ഭരണകൂടത്തിെൻറ അധികാരം നിർവചിതവും നിയന്ത്രിതവുമായിരിക്കണം എന്നും പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉപാധിയില്ലാതെ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഭരണഘടനവാദം (കോൺസ്റ്റിറ്റ്യൂഷനലിസം) ആണ് ഭരണഘടനയുടെ ആത്മാവ്. ഭരണഘടന പൗരന്മാരും സ്റ്റേറ്റും തമ്മിലുള്ള ഒരു സാമൂഹിക കരാറാണ് . കോൺസ്റ്റിറ്റ്യൂഷനലിസത്തിെൻറ എതിർദിശയിലാണ് ഫാഷിസത്തിെൻറ ഭ്രമണപഥം. ഫാഷിസ്റ്റ് വ്യവസ്ഥയിൽ രാഷ്ട്രത്തിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരമാണ്. പൗരന്മാർക്ക് ഫാഷിസ്റ്റ് വ്യവസ്ഥയിൽ ഭരണകൂടത്തിനെതിരെ ഒരു അവകാശവുമില്ല. കോൺസ്റ്റിറ്റ്യൂഷനലിസവും ഫാഷിസവും വിരുദ്ധാശയങ്ങളാണ്. അമ്ലവും ക്ഷാരവുംപോലെ ഇവ പരസ്പരം നിർവീര്യമാക്കും.
ഭരണഘടനാസ്ഥാപനങ്ങളിലൂടെയാണ് ഭരണഘടനാ തത്ത്വങ്ങൾ സാക്ഷാത്കൃതമാകുന്നത്. ഭരണഘടന സ്ഥാപനങ്ങളെ നിർവീര്യമാക്കി കഴിഞ്ഞാൽ ഭരണഘടന, മൃതാക്ഷരങ്ങളുടെ ശ്മശാനം മാത്രമായിരിക്കും. ഭരണഘടനയുടെ ആത്മാവായ കോൺസ്റ്റിറ്റ്യൂഷനലിസത്തെ നിർവീര്യമാക്കുകയാണ് ഫാഷിസത്തിെൻറ അവതാരോദ്ദേശ്യം. ഇന്ത്യയിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ കൈകടത്താൻ ഭരണകൂടത്തിന് അധികാരമില്ല. കേശവാനന്ദ ഭാരതി v/s സ്റ്റേറ്റ് ഓഫ് കേരള കേസിൽ (1973) സുപ്രീംകോടതി ഇക്കാര്യം സുതരാം വ്യക്തമാക്കിയതാണ്. നേരിട്ട് ഭരണഘടന തത്ത്വങ്ങളിൽ കൈവെക്കാൻ ഫാഷിസ്റ്റ് ഭരണകൂടത്തിന് സാധ്യമല്ല. അതിനാൽ, ഭരണഘടന സ്ഥാപനങ്ങളെ ക്രമാനുഗതമായി നിർവീര്യമാക്കി, ഭരണഘടനയെ ജീവച്ഛവമാക്കി മാറ്റുന്ന തന്ത്രമാണ് ഫാഷിസ്റ്റുകൾ കൈക്കൊണ്ടിട്ടുള്ളത്.
ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രമീമാംസകരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയേൽ സിബ്ലാറ്റും രചിച്ച ‘ഹൗ ഡെമോക്രസീസ് ഡൈ’ (2018) എന്ന കൃതിയിൽ സമകാലികലോകത്ത് എങ്ങനെയാണ് സ്വേച്ഛാധിപത്യപ്രവണതയുള്ള ഭരണകൂടങ്ങൾ ജനാധിപത്യത്തിന് തുരങ്കംവെക്കുന്നത് എന്ന് പരിശോധിക്കുന്നുണ്ട്. നിർലജ്ജമായ സ്വേച്ഛാധിപത്യമോ പട്ടാള അട്ടിമറികളോ ഇന്ന് ദൃശ്യമല്ല. സമകാലികലോകത്ത്, പട്ടാള ടാങ്ക് കൊണ്ടല്ല സ്വേച്ഛാധിപതികൾ അധികാരം പിടിക്കുന്നത്; ജനതയെ വൈകാരികമായി ചൂഷണം ചെയ്ത് ബാലറ്റ് പെട്ടിയിലൂടെയാണ്. ജനാധിപത്യസ്ഥാപനങ്ങളെ നിലനിർത്തി തന്നെ അവയെ ഷണ്ഡീകരിക്കുന്നു. കോടതികളെ വരുതിയിലാക്കുന്നു. മീഡിയയേയും പൗരസമൂഹത്തേയും ഭയപ്പെടുത്തി നിശ്ശബ്ദമാക്കുന്നു. ക്രമാനുഗതമായി ജനാധിപത്യം മന്ദമൃതി പ്രാപിക്കുന്നു. ജനത, അവർ ജനാധിപത്യത്തിന് കീഴിലാണ് ജീവിക്കുന്നത് എന്ന മൂഢധാരണയിൽ കഴിയുകയും ചെയ്യുന്നു. ഭരണഘടന ആശയങ്ങളെ ഉയർത്തിപ്പിടിക്കുകയും ഭരണഘടന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സ്വേച്ഛാധിപത്യ പ്രവണതകളെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ മാർഗം എന്ന ഉപസംഹാരത്തിലാണ് ലെവിറ്റ്സ്കിയും സിബ്ലാറ്റും എത്തിച്ചേരുന്നത്. ഈ നിരീക്ഷണങ്ങൾ ഇന്ത്യൻ സാഹചര്യത്തിലും ഏറെ പ്രസക്തമാണ്.
