സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാർഡ് ഏറ്റുവാങ്ങാൻ അദ്ദേഹം കോഴിക്കോട്ട് എത്തിയത് മുതലാണ് എ.ജി. നൂറാനിയുമായുള്ള ആത്മബന്ധം ആരംഭിക്കുന്നത്. അന്ന് രണ്ടുദിവസം അദ്ദേഹത്തോടൊപ്പം ചെലവിട്ടു. അതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഞാൻ വായിച്ചിരുന്നു. രണ്ട് പുസ്തകം അദ്ദേഹമെനിക്ക് കോഴിക്കോട്ട് വന്നപ്പോൾ സമ്മാനമായി തന്നു. അന്ന് അവാർഡ് സമർപ്പണ ചടങ്ങ് വൈകീട്ടായിരുന്നു.
താജ് ഹോട്ടലിലായിരുന്നു ഉച്ചക്കുശേഷം താമസിച്ചത്. കുറച്ച് എ4 പേപ്പർ മുറിയിലേക്ക് എത്തിക്കണമെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. അതുപ്രകാരം എ4 പേപ്പറും കുറച്ച് പേനയും എത്തിച്ചുകൊടുത്തു. എന്നെ അത്ഭുതപ്പെടുത്തി, അദ്ദേഹം വൈകീട്ടായപ്പോഴേക്കും ഒരു ലേഖനമെഴുതിക്കഴിഞ്ഞിരുന്നു. ഫ്രണ്ട് ലൈനിനായി വിലാസമെഴുതിയ കവറിലിട്ട് സ്റ്റാമ്പുമൊട്ടിച്ച് നൽകി. അത് ചെന്നൈക്ക് പോസ്റ്റ് ചെയ്തുവെന്ന് ഉറപ്പാക്കിയേ അദ്ദേഹം പുരസ്കാരം വാങ്ങാനെത്തിയുള്ളൂ.
ഫ്രണ്ട് ലൈനിൽ അദ്ദേഹം പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുമായിരുന്നു ഞാൻ. ലാൻഡ് ഫോൺ മാത്രമുള്ള കാലത്ത് അദ്ദേഹവുമായി ഫോണിൽ വാചാലമായി പുസ്തകങ്ങളെപ്പറ്റി ഏറെ സംസാരിക്കുമായിരുന്നു. അസ്ഗറലി എൻജിനീയറുടെ ‘ജിഹാദ് ആൻഡ് അദർ എസേഴ്സ്’ എന്ന സമാഹരണം എന്റെ പബ്ലിഷിങ് ഹൗസായ ബുക്ക്പീപ്പ്ൾ പ്രസിദ്ധീകരിച്ചിരുന്നു. മനോഹരമായി ചെയ്ത പുസ്തകം ഡൽഹിയിൽ വെച്ച് ശശി തരൂരാണ് പ്രകാശനം ചെയ്തത്. അന്ന് നൂറാനി ഡൽഹിയിലുണ്ടെന്ന് അറിഞ്ഞ് പുസ്തകത്തിന്റെ കോപ്പി അദ്ദേഹത്തിനെത്തിച്ചു. രണ്ട് ലക്കം കഴിഞ്ഞിറങ്ങിയ ഫ്രണ്ട് ലൈനിൽ ആ പുസ്തകത്തിന്റെ ഒരു പേജ് റിവ്യൂ അദ്ദേഹം എഴുതി. സാധാരണ പുസ്തകം റിവ്യൂ ചെയ്യാറുള്ള അദ്ദേഹം ആ കുറിപ്പിൽ പ്രസാധകനെപ്പറ്റിയും എഴുതി. ബുക്ക് പീപ്പ്ൾ ഇംഗ്ലീഷ് പുസ്തകങ്ങളിൽ ഏറ്റവും മനോഹരമായി ഇറക്കി എന്ന പ്രശംസയായിരുന്നു അത്. പിൽക്കാലത്ത് അവശത കാരണം ഫോൺ എടുക്കാതെയായി അദ്ദേഹം. നൂറാനിയുടെ ബുക്ക് റിവ്യൂകൾ സമാഹരിച്ചിറക്കണമെന്നും മുബൈയിൽ ചെന്നുകണ്ട് സംസാരിച്ചിരിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങൾ ഇനിയും ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.