കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക സവിശേഷതകള്‍ വിളിച്ചോതുന്ന 63ാമത് കേരള സ്കൂള്‍ കലോത്സവത്തിന് 2025 ജനുവരി നാലു മുതല്‍ എട്ടു വരെ തലസ്ഥാന നഗരിയായ തിരുവനന്തപുരം വേദിയാവുകയാണ്. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാന്‍ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണും സമൂഹവും. കേരള സംസ്ഥാനം രൂപവത്കൃതമായതിനുശേഷം ഇരുനൂറോളം പേര് പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിലായിരുന്നു തുടക്കം. ഇപ്പോള്‍ അത് പതിനാലായിരത്തോളം...
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക സവിശേഷതകള്‍ വിളിച്ചോതുന്ന 63ാമത് കേരള സ്കൂള്‍ കലോത്സവത്തിന് 2025 ജനുവരി നാലു മുതല്‍ എട്ടു വരെ തലസ്ഥാന നഗരിയായ തിരുവനന്തപുരം വേദിയാവുകയാണ്. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാന്‍ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണും സമൂഹവും.
കേരള സംസ്ഥാനം രൂപവത്കൃതമായതിനുശേഷം ഇരുനൂറോളം പേര് പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിലായിരുന്നു തുടക്കം. ഇപ്പോള്‍ അത് പതിനാലായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്ന മഹാകലാസംഗമമായി വളര്‍ന്നു. നവലിബറല്‍ നയങ്ങള്‍ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഇല്ലാതാക്കി ഏകതാനത കലാരംഗത്തും സാംസ്കാരികരംഗത്തും അടിച്ചേൽപിക്കുമ്പോഴാണ് കേരളത്തിന്റെ കലാസാംസ്കാരിക വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും സംരക്ഷിക്കാനും കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാനും നാം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശീയ ജനതയുടെ കലകളെക്കൂടി ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
ഫ്യൂഡല്‍ കാലം കെട്ടിയ അസമത്വത്തിന്റെയും അധമ മനോഭാവത്തിന്റെയും കോട്ടകളെ മനുഷ്യമനസ്സുകളില്‍നിന്ന് പിഴുതെറിയാന്‍ ഇടനല്‍കിയ നവോത്ഥാന മുന്നേറ്റങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ശ്രീനാരായണ ഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുൽ ഖാദര്‍ മൗലവി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജന്മം നല്കിയ മണ്ണാണ് തിരുവനന്തപുരം. കൂടാതെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട കുമാരനാശാന്, ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ തുടങ്ങിയ മഹാകവികളുടെയും നാടാണിത്. സി.വി. രാമന്‍പിള്ളയെപ്പോലുള്ള സാഹിത്യകാരന്മാരെയും ഓര്‍ക്കേണ്ടതുണ്ട്. കലാരംഗത്തും സാസ്കാരിക രംഗത്തും ഇടം നേടിയ നിരവധി പേർ തിരുവനന്തപുരത്ത് ജനിച്ചുവളർന്നവരാണ്.
ഒമ്പതുവർഷം മുമ്പാണ് അവസാനമായി തിരുവനന്തപുരത്ത് കലോത്സവം നടന്നത്. അതിനേക്കാള്‍ വളരെ വിപുലമായ മേളയാണ് ഇപ്പോള്‍ നടക്കുന്നത്. 25 വേദികളിലായി 249 ഇനങ്ങളിലായി 15,000 ഓളം പേര് മത്സരാർഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അധ്യാപകരും കാണികളും ഉത്സവ നഗരിയിലുണ്ടാവും. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും.
കേരളത്തിന്റെ സാംസ്കാരികത്തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ, സമൂഹത്തിന് പൊതുവേയും കുട്ടികള്‍ക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂള്‍ കലോത്സവങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ ചില രക്ഷിതാക്കളെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാന്‍ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്. ഇതിനെതിരെ സ്വയം ജാഗ്രത്താവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉള്‍ക്കൊള്ളേണ്ട, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയില്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്കുവഹിക്കേണ്ടത് രക്ഷിതാക്കളാണ്. ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് ഈ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയട്ടെ എന്ന് ഒരിക്കല്‍ക്കൂടി ആശംസിക്കുന്നു. ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന അഭിപ്രായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.