ഒരു യുദ്ധവർഷം പിന്നിട്ടിരിക്കുന്നു. പോര് രണ്ടു രാജ്യങ്ങൾ തമ്മിലാണെങ്കിലും മുറിവേറ്റത് മുഴുലോകത്തിനുമാണ്. സഹസ്രകോടികളുടെ വിഭവനഷ്ടമുണ്ടായെന്നാണ് കണക്ക്. നഷ്ടമായ ജീവന്റെയും ജീവിതങ്ങളുടെയും വില ഏതു തുലാസിലിട്ടാണ് തിട്ടപ്പെടുത്തുക? വിശന്നുകരയുന്ന കുഞ്ഞുങ്ങളെ, പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ എന്തു വാക്കുചൊല്ലിയാണ് സമാധാനിപ്പിക്കുക? യുദ്ധത്തിൽ വിജയികളില്ല, തോറ്റുപോയവരും തോൽപിക്കപ്പെട്ടവരും മാത്രം
വെടിയൊച്ച നിലക്കാത്ത കിയവിൽനിന്ന് അമ്മയെ യാത്രയാക്കുകയാണ് യുക്രെയ്ൻ യുവാവ്. അഭയാർഥികളെ കൊണ്ടുപോകുന്ന സർക്കാർ വാഹനത്തിന്റെ ചില്ലുജാലകത്തിലൂടെ ആ വയോധിക തിരിഞ്ഞുനോക്കുകയാണ്. എങ്ങോട്ടാണ് പോകുന്നത്, പൊന്നുമക്കളെ ഇനി കാണാൻ കഴിയുമോ... ഒന്നും അറിയില്ല. വിഭവശേഷിയിലും കർമശേഷിയിലും അനുഗൃഹീതരായ യുക്രെയ്ൻ ജനത കണ്ണീരുണങ്ങാത്തവരായി മാറിയതിന് ഒറ്റ കാരണമേയുള്ളൂ - യുദ്ധം.
റഷ്യൻ അധിനിവേശം ജീവിതം നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പോയത് ഏറ്റവും കുറഞ്ഞത് 70 ലക്ഷം പേരാണ്. 70 ലക്ഷം പേർ സ്വന്തം രാജ്യത്തുതന്നെ അൽപം സുരക്ഷിതമെന്ന് തോന്നിയ മറ്റു ഭാഗങ്ങളിലേക്ക് മാറി. കൂടുതൽ പേർ പോയത് പോളണ്ടിലേക്കാണ്. യുക്രെയ്ൻ പൗരന്മാർക്ക് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ മൂന്നുവർഷം തങ്ങാനും ജോലി ചെയ്യാനും അനുമതി നൽകി. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിനാണ് യുക്രെയ്ൻ യുദ്ധം കാരണമായത്.
സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. കോവിഡ് അനുബന്ധ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വ്യാവസായിക ഉൽപാദനം ഏറക്കുറെ സാധാരണ നിലയിലേക്ക് മടങ്ങാൻ ആരംഭിക്കുകയും ചെയ്യുന്ന വേളയിലാണ് റഷ്യയുടെ യുക്രെയ്ൻ ആക്രമണം സംഭവിക്കുന്നത്. സപ്ലൈ ചെയിൻ മുറിഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. എണ്ണ, പ്രകൃതിവാതകം, രാസവളം, ധാന്യങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവക്കെല്ലാം വില വർധിച്ചു. അത് അനുബന്ധ മേഖലകളിലും പ്രതിഫലിച്ചു.