സിവിൽ സർവിസ് എന്ന ഭരണഘടന സംവിധാനത്തിലേക്കും തദ്വാര യൂനിയൻ പബ്ലിക് സർവിസ് കമീഷൻ എന്ന ഭരണഘടന സ്ഥാപനത്തിലേക്കും കൈകടത്താനുള്ള കേന്ദ്ര സർക്കാറിെൻറ അടുത്ത കാലത്തുണ്ടായ നീക്കത്തെ മേൽസൂചിപ്പിച്ച വസ്തുതകളുടെ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. എല്ലാ ഭരണഘടനസ്ഥാപനവും പോലെ നിയന്ത്രിതവും നിർവചിതവുമായ ഭരണകൂടവും സംരക്ഷിതമായ പൗരാവകാശങ്ങളും യാഥാർഥ്യമാക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണ് ഭരണഘടന വിഭാവന ചെയ്യുന്ന സിവിൽ സർവിസ്. 1883 ലെ പെൻഡിൽട്ടൻ ആക്ട് പാസാക്കുന്നതു വരെ അമേരിക്കയിൽ നിലവിൽ ഉണ്ടായിരുന്ന ‘കൊള്ളമുതൽ പങ്കിടൽ വ്യവസ്ഥ’യും മാക്സ് വെബർ മുന്നോട്ട് വെച്ച നിയമാനുഗത ബ്യൂറോക്രസിയുമാണ് ഭരണഘടന നിർമാതാക്കളുടെ മുന്നിലുണ്ടായിരുന്നത്. രാഷ്ട്രീയ യജമാന്മാരുടെ അഭീഷ്ടത്തിനനുസരിച്ചു നിയമനവും സ്ഥാനക്കയറ്റവും നൽകുന്നതാണ് സ്പോയിൽസ് സിസ്റ്റം. എന്നാൽ, യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും നിയമത്താൽ നിർവചിതവും നിയന്ത്രിതവുമായ പ്രവർത്തനഘടനയുമുള്ളതാണ് വെബർ മുന്നോട്ടുവെച്ച ബ്യൂറോക്രാറ്റിക് മോഡൽ. നമ്മുടെ ഭരണഘടന നിർമാതാക്കൾ അവസരസമത്വവും പൗരാവകാശസംരക്ഷണവും ഉറപ്പുവരുത്തുന്ന വെബറിയൻ മാതൃകയാണ് സ്വീകരിച്ചത്.
