സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രധാനകാരണമായി എടുത്തുകാണിക്കുന്നത് സമുദായം അനുഭവിക്കുന്ന അരക്ഷിതബോധമാണ്. സാമാന്യേന സുരക്ഷിതബോധം അനുഭവിച്ചുകൊണ്ടിരുന്ന കേരളമുസ്ലിംകള്‍ ആപേക്ഷികമായി പുരോഗതി നേടുകയും ചെയ്തു. ഇന്ത്യ-പാക് വിഭജനം സൃഷ്ടിച്ച അനാഥത്വവും കടുത്ത ഭീതിയുമാണ് സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകളെ അരക്ഷിത ബോധത്തിനടിപ്പെടുത്തിയത്. നിരന്തരമായ വര്‍ഗീയ കലാപങ്ങളും വംശീയ അതിക്രമങ്ങളും അരക്ഷിതബോധത്തെ അരക്കിട്ടുറപ്പിച്ചു. കാമറകളുടെ വര്‍ധിത ഉപയോഗവും വിഡിയോകളുടെ വ്യാപകത്വവും ചാനലുകളുടെ രംഗപ്രവേശവും വിപുലമായ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് അല്‍പം അറുതിവരുത്തി. അപ്പോഴേക്കും ഭീകരാക്രമണങ്ങളും ബോംബു സ്ഫോടനങ്ങളും ഏറ്റുമുട്ടല്‍ മരണങ്ങളും വേട്ടയാടാന്‍ തുടങ്ങി. മക്കാ മസ്ജിദ്, സംഝോത എക്സ്പ്രസ്, മാലേഗാവ്, അജ്മീര്‍, ഗോവ സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചത് ഹിന്ദുത്വ ശക്തികളായിരുന്നുവെന്ന് ഇപ്പോള്‍ ഏവര്‍ക്കും ബോധ്യമായിരിക്കുന്നു. സ്വാമി അസിമാനന്ദയെപ്പോലുള്ള സംഘാടകര്‍ കുറ്റസമ്മതം നടത്തി.
എന്നാല്‍, അവയുടെയൊക്കെ പേരില്‍ നൂറുകണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു. ജീവിതത്തിലെ ഒന്നും ഒന്നരയും പതിറ്റാണ്ടുകള്‍ തടവറകളില്‍ ഹോമിക്കപ്പെട്ടവര്‍ നിരവധി. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചും സ്ഫോടനങ്ങള്‍ നടത്തിയും വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കിയും എങ്ങനെയാണ് മുസ്ലിം യൗവനത്തെ വേട്ടയാടുന്നത് എന്ന് ഏവര്‍ക്കും ബോധ്യമാകുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. മനീഷ സേഥിയുടെ ‘കാഫ്കാ ലാന്‍ഡ്’ ഇതിന്‍െറ മികച്ച ഉദാഹരണമാണ്. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളില്‍പോലും കടുത്ത അരക്ഷിതബോധം വളര്‍ത്തിയ ഭരണകൂട ഭീകരതയുടെ ഒട്ടേറെ സംഭവങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇങ്ങനെ ഭരണകൂടം നിരപരാധരായ ചെറുപ്പക്കാരെ ക്രൂരമായി വേട്ടയാടിയ കഥകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെളിയിച്ചുകാണിക്കുന്ന സാഹചര്യത്തിലാണ് ഐ.എസ് കഥകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. മുസ്ലിംകളില്‍ ഭീതി വളര്‍ത്താനും അരക്ഷിതബോധം നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.
