ഇതിഹാസ താരം യൊഹാൻ ക്രൈഫ് പറഞ്ഞതാണ് ശരി: ‘‘ഏറെ ലളിതമാണ് ഫുട്ബാൾ നിയമങ്ങൾ; എന്നാൽ, ലളിതമായി ഫുട്ബാൾ കളിക്കുന്നതിനേക്കാൾ പ്രയാസകരമായി മറ്റൊന്നുമില്ല’’. ഇതിലും ലളിതമായി കാൽപന്തുകളിയെ വർണിക്കാനാകുമെന്ന് തോന്നുന്നില്ല.
ഒന്നര മണിക്കൂർ കളിനേരത്തിന്റെ മുഴുവൻ അനിശ്ചിതത്വവും ആവേശവും നാടകീയതയുമൊക്കെ ഒളിഞ്ഞിരിപ്പുണ്ട് ഈ തത്ത്വചിന്തയിൽ. നന്നായി കളിക്കുമ്പോൾ, ഫുട്ബാളുമൊത്ത് നടത്തുന്ന മനോഹര നൃത്തമാണീ കളിയെന്നും അദ്ദേഹം മറ്റൊരിക്കൽ നിരീക്ഷിച്ചിട്ടുണ്ട്.
നൂറുമീറ്റർ ഗ്രൗണ്ടിലെ ഓട്ടപ്പാച്ചിലിനപ്പുറം, കൂർമബുദ്ധിയിൽ ഉരുത്തിരിയുന്ന ചലന-പ്രതിചലന വേഗവും കൃത്യതയുമൊക്കെയാണ് ഈ നൃത്തത്തിന് മാറ്റുകൂട്ടുന്നത്. ആ നൃത്തച്ചുവടുകളിലെപ്പോഴെങ്കിലുമൊന്ന് പിഴച്ചാൽ പിന്നെ ‘കളി തീർന്നു’! അങ്ങനെ ചുവടുപിഴച്ച എത്രയോ ഇതിഹാസ താരങ്ങൾ കണ്ണീരോടെ കളംവിടുന്നതിന് ഫുട്ബാൾ ലോകം പലകുറി സാക്ഷിയായിട്ടുണ്ട്.
ഡിസംബർ 10ന് ദോഹയിലെ അൽ തുമാമ സ്റ്റേഡിയവും അത്തരമൊരു ‘കണ്ണീർ നിമിഷ’ത്തിന് സാക്ഷിയായി. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് പരാജയപ്പെട്ട പോർചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണോൾഡോയായിരുന്നു ആ ഇതിഹാസ താരം. താളപ്പിഴകളുടെ സ്വാഭാവിക തുടർച്ചയിൽ സംഭവിച്ചതാണ് ആ മടക്കം.
എന്നുകരുതി ആരാധകർ നിരാശപ്പെടേണ്ടതില്ല. ‘സി.ആർ 7’ ഇനിയും പന്തുതട്ടും. സൗദിയിലെ ‘അൽ നസ്ർ’ ആണ് പുതിയ തട്ടകം. അവിടെ വേറെയും ചില ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. അല്ലെങ്കിലും നടപ്പു സീസൺ റൊണാൾഡോക്ക് താളപ്പിഴകളുടേതായിരുന്നു. ലോകം കോവിഡിൽനിന്ന് മുക്തമായ നേരം. രണ്ടുവർഷത്തിനുശേഷം ഇഷ്ടതാരങ്ങളുടെ കളികാണാൻ ആളുകൾ ഗാലറിയിലേക്ക് ഒഴുകിയെത്തിയപ്പോൾ റോണോ നിരാശപ്പെടുത്തി.
സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആഴ്സനലും ചെൽസിയും സിറ്റിയുമെല്ലാം കുതിച്ചുകേറുമ്പോഴാണ് ഓൾഡ് ട്രാഫോർഡിൽ ചുവപ്പുസംഘം നിശ്ചലമായി നിന്നത്. ക്ലബ് മാനേജ്മെന്റ് പ്രശ്നംവെച്ചുനോക്കിയപ്പോൾ കുഴപ്പക്കാരായി കണ്ടത് രണ്ടുപേരെ: ഒന്ന്, സാക്ഷാൽ റൊണാൾഡോ തന്നെ. രണ്ടാമത്തെയാൾ ക്ലബിന്റെ നായകൻ കൂടിയായ മെഗ്വയറും.
രണ്ടുപേരെയും ബെഞ്ചിലിരുത്താൻ മാനേജ്മെന്റ് തീരുമാനിച്ചു. പകരക്കാർ മോശമാക്കിയില്ല; കൂട്ടിന് ബ്രസീൽ താരം കാസെമിറോയെയും ഇറക്കി. അതോടെ കളി മാറി. മാഞ്ചസ്റ്ററിന്റെ കുതിപ്പ് ആരംഭിച്ചു. പോയിപ്പോയി ആദ്യ നാലിലെത്തി. ഇതോടെ, റോണോ പരിശീലകനുമായി പിണങ്ങി. അങ്ങനെയെങ്കിൽ ‘ഇറങ്ങിപ്പൊയ്ക്കോ’യെന്ന് മാനേജ്മെന്റും. അതോടെ മാഞ്ചസ്റ്റർ വിട്ടു. ശനിദശയുടെ ഈ മൂർധന്യാവസ്ഥയിലാണ് ദോഹയിൽ ലോകകപ്പ് കൊടിയേറ്റം.
