സ്വാതന്ത്ര്യ സമരസേനാനിയും കേരളത്തിന്റെ വീരപുത്രനുമായ മുൻ കെ.പി.സി.സി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78ാം ചരമവാർഷിക ദിനത്തിൽ, കോഴിക്കോട് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട വേദിയിലാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യൻ ദേശീയപ്രസ്ഥാനം ഫലസ്തീൻ വിഷയത്തിൽ കൈക്കൊണ്ട നിലപാടുകളുടെ ചരിത്രപരമായ ഓർമപ്പെടുത്തൽ കൂടിയാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായിരുന്ന 1939ലെ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ത്രിപുരി സെഷൻ ഫലസ്തീൻ അനുകൂല പ്രമേയം പാസാക്കവെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബായിരുന്നു കെ.പി.സി.സി പ്രസിഡന്റ്.
കറുകപ്പാടത്ത് പുന്നക്കച്ചാലിൽ അബ്ദുറഹ്മാന്റെയും അയ്യാരിൽ കൊച്ചായുശുമ്മയുടെയും മകനായി 1898ൽ തൃശ്ശൂർ ജില്ലയിലെ അഴീക്കോട്ടാണ് ജനനം. കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞ് മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനത്തിന് ചേർന്ന അദ്ദേഹത്തിന് റൂംമേറ്റ് വായിക്കാൻ കൊടുത്ത അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്ത് ഔർ ജസീറത്തുൽ അറബ്’ എന്ന പുസ്തകമാണ് സ്വാതന്ത്ര്യസമരത്തിലേക്ക് വഴികാണിച്ചത്.
അക്കാലത്തെ മറ്റേതൊരു സമർഥനായ വിദ്യാർഥിയേയും പോലെ സിവിൽ സർവിസ് ആസ്പരന്റ് ആയിരുന്ന അദ്ദേഹം ആ സ്വപ്നങ്ങളെല്ലാം വിട്ടെറിഞ്ഞ് കോളജ് വിട്ടിറങ്ങി. അന്നു തുടങ്ങിയ ആ യാത്രയാണ് ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന ജീവിതമായി നിലകൊള്ളുന്നത്.
ഇന്ത്യൻ ദേശീയപ്രസ്ഥാനം മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിൽ വരുന്ന സവിശേഷ കാലഘട്ടമായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് അബ്ദുറഹ്മാൻ സാഹിബിന്റെ സംഭവബഹുലമായ ജീവിതഘട്ടം. കോളജ് പഠനമുപേക്ഷിച്ച അദ്ദേഹം ചെന്നെത്തുന്നത് ദേശീയവാദികൾ അലീഗഢിൽ നടത്തിവന്നിരുന്ന ജാമിയ മില്ലിയ ഇസ്ലാമിയ്യയിലാണ്.
അവിടെ വെച്ച് ജാമിഅഃ വൈസ് ചാൻസലറും പ്രിയ ഗുരുനാഥനുമായിത്തീർന്ന മൗലാനാ മുഹമ്മദലി ജൗഹറുമായി അടുക്കുന്നു. മലബാറിലെ പ്രക്ഷുബ്ധ സാഹചര്യങ്ങളും ഉശിരുള്ള നേതൃത്വത്തിന്റെ ആവശ്യകതയും മനസ്സിലാക്കിയ മൗലാന അദ്ദേഹത്തോട് കേരളത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്നു.
1921ലെ നാഗ്പുർ എ.ഐ.സി.സി സെഷനിലെ പങ്കെടുത്ത അബ്ദുറഹ്മാൻ സാഹിബ് ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കണമെന്ന ആവശ്യം മുൻനിർത്തി പ്രസംഗിച്ചു. ആ വർഷം ഒറ്റപ്പാലത്ത് നടന്ന പ്രഥമ കെ.പി.സി.സി സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രവും ആ ചെറുപ്പക്കാരനായിരുന്നു.
1921ൽ മലബാർ ജില്ലാ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയായിരുന്നു പ്രസിഡന്റ്. മലബാർ സമരം വഴിതെറ്റാതിരിക്കാൻ അക്ഷീണം യത്നിച്ച അബ്ദുറഹ്മാൻ സാഹിബ് ജനങ്ങളുടെ പതിതാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് കലക്ടർ ഇ.എഫ് തോമസിന് കത്തെഴുതി. അവ പരിഗണിക്കുന്നില്ലെന്ന് വന്നതോടെ സാഹിബ് അതേ എഴുത്തുകൾ ഇംഗ്ലീഷ് പത്രങ്ങൾക്ക് നൽകുകയും ബോംബെ ക്രോണിക്കിളിലും ദി ഹിന്ദുവിലും അച്ചടിച്ചുവരുകയും ചെയ്തു.
