9/11 ഭീകരാക്രമണത്തിന് ഒന്നര ദശകം തികയുന്നു ആഘാത പരമ്പര പശ്ചിമേഷ്യയില്‍

‘കേവലമൊരു ദുരന്തമല്ല9/11 ഭീകരാക്രമണം. പശ്ചിമേഷ്യക്കാരായ ഞങ്ങളൊന്നടങ്കം ഇപ്പോഴും അനുഭവിക്കുന്ന ബീഭത്സമായ അരാജകതയുടെ പ്രാരംഭമായിരുന്നു അത്.’ ഈജിപ്തുകാരനായ ബാസിം യൂസുഫിന്‍െറ വികാരനിര്‍ഭരമായ ഈ നിരീക്ഷണം പങ്കുവെക്കുന്നവരാണ് മധ്യപൗരസ്ത്യ ദേശത്തെ ഭൂരിപക്ഷം പേരും. കാരണം, ഒരാഴ്ചയോളമായി ഞാന്‍ ഈ ഭൂവിഭാഗങ്ങളില്‍ കഴിയുന്നവരെ ഇ-മെയില്‍ വഴിയും മറ്റും ബന്ധപ്പെട്ടുകൊണ്ടിരിക്കെ ഓരോരുത്തരും പുറത്തുവിട്ട അഭിപ്രായങ്ങള്‍ സമാന സ്വഭാവമുള്ളതായിരുന്നു. 9/11 ഭീകരാക്രമണത്തിന്‍െറ 15ാം വാര്‍ഷികത്തില്‍ ആ ദുരന്തത്തിന്‍െറ മാരക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഓരോ അമേരിക്കക്കാരനും. പ്രസ്തുത ആക്രമണം വ്യത്യസ്ത തോതില്‍ നമ്മെ ഓരോരുത്തരെയും ബാധിച്ചുവെന്നതും പരമാര്‍ഥം. വ്യക്തിപരമായി പറഞ്ഞാല്‍ 9/11 സംഭവം എന്‍െറ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവിനുതന്നെ നിമിത്തമായി. ഫലസ്തീന്‍ വംശജനായ എന്നെ പഴയ വേരുകളിലേക്കും വിശ്വാസത്തിലേക്കും മടങ്ങാന്‍ ആ സംഭവം പ്രേരണചെലുത്തി. മുമ്പ് അവ രണ്ടിനും ഞാന്‍ ഒരു പ്രാധാന്യവും കല്‍പിച്ചിരുന്നില്ല. സെപ്റ്റംബര്‍ പതിനൊന്നോടെ അറബികളും മുസ്ലിംകളും ഒന്നടങ്കം ഭീകരവത്കരിക്കപ്പെട്ടത് എന്‍െറ ഹൃദയത്തില്‍ സൃഷ്ടിച്ച വേലിയേറ്റം അത്രയും ശക്തമായിരുന്നു.

മധ്യപൗരസ്ത്യ ദേശം ഒരിക്കല്‍പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഞാന്‍ 9/11നുശേഷം ആ മേഖലയില്‍ പര്യടനം നടത്തി. ഈജിപ്തിലും സൗദി അറേബ്യയിലും ഇതര അറബ് ലോകങ്ങളിലും അലഞ്ഞ് അറബ് പൈതൃകങ്ങളിലൂടെ കടന്നുപോകാന്‍ എനിക്ക് അവസരം ലഭിച്ചു. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഈ സൗഹൃദങ്ങളില്‍നിന്ന് 9/11 മേഖലയില്‍ സൃഷ്ടിച്ച ആഘാതങ്ങളുടെ ശരിയായ ചിത്രം ഗ്രഹിക്കാന്‍ എനിക്കിപ്പോള്‍ കഴിയും.
‘9/11 പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഭാഗധേയം തിരുത്തിക്കുറിച്ച സംഭവമായിരുന്നു. പാശ്ചാത്യര്‍ മേഖലയെ രണഭൂമിയാക്കി മാറ്റി. സെപ്റ്റംബര്‍ സംഭവത്തോടെ അമേരിക്കയും സഖ്യകക്ഷികളും തത്ത്വദീക്ഷയില്ലാത്ത സൈനിക നടപടികളായിരുന്നു ഇവിടെ നടത്തിയത്’ -39കാരനായ ഈജിപ്ഷ്യന്‍ ഗവേഷകന്‍ കരീം ഖാസിമിന്‍േറതാണ് ഈ നിരീക്ഷണം.