കേരളത്തില്‍വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സാമ്പത്തികരംഗങ്ങളില്‍ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ ഒട്ടൊക്കെ മെച്ചപ്പെട്ട അവസ്ഥയിലാണ്. വിഭജനവും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും കേരള മുസ്ലിംകളെ കാര്യമായി ബാധിക്കാതിരുന്നതിനാല്‍ ഇവിടെ നിലനിന്നുപോന്ന സുരക്ഷിതബോധമാണ് ഇതിനു വഴിയൊരുക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകളെ വളര്‍ത്തി ഉയര്‍ത്തികൊണ്ടുവരുന്നതില്‍ കേരള മുസ്ലിംകള്‍ ചെറുതല്ലാത്ത പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയായിരിക്കാം കുറച്ചു കാലമായി ഇവിടെയും അരക്ഷിതബോധം വളര്‍ത്താനും ഭീതി ജനിപ്പിക്കാനും അപകര്‍ഷതയും ആത്മനിന്ദയുമുണ്ടാക്കാനും മുസ്ലിംവിരുദ്ധ ശക്തികള്‍ ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടത്തിവരുന്നു. ചില സര്‍ക്കാര്‍ ഏജന്‍സികളും മുഖ്യധാരാ മാധ്യമങ്ങളും ഇതില്‍ അനല്‍പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ഇത് മുമ്പെന്നത്തെക്കാളും ശക്തിപ്പെട്ടിട്ടുണ്ട്. ചില മുസ്ലിം ചെറുപ്പക്കാരുടെ വിവേകരഹിതവും അപക്വവും ഇസ്ലാമികവിരുദ്ധവുമായ സമീപനം അത്തരം ദുശ്ശക്തികള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
ഐ.എസും കേരള മുസ്ലിംകളും
ഐ.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ ആരുടെ സൃഷ്ടിയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതവും അവ്യക്തവുമാണ്. ഏതായാലും സിറിയയിലും ഇറാഖിലും യമനിലുമൊക്കെ അവര്‍ കൊന്നൊടുക്കുന്നത് മുസ്ലിംകളെ തന്നെ. മദീനയില്‍വരെ ആക്രമണം നടത്തിയ ഐ.എസ് മുസ്ലിം ലോകത്തിന്‍െറ പ്രഖ്യാപിത ശത്രുവായ ഇസ്രായേലിനെതിരെ ഒരക്ഷരം പറയുകയോ വിരലനക്കുകയോ പോലും ചെയ്തിട്ടില്ല. ഐ.എസ് പ്രചരിപ്പിക്കുന്ന ആശയങ്ങളും ചെയ്യുന്ന കാര്യങ്ങളും നടത്തുന്ന കൂട്ടക്കൊലകളും തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണ്. ലോകത്ത് അവരല്ലാത്ത മുസ്ലിംകളാരും ഐ.എസിനെ പിന്തുണച്ചിട്ടില്ളെന്നു മാത്രമല്ല, ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. ഒരൊറ്റ മുസ്ലിം രാജ്യമോ മതസംഘടനയോ അറിയപ്പെടുന്ന പണ്ഡിതനോ മറിച്ചൊരു സമീപനം സ്വീകരിച്ചിട്ടില്ല.
ഇറാഖിലും സിറിയയിലും ഐ.എസ് പ്രത്യക്ഷപ്പെട്ടപ്പോള്‍തന്നെ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി ‘ഐ.എസ് ഇസ്ലാമല്ല’ എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്ന വിപുലമായ കാമ്പയിന്‍ നടത്തി. മറ്റു മുസ്ലിം സംഘടനകളും ഇതേ സമീപനംതന്നെ സ്വീകരിച്ചു. അതേസമയം, ഐ.എസ് വക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അപകടകരമായ ആശയങ്ങളില്‍ ആകൃഷ്ടരായ ആരും ഇവിടെയില്ളെന്ന് പറയാനാവില്ല. വിരലിലെണ്ണാവുന്ന ഏതെങ്കിലും വ്യക്തികള്‍ സോഷ്യല്‍ മീഡിയകളില്‍ ഐ.എസ് അനുകൂല ആശയങ്ങളെ പിന്തുണക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ളെന്നും കരുതാനാവില്ല. കാരണം സാമൂഹിക മാധ്യമങ്ങള്‍ വളരെ അശ്രദ്ധമായും അപക്വമായും അച്ചടക്കരഹിതമായും കാര്യഗൗരവമില്ലാതെയും ഉപയോഗിക്കുന്ന പല ചെറുപ്പക്കാരും ഇവിടെയുമുണ്ട്. ജാതി, മത, കക്ഷിഭേദമന്യേ അത്തരം യുവാക്കള്‍ അറിഞ്ഞോ അറിയാതെയോ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിലും പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.ഇതൊക്കെ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
കുറ്റവാളികള്‍ക്കെതിരെ തെറ്റിന്‍െറ തോതനുസരിച്ച് ജാതി, മത, സമുദായ വിവേചനമില്ലാതെ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം നിരപരാധിയായ ആരും പിടികൂടപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. സമൂഹത്തിന് സത്യം ബോധ്യമാകുംവിധം സുതാര്യമായിരിക്കണം. നിയമനടത്തിപ്പുകാരില്‍ അവിശ്വാസമുണ്ടാക്കാനും അനീതി ആരോപിക്കപ്പെടാനും ഇടവരുംവിധമാകരുത്. വസ്തുതാവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും പ്രചാരണം നടത്തുകയും ചെയ്താല്‍ സത്യാവസ്ഥ അറിയുന്നവരില്‍ അത് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയോട് അവമതിപ്പും അവിശ്വാസവും വളര്‍ത്തും. അത് നാടിന് നാശമാണ് വരുത്തുകയെന്ന് പറയേണ്ടതില്ലല്ളോ.