പ്രായം വെച്ചുനോക്കുമ്പോൾ റോണോയുടെ അവസാന ലോകകപ്പാണ്. വലിയ പ്രതീക്ഷയോടെയാണ് അവിടെയെത്തിയത്. പക്ഷേ, താളപ്പിഴ അവിടെയും തുടർന്നു. ആദ്യ കളികളിലൊക്കെ കോച്ച് അതത്ര കാര്യമാക്കിയില്ല. പിന്നെപ്പിന്നെ ബെഞ്ചിലായി നായകന്റെ സ്ഥാനം. ‘വിടവാങ്ങൽ’ മത്സരത്തിലും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ‘ക്രിസ്റ്റ്യാനോ യുഗം’ അവസാനിച്ചുവെന്ന് സോക്കർ പണ്ഡിറ്റുകൾ അതോടെ വിധിയെഴുതി.
ഇനിയിപ്പോൾ പുതിയ നിയോഗമാണ്. സൗദിയിലെ ഏറ്റവും മികച്ച ക്ലബ്, റെക്കോഡ് തുകക്കാണ് ഇതിഹാസ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ‘അൽ നസ്ർ’ എന്നാൽ വിജയം എന്നാണർഥം. പക്ഷേ, ആള് ക്ലബിലെത്തിയിട്ടും ശകുനപ്പിഴ അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റർ വിടുന്നതിനുമുമ്പ് കാട്ടിക്കൂട്ടിയ ചില വികൃതികളാണ് ഇപ്പോൾ വിനയായിരിക്കുന്നത്.
ഫുട്ബാൾ അധികാരികൾ റോണോക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്. രണ്ട് കളികൾ ഗാലറിയിലിരുന്ന് കാണാനാണ് വിധി. അതിനുശേഷവും ചില്ലറ അനിശ്ചിതത്വങ്ങളുണ്ട്. സൗദി ലീഗിൽ റോണോയുടെ ചുവടുകൾ കാണാൻ ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. കളിക്കപ്പുറം, റോണോയുടെ സൗദി ദൗത്യത്തിനുപിന്നിൽ വേറെയും ലക്ഷ്യങ്ങളുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. കുമ്മായവരക്കുള്ളിലെ ‘പരിശീലകനാ’യിട്ടാണത്രെ റോണോയുടെ വരവ്.
2030ലെ ലോകകപ്പിന് സൗദിയെ സജ്ജമാക്കാനുള്ള പരിപാടിയുടെ ഭാഗമെന്നും പറയാം. ആ വർഷത്തെ ലോകകപ്പിന്റെ ആതിഥേയത്വത്തിന് സൗദിയും ശ്രമിക്കുന്നുണ്ട്. എന്നല്ല, അർജന്റീനയെ ഈ ലോകകപ്പിൽ മുട്ടുകുത്തിച്ചതോടെ ആത്മവിശ്വാസം വാനോളം ഉയർന്നിട്ടുണ്ട്.
സൗദിയിൽ ഫുട്ബാൾ വളരാൻ റോണോയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം തന്നെ ധാരാളം. പണ്ട് ബ്രസീൽ താരം സീക്കോയെ ഇറക്കി ജപ്പാൻ പരീക്ഷിച്ചുവിജയിച്ച കളിയാണിത്. സൗദി ഒരുപടി മുന്നിലാണ് ഈ കളിയിൽ. റോണോ മാത്രമല്ല, കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ, അർജന്റീനയുടെ പിറ്റി മാർട്ടിനസ്, സ്പാനിഷ് താരം അൽവാരോ ഗോൺസാലസ് തുടങ്ങിയവരെയും അൽ നസ്ർ പിടിച്ചിട്ടുണ്ട്.
പോർചുഗൽ താരമായ പെപ്പെയടക്കമുള്ളവർ ക്ലബിൽ ചേരുമെന്നും കരക്കമ്പിയുണ്ട്. അപ്പോൾ, വമ്പൻ താരങ്ങളെ കൊണ്ടുവന്ന് സൗദിയിൽ കളി വളർത്താനുള്ള പരിപാടിയാണിതെന്ന് കരുതണം. ആ കളിയിൽ നായകസ്ഥാനമാണ് റോണോക്ക്. അതിന്റെ ആഘോഷം അവിടെ ആരംഭിച്ചുകഴിഞ്ഞു. റോണോയുടെ പരിശീലനം കാണാൻ തന്നെ ഗാലറി നിറഞ്ഞു എന്നാണ് റിപ്പോർട്ട്.
