ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മൂന്നാമത്തെ വലിയ ഭക്ഷ്യ പ്രതിസന്ധിയാണ് ലോകം ഇപ്പോൾ നേരിടുന്നത്. ഇതിനുമുമ്പ് 2001-08 ലും 2010-11 ലും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു സമാനമായ ഭക്ഷ്യപ്രതിസന്ധി ഉണ്ടായി. കാർഷിക ഉല്പന്നങ്ങളുടെ അപര്യാപ്തതയും ഭക്ഷ്യവസ്തു വിലവർധനവും, ഈ കാലയളവിൽ ജനങ്ങളെ സാമ്പത്തികമായി പിടിച്ചുലച്ചു.
കോവിഡ് മഹാമാരിയും കാലാവസ്ഥാവ്യതിയാനവും രാസവള ദൗർലഭ്യവും മേഖല തിരിച്ചുള്ള യുദ്ധവുമാണ് 2022 ലെ ഭക്ഷ്യപ്രതിസന്ധിയുടെ കാരണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. പട്ടിണിയും ഭക്ഷ്യക്ഷാമവും എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. 2020 ലെ ഭക്ഷ്യവസ്തുക്കളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, 40 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
കാർഷിക രംഗത്തും ഭക്ഷ്യമേഖലയിലും ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്ക് അത്യാവശ്യമാണന്ന തിരിച്ചറിവ് സമൂഹത്തിൽ ഉണ്ടായിട്ടുള്ളത് ശുഭലക്ഷണമാണ്. ഓരോ രാജ്യത്തിന്റെയും സംസ്കാരത്തിന് അനുസൃതമായ പരമ്പരാഗത കാർഷിക വിജ്ഞാനത്തെയും തദ്ദേശീയ ഭക്ഷ്യവിഭവ സംവിധാനത്തെയും കാലാനുസൃതമായി വികസിപ്പിച്ചാൽ മാത്രമേ ഈ മടങ്ങിപോക്ക് യാഥാർഥ്യമാകൂ.
കാലാവസ്ഥാഉച്ചകോടികളും ഹരിതഗൃഹവാതക ബഹിഗർമന ലഘൂകരണ പരിപാടികളും സംഘടിപ്പിച്ച് മാത്രം കാർഷിക പ്രതിസന്ധിയും പോഷക ഭക്ഷ്യ ദൗർലഭ്യവും പരിഹരിക്കാനാവില്ല. ഓരോരാജ്യത്തെയും ചെറുകിട ഇടത്തരം കർഷകർ നടപ്പാക്കിവരുന്ന കാർഷിക പരിപാലനരീതികളും തദ്ദേശീയ ഗോത്രവർഗ ജനതയുടെ ഭക്ഷ്യസംവിധാനങ്ങളും സമന്വയിപ്പിച്ചുള്ള കർമപദ്ധതി ആഗോളതലത്തിൽ നടപ്പാക്കേണ്ടതുണ്ട്.
ആഫ്രോ ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ തദ്ദേശ ജനത പിന്തുടരുന്ന കാർഷിക ഭക്ഷ്യനിർമിതി മാർഗങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അഭികാമ്യമാണെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 2021 ലെ ലോക ഭക്ഷ്യകാർഷിക സംഘടന റിപ്പോർട്ടിലും ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നു.
ഗോത്രവർഗങ്ങളും അവരോടൊപ്പം സഹകരിക്കുന്ന തദ്ദേശീയ ജനതയും പരമ്പരാഗതമായി നടത്തിവരുന്ന കൃഷിപരിപാലനം മണ്ണിന് ജൈവസംരക്ഷണം ഉറപ്പാക്കുന്നതും പ്രകൃതിയുമായി താദാമ്യം പ്രാപിക്കുന്നതുമാണെന്ന് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
അവരുടെ ഭക്ഷ്യവിഭവങ്ങൾ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. ലോകത്ത് 828 മില്യൺ ജനങ്ങൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് ബോധ്യപ്പെടുമ്പോൾ, തനത് മാർഗത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും ഉപയോഗവും ശരിയായ ദിശയിൽ വിനിയോഗിച്ചാൽ, പ്രതിസന്ധിക്ക് ഒരളവോളം പരിഹാരം കണ്ടെത്താനാവും.
ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയോടെ, ഗോത്രങ്ങളുടെയും തദ്ദേശനിവാസികളുടെയും വിജ്ഞാനവും വിശ്വാസവും അശാസ്ത്രീയമാണെന്ന ഒരു ധാരണ ലോകത്ത് പടർന്നുപിടിച്ചു. കാർഷിക ഭക്ഷ്യമേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരിലും സർക്കാർ സംവിധാനങ്ങളിലും ഇതു പ്രകടമായി.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമൻ ശാസ്ത്രജ്ഞനായ ജസ്റ്റിസ് വുൺ ലിബെഗ് കാർഷികരസതന്ത്രത്തിൽ നടത്തിയ മുന്നേറ്റത്തിന്റെ അനന്തര ഫലമായുണ്ടായ സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങളുടെ അലയൊലികൾ എല്ലാ കാർഷികരാജ്യങ്ങളിലും ദൃശ്യമാണ്.
