‘അമിതാ’ഹ്വാനങ്ങളുടെ രാഷ്​ട്രീയം

‘അമിതാ’ഹ്വാനങ്ങളുടെ ദിവസമായിരുന്നു ശനിയാഴ്​ച കേരളത്തിന്​. അരാജകത്വത്തിനും പുതിയ ‘സോഷ്യൽ എൻജിനീയറിങ്ങിനു’മുള്ളതായിരുന്നു ആദ്യം കണ്ണൂരിലും തുടർന്ന്​ ശിവഗിരിയിലും ഉയർന്നത്​. ശബരിമല തീർഥാടന കാലത്ത്​ കേരളത്തിലാകെ ഭക്തിപുരസ്സരം ഉയരുന്ന ‘സ്വാമിയേ ശരണമയ്യപ്പ’വിളിക്കൊപ്പം’ ഭാരത്​മാതാ കീ ജയ്​’ എന്ന രാഷ്​ട്രീയ മുദ്രാവാക്യം കൂടി ഉയരുന്നതും ബി.ജെ.പി, ആർ.എസ്​.എസ്​ എന്നിവർക്കൊപ്പം എൻ.എസ്​.എസും എസ്​.എൻ.ഡി.പിയോഗവും കൂട്ടിക്കെട്ടപ്പെടുന്നതും ശനിയാഴ്​ച കേരളം കണ്ടു.

തങ്ങൾക്ക്​ നടപ്പാക്കാവുന്ന വിധികൾ മാത്രം പുറപ്പെടുവിച്ചാൽ മതിയെന്ന്​ രാജ്യത്തെ കോടതികളോട്​ പറഞ്ഞത്​ കേന്ദ്ര ഭരണകക്ഷിയുടെ സർവപ്രതാപിയായ അധ്യക്ഷനാണ്​. അതുമാത്രമല്ല, ഭരണഘടനാ ബാധ്യത നടപ്പാക്കുന്ന സംസ്​ഥാന സർക്കാറിനെ വലിച്ചു താഴെയിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
നടപ്പാക്കാവുന്ന നിർദേശങ്ങളേ കോടതികൾ നൽകേണ്ടതുള്ളൂ എന്ന്​ കേന്ദ്ര ഭരണകക്ഷിയുടെ അധ്യക്ഷൻ മുന്നറിയിപ്പി​​​െൻറ സ്വരത്തിൽ പറയു​േമ്പാൾ അത്​ ശബരിമലയിലെ സ്​ത്രീപ്രവേശനത്തെ മാത്രം ഉദ്ദേശിച്ചാവില്ലെന്നകാര്യം ഉറപ്പ്​. ഇനി വരാനിരിക്കുന്ന ബാബരി മസ്​ജിദ്​ കേസിലെ വിധിയടക്കം, തങ്ങൾക്ക്​ ഇഷ്​ടപ്പെടുന്നതോ അതല്ലെങ്കിൽ തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ അല്ലെങ്കിൽ, അതിനെയെല്ലാം കൈകാര്യം ചെയ്യുക ശബരിമല മോഡലിലായിരിക്കുമെന്നാണ്​ അദ്ദേഹം പറഞ്ഞു​െവച്ചത്.​ശനിഷിങ്ക്​നാപ്പൂരിലെ സ്​ത്രീപ്രവേശന വിധി തങ്ങൾക്ക്​ ഇഷ്​ടപ്പെടുന്നതുകൊണ്ട്​ മഹാരാഷ്​ട്രയിലെ ബി.ജെ.പി സർക്കാർ അത്​ നടപ്പാക്കും.

എന്നാൽ, ശബരിമല സ്​ത്രീപ്രവേശന വിധി തങ്ങൾക്ക്​ ഇഷ്​ടമില്ലാത്തതുകൊണ്ട്​, അത്​ നടപ്പാക്കാൻ കേരളത്തിലെ ഇടതു സർക്കാറിനെ അനുവദിക്കില്ല.
ബി​.ജെ.പി അധ്യക്ഷൻ എന്നതിലുപരി, ഭരണത്തെത്തന്നെ നിയന്ത്രിക്കുന്നയാളും പാർല​മ​​െൻറി​​​െൻറ ഉപരിസഭയായ രാജ്യസഭയിലെ അംഗവും കൂടിയാണ്​ അമിത് ​ഷാ. അത്തരമൊരാൾ കോടതികൾക്ക്​ നൽകുന്ന താക്കീതും സുപ്രീംകോടതി വിധി നടപ്പാക്കാൻ തയാറായ കേരള സർക്കാറിനെ താ​ഴെയിറക്കുമെന്ന മുന്നറിയിപ്പും വെറുമൊരു രാഷ്​ട്രീയ പ്രസംഗമല്ല, മറിച്ച്​ അരാജകത്വത്തിനുള്ള ആഹ്വാനം തന്നെയാണ്. ഇത്​ ജഡ്​ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെയടക്കം ഒാർമിപ്പിക്കുന്നതുമാണ്​.

