മകൻ അനിൽ ആന്റണിയുടെ തീരുമാനത്തിൽ ഏറ്റവും വലിയ മനോവേദന അനുഭവിച്ചുകൊണ്ടുള്ള പ്രതികരണമാണ് എ.കെ. ആന്റണി നടത്തിയതെന്നത് ശരീരഭാഷയിൽനിന്നുതന്നെ വ്യക്തമായിരുന്നു. എന്നാൽ, ആന്റണിക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പൂർണമായി മാറിനിൽക്കാനാകുമോ?
അറിഞ്ഞുകൊണ്ടല്ലെങ്കിലും ആന്റണിതന്നെ വരുത്തിവെച്ച വിനയാണിത് എന്നേ കരുതാൻ കഴിയൂ. മകന്റെ പ്രവൃത്തിയെ എത്ര തള്ളിപ്പറഞ്ഞാലും അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. അതിനർഥം, അനിൽ ആന്റണി ബി.ജെ.പിയിൽ ചേക്കേറുന്നത് ആന്റണിയുടെ സമ്മതത്തോടെയാണെന്നതല്ല. ആന്റണി എക്കാലവും കോൺഗ്രസുകാരൻതന്നെയായിരിക്കാം.
എന്നാൽ, അനിൽ ആന്റണിയുടെ മാനസികാവസ്ഥയെ ഇതിലേക്കു നയിച്ചതിന് താൻ കാരണക്കാരനല്ലെന്ന് ആന്റണിക്ക് മറ്റുള്ളവരോട് പറയാനാകുമെങ്കിലും സ്വന്തം മനഃസാക്ഷിയോട് ന്യായീകരിക്കാനാകില്ല. കാരണം, അനിൽ ആന്റണി കുട്ടിക്കാലം മുതൽ വീട്ടിൽ കേട്ടുവളർന്നത്, ന്യൂനപക്ഷ ഫോബിയയുടെ ഉണർത്തുപാട്ടുകളാണ്.
ഏതു സന്ദർഭത്തിലായാലും, ‘ന്യൂനപക്ഷങ്ങൾ സ്വയം നിയന്ത്രിക്കണ’മെന്ന ആന്റണിയുടെ സുഭാഷിതങ്ങൾ ഇടക്കിടെ കേരളം കേട്ടിട്ടുള്ളതും അതിന്റെ തിക്തഫലങ്ങൾ അറിഞ്ഞിട്ടുള്ളതുമാണ്. അത് കേട്ടുവളർന്ന അനിൽ ആന്റണി, വളയം വിട്ടു ചാടിയെങ്കിൽ അത്ഭുതപ്പെടാനാകുമോ?
അഖിലേന്ത്യാതലത്തിൽ ന്യൂനപക്ഷങ്ങളായിരുന്നു, എന്നും കോൺഗ്രസിന്റെ അടിത്തറ. അത് മറന്നപ്പോഴെല്ലാം കോൺഗ്രസ് തിരിച്ചടി അനുഭവിച്ചിട്ടുണ്ട്.
അവിശ്വാസം കൊണ്ട് ശോഷിച്ചുപോയ ആ അടിത്തറ ബലപ്പെടുത്താനുള്ള വലിയൊരു പരിശ്രമത്തിൽ അതിന്റെ അഖിലേന്ത്യാ നേതൃത്വവും രാഹുൽ ഗാന്ധിയും അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരിക്കെയാണ്, കോൺഗ്രസിലെ ഏറ്റവും പ്രതിച്ഛായയുള്ള നേതാവായ ആന്റണിയുടെ വീട്ടിൽനിന്ന് തിരിച്ചടി നേരിട്ടത്. ആന്റണിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഇത് താങ്ങാനാവാത്ത ആഘാതം തന്നെയാണ്.
ഇതുകൊണ്ട് എന്തെങ്കിലും ഗുണം ബി.ജെ.പിക്ക് ഉണ്ടാകുമോ എന്നു ചോദിച്ചാൽ ഉണ്ടാകാൻ ഒരു വഴിയും ഇല്ല എന്നതുതന്നെ ഉത്തരം. കേരളത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൂടെ നിർത്തിയാൽ ഗുണമുണ്ടാക്കാമെന്നതായിരുന്നു, തൊണ്ണൂറുകളിലെ ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
അന്ന് അധികമാരെയും അവർക്ക് കേരളത്തിൽനിന്നും കിട്ടിയില്ല. അന്നത്തെ നേതൃത്വം മാറി. ഇന്നിപ്പോൾ ഭൂരിപക്ഷത്തെ പൂർണമായും അടുപ്പിച്ചുനിർത്തി രാഷ്ട്രീയലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ അഖിലേന്ത്യ നേതൃത്വത്തിന്റേത്. അതിനാൽ രാഷ്ട്രീയ നേട്ടം ഇതുകൊണ്ട് ലഭിക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടാകില്ല.
എന്നാൽ, കോൺഗ്രസിന് ഒരു വലിയ പ്രഹരം നൽകുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. അതേസമയം കോൺഗ്രസിനും യു.ഡി.എഫിനും ഇത് നഷ്ടമുണ്ടാക്കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിനിടയിലെ അവരുടെ അടിത്തറ ശുഷ്കിച്ചുവരുകയാണ്.
കേരള കോൺഗ്രസ് മാണിഗ്രൂപ്പിനെ അകറ്റിയപ്പോൾ അത് ആരംഭിച്ചതാണ്. എന്നാൽ, അക്കാലത്തും തലയെടുപ്പുള്ള ക്രൈസ്തവ നേതാക്കളുണ്ടായിരുന്നു. മതേതരമുഖമുള്ള എ.കെ. ആന്റണിക്കു പുറമെ, ഉമ്മൻ ചാണ്ടി, പ്രഫ. പി.ജെ. കുര്യൻ, പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ ആ സമുദായത്തെ കോൺഗ്രസിൽ അടുപ്പിച്ചുനിർത്താൻ കഴിയുന്നവരായിരുന്നു.
ആന്റണിയും ഉമ്മൻ ചാണ്ടിയും സജീവ രാഷ്ട്രീയം വിട്ടു എന്നു പറയാം. കെ.വി. തോമസ് ഇടതുപക്ഷത്താണിപ്പോൾ. മാണി ഗ്രൂപ്പിന്റെ ശക്തമായ പിന്തുണ ഇടതുപക്ഷത്തിന് നേരത്തേയുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷം ഈ വക സംഭവവികാസങ്ങൾ കൂട്ടിവായിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.