ഒരു ഉദ്യോഗസ്ഥെൻറ പ്രഥമമായ കൂറ് ഭരണഘടനയോടാണ്. ഭരണഘടനാനുസൃതമായാണ് ഭരണകൂടം ചലിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥന്, പ്രത്യേകിച്ച് ബ്യുറോക്രസിയുടെ ഉന്നതശ്രേണിക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ ബ്യൂറോക്രസിയുടെ ഉന്നതങ്ങളിൽ വിരാജിച്ച വൈ. വേണുഗോപാൽ റെഡ്ഡി ഈയിടെ പ്രസിദ്ധീകരിച്ച തെൻറ സർവിസ് സ്റ്റോറിക്ക് നൽകിയ തലക്കെട്ട് തന്നെ ‘അഡ്വൈസ് ആൻഡ് ഡിസെൻറ്: മൈ ലൈഫ് ഇൻ പബ്ലിക് സർവിസ്’ എന്നതായിരുന്നു. ഭരണഘടനാ തത്ത്വങ്ങൾക്ക് അനുസൃതമായി ഭരണകൂടത്തെ ഉപദേശിക്കുകയും ഭരണകൂടം ആ തത്ത്വങ്ങളിൽനിന്ന് വ്യതിചലിക്കുമ്പോൾ വിയോജിക്കുകയും ചെയ്യുന്ന ഒരു ബ്യൂറോക്രസിയെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിനാണ് സിവിൽ സർവിസിലെ ഉയർന്ന തലത്തിലെ നിയമനവും ബന്ധപ്പെട്ട കാര്യങ്ങളും സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്ന പബ്ലിക് സർവിസ് കമീഷനുകൾക്ക് ഭരണഘടന രൂപം നൽകിയത്. സുപ്രീംകോടതിയിലെയും ഹൈകോടതിയിലേയും ജഡ്ജിമാരുടെ സർവിസ് വ്യവസ്ഥകൾക്ക് തുല്യമായ സർവിസ് വ്യവസ്ഥകൾ ഇതിലെ അംഗങ്ങൾക്ക് നൽകുകയും കമീഷെൻറ ശിപാർശകൾ സ്വീകരിക്കാതിരിക്കാനുള്ള ഭരണകൂടത്തിെൻറ അധികാരത്തിനു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തത്.
സിവിൽ സർവിസ് ‘പരിഷ്കരണ’വുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്ന ഒരു നിർദേശം, യു.പി.എസ്.സി നടത്തുന്ന സിവിൽ സർവിസ് പരീക്ഷ ജയിക്കുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ സർവിസ് കേഡർ നിർണയിക്കുന്നതിന്, മസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ നടത്തുന്ന ഫൗണ്ടേഷൻ കോഴ്സിലെ മാർക്കു കൂടി പരിഗണിക്കണം എന്നാണ്. പ്രിലിമിനറി, മെയിൻ എന്നീ എഴുത്തുപരീക്ഷകളും പേഴ്സനാലിറ്റി ടെസ്റ്റ് എന്ന അഭിമുഖപരീക്ഷയും ചേർന്നതാണ് സിവിൽ സർവിസ് പരീക്ഷ. ഇതിലെ മാർക്കിെൻറയും ഉദ്യോഗാർഥികൾ നൽകുന്ന മുൻഗണനയുടെയും അടിസ്ഥാനത്തിലാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ ഉദ്യോഗാർഥികൾക്ക് സർവിസ് കേഡറുകൾ അനുവദിക്കുന്നത്. ഈ തെരെഞ്ഞടുപ്പ് പ്രക്രിയ രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ ഏറക്കുറെ സുതാര്യമായി നടത്തുന്നതിൽ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ വിജയിച്ചിട്ടുണ്ട്. പുതിയ നിർദേശം ഭരണഘടനയുടെ താൽപര്യത്തിനു വിരുദ്ധമാണ്. ഭരണഘടനയുടെ 315 ഉം 323 ഉം അനുച്ഛേദ പ്രകാരം കേന്ദ്രത്തിെൻറയും സംസ്ഥാനങ്ങളുടെയും സർവിസുകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്തുക എന്നത് യഥാക്രമം യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറയും സ്റ്റേറ്റ് പബ്ലിക് സർവിസ് കമീഷനുകളുടെയും ചുമതലയാണ്. സിവിൽ സർവിസ് പരീക്ഷ നടത്തിപ്പ് പബ്ലിക് സർവിസ് കമീഷന് മാത്രമായി ഭരണഘടന നൽകിയ അധികാരമാണ്. നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനു കൂടി ഈ തെരഞ്ഞെടുപ്പിൽ പങ്ക് നൽകുന്നത് യു.പി.എസ്.സിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ആയതിനാൽ അനുച്ഛേദം 315 െൻറ ലംഘനവുമാണ് .
