മമലയാളത്തിെൻറ കാവ്യഭാവന കണ്ണീർത്തുള്ളിയെ സ്ത്രീയോടുപമിക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ണീർത്തുള്ളിയിൽ കാവ്യം കോർത്തൊരുക്കി അനശ്വരയായ കവയിത്രിയുണ്ട്് അറബ്ലോകത്ത്- അകാലത്തിൽ പിരിഞ്ഞ കുഞ്ഞനിയൻ സഖ്റിെൻറ കുഴിമാടത്തിൽ ചെന്ന് കരളുപിളർന്ന് ഹൃദ്രക്തംകൊണ്ട് കവിത കൊരുത്ത ഖൻസാ. നൂറ്റാണ്ടുകൾക്കിപ്പുറം പുത്രവിയോഗത്തിൽ സമാനമായൊരു കണ്ണീർചിത്രം കാണാം അമേരിക്കയിൽ. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സഹവർത്തിത്വത്തിനും ആധുനികപാഠങ്ങൾ കുറിച്ച അമേരിക്കൻ പ്രസിഡൻറ് അബ്രഹാം ലിങ്കേൻറതാണ് അത്. ‘വില്ലി’ എന്ന ചെല്ലപ്പേരു വിളിച്ച വില്യം വാലസ് എന്ന മൂന്നാമത്തെ മകനെ ലിങ്കന് നഷ്ടപ്പെടുന്നത് അവെൻറ 12ാം വയസ്സിൽ. വില്ലിയും അനിയൻ മേരി ടോഡ് എന്ന ‘ടാഡു’ം ലിങ്കെൻറ പുന്നാര കുസൃതിക്കുടുക്കകളായിരുന്നു.
സ്പ്രിങ്ഫീൽഡിൽനിന്ന് പ്രസിഡൻറായി വൈറ്റ് ഹൗസിലെത്തിയപ്പോൾ അവർക്കായി കളിക്കൂട്ടുകാരെ ‘വാടക’ക്കെടുക്കുകകൂടി ചെയ്തു അദ്ദേഹം. 1862ലെ പുതുവത്സരപ്പൊലിമ തീരും മുേമ്പ ഇരുവർക്കും പനി പിടിച്ചു. ആഭ്യന്തരയുദ്ധം കത്തിനിന്ന നാളുകളിൽ ആയിരക്കണക്കിന് പടയാളികളും അവരുടെ കുതിരകളും ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തുനിന്നു പമ്പ് ചെയ്ത വെള്ളമായിരുന്നു വൈറ്റ് ഹൗസുകാർ കുടിച്ചിരുന്നതത്രേ. അതിെൻറ ഫലമായി മക്കൾക്ക് പിടിപെട്ടതാണ് ടൈഫോയ്ഡ്. ചികിത്സയെല്ലാം വിഫലമാക്കി 1862 ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് വില്ലി മരണമടഞ്ഞു. അത് ലിങ്കന് ഏൽപിച്ച ആഘാതം കനത്തതായിരുന്നു. തനിച്ചിരുന്നൊന്നു പൊട്ടിക്കരയാൻ ഇടക്കിടെ റൂമിൽ കയറി വാതിലടക്കുമായിരുന്നു ലോകചരിത്രത്തിലെ അനശ്വരനായകൻ. ഒാക് ഹില്ലിലെ സെമിത്തേരിയിലാണ് വില്ലിയെ അടക്കം ചെയ്തത്. ഇതൊക്കെ പഴയ കഥ.
വാഷിങ്ടണിലേക്കുള്ള യാത്രാമധ്യേ കുന്നിൻപുറത്തെ സെമിത്തേരിയിലെ ആ കല്ലറ ജോർജ് സാൻഡേഴ്സ് എന്ന കൃതഹസ്തനായ അമേരിക്കൻ എഴുത്തുകാരന് കാണിച്ചുകൊടുത്തത് ഭാര്യയുടെ കസിനാണ്. പൊന്നോമനയുടെ മരണം പിടിച്ചുലച്ച ലിങ്കൺ പലകുറി ആ കല്ലറക്കരികിൽ വന്ന് വിലപിക്കാറുണ്ടായിരുന്ന കണ്ണും കരളും നിറക്കുന്ന കഥ സാൻഡേഴ്സിെൻറ നെഞ്ചിൽ തറച്ചു. പിതാവിെൻറ വിലാപം രണ്ടു പതിറ്റാണ്ടു മനസ്സിൽ കൊണ്ടുനടന്ന് അദ്ദേഹം എഴുതിയ കന്നിനോവൽ, ‘ലിങ്കൺ ഇൻ ദ ബർദോ’ക്കാണ് ഇൗ വർഷത്തെ മാൻ ബുക്കർ പ്രൈസ്. അമേരിക്കക്കാരൻ കത്തോലിക്കനായിരുന്നെങ്കിലും പിന്നീട് കിഴക്കോട്ട് സഞ്ചരിച്ച േജാർജ് മനസാ വരിച്ചത് ബുദ്ധമതം.
