അബ്ദുൽ ഗഫൂർ മജീദ് നൂറാനി എന്ന എ.ജി. നൂറാനിയെ ചരിത്രം എങ്ങനെയാകും അടയാളപ്പെടുത്തുക? അഭിഭാഷകൻ, നിയമവിദഗ്ധൻ എന്ന വിശേഷണം കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ അദ്ദേഹം നടത്തിയ വ്യവഹാരങ്ങൾ പരിശോധിക്കുമ്പോൾ തികയാതെ വരും. എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, ചരിത്രകാരൻ തുടങ്ങിയ വിശേഷണങ്ങളുടെ അവസ്ഥയും അതുതന്നെ. ആക്ടിവിസ്റ്റ് എന്ന ഗണത്തിൽ നൂറാനിയെ എണ്ണുമ്പോഴും ഇതേ പ്രശ്നമുണ്ട്. ഇവയെല്ലാം ഒരേസമയം ഒരുപോലെ നൂറാനി എന്ന മഹാപ്രതിഭയിൽനിന്ന്...
അബ്ദുൽ ഗഫൂർ മജീദ് നൂറാനി എന്ന എ.ജി. നൂറാനിയെ ചരിത്രം എങ്ങനെയാകും അടയാളപ്പെടുത്തുക? അഭിഭാഷകൻ, നിയമവിദഗ്ധൻ എന്ന വിശേഷണം കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ അദ്ദേഹം നടത്തിയ വ്യവഹാരങ്ങൾ പരിശോധിക്കുമ്പോൾ തികയാതെ വരും. എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, ചരിത്രകാരൻ തുടങ്ങിയ വിശേഷണങ്ങളുടെ അവസ്ഥയും അതുതന്നെ. ആക്ടിവിസ്റ്റ് എന്ന ഗണത്തിൽ നൂറാനിയെ എണ്ണുമ്പോഴും ഇതേ പ്രശ്നമുണ്ട്. ഇവയെല്ലാം ഒരേസമയം ഒരുപോലെ നൂറാനി എന്ന മഹാപ്രതിഭയിൽനിന്ന് തുടർച്ചയായി ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യയിൽ നൂറാനിയെപ്പോലെ അദ്ദേഹം മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് നിസ്സംശയം പറയാം. എഴുത്തും വായനയും പ്രസംഗവും നിയമപോരാട്ടവും ആക്ടിവിസവുമെല്ലാം സമ്മേളിച്ചത് ഇന്ത്യയെന്ന മഹത്തായ ആശയത്തെ ഉയർത്തിപ്പിടിക്കുന്നതിനും ആ ആശയത്തിന്റെ ആത്മാവിനെ ചോർത്തിക്കളയുന്ന പ്രതിലോമതകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിനുമായിരുന്നു. നിരന്തരമായ ആ പോരാട്ടം അദ്ദേഹത്തിന്റെ വിയോഗത്തോടെ അവസാനിക്കുമ്പോൾ ബൗദ്ധിക-രാഷ്ട്രീയ മേഖലയിൽ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പലരും പറയാൻ മടിച്ച സത്യങ്ങളാണ് അദ്ദേഹം ചരിത്രത്തിന്റെയും നിയമത്തിന്റെയും പിൻബലത്തിൽ സമർഥിച്ചത്. അതിൽ ഏറ്റവും പ്രധാനം, ഭരണകൂടത്തിനകത്തെ ഹിന്ദുത്വയോടുള്ള ആഭിമുഖ്യമായിരുന്നു. അക്കാര്യം ചരിത്രത്തിന്റെ വെളിച്ചത്തിലും നിയമത്തിന്റെ പഴുതുകളും ചൂണ്ടിക്കാട്ടി അദ്ദേഹം കൃത്യമായി പൊതുസമൂഹത്തിനു മുന്നിൽ ചർച്ചക്കായിവെച്ചു. സംഘ്പരിവാർ ശക്തികൾ നേരിട്ട് രാഷ്ട്രം ഭരിക്കുന്ന കാലമായിരുന്നില്ല അത്. എന്നാൽ, പലരും വിശേഷിപ്പിച്ചതുപോലെ ഒരു നിഴൽ ഭരണകൂടമായി അവർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഭരണത്തിൽ അതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു. സ്വാഭാവികമായും ഈ ആഭിമുഖ്യങ്ങളുടെ പ്രാഥമിക ഇരകൾ രാജ്യത്തെ ന്യൂനപക്ഷമാകുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും നിരന്തരമായി എഴുതി; നിയമപോരാട്ടം നടത്തി. 