കാരാഗൃഹത്തിൽ ആയിരം നാൾ പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഐക്യദാർഢ്യമറിയിക്കാൻ ഒരുക്കിയ സായാഹ്നം അതിജീവനത്തിനായി നടത്തിയ ചരിത്ര സമരത്തിന്റെ ഒാർമപ്പെടുത്തൽ കൂടിയായി മാറിയ ദിവസമായിരുന്നു ജൂൺ ഒമ്പത്. മകൻ ആയിരം ദിവസം ജയിലിലാണെങ്കിലും നിവർന്നുനിൽക്കേണ്ട സമയമാണിതെന്ന ഉമറിന്റെ പിതാവ് എസ്.ക്യൂ.ആർ ഇല്യാസിന്റെ വാക്കുകൾ വൃഥാവിലല്ല എന്നു തെളിയിക്കുന്നതായിരുന്നു അഭിവാദ്യമനസ്സുമായെത്തിയ ജനങ്ങളുടെ ബാഹുല്യം.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിരന്തരം പരിപാടികൾക്കെത്താറുള്ള താൻ ഇക്കാലത്തിനിടയിൽ ഇത്രയും വലിയ ആൾക്കൂട്ടത്തെ ഇവിടെ കണ്ടിട്ടില്ലെന്നു പറഞ്ഞായിരുന്നു ഡൽഹി സർവകലാശാല പ്രഫസറും രാജ്യസഭാംഗവുമായ മനോജ് ഝാ സംസാരം തുടങ്ങിയത് തന്നെ. ഈ തടിച്ചുകൂടിയവരെല്ലാം ഉമർ എന്ന വ്യക്തിക്ക് വേണ്ടിയല്ല, മറിച്ച് ഉമറിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിവന്നവരാണെന്നും ജനാധിപത്യത്തിൽ വിയോജിപ്പിന് എന്തുമാത്രം ശക്തിവേണമെന്ന ഉമറിന്റെ കാഴ്ചപ്പാടിനോട് യോജിപ്പ് പ്രകടിപ്പിച്ചവരാണെന്നും ഝാ ഓർമിപ്പിച്ചു.
ഉമർഖാലിദിന്റെ പോരാട്ടത്തെ മറവിയിലേക്ക് തള്ളാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിലും ഇത്രയും പേർ ഇവിടെ ഒത്തുചേർന്നത് ആ പോരാട്ടം വിസ്മൃതിയിലാക്കാൻ അനുവദിക്കില്ലെന്നതിെൻറ തെളിവാണെന്നാണ് മഗ്സസെ അവാർഡ് ജേതാവായ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ചൂണ്ടിക്കാണിച്ചത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നവരും വരാനായില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എഴുതുന്നവരും മൊബൈൽ ഫോണുകളിലൂടെ ലൈവായി നൽകുന്ന ഈ പരിപാടി കാണുന്നവരുമെല്ലാം വലിയൊരു ധർമമാണ് ചെയ്യുന്നത്.
വിയോജിപ്പിനുള്ള ഇടങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുന്ന ഡൽഹിയിൽ ഇത്തരമൊരു പരിപാടി പ്രസ് ക്ലബിൽ നടത്താനായതുേപാലും വലിയ കാര്യമാണെന്നും രവീഷ് അഭിപ്രായപ്പെട്ടു. ഇതുവരെ പുറത്തുവന്ന വിഡിയോയിലും ചിത്രങ്ങളിലുമെല്ലാം ചിരിച്ചുനിൽക്കുന്ന ഒരു ആൺകുട്ടിയെയാണ് കാണുന്നത്. അവൻ അവനുവേണ്ടിയല്ല, നമുക്കെല്ലാം വേണ്ടിയാണ് ചിരിമായാതെ നിലകൊള്ളുന്നതെന്നും നാമോർക്കണം. ആയിരം ദിവസമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. ജാമ്യവും നൽകിയിട്ടില്ല.
ഉമറിന്റെയും സഹപ്രവർത്തകരുടെയും ജയിൽവാസത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ സകല പൗരർക്കും നിർബന്ധമാകുന്നത് എന്തുകൊണ്ടാണെന്നും രവീഷ് പറഞ്ഞു. പൗരത്വ സമരം ജയിലിനകത്ത് കിടക്കുന്നവരുടേതല്ല, പുറത്ത് കഴിയുന്ന തങ്ങളുടേതുകൂടിയാണ് എന്നു പറയുകയാണ് ഉമറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർ ചെയ്തത്.
യാതനകൾ അനുഭവിപ്പിക്കുന്നതോടെ താനും അത്തരമൊരവസ്ഥയിലേക്ക് എത്തുമെന്ന് കൂടെയുള്ളവർ ചിന്തിക്കുന്നതിനുവേണ്ടിയായിരുന്നു ഉമറിനെയും സഹപ്രവർത്തകരെയും ജയിലിലടച്ചത്. നേരത്തേ ശബ്ദിച്ചുകൊണ്ടിരുന്നവരിൽ ചിലർ മിണ്ടാതായത് രവീഷ് ഓർമിപ്പിച്ചു. എന്നാൽ, അത്തരത്തിൽ ധൈര്യം ചോർന്നുപോയവർ വിരലിലെണ്ണാവുന്നവരാണെന്നും ആയിരക്കണക്കിനാളുകൾ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെ വന്നുചേർന്ന മനുഷ്യർ സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതികൾ ഭരണകൂടത്തിന് വിധേയമായ സാഹചര്യത്തിലാണ് രാജ്യമെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. വിമർശിക്കുന്ന ആരെയും ഭരണകൂടത്തിന് പിടിച്ചിടാൻ കഴിയുന്ന കഠോരനിയമം ഉപയോഗിച്ചാണ് ഉമറിനെ കാരാഗൃഹത്തിലടച്ചത്. സംസ്കൃതരായ ഒരു സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത നിയമമാണ് യു.എ.പി.എ. പ്രതിരോധിക്കാനും പ്രതിഷേധിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമുള്ള അവകാശത്തിനെതിരെയാണിത് പ്രയോഗിക്കുന്നത്.
സർക്കാറിന് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവരെ ഈ നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്യും. ഏതു നിയമത്തിെൻറ മറവിലാണെങ്കിലും അറസ്റ്റ് നടന്ന് ഒരു വർഷം കഴിഞ്ഞും വിചാരണ ആരംഭിച്ചില്ലെങ്കിൽ ജാമ്യം നിർബന്ധമാക്കുന്ന നിയമത്തിനായി അടിയന്തരമായി പോരാടേണ്ട സമയമാണിതെന്ന് പട്നായിക് ചൂണ്ടിക്കാട്ടി.
ജി 20യുടെ വിവിധ പരിപാടികൾക്കായി രാജ്യത്തുടനീളം സ്ഥാപിച്ച ബോർഡുകളിൽ ‘ജനാധിപത്യത്തിന്റെ അമ്മ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന് എഴുതി വെച്ചതിനെ കുറിച്ച് മനോജ് ഝാ പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാകാം. എന്നാൽ, ആ അമ്മക്ക് വലിയ രോഗമാണിന്ന്. കഴിഞ്ഞ ഒമ്പതു വർഷമായി അമ്മയുടെ എല്ലാ അവയവങ്ങളെയും രോഗം ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി തന്നെയാണ് രാജ്യം എന്ന സാഹചര്യം വന്നു. രാജ്യദ്രോഹത്തിന് ഇതിലും കടുത്ത ശിക്ഷ വേണമെന്ന് നിയമ കമീഷനെ കൊണ്ട് പറയിപ്പിച്ചു.
എന്നാൽ, ഒരുവിചാരധാരയും അമൃതം കഴിച്ചല്ല ഭരണത്തിലേറുന്നതെന്ന് പ്രഫസർ ഝാ ഓർമിപ്പിച്ചു. ഇൗ വിചാരധാരയും പോകാതിരിക്കില്ല. ജയിലിൽ ആയിരം നാൾ ഇരുന്നിട്ടും ഉമർ വായിക്കുന്നത് ‘ഏകാധിപതിക്കു മുന്നിൽ എങ്ങനെ എഴുന്നേറ്റു നിൽക്കാം’ എന്ന പുസ്തകമാണ്. ഉമർ ജയിലിൽ നിന്നയച്ച ആ കത്ത് മുറുകെ പിടിച്ചാണ് ഓരോരുത്തരും ഇരിക്കുന്നത്.മാറ്റത്തിന്റെ മണമടിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ മാറി വരും. അടുത്ത വർഷം നാം ഇതുപോലെ ഇവിടെ ഒരുമിച്ചുകൂടുമ്പോൾ ഒരു പക്ഷേ ഉമറും നമുക്കൊപ്പമിരിപ്പുണ്ടാവും എന്ന പ്രതീക്ഷയും ഝാ പങ്കുവെച്ചു.
‘അനീതിയുടെ ആയിരം നാളുകൾ’ ഉമറിനുവേണ്ടി മാത്രമുള്ളതല്ല, മുഴുവൻ രാഷ്ട്രീയ തടവുകാർക്കും വേണ്ടിയുള്ളതാണെന്ന് എല്ലാവരും ആവർത്തിച്ചു. ഉമറിനെ കാണാത്ത ആയിരം നാളുകൾ പ്രതിരോധത്തിന്റെ ആയിരം നാളുകൾ മാത്രമല്ല, പ്രതീക്ഷകളുടെ ആയിരം നാളുകൾ കൂടിയാണ് അവർക്ക്. പൗരത്വ സമരകാലത്ത് ഓരോ സമരവേദിയിലും മുഴങ്ങിയ ഹബീബ് ജാലിബിന്റെ വരികൾ വീണ്ടുമൊരിക്കൽ കൂടി അവർ ഒരുമിച്ചിരുന്ന് കേട്ടു. പ്രസ് ക്ലബിന്റെ പുതിയ അയൽപക്കമായി വന്നു ചേർന്ന പുതിയ പാർലമെന്റിന്റെ ചുമരുകളിൽ തട്ടി ആ വരികൾ പ്രതിധ്വനിച്ചു.
ഐസെ ദസ്തൂർ കോ
സുബ്ഹെ ബേ നൂർ കോ
മേ നഹീ മാൻതാ
മേ നഹീ ജാൻതാ...
(അത്തരം നിയമങ്ങളെ
പ്രകാശം കെട്ട പുലരികളെ
ഞാൻ വകവെക്കുകയില്ല
എനിക്ക് അറിയുകയുമില്ലത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.