തിബത്തൻ ബുദ്ധമതത്തിലെ സങ്കൽപമാണ് ബർദോ. മരണത്തിനും ഉയിർപ്പിനുമിടയിലെ ഘട്ടമാണ് അത്. ഫെബ്രുവരിയിലെ ആ തണുത്ത രാവിൽ കുഞ്ഞോമനയുടെ ജഡം കാണുന്ന ലിങ്കെൻറ മനസ്സിനെ മഥിച്ച വികാരങ്ങളുടെ ആവിഷ്കാരമാണ് താൻ നിർവഹിച്ചതെന്ന് സാൻഡേഴ്സ് പറയുന്നു. കഥയെഴുത്തുകാരനായി ചുരുങ്ങിയ കാലംകൊണ്ട് ആംഗലേയലോകത്തിെൻറ അംഗീകാരം നേടിയെടുത്ത സാൻഡേഴ്സിെൻറ നോവലിലേക്കുള്ള ആദ്യ ചുവടുതന്നെ സമ്മാനിതമായത് ആവേശകരമായ അനുഭവം. പണ്ടുപണ്ട് ലിങ്കൺ...എന്ന ആത്മകഥാകഥനമല്ല തേൻറതെന്നും ലിങ്കെൻറയും അമേരിക്കൻ ആഭ്യന്തരസംഘർഷങ്ങളുടെയും ചരിത്രവും രാഷ്ട്രീയവുമൊക്കെ അനാവരണം ചെയ്യുന്നുണ്ടെന്നും ഗ്രന്ഥകാരൻ. ബുദ്ധമത തത്ത്വം പിന്തുടരുന്നതു കൊണ്ടാവാം വസ്തുതകളെ നിരാകരിക്കരുതെന്ന നിർബന്ധബുദ്ധിക്കാരനാണ്. അതിനാൽ, ട്രംപിെൻറ വിജയം മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്. അമേരിക്കക്കാരെൻറ സ്വാതന്ത്ര്യ, ധാർമികമൂല്യങ്ങളുടെ മൂർത്തിമദ്ഭാവമായിരുന്ന ലിങ്കനെ മനസ്സിൽ പ്രതിഷ്ഠിച്ചയാൾക്ക് വംശവെറിക്കാരനായ ട്രംപിനെ പിടിക്കുന്നതെങ്ങനെ!
ടെക്സസിലെ അമരിലോയിലായിരുന്നു ജനനം. കൊളറാഡോ സ്കൂൾ ഒാഫ് മൈൻസിൽ നിന്ന് ജിയോ ഫിസിക്സിൽ ബിരുദം. ഒായിൽ ബൂമിെൻറ കാലമായിരുന്നതിനാൽ ഏത് എണ്ണപ്പാടത്തും ജോലി കിട്ടാവുന്നതായിരുന്നു ബിരുദം. കോളജ് പഠനത്തിനുശേഷം സുമാത്രയിൽ ആദ്യനിയോഗം. നാൽപതു മിനിറ്റ് ഹെലികോപ്ടറിൽ പറന്നിറങ്ങേണ്ട വനമധ്യത്തിലായിരുന്നു ക്യാമ്പ്. നാല് ആഴ്ച ജോലിയും രണ്ടാഴ്ച അവധിയും. ഇൗ േജാലിക്കാലമാണ് സാൻഡേഴ്സിലെ എഴുത്തുകാരനെ വളർത്തിയെടുത്തത്. മൂന്നാം ഗ്രേഡിൽ പഠിക്കുന്ന കാലത്തുതന്നെ കോൺവെൻറിലെ കന്യാസ്ത്രീ നൽകുന്ന പുസ്തകങ്ങളിലൂടെ വായനയുടെ ഹരം കണ്ടെത്തി. അതിനാൽ, സുമാത്ര ക്യാമ്പ് ജീവിതത്തിൽ നിന്ന് എഴുത്തിനുള്ള ആവേശം കിട്ടി. 1986ൽ അമരിലോയിലെ ഒരു പാർട്ടിയിൽനിന്നു കിട്ടിയ പീപ്ൾ മാഗസിനിൽ നിന്നാണ് സിറാകൂസ് കലാശാലയിലെ ഫൈൻ ആർട്സ് പഠനകോഴ്സിൽ ക്രിയേറ്റിവ് എഴുത്തിനുള്ള അവസരമുണ്ടെന്നറിയുന്നത്.
