2024ൽ, ബി.ജെ.പി രാമന്റെ പേരിൽ വോട്ട് ചോദിക്കാനും കോൺഗ്രസ് പ്രകടനപത്രികയെ തെറ്റായി ചിത്രീകരിച്ച് വർഗീയ പ്രസംഗങ്ങൾ നടത്താനും മുതിർന്നുവെങ്കിലും ഹിന്ദു-മുസ്ലിം ഭിന്നത മൂർച്ഛിക്കും വിധത്തിലെ വർഗീയ സംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിട്ടില്ല
ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പ്രചാരണത്തിലുടനീളം വർഗീയ പ്രകോപനങ്ങളുയർത്തുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലേതിൽനിന്ന് വ്യത്യസ്തമായി, ഉത്തർപ്രദേശിൽ ഇക്കുറി വർഗീയ ഘടകങ്ങൾ കളിക്കുന്നില്ല.
എന്നിരുന്നാലും, മുസ്ലിം ജനസംഖ്യ സംസ്ഥാന ശരാശരിയായ 20 ശതമാനത്തെക്കാൾ കൂടുതലുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ പല പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ, മുസ്ലിംകളോടുള്ള വിശ്വാസമില്ലായ്മ ഇപ്പോഴും കാവി പാർട്ടിയുടെ പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നതായി കാണുന്നു.
മുസാഫർനഗർ കലാപത്തെതുടർന്നുണ്ടായ രൂക്ഷമായ വർഗീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് 2014ൽ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി വർഗീയ ചേരിതിരിവ് വർധിപ്പിക്കുകയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി സർക്കാർ കലാപത്തിൽ മുസ്ലിംകൾക്കൊപ്പം നിന്നുവെന്ന ഹിന്ദുക്കൾക്കിടയിലെ ധാരണയെ കാര്യമായി മുതലെടുക്കുകയും ചെയ്തു.
2019ൽ, പുൽവാമ ആക്രമണവും ബാലാകോട്ട് വ്യോമാക്രമണവും മുസ്ലിം രാജ്യമായ പാകിസ്താനെതിരായ ശക്തമായ പ്രതികരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിൽപനക്ക് വെച്ചത്, ജിംഗോയിസ്റ്റിക് ഉന്മാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.
2024ൽ, ബി.ജെ.പി രാമന്റെ പേരിൽ വോട്ട് ചോദിക്കാനും കോൺഗ്രസ് പ്രകടനപത്രികയെ തെറ്റായി ചിത്രീകരിച്ച് വർഗീയ പ്രസംഗങ്ങൾ നടത്താനും മുതിർന്നുവെങ്കിലും ഹിന്ദു-മുസ്ലിം ഭിന്നത മൂർച്ഛിക്കും വിധത്തിലെ വർഗീയ സംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിട്ടില്ല.
പടിഞ്ഞാറൻ യു.പിയിലെ മുസ്ലിം ജനസംഖ്യാതോതിനെ, രാഷ്ട്രീയത്തെ വർഗീയവത്കരിക്കുന്നതിനും തെരഞ്ഞെടുപ്പ് കാലങ്ങളിൽ ന്യൂനപക്ഷ സമുദായത്തിനെതിരെ ഹിന്ദുക്കളെ ധ്രുവീകരിക്കുന്നതിനുമായി ബി.ജെ.പി വർഷങ്ങളായി ആയുധമാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മെച്ചപ്പെട്ട ക്രമസമാധാന പാലനത്തിനുള്ള നിയമനിർമാണം എന്ന ധ്വനിയിലും മുസ്ലിംകളെ പൈശാചികവത്കരിക്കുന്ന സൂചനകൾ നൽകിയുമെല്ലാമാണ് ഇതിൽ ഭൂരിഭാഗവും നടപ്പാക്കിവരുന്നത്.
കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെയും രാഷ്ട്രീയ എതിരാളികളെയും ശിക്ഷിക്കുന്നതിലും- വിശിഷ്യാ മുസ്ലിംകളെ- യോഗി ആദിത്യനാഥ് സർക്കാർ കൈക്കൊള്ളുന്ന നിലപാടുകളെ മനുഷ്യാവകാശ പ്രവർത്തകർ നിരന്തരം വിമർശിക്കാറുണ്ടെങ്കിലും ബുൾഡോസറും ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങളും പ്രയോഗിച്ചുള്ള യോഗിയുടെ രീതി ഒരുവിഭാഗം ഹിന്ദുക്കൾക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
‘അഖിലേഷ് സർക്കാറിന്റെ കാലത്ത് ഒരുപാട് തെമ്മാടിത്തങ്ങൾ നടന്നിരുന്നു, മുസ്ലിംകൾ പരസ്യമായി അതിലെല്ലാം ഏർപ്പെടുമായിരുന്നുവെന്ന് പറയുന്നു മീററ്റിൽ സ്പോർട്സ് വസ്ത്രങ്ങളുടെ കട നടത്തുന്ന സോനു ഗൗതം. എടുത്തുപറയേണ്ട കാര്യമെന്തെന്നാൽ ദലിത് സമൂഹത്തിൽനിന്നുള്ള ഗൗതം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നയാളല്ല, ബി.എസ്.പിയോടാണ് ചായ്വ്.
പടിഞ്ഞാറൻ യു.പിയുടെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കവെ, ഹിന്ദു വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് കാവി പാർട്ടിക്ക് വോട്ടുചെയ്യാൻ ചായ്വുള്ളവർക്കിടയിൽ രണ്ട് ധാരണകൾ പ്രബലമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഒന്ന്, ക്രമസമാധാനപാലനം കൂടുതൽ കർശനമായി നടപ്പാക്കുന്നതിലൂടെ ബി.ജെ.പി മുസ്ലിംകളെ നിലക്ക് നിർത്തിയതായി അവർ കരുതുന്നു.
രണ്ടാമതായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാകയാൽ ബി.ജെ.പി സർക്കാറുകൾ നടത്തുന്ന ക്ഷേമപദ്ധതികളിൽനിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് മുസ്ലിംകൾക്കാണെന്ന് അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും, മുസ്ലിംകളോടുള്ള അവരുടെ സംശയങ്ങളും മുൻവിധിയും മാറ്റമില്ലാതെ തുടരുന്നു.
മുസഫർനഗറിലെ ജാട്ട് കർഷകരാവട്ടെ, മീററ്റിലെ ബ്രാഹ്മണ കടയുടമയോ അംരോഹയിലെ ചായക്കടക്കാരനോ ആകട്ടെ, യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് ഗുണ്ടായിസം ഇല്ലാതാക്കിയെന്നാണ് അവർ ഒരു മനസ്സാലെ പങ്കുവെക്കുന്ന വീക്ഷണം. ഈ വോട്ടർമാർ ക്രമസമാധാനം സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് നഗ്നമായ-വർഗീയ കോണിലൂടെയാണ് പ്രകടിപ്പിക്കുന്നത്.
എസ്.പി ഭരണകാലത്ത് ഇത് ഞങ്ങളുടെ സർക്കാറാണെന്ന് നെഞ്ചുംവിരിച്ച് പറഞ്ഞുനടന്ന മുസ്ലിംകൾ പരസ്യമായ ഗുണ്ടായിസം നടത്തിയിരുന്നുവെന്നാണ് മീററ്റിന്റെ മറ്റൊരു ഭാഗത്തുവെച്ച് കണ്ട കടുത്ത ബി.ജെ.പി അനുഭാവിയായ കടയുടമ രവികാന്ത് ദീക്ഷിത് പറഞ്ഞത്.
