അമേരിക്ക ഇത്രയും ദയനീയമായ രാഷ്ട്രീയ പാപ്പരത്തത്തില്‍ പതിച്ച ഒരു കാലമുണ്ടായിട്ടില്ല. അതിന്‍െറ സിംഹഭാഗഭാരം ഭേസുന്നത് ഡോണള്‍ഡ് ട്രംപ് തന്നെ. ഹിലരി ക്ളിന്‍റനും നല്ളൊരു ഭാഗം അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരും കൂടി അമേരിക്കയെ കൊള്ളരുതായ്മയുടെയും അനാഥത്വത്തിന്‍െറയും ഇകഴ്ചയുടെയും പാതാളത്തിലത്തെിച്ചു. അമേരിക്കന്‍ രാഷ്ട്രീയം എന്നന്നേക്കുമായി മാറിക്കഴിഞ്ഞു. മാന്യതയും അന്തസ്സുമില്ലാത്ത ഒരു രാഷ്ട്രീയമായി അത് താഴ്ന്നുപോയി.
അതിനെ പിടിച്ചു കയറ്റാന്‍ കഴിയുന്ന ഒരു വ്യക്തിത്വം അമേരിക്കയിലില്ല തന്നെ. ഉണ്ടെങ്കില്‍ ഇതിനകം പ്രത്യക്ഷപ്പെടേണ്ടതായിരുന്നു. ഈ പാപ്പരത്തവും ദൈന്യതയും കാണുമ്പോള്‍ ബറാക് ഒബാമ ഒരിരുപത് വര്‍ഷംകൂടി അമേരിക്ക ഭരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകും. ഏതാണ്ട് പകുതിയിലേറെ വെള്ള അമേരിക്കക്കാര്‍ ട്രംപിന് വോട്ടുചെയ്തു. ധാര്‍മികമായും ചിന്താപരമായും ഇത്ര പാപ്പരായ ഒരു വ്യക്തിയെ ഇത്രയും അനുകൂലിക്കുന്നുവെന്നത് ഒരു മഹാദ്ഭുതമാണ്. അവരെന്തു ചെയ്യും. മറ്റൊരു മാന്യ വ്യക്തി അവരുടെ മുമ്പിലില്ല. നോക്കൂ! പാപ്പരത്തത്തിന്‍െറ ആഴം.
തൊലിയുടെ നിറവും അമേരിക്കന്‍ തെരഞ്ഞെടുപ്പും
തൊലിനിറമാണ് ഇപ്രാവശ്യത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്. വെള്ളാധിപത്യത്തിന്‍െറ ഹുങ്കാരം, വര്‍ണവിവേചനത്തിന്‍െറ സടകുടഞ്ഞെഴുന്നേല്‍ക്കല്‍, സാമൂഹികനീതിയുടെയും സമത്വത്തിന്‍െറയും വിടപറയല്‍ -ഇതൊക്കെ ഈ തെരഞ്ഞെടുപ്പിന്‍െറ മുഖമുദ്രകളായിരുന്നു. ഡോണള്‍ഡ് ട്രംപ് അതിന്‍െറ അപ്പോസ്തലനും.
ഇത്ര മലീമസവും ജുഗുപ്സാവഹവും മനുഷ്യത്വഹീനവുമായ ഒരു തെരഞ്ഞെടുപ്പിന് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടില്ല. അതിന്‍െറ ഏറ്റവും വലിയ പങ്കുവഹിച്ചത് ട്രംപും.
ഇത്ര അധാര്‍മികനും വിഷയലമ്പടനും സ്ത്രീമര്‍ദകനും അധികാരദുര്‍മോഹിയും അഹങ്കാരിയുമായ ഒരുത്തന്‍ വൈറ്റ് ഹൗസിന്‍െറ പീഠത്തില്‍ ഇരുന്നിട്ടേയില്ല. അമേരിക്കയുടെ 45 പ്രസിഡന്‍റുമാരില്‍ ഒരാളും അങ്ങനെയായിട്ടില്ല. ആ സത്വം വൈറ്റ്ഹൗസിലെ അധികാരപീഠത്തിലിരിക്കുന്നത് ഓര്‍ക്കാന്‍പോലും വയ്യ. തെരഞ്ഞെടുപ്പു ദിവസം ന്യൂയോര്‍ക്കിലിരുന്ന് ഉദ്വേഗജനകവും ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതുമായ ആ രംഗം വീക്ഷിക്കുക കൗതുകകരമായിരുന്നു. അത് വീക്ഷിച്ചുകൊണ്ടിരുന്ന മകന്‍ ഡോക്ടര്‍ ബിലാല്‍ ട്രംപിന്‍െറ വിജയമറിഞ്ഞപ്പോള്‍ ദുഃഖിതനും ആശങ്കാകുലനുമായി.