യു.പി.എസ്.സിയുടെ അംഗങ്ങളും അധ്യക്ഷനും ഭരണഘടനാപരമായ അധികാരികളാണ്. അനുച്ഛേദം 316 അവർക്ക് നിശ്ചിതമായ ഉദ്യോഗകാലയളവും സംരക്ഷിതമായ സേവന-വേതന വ്യവസ്ഥകളും ഉറപ്പുനൽകുന്നുണ്ട്. അനുച്ഛേദം 319 അനുസരിച്ച് സേവനകാലത്തിനുശേഷം ഇന്ത്യ ഗവൺമെൻറിെൻറ കീഴിൽ ഉദ്യോഗങ്ങൾ ഒന്നും തന്നെ ഇവർക്ക് വഹിക്കാനാവില്ല. ഈ വ്യവസ്ഥകളെല്ലാം പബ്ലിക് സർവിസ് കമീഷനുകൾ, ഭീതിയോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളായിരിക്കണം എന്നുറപ്പുവരുത്താനുള്ളതാണ്. എന്നാൽ, നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഇത്തരം സംരക്ഷണങ്ങൾ ഒന്നുമില്ലാത്ത കേന്ദ്ര ഗവൺമെൻറിെൻറ സമ്പൂർണ നിയന്ത്രണത്തിലുള്ള പരിശീലന സ്ഥാപനം മാത്രമാണ്. ഇതിെൻറ ഡയറക്ടർ കേന്ദ്ര ഗവൺമെൻറ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. എപ്പോൾ വേണമെങ്കിലും സ്ഥാനചലനം ഉണ്ടാകാവുന്ന പദവി. പരിശീലകരും അങ്ങനെ തന്നെ. ഈ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനും സീനിയർ ബ്യൂറോക്രാറ്റുകൾക്കും എളുപ്പത്തിൽ സാധിക്കും. ഇതിലൂടെ വേണ്ടപ്പെട്ടവർക്ക് ഫൗണ്ടേഷൻ കോഴ്സിൽ മികച്ച മാർക്ക് നൽകി മെച്ചപ്പെട്ട സർവിസുകൾ നൽകാനും ഇഷ്ടമില്ലാത്തവരെ തഴയാനും രാഷ്ട്രീയനേതൃത്വത്തിനും ഉദ്യോഗസ്ഥ മേധാവികൾക്കും സാധിക്കും. ഇത് സിവിൽ സർവിസിെൻറ കക്ഷി-രാഷ്ട്രീയവത്കരണത്തിനും വർഗീയവത്കരണത്തിനും കാരണമാകും. സിവിൽ സർവിസ് പരീക്ഷയിൽ ഉയർന്ന റാങ്കുകാരും താഴ്ന്ന റാങ്കുകാരും തമ്മിൽ ചെറിയ മാർക്കിെൻറ വ്യത്യാസമേ കാണൂ. ഫൗണ്ടേഷൻ കോഴ്സിെൻറ മാർക്കു കൂടി പരിഗണിച്ചാൽ യു.പി .എസ്.സി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് കീഴ്മേൽ മറിക്കപ്പെടും; യു.പി.എസ്.സി നോക്കുകുത്തിയാകുകയും ചെയ്യും.
സെൻട്രൽ സെക്രേട്ടറിയറ്റിൽ 10 ജോ.സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യ മേഖലയിൽനിന്ന് ‘കഴിവുറ്റ, രാഷ്ട്രനിർമാണത്തിൽ തൽപരരായ’ എക്സിക്യൂട്ടിവുകളെ നിയമിക്കാനുള്ള നീക്കമാണ് രണ്ടാമത്തെ ‘പരിഷ്കരണം’. 1970 ൽ ഇന്ദിര ഗാന്ധി മുന്നോട്ടുവെച്ച ‘കമ്മിറ്റഡ് ബ്യൂറോക്രസി’ എന്ന ആശയത്തിെൻറ പുനരവതരണമാണോ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത് എന്ന് സംശയിക്കണം. രാഷ്ട്രീയ പക്ഷപാതിത്വം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദം എന്ന തത്ത്വത്തിനെതിരാണിത്. പ്രഗല്ഭരായ സാങ്കേതിക വിദഗ്ധരുടെ ഉപദേശം തേടാൻ ഇപ്പോൾ തന്നെ സൗകര്യമുണ്ട്. പകരം സ്വകാര്യമേഖലയിൽനിന്ന് നേരിട്ട് നയരൂപവത്കരണ സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉദ്യോഗസ്ഥ വൃന്ദത്തെ കക്ഷി -രാഷ്ട്രീയവത്കരിക്കാനേ സഹായിക്കൂ. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത (അക്കൗണ്ടബിലിറ്റി)ത്തെ തുരങ്കംവെക്കുന്ന ഇത്തരം നീക്കങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.