2019ൽ, കശ്മീരിന്റെ പ്രത്യേക പദവി മോദി സർക്കാർ എടുത്തുകളഞ്ഞ സമയം. വാർത്ത പുറത്തുവന്നയുടൻ പ്രതികരണത്തിനായി വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് നൂറാനി പറഞ്ഞു: ‘‘ഇത് തീർച്ചയായും ഭരണഘടനവിരുദ്ധമായ നടപടിയാണ്. പക്ഷേ, എനിക്കതിൽ അത്ഭുതമൊന്നുമില്ല. ഞാനിത് പ്രതീക്ഷിച്ചിരുന്നതാണ്. വർഷങ്ങൾക്കുമുമ്പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പും നൽകി. ഇത് സംഘ്പരിവാറിന്റെ ദീർഘകാല പദ്ധതികളിൽ ഒന്നുമാത്രമാണ്. വരും വർഷങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രം, അതുകഴിഞ്ഞ് ഏക സിവിൽ കോഡ് എന്നീ അജണ്ടകളും പിറകെ വരും’’. നൂറാനിയുടെ വാക്കുകൾ അക്ഷരംപ്രതി ശരിയായി വരുന്നു. രണ്ടാം മോദി സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ കശ്മീർ അജണ്ട പൂർത്തിയാക്കപ്പെട്ടപ്പോൾ അവസാന വർഷം രാമക്ഷേത്രവും യാഥാർഥ്യമായി; തൊട്ടുടനെ ഏക സിവിൽ കോഡിന്റെ പ്രഖ്യാപനവും വന്നു. പക്ഷേ, മൂന്നാമൂഴത്തിൽ പ്രതീക്ഷിച്ച ആൾബലമില്ലാത്തതുകൊണ്ടുമാത്രം അത് നടന്നില്ല. എന്നാൽ, പിൻവാതിലിലൂടെ ഏക സിവിൽ കോഡിനായുള്ള ശ്രമങ്ങൾ തുടരുന്നുമുണ്ട്.
കശ്മീർ വിഷയത്തെ അതിന്റെ സമഗ്രതയിൽ സമീപിച്ച മറ്റൊരു ചരിത്രകാരനുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012’ എന്ന രണ്ട് വാല്യം ഗ്രന്ഥം ആധികാരിക ചരിത്രരേഖകളോടെയുള്ള വിശദമായ പഠനമാണ്. വിഷയത്തിൽ ഗവേഷണം നടത്തുന്ന ഏതൊരു ചരിത്ര വിദ്യാർഥിയുടെയും പ്രാഥമിക റഫറൻസാണ് ഈ ഗ്രന്ഥം. കേവലം, ചരിത്രം പറഞ്ഞുപോവുക എന്നതിനപ്പുറം, ഇക്കാര്യത്തിൽ തന്റെ നിലപാടുകളും സധൈര്യം അദ്ദേഹം തുറന്നെഴുതുകയുണ്ടായി. ‘കശ്മീർ ഡിസ്പ്യൂട്ട്’ പുറത്തുവരുന്നതിനും രണ്ടു വർഷം മുമ്പ് തന്നെ ‘ആർട്ടിക്ൾ 370: എ കോൺസ്റ്റ്യൂഷനൽ ഹിസ്റ്ററി ഓഫ് ജമ്മു ആൻഡ് കശ്മീർ’ എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 അനുച്ഛേദം എന്തുകൊണ്ട് പ്രസക്തമാകുന്നുവെന്ന് ആ മേഖലയുടെ ചരിത്രപശ്ചാത്തലം വിവരിച്ച് സമർഥിക്കുന്നുണ്ട് നൂറാനി. വർഷങ്ങൾക്കുമുമ്പ് ശൈഖ് അബ്ദുല്ല വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മോചനത്തിനായി നൂറാനി ഏകനായി നിയമപോരാട്ടം നടത്തിയ ചരിത്രംകൂടി ഈ ഗ്രന്ഥങ്ങൾക്കൊപ്പം ചേർത്തുവായിക്കുമ്പോഴറിയാം, കശ്മീർ വിഷയത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്തായിരുന്നുവെന്ന്. ഇന്നിപ്പോൾ, അദ്ദേഹം പുസ്തകത്തിലൂടെ നൽകിയ മുന്നറിയിപ്പുകൾ ശരിയെന്ന് വന്നിരിക്കുന്നു.
