ദേശീയ സമ്മേളനം രാഷ്ട്രീയമാറ്റത്തിന് ആക്കംകൂട്ടും

ഒരുതരത്തിലും ബി.ജെ.പി ശക്തിപ്രാപിക്കാനോ വിജയിക്കാനോ പാടില്ളെന്ന് ശാഠ്യം പിടിക്കുന്ന നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമാണ് കേരളം. ആ  ശാഠ്യം സാധിച്ചെടുക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ക്ക് മടിയില്ല. സ്വന്തം സ്ഥാനാര്‍ഥികളെ നോക്കുകുത്തിയാക്കി എതിര്‍ചേരിക്ക് വോട്ട് മറിച്ചുനല്‍കി ബി.ജെ.പിയുടെ തോല്‍വി കാണാനവര്‍ക്ക് മടിയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അത് കണ്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് തുടങ്ങി തിരുവനന്തപുരം വരെ പല മണ്ഡലത്തിലും അതാവര്‍ത്തിച്ചു. എന്നിട്ടും ഒരു സ്ഥാനത്ത് വിജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തത്തൊനും 20,000ല്‍ കൂടുതല്‍ വോട്ട് 64 മണ്ഡലങ്ങളില്‍ നേടാനും ബി.ജെ.പിക്ക് സാധിച്ചു.
പ്രതിയോഗികളുടെ എല്ലാ അടവുകളെയും ജനപിന്തുണയോടെ വിജയകരമായി നേരിട്ടാണ് ഈ നേട്ടം. ഇതില്‍ ബി.ജെ.പി പൂര്‍ണതൃപ്തരല്ല. കേരളത്തില്‍ കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയും വികസനം മുരടിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് -കോണ്‍ഗ്രസ് മുന്നണികളെ തൂത്തെറിയണം. അതിനുള്ള ശക്തവും സംഘടിതവുമായ പ്രവര്‍ത്തനം ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. അതിന്‍െറ പ്രതിഫലനം നാടാകെയുണ്ട്. ഇത് മനസ്സിലാക്കിയവര്‍ ബി.ജെ.പിയെയും ദേശീയ പ്രസ്ഥാനങ്ങളെയും നേരിടാന്‍ ജനാധിപത്യമാര്‍ഗമല്ല സ്വീകരിക്കുന്നത്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കെല്‍പുള്ള ആശയമോ ആദര്‍ശമോ അവര്‍ക്കില്ല. കോണ്‍ഗ്രസ് നേതൃത്വം കള്ളപ്രചാരണത്തിന്‍െറ കെട്ടഴിച്ചുവിടുമ്പോള്‍ ആയുധവും അധികാരവും ഉപയോഗിച്ചാണ് സി.പി.എം രംഗത്തുവരുന്നത്.

ഭരണം നയിക്കുന്ന പാര്‍ട്ടി, ആഭ്യന്തരവകുപ്പ് കൈയാളുന്ന കക്ഷി അണികളെ കയറൂരിവിടുന്നത് കേരളത്തില്‍ മാത്രമാണ്. ഇവിടെയാണ് രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമാകുന്നത്. സി.പി.എമ്മുകാര്‍ പ്രതികളായ 400 കേസുകള്‍ ഇതിനകം ഉണ്ടായി. നാല് പ്രതിയോഗികളെ കൊലപ്പെടുത്തി. സി.പി.എം പ്രതികളായ കേസില്‍ ശരിയായ അന്വേഷണമോ അറസ്റ്റോ നടക്കുന്നില്ല. അതേസമയം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍പെടുത്തി പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നു. ആര്‍.എസ്.എസ് ആക്രമണം മറച്ചുവെക്കാനാണ് സി.പി.എം അക്രമമെന്ന് ആക്ഷേപിക്കുന്നതെന്നാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. കൊല്ലത്തും കായംകുളത്തും സി.പി.ഐക്കാരെ അടിച്ചു കാലൊടിച്ചത് സി.പി.എമ്മുകാരല്ളേ? ആര്‍.എസ്.എസ് അക്രമമായിരുന്നോ അത്? നാദാപുരത്ത് ലീഗുകാരനെ കൊല്ലുകയും വീടുകള്‍ കൊള്ള ചെയ്യുകയും ചെയ്തത് ആര്‍.എസ്.എസുകാരാണോ?