ഇപ്പോള്‍ ഫേസ്ബുക് കൂട്ടായ്മയിലെ ഐ. എസ് അനുകൂലപ്രചാരണത്തിന്‍െറ പേരില്‍ പിടികൂടപ്പെട്ടവരെ അറസ്റ്റ് ചെയ്തത് കനകമലയില്‍ വെച്ചാണെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് അവിടെ താമസിക്കുന്നവര്‍ വിശ്വസിക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം. എന്തായാലും കാര്യങ്ങള്‍ സത്യസന്ധമായും നീതിനിഷ്ഠമായും സമൂഹത്തോട് തുറന്നുപറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒന്നും ഒന്നരയും രണ്ടും പതിറ്റാണ്ടുകള്‍ തടവറകളില്‍ കഴിഞ്ഞ നിരവധി ചെറുപ്പക്കാര്‍ തീര്‍ത്തും നിരപരാധികളായിരുന്നുവെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമത്രെ. കുറ്റം തെളിയിക്കപ്പെടുന്നതിനുമുമ്പ് അപരാധികളെന്ന് വിധിയെഴുതാതിരിക്കാന്‍ സമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
യു.എ.പി.എ പ്രയോഗം
ശംസുദ്ദീന്‍ ഫരീദ് പതിറ്റാണ്ടുകളായി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധതയോ നീതിയോ പുലര്‍ത്താറുമില്ല. സ്വാലിഹുല്‍ ഫൗസാന്‍െറ പുസ്തകം ഉദ്ധരിച്ച് അദ്ദേഹം ചെയ്ത പ്രസംഗം ഇസ്ലാമികപ്രമാണങ്ങള്‍ക്ക് വിരുദ്ധവും സമൂഹത്തില്‍ അനാരോഗ്യകരമായ പ്രവണത വളര്‍ത്തുന്നതും അസഹിഷ്ണുതക്ക് കാരണവുമായേക്കാവുന്നതുമാണ്. എന്നാല്‍, അതിനേക്കാള്‍ എത്രയോ ഇരട്ടി വിഷംവമിക്കുന്നതും വര്‍ഗീയത വളര്‍ത്തുന്നതും സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്നതുമായ പ്രഭാഷണങ്ങള്‍ ഇവിടെ നടത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെയും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളമായി പ്രചരിക്കപ്പെടുന്നുമുണ്ട്. ഹിന്ദുത്വ വര്‍ഗീയശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അത്യന്തം പ്രകോപനപരമായ പ്രഭാഷണങ്ങള്‍ക്കെതിരെ നിയമനടപടികളുണ്ടാകുന്നില്ല. അഥവാ, വല്ലപ്പോഴും കേസെടുത്താല്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശംസുദ്ദീനെതിരെ കേസെടുക്കുന്നതുതന്നെ വിവേചനപരമായാണ് കണക്കാക്കപ്പെടുക.
യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങള്‍ പ്രയോഗിക്കുന്നത് ന്യായീകരണമര്‍ഹിക്കാത്ത തികഞ്ഞ അനീതിയാണ്. മതപഠനം നല്‍കുന്നുവെന്നതിന്‍െറ പേരില്‍ പീസ് സ്കൂളിനും അതിന്‍െറ ഡയറക്ടര്‍മാരായ മൂന്നു വ്യവസായ പ്രമുഖര്‍ക്കുമെതിരെ കേസെടുത്തതും നീതീകരിക്കപ്പെടാനാവാത്ത വിവേചനമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ നടത്തുന്ന വിദ്യാസ്ഥാപനങ്ങളില്‍ അവരവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താനാവശ്യമായ പരിപാടികള്‍ നടത്താറുണ്ട്. അറിയപ്പെടുന്ന വ്യവസായ പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത് സാധാരണക്കാരെ ഭയപ്പെടുത്താനും അവരില്‍ അരക്ഷിതബോധം വളര്‍ത്താനുമാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
നിയമനടത്തിപ്പിലെ വിവേചനവും അന്യായവും മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തുന്നതോടൊപ്പം രാജ്യത്തെ നിയമവ്യവസ്ഥയിലും നീതി നടത്തിപ്പിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തും. അത് അവര്‍ക്കെന്നപ്പോലെ നാടിനും വന്‍വിപത്താണ് വരുത്തിവെക്കുക. അതിനാല്‍, നാട്ടില്‍ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഭദ്രതയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന സുമനസ്സുകളെല്ലാം ജാഗ്രത പുലര്‍ത്തുകയും നീതിക്കായി നിലകൊള്ളുകയും ശബ്ദമുയര്‍ത്തുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ വിവേചനം സംഭവിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടവും മതേതരശക്തികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബാധ്യസ്ഥമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.