1985ൽ പോർചുഗലിലെ മദേരിയയുടെ തലസ്ഥാനമായ ഫുഞ്ചലിൽ ജനനം. മരിയ- ജോസ് അവൈറോ ദമ്പതികളുടെ നാല് മക്കളിൽ ഇളയവൻ. ചെറുപ്പകാലം കൊടിയ ദാരിദ്ര്യത്തിന്റേതായിരുന്നു. സാമ്പത്തിക പ്രയാസവും ഭർത്താവിന്റെ വഴിവിട്ട മദ്യപാനവും മൂലം, റോണോയെ ഗർഭം ധരിച്ചപ്പോൾ അത് അലസിപ്പിച്ചുകളയാൻ ആലോചിച്ചിരുന്നുവെന്ന് മരിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
അൻഡോണിഞ്ഞ, നകിയോണ തുടങ്ങിയ ക്ലബുകളിലാണ് ആദ്യം കളിച്ചത്. സ്പോർട്ടിങ് സി.പിയാണ് ആദ്യ പ്രഫഷനൽ ക്ലബ്. അവിടെ ഒരുവർഷം കളിച്ചശേഷമാണ് മാഞ്ചസ്റ്ററിലെത്തിയത്. അതൊരു ചരിത്രമാണ്. ഡേവിഡ് ബെക്കാം റയലിലേക്ക് കൂടുമാറിയപ്പോൾ കോച്ച് അലക്സ് ഫെർഗൂസന്റെ കണ്ടെത്തലായിരുന്നു റോണോ. ബെക്കാമും കന്റോണയും ജോർജ് ബെസ്റ്റുമെല്ലാം അണിഞ്ഞ ഏഴാം നമ്പർ ജഴ്സി നൽകിയാണ് ഫെർഗൂസൻ, റോണോയെ സ്വീകരിച്ചത്. അവിടം മുതലാണ് റോണോ ‘സി.ആർ 7’ ആയത്.
ഫെർഗൂസന്റെ തീരുമാനത്തോട് റോണോ നീതിപുലർത്തി. ഒരു ഫ്രീകിക്ക് ഗോളോടെ 2003ൽ അരങ്ങേറ്റംകുറിച്ച റോണോ, ആറുവർഷം അവിടെ ചെലവഴിച്ചു. 196 മത്സരങ്ങളിൽനിന്നായി 84 ഗോളുകൾ. ആ ഗോൾ മികവിൽ ക്ലബിന്റെ ഷെൽഫിലെത്തിയത് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് പട്ടവും. എഫ്.എ കപ്പ്, ഫിഫ വേൾഡ് ക്ലബ് കപ്പ് കിരീടം തുടങ്ങിയ നേട്ടങ്ങൾ വേറെയും.
ഈ താരത്തിളക്കത്തിലാണ് റയലിലേക്ക് പോയത്. അവിടെയും നിറഞ്ഞാടി ഒമ്പതുവർഷം. 292 കളികളിൽ 311 ഗോളുകൾ. ഇക്കാലത്ത് രണ്ട് ലാലി ഗയും നാല് ചാമ്പ്യൻസ് ലീഗും ക്ലബ് സ്വന്തമാക്കി. അതുകഴിഞ്ഞ് യുവന്റസിലായിരുന്നു. അവിടെയും ഫ്ലിപ്-ഫ്ലാപ്പുകളും സ്റ്റെപ് ഓവറുകളുമായി ഗാലറികളെ ത്രസിപ്പിച്ചു. അവിടെനിന്നായിരുന്നു മാഞ്ചസ്റ്ററിലേക്കുള്ള മടക്കം. ആദ്യ സീസൺ മോശമാക്കിയില്ല.
പക്ഷേ, രണ്ടാം സീസൺ താളപ്പിഴകളുടേതായിരുന്നു. അഞ്ച് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ, നാല് യൂറോപ്യൻ ഗോൾഡൻ ഷൂ. രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും മോശമായിരുന്നില്ല. 196 മത്സരങ്ങളിൽനിന്ന് 118 ഗോളുകൾ നേടി. 2016ൽ യൂറോ കപ്പും രാജ്യത്തിന് സമ്മാനിച്ചു.
കളിക്കളത്തിനകത്തെ താളവിസ്മയങ്ങൾ പലപ്പോഴും ഗാലറിക്കുപുറത്തും പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കിയ തീവ്ര വലതുപക്ഷത്തോട് തുറന്ന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്; ഫലസ്തീനികളോടും ലോകത്തെ മുഴുവൻ അഭയാർഥികളോടും ഐക്യപ്പെട്ടിട്ടുമുണ്ട്. മറ്റു സെലിബ്രിറ്റികളെപ്പോലെ ശരീരത്തിൽ ടാറ്റു പതിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ രക്തദാനത്തിന് വിഘാതമാകുമത്രെ. മദ്യപിക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.