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്താനും ആര്‍.എസ്.എസ് പ്രവര്‍ത്തനം ഇല്ലാതാക്കാനുമാണ് ഇപ്പോള്‍ തീവ്രശ്രമം. നാലുമാസം ഭരണം പിന്നിട്ടിട്ടും ആശിച്ചവിധം മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ജനങ്ങളിലും അണികളിലും ഘടകകക്ഷികളിലും ശക്തമായ മുറുമുറുപ്പുണ്ട്. അണികള്‍ പല പാര്‍ട്ടികളിലേക്കും ഒഴുകുന്നു. ഇതൊക്കെ മറച്ചുവെക്കാനുള്ള പാഴ്ശ്രമമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ദേശീയസമ്മേളനം ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്നത്. ദേശീയസമ്മേളനം ചരിത്രസംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയൊരു സമ്മേളനം ഇതിനുമുമ്പ് കേരളത്തില്‍ നടന്നിട്ടില്ല. ബി.ജെ.പിക്ക് വലിയ ദൗത്യം കേരളത്തില്‍ നിര്‍വഹിക്കാനുണ്ട്. അധികാരക്കൊതി മൂത്ത രാഷ്ട്രീയനേതൃത്വം ജനങ്ങളെ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ തട്ടുകളായി നിര്‍ത്തുകയായിരുന്നു. എന്നിട്ട് ജാതിയില്ല, മതമില്ല, മതേതരത്വത്തിന്‍െറ വക്താക്കളാണെന്ന് മേനി നടിക്കുകയും ചെയ്യുന്നു. ഈ കാപട്യത്തെ പൊളിച്ചടുക്കണം. ജാതിക്കും മതത്തിനും ഉപരി സത്യവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് കേരളത്തെ ദേശീയധാരയോടൊപ്പം നില്‍ക്കാന്‍ പ്രാപ്തമാക്കണം. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ സമുദ്ധരിക്കണം. അതിനായുള്ള പ്രയത്നങ്ങളില്‍ നല്ല പ്രതികരണമാണ് പിന്നാക്ക ജനവിഭാഗങ്ങളില്‍നിന്ന് ലഭിക്കുന്നത്. അതില്‍ വിറളിപൂണ്ടാണ് ബി.ജെ.പി സവര്‍ണപാര്‍ട്ടിയെന്നും ഫാഷിസ്റ്റ് കക്ഷിയെന്നുമുള്ള കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്. ഇത് പാടിപ്പഴകിയ മുദ്രാവാക്യമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിന്നാക്കവിഭാഗം ജനപ്രതിനിധികളുള്ളത് ബി.ജെ.പിക്കാണ്.  പാര്‍ലമെന്‍റില്‍ 60 പട്ടികജാതി-വര്‍ഗ അംഗങ്ങള്‍ ബി.ജെ.പിക്കുണ്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് മൊത്തമുള്ളതിനെക്കാള്‍ കൂടുതലാണിത്. പ്രധാനമന്ത്രിതന്നെ പിന്നാക്ക ജാതിയില്‍പെട്ടയാളാണ്. എന്നിട്ടും മറിച്ച് നടത്തുന്ന പ്രചാരണങ്ങളെ ജനം പുച്ഛിച്ചുതള്ളുകതന്നെ ചെയ്യും.

