മാധ്യമങ്ങളിലെ വ്യക്തി: ബലൂൺ കോ​​ൺഗ്രസ്

ശശി തരൂരിനെക്കുറിച്ച് സഹപ്രവർത്തകർക്കും പ്രതിയോഗികൾക്കുമെല്ലാം പൊതുവായുള്ളൊരു പരാതി, അ​ദ്ദേഹം പറയുന്നത് ആർക്കും വേണ്ടത്ര മനസ്സിലാകുന്നില്ല എന്നായിരുന്നു. തരൂരിന്റെ ഭാഷയും പ്രയോഗവുമൊന്നും ആ നിലയിൽ മനസ്സിലാകാൻ നമ്മുടെ രാഷ്ട്രീയമണ്ഡലം പാകപ്പെട്ടിട്ടില്ല എന്നും വേണമെങ്കിൽ പറയാം. അതെന്തായാലും, രാഷ്ട്രീയമണ്ഡലത്തിലെ ഈ ദൗർബല്യം നന്നായി മുതലെടുത്തിട്ടുണ്ട് തരൂർ. പലരെയും അടിച്ചിരുത്താൻ വേണ്ടുവോളം പ്രയോഗിച്ചിട്ടുമുണ്ട്. അങ്ങനെയാണ് ചാനലിൽ അലറിവിളിക്കുന്ന അർണബിനുനേരെ 'എക്സാസ്പെരേറ്റിങ് ഫെരാഗോ' എന്ന അസ്ത്രം തൊടുത്തത്. സർവവിജ്ഞാനങ്ങളുടെയും അവസാന വാക്ക് ഗൂഗ്ളാണെന്ന് ധരിച്ചവരെ 'വെബാഖൂഫ്' എന്ന് ട്രോളിയതുമൊക്കെ ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇന്നിപ്പോൾ ഇതിനൊക്കെ മാറ്റം വന്നിട്ടുണ്ട്. പഴയതുപോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ അൽപം അയവുവന്നിരിക്കുന്നു; മുറി മലയാളം തെളിമലയാളത്തിലേക്ക് ചെറുതായി നീങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോൾ ഭാഷയും പ്രയോഗവുമൊന്നുമല്ല കുഴപ്പക്കാരൻ; തരൂർ തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. ഡൽഹിയിൽനിന്നിറങ്ങി കേരളത്തിൽ സെന്റർഫോർവേഡ് കളിക്കുന്നത് കൂടെയുള്ളവർക്ക് അത്ര പിടിക്കുന്നില്ല. ഇത് സമാന്തര രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് ഗ്രൂപ് ഭേദമെന്യേ സകലരുടേയും ആരോപണം.

തോറ്റുതോറ്റു ജയിക്കുക എന്നതാണ് തരൂരിന്റെ ലൈൻ. തോറ്റിടത്തുനിന്നുതന്നെ പിന്നീട് ജയിച്ചു കയറുകയല്ല; ആദ്യ തോൽവി മറ്റൊരിടത്ത് സാധ്യതയാക്കിമാറ്റി അവിടെ വിജയിക്കുക എന്നതാണ് ഇപ്പറഞ്ഞതിന്റെ പൊരുൾ. 2006ൽ, യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ബാൻ കി മൂണുമായി മത്സരിച്ചത് ഓർമയില്ലേ? അന്ന് തോറ്റു. ആ തോൽവിയിൽനിന്ന് ലഭിച്ച രാഷ്ട്രീയ മൂലധനമാണ് മൂന്നാം വർഷം ഇന്ത്യയിലിറക്കിയത്. ഓക്സ്ഫഡ് ആക്സൻറിൽ ഇംഗ്ലീഷ് പറയുന്നൊരു സവർണ മലയാളി. തിരുവിതാംകൂറിൽ ഇതിൽപരമൊരു സാധ്യതയുണ്ടോ. സോണിയക്കു മുന്നിൽ ആ സാധ്യത അവതരിപ്പിച്ചപ്പോൾ മാഡത്തിന് നൂറ് വട്ടം സമ്മതം. തിരുവനന്തപുരത്തേക്കുള്ള ആ വരവ് കോൺഗ്രസുകാർക്ക് അത്ര പിടിച്ചില്ല. ഹൈകമാൻഡ് നൂലിൽ ഇറക്കിയ 'ഡൽഹി നായർ' എന്ന് സ്വന്തക്കാർ തന്നെ പണ്ട് പലവട്ടം കളിയാക്കി; സാമ്രാജ്യത്വ ചാരൻ എന്നു വിളിച്ചു. മറുപക്ഷത്തുള്ളവർ അന്ന് തരൂരിൽ കണ്ടെത്തിയ കുറ്റം അദ്ദേഹത്തിന് മലയാളം വശമില്ല എന്നതായിരുന്നു. ഈ പ്രചാരണങ്ങളത്രയും ജനം തള്ളി. 2009ൽ തിരുവനന്തപുരത്തിന്റെ എം.പിയായി; മൻമോഹൻ സഭയിൽ സഹമന്ത്രിയുമായി. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ശബരിമല കോടതി വിധിക്കുശേഷം, തിരുവിതാംകൂറിൽ ഒന്നാഞ്ഞുശ്രമിക്കാനെത്തിയ കുമ്മനം പോലും 2019ൽ തരൂരിനു മുന്നിൽ അടിയറവു പറഞ്ഞു. ഒരിടത്തെ തോൽവി തീർത്തും വ്യത്യസ്തമായ മറ്റൊരിടത്ത് എങ്ങനെ വിജയമാക്കി മാറ്റാമെന്നതിന്റെ മികച്ച ദൃഷ്ടാന്തം.