അപേക്ഷിച്ചു, അവസരവും ലഭിച്ചു. ഉന്നതശീർഷരുടെ സഹപഠനത്തോടൊപ്പം ജീവിതപങ്കാളിയെയും കിട്ടി സിറാകൂസിൽ നിന്നു-പോളാ റെഡിക്. രണ്ടുവർഷത്തിനകം രണ്ടു കുഞ്ഞുങ്ങളും. ജീവസന്ധാരണത്തിനുവേണ്ടി ടെക്നിക്കൽ റൈറ്ററായി തൊഴിൽ തേടി. ഒരു ഫാർമസ്യൂട്ടിക്കൽ, പരിസ്ഥിതി കമ്പനികൾക്കുവേണ്ടി മാറിമാറി എഴുതി. 1989-95 ലെ ഇൗ കാലയളവിനിടയിൽ സർഗാത്മകരചനയും പുറത്തു വന്നു- ‘സിവിൽവാർ ലാൻഡ് ഇൻ ബാഡ് ഡിക്ലൈൻ’. അതിലെ ഒരു കഥ ‘ദ ന്യൂയോർക്കർ’ 1992ൽ പ്രസിദ്ധീകരിച്ചിരുന്നു. 1996ൽ സിറാകൂസിലെ എം.എഫ്.എ പ്രോഗ്രാമിൽ ജോലി കിട്ടി. കഴിഞ്ഞ 15 വർഷത്തിനിടെ യുവ അമേരിക്കൻ എഴുത്തുകാരിലെ നീണ്ടൊരു നിരയെ പഠിപ്പിക്കാനായി എന്നൊരു അഭിമാനവും കൂടിയുണ്ട് സാൻഡേഴ്സിന്. ‘ന്യൂയോർക്കറി’ലെയും ‘ഗാർഡിയനി’ലെയും എഴുത്തുബന്ധങ്ങൾ പത്രപ്രവർത്തന പരീക്ഷണത്തിനും അവസരമൊരുക്കി. ബിൽ ക്ലിൻറെൻറ ആഫ്രിക്ക സന്ദർശനം, നേപ്പാളിെല ‘പയ്യൻ ബുദ്ധൻ’ രംഗപ്രവേശം ചെയ്ത സംഭവമൊക്കെ റിപ്പോർട്ട് ചെയ്ത സാൻഡേഴ്സ് ദുബൈയിലെ തീം ഹോട്ടലുകളിലും കാലിഫോർണിയയിലെ ഭവനമില്ലാത്തവരുടെ തമ്പുനഗരത്തിലും മെക്സിക്കൻ അതിർത്തിയിലുമൊക്കെ യാത്ര ചെയ്ത് വിഭിന്ന ജീവതാനുഭവങ്ങൾ എഴുത്തിലേക്ക് മുതൽക്കൂട്ടി.
പാസ്റ്ററോലിയ, സിവിൽ വാർ ലാൻഡ് ഇൻ ബാഡ് ഡിക്ലൈൻ, ഇൻ പെർസ്വേഷൻ നേഷൻ എന്നീ കഥ സമാഹാരങ്ങൾ ‘ന്യൂയോർക് ടൈംസ്’, പെൻ/ഹെമിങ്വേ അംഗീകാരങ്ങൾ നേടി. കുട്ടികൾക്കായുള്ള രണ്ടു രചനകളും ‘ന്യൂയോർക് ടൈംസി’െൻറ മികച്ച കൃതിയായി ശ്രദ്ധ നേടി. കഥകളിൽ പലതും നാടകമായി. സ്വന്തമായി നാടകങ്ങളും തിരക്കഥകളും യാത്രാവിവരണങ്ങളുമെഴുതി കൈവെച്ച രംഗങ്ങളിലെല്ലാം കൃതഹസ്തത തെളിയിച്ചു. 2001ൽ എൻറർടൈൻമെൻറ് വാരിക ലോകത്തെ നൂറ് മികച്ച ക്രിയേറ്റിവ് എഴുത്തുകാരിൽ സാൻഡേഴ്സിനെ എണ്ണി. 2002ൽ നാൽപതിനു താഴെയുള്ള മികച്ച എഴുത്തുകാരിൽ ഒരാളായി ‘ദ ന്യൂയോർക്കർ’ തെരഞ്ഞെടുത്തു. 2006ൽ ഗഗനീം സ്കോളർഷിപ്, മക്ആർതർ ഫെല്ലോഷിപ്, 2009ൽ അമേരിക്കൻ അക്കാദമി അവാർഡ് എന്നിവയും നേടി. വിശദമായ ഇൗ ജീവചരിത്രരേഖയുടെ പിൻബലത്തിലാണ് ജോർജ് സാൻഡേഴ്സ് ഇപ്പോൾ മാൻ ബുക്കർ സ്വന്തമാക്കിയിരിക്കുന്നത്; ആദ്യ നോവലിനു തന്നെ. ട്രംപിെൻറ കെട്ട യുഗത്തിൽ ലിങ്കെൻറ പ്രതാപകാലത്തിെൻറ അനുസ്മരണം ആദരിക്കെപ്പട്ട ആഹ്ലാദത്തിലാണ് സാൻഡേഴ്സ്. അദ്ദേഹത്തിെൻറ അനുവാചകർക്ക് അഭിമാനം പകരുന്നതും അതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.