കഴിയുന്നത്രെ വേഗം കാനഡയിലേക്ക് കെട്ടുകെട്ടണമെന്ന് പറഞ്ഞു (അവന്‍െറ കൂടെ താമസിക്കുകയായിരുന്നു ഈ ലേഖകന്‍ ഈ ദിവസങ്ങളില്‍). അതേ പ്രതികരണം പല ആളുകളും പ്രകടിപ്പിച്ചു. ഹിലരി ക്ളിന്‍റണ്‍ പരാജയപ്പെടുകയാണെങ്കില്‍ ഉടനെ കാനഡയിലേക്ക് പലായനം ചെയ്യുമെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
ട്രംപ് വിജയവും മുസ്ലിംകളുടെ ഭാവിയും
അമേരിക്കന്‍ മുസ്ലിംകള്‍ക്ക് വമ്പിച്ച ഒരടിയാണ് ട്രംപ് വിജയം. സ്വാഭാവികമായും അവര്‍ ഭൂരിഭാഗവും ഹിലരിക്കായിരിക്കും വോട്ടു ചെയ്തിരിക്കുക. ട്രംപിന്‍െറ ബീഭത്സത മാത്രമല്ല കാരണം -മറ്റൊരു പ്രതി അവരുടെ മുമ്പിലുണ്ടായിരുന്നില്ല. ട്രംപ് രണ്ടു കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. ഭീകരതയും ഇമിഗ്രേഷനും. അത് രണ്ടിലൂടെയും അദ്ദേഹം ഉന്നമാക്കിയത് മുസ്ലിംകളെയാണ്. ഭീകരതയുടെ പേരില്‍ എത്ര മുസ്ലിംകള്‍ ഇനി അകത്താകുമെന്ന് കണ്ടറിയണം, ഇന്ത്യയിലെന്നപോലെ. ഒരുനിലക്ക് ട്രംപും നരേന്ദ്ര മോദിയും ഒരേ നാണയത്തിന്‍െറ രണ്ടു പുറങ്ങളാണ്.
ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് അബ്രഹാം ലിങ്കന്‍ തൊട്ട് നിരവധി അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ മഹനീയ മാതൃകകളാണ് ഇന്നിപ്പോള്‍ വെള്ള അമേരിക്കക്കാര്‍ കാറ്റില്‍ പറത്തിയത്.
ലോകത്തിലെ ഏക വന്‍ശക്തി ടൈറ്റില്‍ അമേരിക്ക ഇന്നും പുലര്‍ത്തുന്നു. കുറെകാലംകൂടി പുലര്‍ത്തുകയും ചെയ്യും. വൈറ്റ്ഹൗസില്‍ ആര്‍ ഇരുന്നാലും. കാരണം, സൈനികമായും ലോക സ്വാധീനപരമായും ധിഷണാപരമായും ശാസ്ത്രീയ-സാങ്കേതികമായും അമേരിക്കയെ വെല്ലുന്ന ഒരു ശക്തി ഇന്ന് ലോകത്തില്ല. ചൈന അമേരിക്കയുടെ അടുത്തുപോലുമില്ല -അടുത്തത്തൊന്‍ ഏറിയകാലം പിടിക്കും. ഈ അവസ്ഥ -അമേരിക്കയുടെ ലോക വന്‍ശക്തിത്വം -ട്രംപിനെപ്പോലുള്ള ഒരു ബീഭത്സന്‍ അവിടെ അധികാരത്തില്‍ വരുമ്പോള്‍ ലോകമാകെ അത് അങ്കലാപ്പ് സൃഷ്ടിക്കുന്നു. വെറുതെയല്ല, ലോക രാഷ്ട്രങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ഉത്കണ്ഠാപൂര്‍വം ഉറ്റുനോക്കിയത്, ട്രംപ് വരരുതേ എന്ന് പ്രാര്‍ഥിച്ചത്. നോര്‍ത്ത് അമേരിക്കന്‍ ഇസ്ലാമിക് സൊസൈറ്റിയുടെ മതസംവാദ ഡയറക്ടര്‍ ഡോ. സയ്യിദ് സഈദിന്‍െറ പ്രാര്‍ഥന സോഷ്യല്‍ മീഡിയയില്‍ വന്നു. ‘അല്ലാഹുവേ! ഞങ്ങളോടു കരുണ കാണിക്കാത്തവനെ ഞങ്ങളുടെമേല്‍ അടിച്ചേല്‍പിക്കരുതേ!’
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പുവേളയില്‍ ഇന്ത്യയില്‍ പലരും അതേ പ്രാര്‍ഥന ചെയ്തിട്ടുണ്ടാവാം.
മുസ്ലിംകളുടെ ഈ ദയനീയതക്ക് ആര്‍ ഉത്തരവാദി? അവര്‍തന്നെ.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള നട്ടഭ്രാന്തന്‍ പ്രസ്ഥാനങ്ങള്‍ ആ ദയനീയത വര്‍ധിപ്പിക്കുന്നു. ഈ ലേഖകന്‍ ന്യൂയോര്‍ക്ക് ലഗോഡിയാ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. ഡ്രൈവര്‍ കറുത്ത ആഫ്രോ അമേരിക്കക്കാരനായിരുന്നു. അദ്ദേഹം പറഞ്ഞു: ഡോണള്‍ഡ് ട്രംപിനെ ഞാന്‍ പ്രസിഡന്‍റ് എന്ന് വിളിക്കുകയില്ല. അദ്ദേഹം അമേരിക്കയുടെ പ്രസിഡന്‍റല്ല; വെള്ളക്കാരുടെ മാത്രം പ്രസിഡന്‍റാണ്. ഞാന്‍ കണ്ട എല്ലാ കറുത്തവനും കറുത്തവളും കാനഡയിലേക്ക് പലായനം ചെയ്യുകയേ മാര്‍ഗമുള്ളൂവെന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.