ചോളം, ഗോതമ്പ്, ബാർലി, വളം, ഇരുമ്പ്, സ്റ്റീൽ, ഭക്ഷ്യ എണ്ണ തുടങ്ങിയ ഉൽപന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യുക്രെയ്ൻ. ഇവിടത്തെ ഉൽപാദനവും കയറ്റുമതിയും പ്രതിസന്ധിയിലായത് വിലക്കയറ്റത്തിന് കാരണമായി.അന്താരാഷ്ട്ര നാണയനിധി സാമ്പത്തികമാന്ദ്യ സാധ്യത പറയുന്നുണ്ട്. മാന്ദ്യത്തിലേക്ക് വീഴാതിരിക്കാൻ രാജ്യങ്ങൾ കനത്ത ജാഗ്രതയിലും പരിശ്രമത്തിലുമാണ്. ബ്രിട്ടൻ അടക്കം രാജ്യങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാണ്.
തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചു. വൻകിട കമ്പനികൾ മുതൽ ചെറുകിട വ്യവസായങ്ങളിൽവരെ കൂട്ട പിരിച്ചുവിടലാണ്. ജോലി നഷ്ടമായവർക്ക് പുതിയത് കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ശമ്പളം വെട്ടിച്ചുരുക്കുന്നത് പോലെയുള്ള നടപടികൾക്കെതിരെ ട്രേഡ് യൂനിയനുകൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ശമ്പള വർധന വേണോ ജോലി വേണോ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതാകുകയാണ്.
ഓഹരി വിപണികൾ കിതക്കുന്നു. കമ്പനികൾ മുതൽ ചില രാജ്യങ്ങൾവരെ പാപ്പരാകുന്നതിന്റെ സൂചന ലഭിക്കുന്നു. നവോന്മേഷം ലഭിച്ച് സാമ്പത്തിക വ്യവസ്ഥ കുതിക്കണമെങ്കിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകണം. യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളെങ്കിലും ലഭിക്കാതെ സാമ്പത്തികരംഗം കരകയറില്ല.
ടൈം മാഗസിൻ 2022ന്റെ വ്യക്തിയായി (പേഴ്സൻ ഓഫ് ദി ഇയര്‍) തിരഞ്ഞെടുത്തത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെയാണ്. ‘ധൈര്യം ഭയംപോലെ പകര്ച്ചവ്യാധിയായിരിക്കുമെന്ന് തെളിയിച്ചതിന്, സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി ആളുകളെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ദുര്‍ബലതയെയും സമാധാനത്തെയും കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്നതിന്-സെലന്‍സ്കിയും യുക്രെയ്നിന്റെ ആത്മാവും ടൈംസിന്റെ 2022 ലെ വ്യക്തിയായി തിരഞ്ഞെടുക്കുന്നു’ എന്നാണ് ടൈം എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേഡ് ഫെല്സെന്തല് പുരസ്കാര പ്രഖ്യാപനത്തിനിടെ പറഞ്ഞത്.
രാജ്യം വിടാൻ നിർദേശിച്ച യു.എസിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘‘പോരാട്ടം ഇവിടെയാണ്. എന്റെ രാജ്യത്തിന് എന്നെ ആവശ്യമുണ്ട്. എനിക്ക് ആയുധമാണ് വേണ്ടത്, സവാരിയല്ല’’. അദ്ദേഹം ധീരമായി ഉറച്ചുനിന്ന് പോരാട്ടം നയിച്ചപ്പോൾ പൗരന്മാരും രാജ്യത്തിനായി പോരാടാനുറച്ചു. രാജ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാർക്ക് അദ്ദേഹം ആയുധങ്ങള്‍ കൈമാറി.ഒരു വർഷത്തിനിപ്പുറവും യുക്രെയ്ൻ കീഴടങ്ങാതെ പിടിച്ചുനിൽക്കുന്നത് ആ പോരാട്ടവീര്യത്തിന്റെ കൂടി ബലത്തിലാണ്.
യുക്രെയ്നിലെ നാല് പ്രദേശങ്ങൾ സെപ്റ്റംബറിൽ ഏകപക്ഷീയമായി റഷ്യയുടെ ഭാഗമാക്കി പ്രഖ്യാപിച്ചു. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സപൊറീഷ്യ എന്നീ പ്രദേശങ്ങളാണ് ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയത്. ലുഹാന്‍സ്കിലും ഡോണെറ്റ്സ്കിലും നേരത്തേ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപടിയിലൂടെയാണ് ഖേഴ്സണും സപൊറീഷ്യയും റഷ്യ പിടിച്ചെടുത്തത്.