മോഷ്ടിച്ച വാഹനങ്ങളും അതിന്റെ ഭാഗങ്ങളും വിറ്റുപോന്ന സോതിഗഞ്ജിലെ ‘ചോർ ബസാർ’ പൂട്ടാനുള്ള യോഗി സർക്കാറിന്റെ നീക്കത്തെയും ഈ വോട്ടർമാരിൽ അധികപേരും പ്രശംസിച്ചു. മുസ്ലിംകളുടെ അനധികൃത പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാറിന്റെ നീക്കമായാണ് ഓരോ നടപടിയെയും ഇവർ കാണുന്നത്.
മുസഫർനഗറിൽ ഞങ്ങൾ കണ്ട ജാട്ട് വോട്ടർമാരിൽ ചിലർ പ്രാദേശിക ജാതി വിഷയങ്ങൾ കാരണം അവർ ബി.ജെ.പിക്ക് വോട്ടു നൽകില്ലെന്ന് പറയുമ്പോഴും മുസ്ലിംകൾക്കെതിരെ സമാനമായ മുൻവിധികൾ പങ്കുവെച്ചു. ഗുണ്ടായിസം ചെയ്യുന്നത് മുസ്ലിംകളാണെന്ന് അവർ വിശ്വസിക്കുന്നു. സൗജന്യ റേഷനും നല്ല വീടും ഉൾപ്പെടെ മോദി-യോഗി സർക്കാറുകളുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളും മുസ്ലിംകളാണെന്ന് കരുതുന്നു.
പത്തു പതിമൂന്ന് മക്കളുള്ള മുസ്ലിംകൾക്കാണ് സൗജന്യ റേഷൻ കിട്ടുന്നത് എന്നാണ് ഒരു ജാട്ട് കർഷന്റെ വിലാപം. മോദി സർക്കാറിന് കീഴിലെ അഴിമതിമൂലം ഭവനപദ്ധതികളുടെ മെച്ചം കിട്ടുന്നത് മുസ്ലിംകൾക്കാണെന്നാണ് മറ്റൊരു വ്യാപാരി പറഞ്ഞത്.
സാന്ദർഭികമെന്ന് പറയട്ടെ, ഈ സംസാരം നടന്ന് ഏതാനും ദിനങ്ങൾക്ക് ശേഷമാണ് മുസ്ലിം ജനസംഖ്യയെക്കുറിച്ചും ഹിന്ദുക്കളുടെ സ്വത്ത് മുസ്ലിംകൾക്ക് വിതരണം ചെയ്യാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും രാജസ്ഥാനിൽ നടന്ന റാലിയിൽ മോദി പ്രസംഗിച്ചത്.
ബി.ജെ.പി ഭരണത്തിൽ സൗജന്യറേഷനും സിലണ്ടറുമെല്ലാം കിട്ടുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അംറോഹയിലെ ചായക്കച്ചവടക്കാരൻ ചന്ദൻ സെന്നിന് ഏറ്റവും ആഹ്ലാദം തെമ്മാടിത്തങ്ങൾ ഇല്ലാതാക്കിയതിലാണ്. മുമ്പൊക്കെ ഇവിടെ സ്ഥിരം കുഴപ്പങ്ങളായിരുന്നുവെന്ന് രണ്ട് മുസ്ലിം ഉപഭോക്താക്കൾക്കൊപ്പമിരുന്ന് സെൻ പറയുന്നു.
സെൻ പറഞ്ഞതിനെക്കുറിച്ചും ബി.ജെ.പിക്ക് കീഴിലെ ക്രമസമാധാന നിലയെക്കുറിച്ചും ഞാൻ അന്വേഷിച്ചപ്പോൾ അവർ തലതാഴ്ത്തിയിരുന്നു. പിന്നെ ഒരാൾ പതുക്കെപ്പറഞ്ഞു- ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യാൻ താൽപര്യപ്പെടുന്നില്ല.
(ഔട്ട്ലുക്കിലും ദ ഹിന്ദുവിലും മാധ്യമ പ്രവർത്തകനായിരുന്ന ലേഖകൻ thewire.inൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.