ഇറാഖില്‍ അമേരിക്കന്‍ മുന്‍കൈയില്‍ നടന്ന അധിനിവേശം ജനലക്ഷങ്ങളുടെ ജീവിതസൗകര്യങ്ങളെയാണ് കടപുഴക്കിയത്. നിരപരാധികളായ സിവിലിയന്മാരുടെ ജീവനുകള്‍ നിഷ്കരുണം കവര്‍ന്നെടുക്കപ്പെട്ട ക്രൂരയുദ്ധം. ഇറാഖ് അധിനിവേശത്തിന്‍െറ ആഘാതത്തില്‍നിന്ന് മേഖല സംവത്സരങ്ങള്‍ കഴിഞ്ഞാലും മുക്തമാകാനിടയില്ല. ‘സിറിയയിലെ രക്തപ്പുഴകള്‍, ഐ.എസ് ഭീകരത, കൂടുതല്‍ രൂക്ഷമാകുന്ന ശിയാ-സുന്നി വിഭാഗീയത തുടങ്ങിയവക്കു പിന്നിലെ ഹേതുകങ്ങളും ഇറാഖ് യുദ്ധവും സെപ്റ്റംബര്‍ സംഭവംതന്നെ’ -ഫലസ്തീന്‍ വംശജനായ ജലാല്‍ അയ്യൂബിന്‍േറതാണ് വിലയിരുത്തല്‍. യുദ്ധഭൂമിയില്‍ മാത്രം പരിമിതമല്ല സെപ്റ്റംബര്‍ 11 ആക്രമണത്തിന്‍െറ ആഘാതങ്ങള്‍. ഭീകരതയുടെ വേരറുക്കാനെന്ന പേരില്‍ അമേരിക്ക ആരംഭിച്ച നീക്കങ്ങള്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ചില അറബ് സ്വേച്ഛാധിപതികള്‍ക്ക് കരുത്തുപകര്‍ന്നു. സന്നദ്ധ സംഘടനാ സാരഥികളുടെ കരങ്ങളില്‍പോലും വിലങ്ങുവീണു. ഭീകരതക്കെതിരെ പോരാടുന്നു എന്നപേരില്‍ ഈജിപ്തില്‍ ഇപ്പോഴും തുടരുന്ന സൈനിക അടിച്ചമര്‍ത്തല്‍ ഉദാഹരണം മാത്രം. ഭീകരതാ നിര്‍മാര്‍ജനമെന്ന പേരില്‍ സര്‍വരാജ്യങ്ങളിലും സുരക്ഷാ നിയമ കാര്‍ക്കശ്യങ്ങളുടെ പുതിയ കാലഘട്ടം പിറവികൊണ്ടു.

ഇതര ദേശക്കാരുടെ അമേരിക്കാ യാത്ര പ്രശ്നകലുഷിതമായി എന്നതായിരുന്നു 9/11 ആക്രമണത്തിന്‍െറ മറ്റൊരു ആഘാതം. അറബികളും മുസ്ലിംകളും യു.എസ് വിമാനയാത്രകളില്‍ പ്രത്യേകം നിരീക്ഷിക്കപ്പെട്ടു. നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍നിന്ന് തിരിച്ചയക്കപ്പെട്ടു. യു.എസ് കലാലയങ്ങളില്‍ അറബ് വിദ്യാര്‍ഥികള്‍ക്ക് പഠനാവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. സംശയത്തിന്‍െറ കാമറ ദൃഷ്ടികള്‍ സദാ അവരുടെനേരെ തുറിച്ചുനോക്കാന്‍ തുടങ്ങുകയും ചെയ്തു.
ഹോളിവുഡ് ചിത്രങ്ങളിലെ മുസ്ലിം പ്രതിനിധാനം കൂടുതല്‍ നിഷേധാത്മകമായി. സെപ്റ്റംബര്‍ സംഭവത്തിനുമുമ്പേ തന്നെ അറബികളെ ബുദ്ധിഹീനരും സംസ്കാരശൂന്യരുമായി ചിത്രീകരിക്കുന്ന ഹോളിവുഡ് രീതി കുപ്രസിദ്ധമായിരുന്നതായി അറബ് യുവാക്കള്‍ പരിഭവിച്ചതോര്‍ക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മുസ്ലിംകള്‍ക്ക് കൂടുതല്‍ ഭീകരമുദ്ര ചാര്‍ത്തുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രചാരണരീതികളെ ഇതോടു ചേര്‍ത്ത് പരിശോധിക്കുക. സെപ്റ്റംബര്‍ 11ന്‍െറ സൂത്രധാരന്മാര്‍ വിമാനങ്ങള്‍ മാത്രമായിരുന്നില്ല റാഞ്ചിയത്;  ഇസ്ലാമിന്‍െറ പ്രതിച്ഛായയെക്കൂടി ആയിരുന്നു.

സെപ്റ്റംബര്‍ 11 ആക്രമണ വാര്‍ഷികത്തില്‍ ആ ദുരന്തം അമേരിക്കയെ ഏതുരീതിയില്‍ ബാധിച്ചുവെന്നു നാം സ്വാഭാവികമായും അവലോകനം ചെയ്യാതിരിക്കില്ല. അതോടൊപ്പം ഈ ആക്രമണം അറബ് ലോകത്തെ എവ്വിധം ഉലച്ചുകൊണ്ടിരിക്കുന്നു എന്ന അന്വേഷണവും അനിവാര്യമാണ്. കാരണം, ഭീകരത ഉന്നമിട്ടത് അമേരിക്കയെ ആയിരുന്നെങ്കിലും ഇരകളാക്കപ്പെട്ടവര്‍ യു.എസ് മണ്ണില്‍ പരിമിതപ്പെട്ടിരുന്നില്ല. അമേരിക്കയെയും അറബ് ജനതയെയും ബന്ധിപ്പിക്കുന്ന പാലം എങ്ങനെ പണിതുയര്‍ത്താമെന്നും ഈ ഘട്ടത്തില്‍ ആലോചിക്കേണ്ടതുണ്ട്. നമ്മുടെ വ്യവഹാരങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞ പൊതു മാനവികതയുടെ അടിത്തറയിലാകണം ആ പാലം നിര്‍മിക്കേണ്ടത്.

കടപ്പാട്: ഹഫിങ്ടണ്‍ പോസ്റ്റ്
(ഫലസ്തീന്‍-ഡാനിഷ് വംശജനായ ലേഖകന്‍
അമേരിക്കയിലെ റേഡിയോ അവതാരകനും
രാഷ്ട്രീയ വിശാരദനുമാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.