കശ്മീരിലെന്നപോലെ ബാബരി വിഷയത്തിലും അദ്ദേഹം സുപ്രധാനമായ എഴുത്തിടപെടൽ നടത്തി. 2003ൽ രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച് ദി ബാബരി മസ്ജിദ് ക്വസ്റ്റ്യൻ 1528-2003’: എ മാറ്റർ ഓഫ് നാഷനൽ ഓണർ’ എന്ന ഗ്രന്ഥം ബാബരി തർക്കത്തിന്റെ ചരിത്രവും രാഷ്ട്രീയവും അനാവരണം ചെയ്യുന്നു. അതോടൊപ്പം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ തേരോട്ടത്തിന്റെ കൂടി ചരിത്രം ആ ഗ്രന്ഥം പറയുന്നുണ്ട്. ഹിന്ദുത്വയോടുള്ള വിമർശനവും അതിന്റെ ഭാഗമായി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാർഢ്യവുമായിരുന്നു ആ എഴുത്തിന്റെയും പോരാട്ടത്തിന്റെയും മുഖമുദ്ര എന്ന് വേണമെങ്കിൽ പറയാം. അഞ്ചുവർഷം മുമ്പ് പ്രസിദ്ധീകരിച്ച ‘ ആർ.എസ്.എസ്: എ മിനാസ് ടു ഇന്ത്യ’ എന്ന ഗ്രന്ഥം ഇക്കാലയളവിനുള്ളിൽ രചിക്കപ്പെട്ട ഏറ്റവും കനപ്പെട്ട ആർ.എസ്.എസ് വിമർശനമാണ്. ഇന്ത്യയെന്ന ആശയത്തിന് ഏറ്റവും വലിയ അപകടം ആർ.എസ്.എസ് എന്ന സംഘടനയാണെന്ന് ആ പുസ്തകത്തിന്റെ പ്രകാശനവേളയിൽ അദ്ദേഹം തുറന്നുപറഞ്ഞത് സംഘ്പരിവാർ വിവാദമാക്കാൻ ശ്രമിച്ചു. വർഷങ്ങൾക്കുമുമ്പ് ആർ.എസ്.എസുകാർ നിയമപോരാട്ടം നടത്തി നൂറാനിയോട് പരാജയപ്പെട്ട കാര്യം ഓർമിപ്പിച്ചാണ് അന്ന് അദ്ദേഹം ആ കോലാഹലങ്ങളെ എതിരിട്ടത്. ആർ.എസ്.എസ് എന്ന സംഘടനയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തർക്കമായിരുന്നു അന്ന് നിയമപോരാട്ടത്തിലെത്തിയത്. കേവലം, സേവന, സാംസ്കാരിക സംഘടനയെന്ന ആർ.എസ്.എസിന്റെ അവകാശവാദത്തെ അദ്ദേഹം അന്ന് പൊളിച്ചടുക്കിയിട്ടുണ്ട്. ഒപ്പം, ഹിന്ദുത്വയുടെ ഇരകൾക്കുവേണ്ടി നിരന്തരമായി എഴുതുകയും നിയമപോരാട്ടം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.