേന അംഗങ്ങളോടൊപ്പം കോണ്‍ഗ്രസ്, എന്‍.സി.പി അംഗങ്ങള്‍ കാണിച്ച വ്യഗ്രത ദേശഭ്രാന്തിന്‍െറ ഏറ്റവും ജുഗുപ്സാവഹമായ മുഖം അനാവൃതമാക്കുന്നു. ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിച്ച്  ദേശക്കൂറ് സമര്‍ഥിക്കാന്‍ തന്നെ കിട്ടില്ല എന്ന വാശിയോടെയുള്ള  പ്രതികരണത്തോട് സഭ ഒന്നടങ്കം പ്രദര്‍ശിപ്പിച്ച അസഹിഷ്ണുത ഏത് നിയമവ്യവസ്ഥ കൊണ്ടാണ് ന്യായീകരിക്കപ്പെടാന്‍ പോവുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. തന്‍െറ കഴുത്തിന് കത്തിവെച്ചാലും ശരി ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ളെന്ന് വാശിപിടിച്ച വാരിസിന്‍െറ നിലപാടിനോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍,  മജ്ലിസ് അംഗം സഭയില്‍ നേരിട്ട പരീക്ഷണത്തെ മതേതരജനാധിപത്യം വാഴുന്ന ഒരു രാജ്യത്തിന് കൈയുംകെട്ടി നോക്കിനില്‍ക്കാനാവുമോ? ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ടുള്ള മജ്ലിസിലെ മറ്റൊരംഗം ഇംതിയാസ് ജലീല്‍, ശിവജി, അംബേദ്കര്‍, ബാല്‍ താക്കറെ തുടങ്ങിയ നേതാക്കള്‍ക്ക് കോടിക്കണക്കിനുരൂപ ചെലവിട്ട് സ്മാരകം പണിയുന്നതിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചതായിരുന്നു പശ്ചാത്തലം. കടുത്ത വരള്‍ച്ചയില്‍ കടക്കെണിയില്‍ അകപ്പെട്ട് നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ്  ഇമ്മട്ടില്‍ ഖജനാവിലെ പണം തുലക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് , ബി.ജെ.പി അംഗം രാം കദം വാരിസ് പത്താനുനേരെ തിരിഞ്ഞ് ദേശക്കൂറ് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത്. മജ്ലിസ് അംഗങ്ങള്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് ഹിന്ദുത്വവാദികള്‍ ഭീഷണിമുഴക്കി നിര്‍ബന്ധിച്ച ഘട്ടത്തിലാണ് വാരിസ് പത്താന്‍  ദേശസ്നേഹം പ്രകടിപ്പിക്കാന്‍ അതിന്‍െറ ആവശ്യമില്ളെന്ന് തുറന്നടിച്ചത്. ശിവസേന എം.എല്‍.എ ഗുലാബറാവോ പട്ടേലിന്‍െറ നാവില്‍നിന്ന് ആ നിമിഷം ഉതിര്‍ന്നുവീണ പദങ്ങള്‍ ഒരു പത്രം അപ്പടി പകര്‍ത്തിവെച്ചത് ഇങ്ങനെ: ‘ഇസ് ദേശ് മെ രഹ്നാ ഹോഗാ കുത്തോം, തോ വന്ദേമാതരം കഹ്നാ ഹോഗാ’ (ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ പട്ടികളേ, വന്ദേമാതരം ചൊല്ലിയേ പറ്റൂ).