തോൽവി രുചിച്ചിരിക്കുന്ന തരൂരിനെ പേടിക്കണമെന്നുകൂടിയാണ് ഇതിനർഥം. ഏതുനിമിഷവും വലിയൊരു വിജയത്തിലേക്കുള്ള ഇടവഴിയായി അത് പരിണമിച്ചേക്കാം. ഇപ്പോൾ വീണ്ടുമൊരു തോൽവി രുചിച്ചിരിക്കുകയാണ് തരൂർ. പ്രതീക്ഷിച്ചതും സുനിശ്ചിതവുമായൊരു തോൽവി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു മത്സരം. ഒരു വശത്ത്, സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയയുടെയും കൂട്ടരുടെയും അകമഴിഞ്ഞ പിന്തുണയോടെ മല്ലികാർജുൻ ഖാർഗെ എന്ന നേതാവ് ഔദ്യോഗിക സ്ഥാനാർഥിയായി രംഗപ്രവേശനം ചെയ്യുന്നു. സാധാരണഗതിയിൽ മറ്റൊരാളും മത്സരിക്കാൻ സാധ്യതയില്ലാത്തൊരു തെരഞ്ഞെടുപ്പ് ഗോദ. അവിടെയാണ് സൗഹൃദമത്സരത്തിന്റെ സാധ്യതയുമായി തരൂർ എത്തിയത്. അത് പാർട്ടി അച്ചടക്കത്തിന് എതിരുമല്ല. പാർട്ടിയിലെ 'ഭക്തസംഘം' ആ ഉദ്യമത്തെ കണക്കിന് കളിയാക്കി. ഇങ്ങ് കേരളത്തിൽനിന്നുപോലും തരൂരിന് വോട്ട് കിട്ടില്ലെന്ന് സകലരും പ്രവചിച്ചു. പക്ഷേ, ബാലറ്റ് തുറന്നപ്പോൾ വിജയം ഏകപക്ഷീയമായിരുന്നില്ല. ആയിരത്തിനുമുകളിൽ പി.സി.സി അംഗങ്ങൾ തരൂരിനെ പിന്തുണച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മറ്റൊരു 'ലിറ്റ്മസ് ടെസ്റ്റിൽ' തരൂർ ജയിച്ചിട്ടുണ്ട്. കേരളത്തിലെ യൂത്തന്മാരും ഒപ്പമുണ്ടെന്ന് മനസ്സിലായി. എങ്കിൽപിന്നെ അതിൽപിടിച്ചൊരു കളിയാകാമെന്നായി. അങ്ങനെയാണ് ഡൽഹിയിലെ കളി താൽക്കാലികമായി നിർത്തിവെച്ച് കേരളത്തിലേക്ക് വന്നത്. മലബാർ പര്യടനമായിരുന്നു ആദ്യം. സംഘാടകരായി യൂത്ത് കോൺഗ്രസുകാരും. എല്ലായിടത്തും തരൂരിനെ കേൾക്കാൻ വലിയ ജനക്കൂട്ടവുമുണ്ട്. പഴയപോലെയല്ല, തരൂരിനെ ഇടതുപക്ഷം പോലും പലവേളകളിൽ പിന്തുണക്കുന്നുമുണ്ട്. ഈ പോക്കുപോയാൽ കെ.പി.സി.സിയിൽ ഒരു താക്കോൽ സ്ഥാനം തരൂരിന് തരപ്പെടുമെന്നുറപ്പാണ്. അപ്പോൾപിന്നെ അപ്രഖ്യാപിത വിലക്കല്ലാതെ വേറെ മാർഗമില്ല. സുധാകരനും ചെന്നിത്തലയും സതീശനുമൊക്കെ ഈ നയത്തിൽ ഒറ്റക്കെട്ടാണ്. ഭിന്നാഭിപ്രായമുള്ളത് മുരളീധരന്​ മാത്രം. പണ്ടേ ഉള്ളുതുറന്നു സംസാരിക്കുന്ന ശീലക്കാരനായ മുരളി ഉള്ള കാര്യം വെട്ടിത്തുറന്നു പറഞ്ഞു: തരൂരിനെ പേടിക്കുന്നവരും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുന്നവരും മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ചവരാണത്രേ.