കുപിതനായ കലക്ടർ തോമസ്, അബ്ദുറഹ്മാൻ സാഹിബിന്റെ പേരിൽ രാജ്യരക്ഷാ കുറ്റം ചുമത്തി രണ്ടുവർഷത്തേക്ക് ജയിലിലടച്ചു. എന്നാൽ, ഉത്തരേന്ത്യയിൽനിന്ന് സഹായങ്ങൾ മലബാറിലേക്ക് എത്തിത്തുടങ്ങി. പഞ്ചാബുകാരായ ഖസൂരി സഹോദരങ്ങൾ നൽകിയ സഹായങ്ങളിൽ കോഴിക്കോട് ജെ.ഡി.ടി അനാഥശാല സ്ഥാപിക്കപ്പെട്ടു.
ജയിൽമോചനശേഷം അബ്ദുറഹ്മാൻ സാഹിബ് ‘അൽ അമീൻ’ പത്രത്തിന് തുടക്കമിട്ടു. മാപ്പിളമാരെ നാടുകടത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ആൻഡമാൻ സ്കീമിനെ നിശിതമായി വിമർശിച്ചുകൊണ്ട് 1924ലെ നബിദിനത്തിലാണ് പത്രം പുറത്തിറങ്ങുന്നത്.
ഗുരുനാഥരായ മൗലാന മുഹമ്മദാലിയും മൗലാന ആസാദും സ്വന്തം പത്രങ്ങളിലൂടെ രാജ്യത്ത് നിർവഹിച്ച ദൗത്യം അബ്ദുറഹ്മാൻ സാഹിബ് അൽ അമീനിലൂടെ മലബാറിൽ നിർവഹിച്ചു. എന്നാൽ, പത്രമാരണ നിയമങ്ങൾകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് പത്രം അടച്ചുപൂട്ടിച്ചു. 1926ൽ നാട്ടുകാരിയും ബന്ധുവുമായ കുഞ്ഞിബീവാത്തുവിനെ വിവാഹം ചെയ്തു. രണ്ടു വർഷത്തിനു ശേഷം വസൂരി ബാധിച്ച് ഭാര്യ മരിച്ചു.
മഹാത്മ ഗാന്ധിയുടെ ആഹ്വാനപ്രകാരം നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930ൽ കോഴിക്കോട് കടപ്പുറത്ത് പരസ്യമായി ഉപ്പു കുറുക്കിയ അബ്ദുറഹ്മാൻ സാഹിബിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും ക്രൂരമർദനങ്ങൾ നേരിടേണ്ടിവന്നു.
ഉപ്പു കുറുക്കുന്ന പാത്രം ഉയർത്തിപ്പിച്ച അബ്ദുറഹ്മാൻ സാഹിബിന്റെ കഴുത്തിൽ പൊലീസ് സൂപ്രണ്ട് ആമുവും സംഘവും ലാത്തികൊണ്ട് ഞെരുക്കി കടപ്പുറത്തെ മണൽത്തരികളെ ചെഞ്ചായമണിയിച്ചുവെന്ന് ജീവചരിത്രങ്ങളിൽ വായിക്കാം. അറസ്റ്റിലായ സാഹിബ് ജയിലിലിരുന്നും ലേഖനങ്ങളെഴുതി.
ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുക്കേണ്ടതും ഗാന്ധിജിയുടെ സമരങ്ങൾക്ക് ശക്തിപകരേണ്ടതും മുസൽമാന്മാരുടെ കടമയാണെന്ന് വാദിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് ‘ജിഹാദുൽ അക്ബർ’ എന്നായിരുന്നു. ഹ്രസ്വമായ തന്റെ ജീവിതത്തിൽ ഒമ്പതു വർഷത്തോളം സാഹിബ് മദ്രാസ്, ബെല്ലാരി, രാജമന്ദ്രി തുടങ്ങിയ വിവിധ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു. തികഞ്ഞ മതവിശ്വാസിയായിരുന്ന സാഹിബ് ജയിൽ വാസത്തിനിടയിലും നമസ്കാരമോ ഐച്ഛിക നോമ്പുകളോ കൈയൊഴിഞ്ഞില്ല.
മാപ്പിളമാരെ പ്രശ്നക്കാരായി പ്രഖ്യാപിച്ചുകൊണ്ട് മലബാറിൽ നിലവിലുണ്ടായിരുന്ന മാപ്പിള ഔട്ട്റേജസ് ആക്ടിനെതിരെ അൽ അമീനിലൂടെ സാഹിബ് പ്രതിഷേധമുയർത്തി. 1937ൽ മലപ്പുറം മണ്ഡലത്തെ പ്രതിനിധാനംചെയ്ത് മദ്രാസ് ലെജിസ്ലേറ്റീവ് അസ്സംബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹിബ് മാപ്പിളമാരുടെ ആത്മാഭിമാനത്തിനുനേരെ ചോദ്യമുയർത്തിയ കിരാത നിയമം ഗവൺമെന്റിൽ സമ്മർദം ചെലുത്തി പിൻവലിപ്പിച്ചു.