 ഏത് ഭരണഘടനയിലാണ് വന്ദേമാതരം മൊഴിയാത്തവന്‍ ദേശവിരുദ്ധനാണെന്ന് അല്ളെങ്കില്‍, രാജ്യദ്രോഹിയാണെന്ന് പറയുന്നത്? ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം എന്നുമുതല്‍ക്കാണ് ദേശക്കൂറിന്‍െറ അളവുകോലായി ഗണിക്കപ്പെടാന്‍ തുടങ്ങിയത്? മാതൃരാജ്യത്തെ മാതാവായി കാണുന്ന വിശ്വാസപാരമ്പര്യത്തിന് ഭരണഘടന എന്നുതൊട്ടാണ് അംഗീകാരം നല്‍കിയത്? പിറന്നമണ്ണിനെ മാതാവായി കാണുന്ന കാഴ്ചപ്പാട് മതേതരസംസ്കാരവുമായി ഏതുവിധം ഒത്തുപോകും? ഇവിടെ സവര്‍ക്കറും ഗോള്‍വാല്‍ക്കറും വിഭാവന ചെയ്ത,  ആര്‍.എസ്.എസ് ഉരുവം കൊടുത്ത ദേശീയ/ദേശവിരുദ്ധ കാഴ്ചപ്പാട് രാജ്യത്തിന്‍െറമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ആര് ദേശസ്നേഹിയെന്നും ആര് ദേശവിരുദ്ധരെന്നും  സാക്ഷ്യപ്പെടുത്താനുള്ള അവകാശം ഒരുപിടിയാളുകള്‍ക്ക് വിട്ടുകൊടുക്കുന്ന അങ്ങേയറ്റം വിപത്കരമായ ഒരു രീതി.

സംഘ്പരിവാര്‍ വിചാരധാരകളെ ദേശീയപതാകയില്‍ പൊതിഞ്ഞ്, ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും മറ്റു ദുര്‍ബലവിഭാഗങ്ങളുടെയും മസ്തിഷ്കത്തില്‍ അടിച്ചുകയറ്റാനുള്ള ഹീനശ്രമം. പൊതുസമൂഹത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കി മതേതരവ്യവസ്ഥയെതന്നെ തകിടംമറിക്കാനുള്ള ഒരുതരം സാംസ്കാരിക ഗുണ്ടായിസം. ‘ഭാരത് മാതാ’ എന്ന സങ്കല്‍പത്തിനു പിന്നിലെ ചരിത്രമെന്തെന്നോ എന്നുമുതല്‍ക്കാണ് അത്  ദേശീയ വിചാരധാരയിലേക്ക് കടന്നുവന്നതെന്നോ ഒട്ടും മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഹിന്ദുത്വവാദികളുടെ ഈ വിളയാട്ടങ്ങളെല്ലാം. ഹിന്ദുദേവിമാരുടെ പരമ്പരയിലെവിടെയും ‘ഭാരത് മാത’ എന്ന സങ്കല്‍പമില്ല. 19ാം നൂറ്റാണ്ടിലെ ബംഗാളി സാഹിത്യത്തിലൂടെയും ചിത്രരചനകളിലൂടെയുമാണ് അത്തരമൊരു ഭാവന രൂപപ്പെടുന്നത്. 1873ല്‍ കിരണ്‍ചന്ദ്ര ബാനര്‍ജിയുടെ നാടകത്തിലാണ് ആദ്യമായി അത് കടന്നുവരുന്നത്. പിന്നീട് 1882ല്‍ ബങ്കിങ് ചന്ദ്ര ഛതോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന പ്രസിദ്ധ നോവലിലൂടെ വ്യാപക പ്രചാരം നേടി. ജഗദ്ദാത്രി, കാളി, ദുര്‍ഗ എന്നീ  ദേവിമാരുടെ മൂന്നു മുഖങ്ങളാണ് നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നത്.

1905ല്‍ കഴ്സണ്‍ പ്രഭുവിന്‍െറ കാലത്ത് ബംഗാള്‍ വിഭജിക്കപ്പെട്ട കലുഷിതമായ കാലസന്ധിയിലാണ്് കാവിവസ്ത്രമണിഞ്ഞ, കൈയില്‍ ജപമാലയും വേദവുമായി, പ്രശോഭിതമായ വദനത്തോടെയുള്ള ഭാരതമാതാവിനെ അഭനീന്ദ്രനാഥ് ടാഗോള്‍ വരച്ചുവെക്കുന്നത്. വിപ്ളവകാരിയായ അരവിന്ദഘോഷാണ് ഭാരത് മാതാ എന്ന സങ്കല്‍പത്തെ ദേശീയ വിമോചനപ്രസ്ഥാനത്തിന്‍െറ അമരത്ത് പ്രതിഷ്ഠിക്കുന്നത്. വാസ്തവത്തില്‍ അത് ബംഗാളികളുടെ മാതാവാണ്. ബങ്കിം  തന്നെ വന്ദേമാതരത്തില്‍ ബംഗാളിലെ ഏഴുകോടി ജനതയെ കുറിച്ചാണ് പറയുന്നത്. എന്നാല്‍, 1920ല്‍ അരവിന്ദോവില്‍നിന്ന് തന്നെയാണ് വന്ദേമാതര മുദ്രാവാക്യത്തിന്‍െറ പരിമിതിയെക്കുറിച്ച് സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്. വിശാലമായ ദേശീയ പരിപ്രേക്ഷ്യത്തിലുള്ള മറ്റൊരു മുദ്രാവാക്യം നമുക്ക് കണ്ടുപിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ദേശീയനേതൃത്വത്തെ ഉണര്‍ത്തുകയുണ്ടായി. 

വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കുന്നതിനെതിരെ ശക്തമായ ശബ്ദമുയര്‍ന്നത് മഹാകവി ടാഗോറില്‍നിന്നാണെന്ന യാഥാര്‍ഥ്യം ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് അംഗീകരിച്ചുതരുമെന്ന് തോന്നുന്നില്ല. 1937 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തില്‍ ടാഗോര്‍ അസന്ദിഗ്ധമായി പറഞ്ഞു -ദേശീയഗാനമായി പരിഗണിക്കാന്‍ വന്ദേമാതരം അനുയോജ്യമല്ല എന്നും ഒരു ബംഗാളി സാഹിത്യസൃഷ്ടി എന്നതിനപ്പുറം അതിനു പാവനത കല്‍പിക്കേണ്ടതില്ളെന്നും. എന്നിട്ടും, ഗോള്‍വാല്‍ക്കറും സവര്‍ക്കറും വന്ദേമാതരത്തില്‍ കടിച്ചുതൂങ്ങുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഹിന്ദുത്വവാദികളുടെ മുദ്രാവാക്യമായി ഉയര്‍ത്തിക്കാണിച്ചതും മതേതരകാഴ്ചപ്പാടിന്‍െറ വിരുദ്ധമുഖത്താണ് ആ സങ്കല്‍പം നിലകൊള്ളുന്നതെന്ന ഉറച്ചബോധ്യത്തിലാണ്. ഏകദൈവത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മണ്ണിനെയോ ഭൂവിഭാഗത്തെയോ പ്രകൃതിയെയോ മാതാവായോ ദൈവമായോ ഒരുനിലക്കും സങ്കല്‍പിക്കാന്‍ കഴിയില്ല. എല്ലാം പ്രപഞ്ചനാഥന്‍െറ നശ്വരമായ സൃഷ്ടികളാണെന്ന ഉയര്‍ന്നചിന്തയാണ് ഏകദൈവ വിശ്വാസത്തെ അചഞ്ചലമായി നിര്‍ത്തുന്നത്.

ആ നിലയില്‍ ഭാരത് മാതാ കീ ജയ് എന്നതിനുപകരം ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നോ ജയ് ഹിന്ദ് എന്നോ മൊഴിഞ്ഞ് രാജ്യസ്നേഹപ്രകടനം നടത്താനാണ് ഒരുവിഭാഗം ആഗ്രഹിക്കുന്നതെങ്കില്‍ ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ അവകാശമില്ല. ഭരണഘടനയുടെ 25ാം അനുച്ഛേദം വകവെച്ചുകൊടുക്കുന്നവ മതസ്വാതന്ത്ര്യത്തില്‍ വിശ്വാസസ്വാതന്ത്ര്യം പരമപ്രധാനമാണ്. വാരിസ് പത്താന്‍െറ അനുഭവം നമ്മെ ഞെട്ടിക്കുന്നത് ബി.ജെ.പിയുടെയോ ശിവസേനയുടെയോ ചെയ്തിയിലല്ല, മറിച്ച്, ശുദ്ധ സെക്കുലറിസ്റ്റുകളെന്ന് നാം ധരിച്ചുവെച്ച കോണ്‍ഗ്രസിന്‍െറയും എന്‍.സി.പിയുടെയും നേതാക്കള്‍ കാണിച്ച ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ തികഞ്ഞ കാപട്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT