ഇന്നാട്ടിൽ പണിയൊഴിഞ്ഞിട്ട് നേരമില്ലാത്ത ഒരൊറ്റ വർഗമേ കാണൂ; അത് കേന്ദ്രത്തിന്റെ കളിപ്പാവകളായ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരായിരിക്കും. രാജ്യത്തിന്റെ മുക്കുമൂലകളിൽ അരിച്ചുപെറുക്കിക്കൊണ്ടിരിക്കുകയാണവർ. അഴിമതിക്കും ഭീകരതക്കുമെതിരായ സർജിക്കൽ സ്ട്രൈക് എന്നാണ് അതിനെ മോദിഭക്തരും പരിവാരങ്ങളും വിശേഷിപ്പിക്കാറുള്ളത്. ഈ കലാപരിപാടിയുടെ ചൂടും ചൂരുമറിഞ്ഞവർ അതിനെ 'വേട്ട' എന്നാണ് പറയുക. പ്രതിപക്ഷ സംസ്ഥാനങ്ങൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയുമുള്ള രാഷ്ട്രീയ വേട്ട. കാവിപ്പടയുടെ പരീക്ഷണശാലകളിൽ തെരഞ്ഞെടുപ്പിന് അരങ്ങുതെളിഞ്ഞിരിക്കെ, വേട്ടയുടെ ഊക്കും വേഗവും വർധിച്ചിരിക്കുകയാണിപ്പോൾ. കഴിഞ്ഞയാഴ്ചത്തെ പി.എഫ്.ഐ വേട്ടയുടെ കാര്യമല്ല പറഞ്ഞുവരുന്നത്; അതിനും മുന്നേ അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ തുടക്കമിട്ട 'ആപ്പ് വേട്ട'യെക്കുറിച്ചാണ്. ആ വേട്ടയിൽ അകത്തായിരിക്കുന്നത്, കെജ്രിവാളിന്റെ 'കുറ്റിച്ചൂൽ വിപ്ലവ'ത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അമാനത്തുല്ല ഖാൻ എന്ന എം.എൽ.എയാണ്. ആന്റി കറപ്ഷൻ ബ്യൂറോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുമ്പോൾ കസ്റ്റഡിയങ്ങനെ നീണ്ടുപോകാനാണ് സാധ്യത.
പ്രത്യയശാസ്ത്രപരമായി ചില അന്തർധാരകളൊക്കെ ആരോപിക്കപ്പെടാറുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ആപ്പും ബി.ജെ.പിയും പരസ്പരം പ്രതിയോഗികളാണ്. അതുകൊണ്ടുതന്നെ, 'ആപ്പ്' സർക്കാറിനെ തൂത്തെറിയുക എന്ന അജണ്ടയിൽ അന്വേഷണ ഏജൻസികൾ തലസ്ഥാനത്തും റോന്തുചുറ്റുന്നത് ഇതാദ്യമായൊന്നുമല്ല. ആ കറക്കത്തിൽ സത്യേന്ദ്ര ജെയ്ൻ, മനീഷ് സിസോദിയ എന്നീ മന്ത്രിമാരെയാണ് ആദ്യം കുടുക്കാൻ നോക്കിയത്. അതത്ര വിജയിച്ചില്ലെന്നു കണ്ടപ്പോഴാണ് നേരെ അമാനത്തുല്ല ഖാനെതിരെ തിരിഞ്ഞത്. ഈ റെയ്ഡ് അമാനത്തുല്ല ഖാനിലും അവസാനിക്കില്ല എന്നാണ് കെജ്രിവാളിന്റെ നിരീക്ഷണം. കാരണം, ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പഞ്ചാബിൽ ഭഗവത് മാനിനെ അധികാരത്തിലെത്തിച്ച മിന്നും വിജയത്തിനുശേഷം അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് അന്നേ മാസങ്ങൾക്കുമുമ്പേ കെജ്രിവാൾ പ്രഖ്യാപിച്ചതാണ്. അതിനുള്ള പണിയും ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയാകട്ടെ, ചില്ലറ പ്രതിസന്ധിയിലുമാണ്. അതിനാൽ, എന്തുവിലകൊടുത്തും 'ആപ്പി'നൊരു ആപ്പുവെച്ചേ മതിയാകൂ. ആ ചിന്തയിലാണത്രെ ഡൽഹിയിലും പഞ്ചാബിലും കേന്ദ്രം പ്രത്യേക വേട്ടക്ക് ആഹ്വാനം ചെയ്തത്.
'ആപ്പി'ന്റെ മുസ്ലിം മുഖമെന്നാണ് പലപ്പോഴും അമാനത്തുല്ലയെ വിശേഷിപ്പിക്കാറുള്ളത്. സംഘ്പരിവാറിന്റെ 'രാമരാഷ്ട്രീയ'ത്തിനു ബദലായി കെജ്രിവാൾ ഹനുമാനെ കൂട്ടുപിടിച്ചപ്പോൾ, അതിൽനിന്നു മാറി ഡൽഹിയിലെ ചേരി നിവാസികളുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ശബ്ദമായി മാറിയത് അമാനത്തുല്ലയായിരുന്നു. അതുകൊണ്ടാണ്, 2015ലും 20ലും ഓഖ്ലക്കാർ ചരിത്രഭൂരിപക്ഷത്തിൽ ഡൽഹി നിയമസഭയിലേക്കയച്ചത്. രണ്ടാം വരവിൽ ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരുന്നു. ഇക്കാലത്ത് നടത്തിയെന്ന് പറയപ്പെടുന്ന ചില അഴിമതികളാണിപ്പോൾ പുകിലായിരിക്കുന്നത്. വഖഫ് ബോർഡിലേക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെ റിക്രൂട്ട് ചെയ്ത 32 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓഖ്ലവാസികളോ ടിയാന്റെ ബന്ധുക്കളോ ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. നിയമലംഘനവും അഴിമതിയും സ്വജനപക്ഷപാതവുമാണ് വകുപ്പുകൾ; നഗ്നമായ സത്യപ്രതിജ്ഞ ലംഘനം. ഒരു സാമാജികനെ ചോദ്യംചെയ്യാൻ ഇതൊക്കെ ധാരാളം. സംഘം നേരെ ജാമിഅ നഗറിലെ വീട്ടിലേക്ക് വെച്ചുപിടിച്ചു. ഒരു ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം മുതൽ അമാനത്തുല്ലയുടെ ജോഗാ ബായിലെ വീട്ടിലും അടുത്ത സുഹൃത്തുക്കളുടെ വീട്ടിലും റെയ്ഡ്. സുഹൃത്തിന്റെ വീട്ടിൽനിന്ന് പണവും ഒരു തോക്കും കിട്ടി. അതോടെ, വകുപ്പുകളുടെ എണ്ണം പിന്നെയും കൂടി. ഇതിനിടെ, നാല് സുഹൃത്തുക്കളും അകത്തായി. രണ്ടു തവണ കോടതിയിലെത്തിച്ചെങ്കിലും ഇതുവരെയും ജാമ്യത്തിനുള്ള വഴി തെളിഞ്ഞിട്ടില്ല. നാളെ കോടതി ചേരുമ്പോഴും നടപടിക്രമങ്ങൾ പാലിച്ച് ജയിലിലേക്കുതന്നെ മടക്കിയയക്കാനാണ് സാധ്യത.
സിസോദിയക്കും ജെയിനിനും മുന്നേ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു അമാനത്തുല്ല എന്ന് ആർക്കാണറിയാത്തത്? രണ്ടാമൂഴത്തിൽ ഏക സിവിൽകോഡ് അടക്കമുള്ള പ്രത്യക്ഷ ഹിന്ദുത്വയിലേക്കാണ് മോദിയുടെ പോക്ക്; 'ഒരൊറ്റ മുഖമുള്ള ജനത'യെന്നതാണ് മുദ്രാവാക്യം. അപ്പോൾ പിന്നെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കിടയിൽ മുസ്ലിം മുഖം, ദലിത് മുഖം എന്നിങ്ങനെയുള്ള 'വേർതിരിവു'കൾ ആവശ്യമില്ല. വെട്ടിനിരത്തി മുഖമില്ലാതാക്കേണ്ടവരുടെ പട്ടികയിൽ അമാനത്തുല്ലയുമുണ്ടായിരുന്നു. ഡൽഹിയിൽ പൗരത്വനിയമത്തിനെതിരായ സമരം കത്തിനിൽക്കുന്ന സമയമാണത്. ആ സമയത്തുതന്നെയാണ് കെജ്രിവാളിന് ഡൽഹി ജനത അധികാരത്തുടർച്ച സമ്മാനിച്ചതും. പക്ഷേ, ആ സമരങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞുമാറി അദ്ദേഹം 'ഹനുമാൻ സേവ'ക്ക് തുനിഞ്ഞപ്പോൾ അമാനത്തുല്ല തൊട്ടപ്പുറത്ത് ശാഹീൻ ബാഗിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവിടെ സമരപ്പന്തൽ ഉയർത്താനും കൂടി. സമരക്കാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചക്കു തയാറാകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു. പാർട്ടി നയത്തിൽനിന്ന് ഏറെ അകലെ മാറി സമരക്കാർക്കൊപ്പം നടന്നപ്പോഴാണ് ഓഖ്ലയിൽനിന്ന് മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചുകയറിയത്. ആ വിജയം ശാഹീൻബാഗുകാർ വലിയ ആഘോഷമാക്കി.
മോദിയുടെ ബുൾഡോസർ രാജിൽ കെജ്രിവാളും പാർട്ടിയും അഴകൊഴമ്പൻ നിലപാടെടുത്തുനിന്ന സന്ദർഭത്തിൽ കളത്തിലിറങ്ങിക്കളിച്ചതും അമാനത്തുല്ലയായിരുന്നു. കഴിഞ്ഞ മേയിലാണത്. സ്വന്തം മണ്ഡലത്തിലുള്ള മദൻപുർ ഖാദറിലെ ചേരിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയിരിക്കുകയാണ് അധികൃതർ. നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ പൊളിച്ച് അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയാണ് ഓപറേഷൻ ബുൾഡോസറിന്റെ ലക്ഷ്യമെന്നാണ് സർക്കാർ ഭാഷ്യം. അനധികൃത താമസക്കാർ എന്നാൽ, മുസ്ലിം ചേരി നിവാസികൾ എന്നുകൂടി അർഥമുണ്ട്. അരികുവത്കരിക്കപ്പെട്ട് പുറംപോക്കിൽ കഴിയുന്നവരെ പിന്നെയും അഭയാർഥികളാക്കി മാറ്റാനുള്ള പരിപാടിയാണ്. ബുൾഡോസറുകളെത്തും മുമ്പേ അമാനത്തുല്ലയും സംഘവും അവിടെയെത്തി. പക്ഷേ, കേന്ദ്രത്തിന്റെ അധികാരശക്തിക്കുമുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു. അവർ അറസ്റ്റ് ചെയ്യപ്പെട്ടു. പൊതുസേവകന്റെ ഔദ്യോഗിക കൃത്യങ്ങൾ തടസ്സപ്പെടുത്തിയതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമായി 18 കേസുകൾ തലയിൽവെച്ചുകൊടുത്തു. ഒരാഴ്ചക്കുള്ളിൽ ജാമ്യം കിട്ടിയെങ്കിലും ആ കേസും കൂട്ടവും ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. എങ്ങനെയാണ് അമാനത്തുല്ല ഖാൻ ആപ്പിന്റെ മുസ്ലിം മുഖമായതെന്ന് ഈ സംഭവങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. അങ്ങനെയൊരു 'മുഖം' കേന്ദ്രത്തിനെതിരെ തുറിച്ചുനോക്കുന്നതിന്റെ അപകടം കാവിപ്പടയും തിരിച്ചറിയുന്നുണ്ട്. അതായിരിക്കുമോ പുതിയ അറസ്റ്റ് നാടകത്തിനുപിന്നിൽ?
1974 ജനുവരി പത്തിന് യു.പിയിലെ മീററ്റിൽ ജനനം. അഗ്വാൻപുർ ഗ്രാമത്തിലെ ഒരു കർഷക കുടുംബമായിരുന്നു അമാനത്തുല്ലയുടേത്. അവർ പിന്നീട് ഡൽഹിയിലേക്ക് മാറി. പ്ലസ് ടു വാണ് വിദ്യാഭ്യാസ യോഗ്യത. ഡിഗ്രിക്ക് ജാമിഅ മില്ലിയയിൽ ചേർന്നിരുന്നുവെങ്കിലും പൂർത്തിയാക്കാനായില്ല. പൂർവാശ്രമത്തിൽ ബിസിനസായിരുന്നു. 2008ൽ, പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിലൂടെയാണ് രാഷ്ട്രീയപ്രവേശനം. 2008ലും 13ലും പാർട്ടി ബാനറിൽ നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു. അതിൽപിന്നെയാണ് കെജ്രിവാളിന്റെ 'പരിവർത്തൻ' മുദ്രാവാക്യത്തിൽ ആകൃഷ്ടനായി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. പലതവണ പാർട്ടിനേതാക്കളോട് ഇടഞ്ഞിട്ടുണ്ട്; അതിന്റെ പേരിൽ തരംതാഴ്ത്തൽ നടപടിക്കൊക്കെ വിധേയനായിട്ടുമുണ്ട്. അപ്പോഴും കെജ്രിവാളിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു. ആ സമവാക്യത്തിന്റെ രസതന്ത്രം ഇപ്പോഴും പിടികിട്ടിയിട്ടില്ല. ശഫിയ ഖാൻ ആണ് ഭാര്യ. രണ്ട് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.