പ്രതിയോഗികള്‍ തീര്‍ത്ത പത്മവ്യൂഹങ്ങളെ തകര്‍ത്തെറിയാനുള്ള കരുത്ത് ബി.ജെ.പി ദേശീയസമ്മേളനം നല്‍കുമെന്നകാര്യത്തില്‍ സംശയമില്ല. കോഴിക്കോട് ചര്‍ച്ച ചെയ്യുന്നത് ഏതെങ്കിലും കക്ഷികളെ ഇല്ലായ്മ ചെയ്യുന്നതായിരിക്കില്ല. ബി.ജെ.പിയുടെ ലക്ഷ്യവും നയവും പരിപാടികളും ഇഴകീറി പരിശോധിക്കും. അത് ബി.ജെ.പിക്ക് ലഭിച്ച അവസരം എങ്ങനെ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും എന്നതിനെക്കുറിച്ചാകും. സമൂഹത്തിന്‍െറ അടിത്തട്ടില്‍ ഇന്നും ഉടുതുണിക്ക് മറുതുണിയില്ലാത്തവരായി കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ എങ്ങനെ സാധിക്കും എന്നത് സംബന്ധിച്ചാകും. സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികയുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ജനങ്ങളില്ലാത്ത ഭാരതം സൃഷ്ടിക്കുന്നതിനെക്കുറിച്ചാകും. എങ്ങനെ എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കും എന്നതാകും.  വെള്ളവും വെളിച്ചവുമില്ലാത്ത ഗ്രാമങ്ങളെ എങ്ങനെ സമുദ്ധരിക്കുമെന്നതിനെക്കുറിച്ചാകും. റോഡും പാലങ്ങളുമില്ലാത്ത ഗ്രാമങ്ങളുടെ വികസനത്തെപ്പറ്റിയാകും. വ്യവസായവും തൊഴിലും വിദസ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിനെ ക്കുറിച്ചാകും. ഇതിനെല്ലാം പരിഹാരം കാണാനുള്ള തത്ത്വസംഹിത ബി.ജെ.പിക്കുണ്ട്. അതാണ് ഏകാത്മ മാനവദര്‍ശനം.

ഭാരതീയ ജനസംഘം ദേശീയസമ്മേളനം 1967ല്‍ കോഴിക്കോട് ചേര്‍ന്നപ്പോള്‍ അംഗീകരിച്ച ആ ദര്‍ശനം തന്നെയാണ് ബി.ജെ.പിയുടെ കൈമുതല്‍. ആ ദര്‍ശനത്തിന്‍െറ ഉപജ്ഞാതാവ് ദീനദയാല്‍ ഉപാധ്യായയും. അദ്ദേഹത്തിന്‍െറ ജന്മശതാബ്ദി വര്‍ഷം കൂടിയാണിത്. കോഴിക്കോട് സമ്മേളനത്തിലാണ് അദ്ദേഹം ജനസംഘം അധ്യക്ഷനായത്. ഇതെല്ലാം ബി.ജെ.പി സമ്മേളനത്തിന് തിളക്കമേറ്റുകയാണ്. മേലുദ്ധരിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ കേരളത്തിലെ ജനങ്ങളില്‍ ബി.ജെ.പിയെക്കുറിച്ച് പ്രതിയോഗികള്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നടിയും. അപ്പോള്‍ പ്രതിയോഗികളായ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടി വലിച്ചെറിഞ്ഞ് ബി.ജെ.പിയോടൊപ്പം ജനങ്ങള്‍ അണിനിരന്നാല്‍ അദ്ഭുതപ്പെടാനില്ല. ബി.ജെ.പി ഇന്നത്തെ പാര്‍ട്ടിയാണ്. നാളത്തെ പാര്‍ട്ടിയും. ജനകീയ ഐക്യവും ദേശസുരക്ഷയും ഭീഷണിനേരിടുമ്പോള്‍ ശക്തമായ ഭരണനേതൃത്വം അനിവാര്യമാണ്. അതിനെ ശക്തിപ്പെടുത്താനുള്ള അനിവാര്യമായ സന്ദര്‍ഭമാണിത്.

50 വര്‍ഷംമുമ്പ് ജനസംഘം സമ്മേളനം കോഴിക്കാട് നടക്കുമ്പോള്‍ 34 എം.പിമാരേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ബി.ജെ.പിക്ക് 282 ലോക്സഭാംഗങ്ങളുണ്ട്. 15 സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ ഭരണമുണ്ട്. 26 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ശക്തിയും സ്വാധീനവുമുണ്ട്. പുതിയ മേഖലകളില്‍ ബി.ജെ.പി സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു. അരുണാചല്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിനും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. രാഷ്ട്രീയനേതാക്കള്‍ എന്തുതന്നെ പ്രചരിപ്പിച്ചാലും സ്ഥിതിഗതികള്‍ വിലയിരുത്തി തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത കേരളീയര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. ദേശീയസമ്മേളനത്തോടെ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് കേരളത്തില്‍ ഒരു കുതിച്ചുചാട്ടത്തിന് ബി.ജെ.പിക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
(ബി.ജെ.പി സംസ്ഥാസന പ്രസിഡന്‍റാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.