ശബരിമലയിലെ സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ കേരളത്തിൽ രൂപംകൊണ്ട അന്തരീക്ഷത്തെ ബി.ജെ.പി എത്രമാത്രം പ്രതീക്ഷയോടെയാണ്​ കാണുന്നത്​ എന്നതി​​​െൻറ തെളിവുമായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത്​ഷായുടെ കേരള സന്ദർശനം. ‘സ്വാമിയേ, അയ്യപ്പാ’!യും ഒപ്പം ‘ഭാരത്​മാതാ കീ ജയ്​ ’യും വിളിച്ചും അണികളെക്കൊണ്ട്​ വിളിപ്പിച്ചുമാണ്​ അമിത്​ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ഇതുവരെയുണ്ടായിരുന്നതുപോലെ, മോദിയുടെ വികസനമന്ത്രമല്ല, അയ്യപ്പ​​​െൻറ ശരണമന്ത്രമാണ്​ തങ്ങൾ ഇനി കേരളത്തിൽ പ്രയോഗിക്കാൻ പോകുന്ന തന്ത്രമെന്ന്​ അദ്ദേഹത്തി​​​െൻറ കണ്ണൂർ പ്രഖ്യാപനം വ്യക്തമാക്കുന്നു. അതിന്​ ബി.ജെ.പിക്കും ആർ.എസ്​.എസിനും ഒപ്പം എൻ.എസ്​.എസിനെയും എസ്​.എൻ.ഡി.പി യോഗത്തെയും ബി.ഡി.ജെ.എസിനെയും കൂട്ടിക്കെട്ടുകയും ചെയ്യുന്നു. കണ്ണൂരിൽ ബി.ഡി.ജെ.എസ്​ ആയിരുന്നുവെങ്കിൽ അത്​ വർക്കല ശിവഗിരിയിലെത്തിയപ്പോഴാണ്​ എസ്​.എൻ.ഡി.പി ​േയാഗമായി മാറിയത്​. കണ്ണൂരിൽ മകൻ, വർക്കലയിൽ അച്ഛൻ.

മുമ്പ്​ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ ​െഎക്യം പ്രഖ്യാപിച്ചാണ്​ ബി.ഡി.ജെ.എസ്​ രൂപവത്​കരിക്കുന്നത്​. എന്നാൽ, അത്​ ചീറ്റിപ്പോയെന്ന ബോധ്യത്തിലാണ്​ അയ്യപ്പനെ മറയാക്കി എൻ.എസ്​.എസിനുള്ള ക്ഷണം. ബി.ജെ.പി, ആർ.എസ്​.എസ്​, എൻ.എസ്​.എസ്, എസ്​.എൻ.ഡി.പി എന്നിവർ ഒന്നിച്ചുനിൽക്കണമെന്ന്​ ആഹ്വാനം ചെയ്​ത അമിത്​ ഷാ ഇതുവരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന കെ.പി.എം. എസിലെ ഒരു വിഭാഗത്തെ ഉ​േപക്ഷിക്കുകയും ചെയ്​തു. സി.കെ. ജാനു എൻ.ഡി.എ വിട്ടതുകൊണ്ടാണ്​ ആദിവാസി സംഘടനയെ വിട്ടുകളഞ്ഞതെന്ന്​ ന്യായം പറയാമെങ്കിലും ശബരിമല ക്ഷേത്രത്തിൽ അവകാശം ചോദിച്ചിരിക്കുന്ന മലയരയ വിഭാഗം ആദിവാസികളാണെന്നകാര്യം പ്രസക്തമാണുതാനും.

യഥാർഥത്തിൽ ദലിത്​, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയുള്ള നായർ, ഇൗഴവ ജാതിവിഭാഗങ്ങളുടെ എകോപനമാണ്​ അമിത്​ഷാ കണ്ണൂരിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സോഷ്യൽ എൻജിനീയറിങ്​​. എല്ലാവരോടും സമദൂരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ്​ എൻ.എസ്​.എസ്.​ ഹിന്ദുക്കളുടെ പ്രശ്​നങ്ങൾ വരു​േമ്പാൾ അതിൽനിന്ന്​ രാഷ്​ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളാണ്​ ഹിന്ദു ​െഎക്യത്തിനുള്ള തടസ്സങ്ങളിലൊന്നെന്ന്​ വ്യക്തമാക്കിയിട്ടുള്ള ജി. സുകുമാരൻനായർ അമിത്​ഷായുടെ പുതിയ ബാന്ധവ ക്ഷണത്തെ എങ്ങനെ കാണുമെന്നാണ്​ ഇനി അറിയാനുള്ളത്​.

Tags:    
News Summary - Amith sha politics-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.