അബ്ദുറഹ്മാൻ സാഹിബിന്റെ പ്രൈവറ്റ് ബിൽ പരിഗണിച്ച് രാജാജി മന്ത്രിസഭ മാപ്പിള ഔട്ട്റേജസ് ആക്ട് റദ്ദാക്കിയതോടെ, മമ്പുറം ഫസൽ പൂക്കോയ തങ്ങളുടെ നാടുകടത്തലിന്റെ പരിണതിയായി 1855ൽ നിലവിൽ വന്ന കഠോര നിയമം ചരിത്രമായി.
മമ്പുറം തങ്ങന്മാർ ധീരദേശാഭിമാനികളാണെന്ന് വിശ്വസിച്ചിരുന്ന അബ്ദുറഹ്മാൻ സാഹിബ് ഫസൽ പൂക്കോയ തങ്ങളുടെ പിൻതലമുറയെ മലബാറിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. അതിനായി അദ്ദേഹം ‘മമ്പുറം റെസ്റ്റോറേഷൻ കമ്മിറ്റി’ രൂപവത്കരിച്ചു. തുർക്കിയിൽനിന്ന് തങ്ങൾ കുടുംബാംഗത്തെ കോഴിക്കോട് എത്തിച്ചെങ്കിലും കലക്ടറുടെ ഇടപെടലിൽ മാഹിയിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടി വന്നു.
മഹാത്മ ഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന അബ്ദുറഹ്മാൻ സാഹിബ് കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഗാന്ധിജിയുടെ ശ്രദ്ധയിൽപെടുത്തി. പാർട്ടി പിടിച്ചടക്കാനായിരുന്നു ഗാന്ധിജിയുടെ ഉപദേശം. 1938ലും 39 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇടതുപക്ഷക്കാരോടൊപ്പം അബ്ദുറഹ്മാൻ സാഹിബ് കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
മലബാറിലെ കെ.പി.സി.സി ഏറ്റവും ജനകീയമായത് ഈ കാലഘട്ടത്തിലാണ്. 7000 മാത്രമുണ്ടായിരുന്ന കോൺഗ്രസ്സ് അംഗബലം 55000ലേക്ക് ഉയർന്നു. ദേശീയ രാഷ്ട്രീയത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിനോടടുത്ത സാഹിബ് ബോസ് രൂപവത്കരിച്ച ഫോർവേഡ് ബ്ലോക്കിൽ പ്രധാന ദൗത്യങ്ങൾ വഹിച്ചു.
1940 മുതൽ 45 വരെ നീണ്ട ജയിൽവാസവും ബോസിന്റെ അനുയായി എന്ന കാരണത്താലായിരുന്നു. നേതാജിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 1940 ജൂലൈ മൂന്നിന് രാജ്യരക്ഷാനിയമം 26ാം വകുപ്പ് പ്രകാരം കോഴിക്കോടുനിന്ന് സാഹിബിനെ അറസ്റ്റ് ചെയ്തു. 1945ൽ പുറത്തുവന്ന സാഹിബ് മലബാറിലേക്ക് വന്നിറങ്ങിയത് വിഭജനവാദത്തിന്റെ കാലുഷ്യത്തിന്റെ നടുക്കായിരുന്നു.
വിഭാഗീയ ചിന്തകൾക്കും സങ്കുചിത പ്രവർത്തനങ്ങൾക്കും എന്നും എതിരായിരുന്നു സാഹിബ് പാകിസ്താൻ വാദത്തോട് സന്ധിയില്ലാതെ പോരാടി. അത്യന്തം പ്രക്ഷുബ്ധമായ സാഹചര്യത്തിലും മലബാറിലുടനീളം സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. ജയിലിൽനിന്നിറങ്ങിയ ശേഷമുള്ള 77 ദിവസങ്ങളിൽ 333 പ്രസംഗങ്ങളാണ് സാഹിബ് നടത്തിയത്.
പാകിസ്താൻ വാദത്തിനെതിരെ ബഹുസ്വര ഇന്ത്യയെന്ന ആശയം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആ സംസാരങ്ങളത്രയും. 1945 നവംബർ 23ന് മുക്കത്തിനടുത്ത് മണാശ്ശേരിയിൽ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് അദ്ദേഹത്തിന്റെ വിയോഗം.
അവസാന പ്രസംഗത്തിലും ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചും മുസ്ലിംകളുടെ വിശ്വാസസംഹിതകളെക്കുറിച്ചുമാണ് സാഹിബ് ഉണർത്തിയത്. ആ വർത്തമാനങ്ങൾ ഇന്നും ഇന്ത്യ ഓർത്തുവെക്കേണ്ടതുണ്ട്. ഇതുപോലൊരു ധീരനായകൻ ജീവിച്ച, പ്രവർത്തിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞുവെന്നത് നമ്മുടെ സൗഭാഗ്യമാണ്, ആ ജീവിതത്തെ നെഞ്ചേറ്റുക എന്നത് നമ്മുടെ ദൗത്യവും.
(സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനും യൂത്ത് കോൺഗ്രസ് നേതാവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.