തരൂരിന്റേത് വിഭാഗീയ പ്രവർത്തനമാണെന്നാണ് സതീശനും സുധാകരനുമെല്ലാം പറയുന്നതിൽ കാര്യമില്ലാതില്ല. അല്ലെങ്കിൽ അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറച്ചുകാലമായി തരൂർ പറഞ്ഞുകൂട്ടുന്നതത്രയും പാർട്ടി നയങ്ങളല്ല. സിൽവർലൈൻ വിഷയം തന്നെ നോക്കൂ. കാസർകോട് മുതൽ തിരുവനന്തപുരം വരെ കോൺഗ്രസുകാർ പൊലീസുകാരുടെ അടിയും വാങ്ങി അറസ്റ്റും വരിച്ച് അകത്തു കിടക്കുമ്പോൾ തരൂർ പിണറായിക്കൊപ്പമായിരുന്നു. പണ്ട് അനന്തപുരിയെ ബാഴ്സലോണ നഗരമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഹാങ്ഓവറിൽ ടിയാൻ പിണറായിയും സംഘവും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ വികസനത്തിന്റെ വിത്തുകളായി വാഴ്ത്തി. മാത്രവുമല്ല, പാർട്ടി മുന്നോട്ടുവെച്ച സിൽവർലൈൻ വിരുദ്ധവാദങ്ങൾക്കെല്ലാം തരൂർ മറുപടിയും നൽകി. ഇപ്പോൾ വിഴിഞ്ഞം സമരത്തിലും തരൂർ പാർട്ടിക്കൊപ്പമില്ല. ഇങ്ങനെ പാർട്ടിലൈനിൽ നിന്ന് മാറി നടക്കുന്നൊരാൾ പെട്ടെന്നൊരു ദിവസം, യൂത്ത് കോൺഗ്രസുകാരുടെ തോളിൽ കൈയിട്ട് മലബാറിലേക്ക് വണ്ടികയറിയാൽ ആരും സംശയിക്കും. എന്നാലും, നേതാക്കൾ മാന്യന്മാരാണ്. ആരും പരസ്യമായി തരൂർജിയെ അധിക്ഷേപിക്കരുതെന്നാണ് സെമി കേഡർ പാർട്ടിയുടെ തീട്ടൂരം. വേണമെങ്കിൽ രഹസ്യമായി അധിക്ഷേപിച്ചോളൂ, അല്ലെങ്കിൽ പരോക്ഷമായി വിമർശിച്ചോ എന്നൊക്കെയാണ് ഈ ഉത്തരവിന്റെ അർഥം. സതീശനൊക്കെ ഈ ലൈനിലാണ്. ഒരു പ്രസ്താവന നോക്കൂ: 'മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ ഒരു സൂചിവെച്ച് കുത്തിയാൽ പൊട്ടിപ്പോകും, ഞങ്ങളൊന്നും അങ്ങനെ പൊട്ടില്ല''.

എന്നുവെച്ച്, തരൂർ പാർട്ടിവിടുമെന്നോ അല്ലെങ്കിൽ പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കുമെന്നോ തെറ്റിദ്ധരിക്കരുത്. എക്കാലത്തും ഇതാണ് തരൂരിന്റെ ലൈൻ. വീർപ്പിച്ച് വീർപ്പിച്ച് ബലൂൺ പൊട്ടുമെന്ന് വരുമ്പോൾ കാറ്റഴിച്ചുവിട്ട് സന്തുലിതത്വം കൈവരിക്കാനുള്ള അസാമാന്യപാടവം പണ്ടേ വിഖ്യാതമാണ്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ കണ്ട് തരൂർ സംഘ്പരിവാർ പക്ഷത്തേക്ക് പോയി എന്നു പറഞ്ഞവരിൽ സാക്ഷാൽ കോടിയേരി വരെയുണ്ട്. മോദിയുടെ ഇസ്രായേൽ ബന്ധമടക്കമുള്ള വിദേശനയങ്ങളെ പിന്തുണച്ചപ്പോൾ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് പ്രവചിച്ചവർ വരെയുണ്ട്. തരൂർ എങ്ങുംപോയില്ലെന്നു മാത്രമല്ല, സംഘ്പരിവാറിന്റെ ​ഒന്നാം നമ്പർ ശത്രുവായും മാറി. നോട്ട് നിരോധനത്തെയൊക്കെ തരൂരിനോളം കളിയാക്കിയ നേതാക്കളുണ്ടാകുമോ? അപ്പോൾ തരൂർ ഇങ്ങനെയൊക്കെയാണ്: വാക്കിന്റെയും പ്രവൃത്തിയുടെയും പൊരുൾ മനസ്സിലാകാൻ കുറച്ചു സമയമെടുക്കും. ഇപ്പോഴത്തെ അപ്രതീക്ഷിത കേരളപര്യടനത്തിന്റെ അർഥവും അറിയാനിരിക്കുന്നേയുള്ളൂ. കാത്തിരിക്കാം.

Tags:    
News Summary - About Shashi Tharoor's new political moves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT