പെൺകുഞ്ഞുങ്ങളും സ്​ത്രീകളും സുരക്ഷിതരായിരിക്കണം

2017ലാണ് വാളയാറിൽ ലൈംഗികാക്രമണങ്ങൾക്കു ശേഷം രണ്ടു ദലിത് പെൺകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത്. ഈ കേസിൽ മൂന്ന് പ്രതികളേയും പാലക്കാട് സ്​പെഷൽ പോക്സോ കോടതി വെറുതെവിട്ടു. ശക്തമായ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തിയ ആ വിധി ഇപ്പോൾ ഹൈകോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയുമുണ്ടായി.

പൊലീസിെൻറ നിരുത്തരവാദിത്തവും നിക്ഷിപ്തതാൽപര്യവും മൂലം തെളിവുകൾ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ പുനർവിചാരണയല്ല, പുനരന്വേഷണമാണ് നടക്കേണ്ടത് എന്ന ആവശ്യം ഹൈകോടതിവിധിക്കു ശേഷം ഉയർന്നുവന്നിരുന്നു. ഹൈകോടതിവിധി വന്നശേഷം പെൺകുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി സി.ബി.ഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. ഈ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടാൻ ഇപ്പോൾ സർക്കാർ തീരുമാനിച്ചത്​ ആശ്വാസകരമാണ്​.

ഈ കാലയളവിൽ വാളയാർകേസിൽ നീതിക്കു വേണ്ടിയുള്ള സമ്മർദസമരങ്ങളും രാഷ്​ട്രീയലാഭം ലാക്കാക്കിയ സമരാഭാസങ്ങളും നടന്നു. ബി.ജെ.പി നടത്തിയ നിരാഹാരസമരത്തിെൻറ അപഹാസ്യത ഞാൻ അന്നുതന്നെ തുറന്നുകാണിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന മനഃപൂർവമായ മുസ്​ലിം, ദലിത് ബലാത്സംഗക്കൊലകൾ അറിയാതെയാണോ എഴുത്തുകാരനായ ഡോ. ജോർജ് ഓണക്കൂർ കുമ്മനം രാജശേഖ​ര​െൻറ വാളയാർ നിരാഹാരസമരം ഉദ്ഘാടനംചെയ്യാൻ പോയത് എന്ന പ്രതിഷേധമായിരുന്നു ഞാൻ ഉയർത്താനാഗ്രഹിച്ചത്.

കഠ്​വയിൽ ഒരു മുസ്​ലിം ബാലിക ആ വിധം കൊല്ലപ്പെട്ടത് രാജ്യം മുഴുവൻ നടുക്കത്തോടെ കേട്ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും ഗുജറാത്ത് വംശഹത്യ എങ്ങനെയാണ് മാനവ സ്​നേഹത്തിനുവേണ്ടി എന്നെന്നും നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് മറക്കാനാവുക എന്നതായിരുന്നു എെൻറ ആധി മുഴുവനും. ആ ഓർമപ്പെടുത്തലുകൾക്ക് വേണ്ടി മാത്രമാണ് പിറ്റേന്ന് അദ്ദേഹത്തോടൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

അതിനുശേഷം കേരളത്തിൽത്തന്നെ പാലത്തായിയിൽ പത്തു വയസ്സുള്ള പെൺകുട്ടിയെ ബി.ജെ.പി അധ്യാപക സംഘടന നേതാവായ പത്മരാജൻ ലൈംഗികമായി ആക്രമിച്ച കേസ്​ പുറത്തുവന്നു. പാലത്തായിയിലെ പെൺകുഞ്ഞിന് നീതി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ നിരാഹാരസമരം നടത്തുമോ? എഴുത്തുകാരെ ജീവിതകാലത്ത് സമൂഹം സ്​നേഹിക്കുന്നതും ആദരിക്കുന്നതും അവർ സത്യത്തിനും നീതിക്കുമൊപ്പം നിൽക്കുന്നതുകൊണ്ടു മാത്രമാണ്.

ഉപാധികളില്ലാത്ത സ്​നേഹം സമൂഹത്തിൽനിന്ന് എഴുത്തുകാർ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. സ്​ത്രീകൾ നേരിടേണ്ടിവരുന്ന ദുരന്തങ്ങൾ ശ്രദ്ധിക്കാനും മനസ്സിലാക്കാനും തുടങ്ങുന്ന ചെറിയ പ്രായം മുതൽ എെൻറ മനസ്സിൽ മായാതെ നിൽക്കുന്ന പേരാണ് തങ്കമണി. തങ്കമണി എന്നത് ഒരു സ്​ത്രീയുടെ പേരല്ല. അന്നത്തെ ഭരണകൂടത്തിൻ കീഴിലുള്ള പൊലീസുകാർ നിരപരാധികളായ സ്​ത്രീകൾക്കുമേൽ കൂട്ടത്തോടെ ലൈംഗികാക്രമണങ്ങൾ നടത്തിയ ഗ്രാമത്തിെൻറ പേരാണ്.

തങ്കമണി ഗ്രാമം സ്​ത്രീകൾ നേരിട്ട കൂട്ട ബലാത്സംഗങ്ങളുടെ പരാമർശങ്ങൾക്കായി തങ്കമണി കേസ്​ ആയി പിന്നീട് അറിയപ്പെടുന്നു. ഇന്ത്യയിൽ സ്​ത്രീകളുടെ ചരിത്രമെന്തെന്ന അന്വേഷണങ്ങളിൽനിന്ന് കേട്ട മഥുര എന്ന സ്​ഥലനാമം എപ്പോഴും ഭയപ്പെടുത്തും വിധം തന്നെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

1972 മാർച്ച് 26 ന് ഒരു ആദിവാസിപ്പെൺകുട്ടിയെ കസ്​റ്റഡിയിൽവെച്ച് ബലാത്സംഗം ചെയ്ത കുറ്റവാളികളായ പൊലീസുകാരെ കുറ്റക്കാരല്ലെന്ന് പറഞ്ഞ് 1979 സെപ്​റ്റംബറിൽ വെറുതെവിട്ട സുപ്രീംകോടതി വിധിക്കെതിരെ രാജ്യമെങ്ങും ഉയർന്ന സ്​ത്രീകളുടെ അതിശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബലാത്സംഗനിയമത്തിൽ ഭേദഗതി വരുത്തേണ്ടിവന്നു. എന്നിട്ടും പിന്നീടും എത്രയോ സ്​ത്രീസംരക്ഷണ നിയമങ്ങളുണ്ടായിട്ടും തുടർന്നും എത്രയെത്ര സ്​ഥലങ്ങൾ പെൺകുട്ടികളുടെ കണ്ണീരിലും ചോരയിലും കുതിരുന്നു. നമ്മുടെ തൊട്ടുമുന്നിലുണ്ട് ഇപ്പോൾ ഡൽഹി, ഉന്നാവ്, കഠ്​വ, ഹാഥറസ്​ എന്നിങ്ങനെ അത്യന്തം കുപ്രസിദ്ധമായിത്തീർന്ന സ്​ഥലങ്ങൾ.

കേരളത്തിലെ സൂര്യനെല്ലി എന്ന സ്​ഥലത്തെ അപമാനകരമായ സ്​ഥലപ്പേരാക്കിയത് ഒന്നോ രണ്ടോ പേരല്ല, അധികാരവും സമ്പത്തും സ്വാധീനവുമുള്ള നാൽപതിലധികം പുരുഷന്മാർ ചേർന്നാണ്. സെക്സ്​ റാക്കറ്റ് കേസ്​ എന്ന് വാഗ്​പ്രയോഗം പോലും ഉണ്ടായത് അക്കാലത്ത് കേരളത്തിൽനിന്നാണ്. പിന്നെയും അതു തുടർന്നു.

വിതുര, കോതമംഗലം, കോഴിക്കോട്, കിളിരൂർ... ഇപ്പോൾ മുമ്പിലുള്ള വാളയാർ, പാലത്തായി വരെ. ഞാനിതെഴുതിക്കൊണ്ടിരിക്കുന്ന സമയത്തും രാജ്യത്ത്, കേരളത്തിൽതന്നെ എത്രയോ പെൺകുഞ്ഞുങ്ങൾ ലൈംഗിക ഉപദ്രവങ്ങൾക്ക് ഇരയാകുന്നുണ്ടായിരിക്കുമെന്ന അറിവ് ഭീതിദമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകളിൽ പീഡനങ്ങൾ നാട്ടിലും വീട്ടിലും നടക്കുന്നതെന്ന തരംതിരിവുണ്ട്. ലോകമാകെയുള്ള മൂന്നിൽ ഒരു ഭാഗം സ്​ത്രീകൾ (35 ശതമാനം) ശാരീരികമോ ലൈംഗികമോ ആയ ആക്രമണം വീടിനുള്ളിൽത്തന്നെ നേരിടുന്നു.

കോവിഡ് കാലയളവിൽ ഈ കണക്ക് പിന്നെയും കൂടിയിട്ടുണ്ടാകുമെന്നതിൽ സംശയം വേണ്ട. നമ്മുടെ കേരളത്തിലും കോവിഡ് കാലത്ത് വീടുകൾക്കുള്ളിൽ സ്​ത്രീകളും കുഞ്ഞുങ്ങളും നേരിടുന്ന ശാരീരികവും ലൈംഗികവുമായ ആക്രമണങ്ങളെക്കുറിച്ചുള്ള വലിയ പഠനങ്ങൾക്ക് ഈ കണക്ക് പുറത്തു കൊണ്ടുവരാനാകും.

സ്വന്തം വീടുകളിലെ സ്​ത്രീകളെത്തന്നെ ആക്രമിച്ച് യഥേഷ്​ടം പുറത്തിറങ്ങി വിഹരിക്കുന്ന പുരുഷന്മാർക്ക് ഏതു സ്​ത്രീയുടേയും മേൽ ലൈംഗികാക്രമണം നടത്താൻ പറ്റുന്ന സാമൂഹികാധികാര സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. സ്​ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ശാരീരികവും മാനസികവും ബുദ്ധിപരവും ലൈംഗികവുമായ വളർച്ചയെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായും മനുഷ്യൻ എന്ന നിലയിൽ തുല്യാവകാശത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന മനുഷ്യാവകാശ ലംഘനപ്രശ്നമായും ഈ കൊടുംക്രൂരത തുടരുകയാണ്.

എന്തുകൊണ്ടിങ്ങനെ?

സ്​ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കാൻ സർക്കാറുകൾക്ക് വലിയ രാഷ്​ട്രീയ പ്രതിബദ്ധതയും നിരന്തരമായ കഠിന പ്രയത്നവും ആവശ്യമാണ്. പുരുഷാധികാര മൂല്യസങ്കൽപങ്ങളിൽ വളർത്തപ്പെട്ട സ്​ത്രീകൾക്കിടയിൽത്തന്നെ വിപ്ലവകരമായ വലിയ അവബോധവും സൃഷ്​ടിക്കപ്പെടണം.

ശബരിമല സ്​ത്രീപ്രവേശം സംബന്ധിച്ച കോടതി വിധിയുടെ സമയത്ത് കേരളത്തിലെ സർക്കാർ നേരിട്ട ഒരു വെല്ലുവിളി ശബരിമലയിൽ സ്​ത്രീകൾ പോകുന്നതിനെ എതിർത്ത് നാമജപം നടത്തിയ സ്​ത്രീകളായിരുന്നു എന്നത് ഈ അവബോധമില്ലായ്മയുടെ ഏറ്റവും സമീപകാല ഉദാഹരണമാണ്. മുൻകാലത്ത്​ ബ്ലൗസിടാൻ തുടങ്ങിയ സ്​ത്രീകളുടെ ബ്ലൗസ്​ കീറിപ്പറിച്ചെറിഞ്ഞ സ്​ത്രീകളുണ്ടായിരുന്നതുപോലെ.

വാക്സിൻ പ്രയോഗിച്ച് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാമെന്ന് ലോകം, രാജ്യം പ്രതീക്ഷിക്കുന്നു. എന്നാൽ, നൂറ്റാണ്ടുകളായി സ്​ത്രീകൾ നേരിടുന്ന ഭയത്തെ, ഒറ്റപ്പെടലിനെ ലൈംഗികാക്രമണം എന്ന മഹാമാരിക്ക്​ ഒരുമിച്ച് ചേർന്ന് പ്രതിരോധമരുന്ന് കണ്ടുപിടിക്കണം. സർക്കാറുകൾക്കാണ് അതിൽ പ്രധാന ഉത്തരവാദിത്തം.

സ്​ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിെൻറ സമയബന്ധിതമായ കൃത്യമായ ഇടപെടലിന് പൊലീസ്​ സംവിധാനത്തിനുള്ളിൽ അടിമുടി വലിയ മാറ്റങ്ങൾ ആവശ്യമുണ്ട്. വാളയാർ കേസിൽ ഡിവൈ.എസ്.​പി സോജനു പകരം സ്​ത്രീപക്ഷ കാഴ്ചപ്പാടും സത്യസന്ധതയുമുള്ള മറ്റൊരു പൊലീസ്​ ഓഫിസറായിരുന്നുവെങ്കിൽ കേസ്​ ഈ വിധമാകുമായിരുന്നില്ല. എന്നാൽ, ഇത്തരം കാര്യങ്ങൾ വ്യക്തികളുടെ സ്വഭാവത്തെ ആശ്രയിച്ചാകരുത്. എല്ലാ പൊലീസ്​ ഉദ്യോഗസ്​ഥരും ഒരുപോലെ പാലിക്കേണ്ട പ്രക്രിയകളുടെ കുറ്റമറ്റ സിസ്​റ്റം ഉണ്ടാവുകയാണ് വേണ്ടത്.

കുഞ്ഞുങ്ങളുടേയും സ്​ത്രീകളുടേയും നേർക്കുള്ള ലൈംഗികാക്രമണ കേസുകളിൽ എല്ലാവരും കക്ഷിരാഷ്​ട്രീയാതീതമായ, മത, സമുദായാതീത നിലപാടെടുക്കുക മാത്രമാണ് സ്​ത്രീകൾക്ക് നീതി വൈകാതിരിക്കാനും നിഷേധിക്കപ്പെടാതിരിക്കാനുമുള്ള ഒരേയൊരു വഴി. കന്യാസ്​ത്രീകൾ നടത്തിയ നീതിക്കുവേണ്ടിയുള്ള സമരം ആരും മറന്നിട്ടുണ്ടാവില്ല. ഒപ്പം, കോടതികളിൽ സ്​ത്രീപക്ഷകാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള ന്യായാധിപരുണ്ടാകുകയും വേണം. ആക്രമിക്കപ്പെട്ട നടിയുടെ കേസിൽ കേരള സർക്കാറും ഇരയും നേരിടുന്ന ബുദ്ധിമുട്ടുകൾ നിരീക്ഷിക്കുമ്പോൾ ഇത്​ പറയാതിരിക്കാനാവില്ല.

Tags:    
News Summary - about security of womens and children in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.