രാസവള വ്യവസായത്തിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന ലിബെഗിന്റെ വിജയഗാഥയിൽനിന്ന് ഉയർന്നുവന്ന ഹരിതവിപ്ലവം തദ്ദേശീയ ഗോത്രവർഗ ജനതയുടെ കാർഷിക പരിസ്ഥിതി സംസ്കാരത്തെയാണ് തകർത്തുകളഞ്ഞത്.1960 കളിലും ’70 കളിലും അരങ്ങേറിയ ഈ കാർഷിക വിപ്ലവം മണ്ണിന്റെ ജൈവഘടനയെ മാറ്റിമറിച്ചു.
അമിത രാസവളപ്രയോഗവും അനിയന്ത്രിത കീടനാശിനി ഉപയോഗവും മണ്ണിനെ വിഷലിപ്തമാക്കി. ഹരിതവിപ്ലവം കഴിഞ്ഞ് ഏകദേശം 40 വർഷങ്ങൾ പിന്നിട്ടപ്പോഴാകട്ടെ വികസ്വരരാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും കാർഷിക ഭക്ഷ്യപ്രതിസന്ധികളാണ് ഉടലെടുത്തത്.
ഇപ്പോഴത്തെ കാർഷിക പ്രതിസന്ധിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും മറികടക്കണമെങ്കിൽ, ആത്മബന്ധത്തിലധിഷ്ഠിതമായ കാർഷികഭക്ഷ്യ സംസ്കൃതി ഉരുത്തിരിയണമെന്നാണ് സ്വദേശിവത്കരണത്തിനായി വാദിക്കുന്ന കാർഷികപരിസ്ഥിതി ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. ഇത് സാധ്യമാകണമെങ്കിൽ കൃഷിയും ഭൂമിയും പ്രകൃതിയും തമ്മിൽ ബന്ധപ്പെട്ടുനില്ക്കുന്ന ഒരു ആത്മീയ വശത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.
സാധാരണ മനുഷ്യന് പെെട്ടന്ന് അറിയാനാകാത്തതും, എന്നാൽ സസൂക്ഷമംവിലയിരുത്തിയാൽ ബോധ്യമാകുന്നതുമായ ഒരുജ്ഞാനധാര കൃഷിയുമായി ബന്ധപ്പെട്ട് പ്രകൃതിയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന്, മെക്സിക്കോയിലെ പ്രശസ്ത കാർഷിക പരിസ്ഥിതി ശാസ്ത്രജ്ഞൻ വിക്ടർ എം. തൊലെദോയെപ്പോലെയുള്ള ഒരുഡസനിലധികം ഗവേഷകർ ഉറപ്പിച്ചുപറഞ്ഞിട്ടുള്ളത് പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമാണ്.
അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭൗതിക വൃത്തത്തിൽനിന്നുകൊണ്ട്, തദ്ദേശീയ ഗോത്രവർഗ വിഭാഗത്തിന്റെ പരമ്പരാഗത കാർഷിക ഭക്ഷ്യസംസ്കാരത്തിൽ അന്തർലീനമായിട്ടുള്ള ആത്മബന്ധിയായ ശാസ്ത്രവിചാരത്തെ നിഷേധിക്കാനാകില്ലെന്ന് ലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഗോത്രവർഗത്തിന്റെയും തദ്ദേശീയരുടെയും കാർഷിക ഭക്ഷ്യസംസ്കൃതിക്ക് നേർക്കുള്ള പാശ്ചാത്യരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കൻ ഭരണവർഗത്തിന്റെ വിദ്വേഷപരമായ നയസമീപനം തിരുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. 2021ൽ നടന്ന യു.എൻ ഭക്ഷ്യഉച്ചകോടിയിൽ ഉണ്ടായ വിവാദങ്ങൾ ഇതിന് ഉദാഹരണമാണ്.
എന്ത് കൃഷിചെയ്യണം, ഏതു ഭക്ഷിക്കണം എന്ന ഗോത്രവർഗതദ്ദേശീയ സമൂഹത്തിന്റെ മൗലികാവകാശം ഇല്ലാതാക്കുന്ന തരം നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്നാണ് അവികസിത രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികൾ ഉച്ചകോടിയിൽ വാദിച്ചത്. കാർഷിക ഉല്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും ഭൗതിക ആവശ്യം നിറവേറ്റുന്നതിനു മാത്രമായുള്ള ഒരു വില്പനചരക്കല്ലെന്ന നിലപാടാണ് സ്വതന്ത്ര ഭക്ഷ്യാവകാശ സംഘടനകൾക്കുള്ളത്.
കാര്യങ്ങൾ എന്തായാലും, കാർഷികഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് ഭൗതിക പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിദത്തമായ ആത്മീയചേതനയും സജ്ജീവമാകണമെന്ന നിലപാടിന് ആഗോളതലത്തിൽ പിന്തുണ ഏറിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.