പിടിച്ചെടുത്തെങ്കിലും ഈ ഭാഗങ്ങളിൽ റഷ്യക്ക് പൂർണ നിയന്ത്രണമില്ല. പലയിടത്തും ശക്തമായ പോരാട്ടം നടക്കുകയാണ്. 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് റഷ്യ കൈയടക്കിയത്. ഇത് യുക്രെയ്നിന്റെ 15 ശതമാനം വരും. 2014ൽ ക്രീമിയ പ്രവിശ്യ റഷ്യയുടെ ഭാഗമാക്കിയിരുന്നു. അതേസമയം, കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂനിയനും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിരവധി വിമർശകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. 2004ൽ ഫോബ്സ് മാഗസിന്റെ റഷ്യൻ പതിപ്പിന്റെ ചീഫ് എഡിറ്റർ പോൾ ക്ലബ്നിക്കോവ് വെടിയേറ്റ് മരിച്ചു. 2006ൽ മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്ക ഓഫിസിൽ വെടിയേറ്റു മരിച്ചു. 2006ൽതന്നെ മുൻ കെ.ജി.ബി ചാരൻ അലക്സാണ്ടർ ലിറ്റ്വിനെങ്കോ ലണ്ടനിലെ ഹോട്ടലിൽ മരിച്ചു.
2009ൽ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാനിസ്ലേവ് മാർക്കലോവിനെ മുഖംമൂടി ധരിച്ച ഘാതകൻ കൊലപ്പെടുത്തി. 2013ൽ റഷ്യൻ കോടീശ്വരൻ ബോറിസ് ബെറെസോവ്സ്കിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 2015ൽ പ്രതിപക്ഷത്തെ പ്രധാന നേതാവ് ബോറിസ് നെംട്സോവ് വെടിയേറ്റു മരിച്ചു. 2016ൽ മുൻ വാർത്താമന്ത്രി മിഖായേൽ ലെസിനെ വാഷിങ്ടണിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇവരെല്ലാം പുടിന്റെ വിമർശകരാണ്. 2022ൽ യുക്രെയ്ന് പിന്തുണ നൽകിയ വ്യവസായി ഡാൻ റാപോപോർട്ട് വാഷിങ്ടണിൽ കൊല്ലപ്പെട്ടു. പുടിന്റെ വിമർശകനായ പാർലമെന്റംഗം പാവൽ ആന്റോവിനെയും (66) സഹയാത്രികൻ വ്ലാദിമിർ ബിഡെനോവിനെയും ഒഡിഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. എല്ലാം കൂട്ടിവായിച്ച് വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നു പാശ്ചാത്യമാധ്യമങ്ങൾ.
ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടക്കുന്നത്. ധാന്യ കയറ്റുമതിയിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നായിട്ടും യുക്രെയ്നിൽനിന്ന് ഫെബ്രുവരി അവസാനത്തോടെ ചരക്കു കപ്പലുകൾ മുടങ്ങിക്കിടക്കുകയായിരുന്നു.
തുർക്കിയയുടെയും യു.എന്നിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ സുരക്ഷിത യാത്രക്ക് റഷ്യയും യുക്രെയ്നും കരാറിലെത്തിയതോടെയാണ് ചരക്കുകപ്പലുകൾക്ക് വീണ്ടും യാത്രയൊരുങ്ങിയത്. ലോകത്തിലെ വലിയ ധാന്യഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും.
ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ ഇടക്കാലത്ത് പിൻവാങ്ങിയതോടെ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം വീണ്ടും പ്രതിസന്ധിയിലായെങ്കിലും യു.എന്നിന്റെയും തുർക്കിയയുടെയും നയതന്ത്ര ഇടപെടലിലൂടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.