മൂന്നുവർഷം പിന്നിട്ടിരിക്കുകയാണ് കശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണസഖ്യം. ആറുവർഷമാണ് സംസ്ഥാനത്ത് നിയമസഭകളുടെ കാലാവധി. പ്രക്ഷോഭങ്ങളും സംഘർഷങ്ങളും ഉൗഴത്തിൽ പകുതിയും അപഹരിച്ചിരിക്കെ ശിഷ്ടവർഷങ്ങൾ എങ്ങനെ കാര്യക്ഷമമാക്കാം എന്ന സമ്മർദം മുഖ്യമന്ത്രി മഹ്ബൂബയെ കൂടുതൽ ജാഗരൂകയാക്കുന്നു. ഒൗദ്യോഗിക പ്രോജക്ടുകളുടെ ഫലപ്രാപ്തി അവലോകനം ചെയ്യാൻ ജമ്മുവിൽ ചേരുന്ന ഇരുകക്ഷികളുടെയും മുതിർന്ന നേതാക്കളുടെ യോഗങ്ങളിൽ അവർ സംബന്ധിച്ചുകൊണ്ടിരിക്കുന്നു. രജൗറി, പൂഞ്ച് ജില്ലകളിൽ പര്യടനം നടത്തി ജനങ്ങളുടെ ആവലാതികൾ ശ്രവിക്കാനും സമയം കണ്ടെത്തുന്നു. ജനങ്ങളെ അടിച്ചമർത്തുന്നതിലല്ല ജനോപകാരപ്രദമായ ഭരണം കാഴ്ചവെക്കുന്നതിലാണ് താൻ കൂടുതൽ ഉത്സുകയെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കേണ്ടത് ഇൗ ഘട്ടത്തിൽ അനിവാര്യതയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കുന്നു.
മൂന്നുവർഷങ്ങൾ ഒരു മുഖ്യമന്ത്രിക്ക് വിലപ്പെട്ടതാണെന്ന് നേരേത്ത തെളിയിച്ച രാഷ്ട്രീയനേതാവായിരുന്നു മഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സഇൗദ്. 2002-2005 കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിെൻറ മുഖ്യമന്ത്രിപദഅരങ്ങേറ്റം. അന്നത്തെ കോൺഗ്രസ് സർക്കാറിനെ നയിച്ച് ഭരണത്തിൽ സ്വകീയമുദ്ര പതിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പിന്നീട് ഗുലാംനബിയുടെ ഭരണവേളയിലും ഉമർ അബ്ദുല്ലയുടെ ഭരണകാലയളവിലും സ്വന്തം അണികളെ ചിതറാതെ സ്വപക്ഷത്ത് നിർത്താൻ അന്നത്തെ അദ്ദേഹത്തിെൻറ ഭരണപാടവം തന്നെയായിരുന്നു തുണയായത്. 2014ൽ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻവരെ പഴയ ഭരണപാടവം മുതൽക്കൂട്ടായെന്നും നിരീക്ഷകർ കരുതുന്നു. ബി.ജെ.പിയുമായി കൈകോർത്താണെങ്കിലും മുഖ്യമന്ത്രിപദം തിരിച്ചുപിടിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
പക്ഷേ, പിന്നീട് വന്ന വർഷങ്ങൾ കാലുഷ്യങ്ങളുടേതും നൈരാശ്യത്തിേൻറതുമായിരുന്നു. താൻ ഉദ്ദേശിച്ചവിധം ഭരണം മുന്നേറില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നിലനിൽപ്പുപോലും ചോദ്യംചെയ്യപ്പെടുന്ന രീതിയിൽ അദ്ദേഹത്തിെൻറ പാർട്ടി (പി.ഡി.പി) ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. നിരാശാഭരിതമായ മനസ്സുമായായിരുന്നു അദ്ദേഹം 2015ൽ ഇഹലോകവാസം വെടിഞ്ഞത്. ജനുവരിയിലായിരുന്നു ആ വിയോഗം. മകൾ മഹ്ബൂബയുടേതായി അടുത്ത ഉൗഴം. എന്നാൽ, പിതാവിെൻറ പിൻഗാമിയായി മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ അവർ മാസങ്ങളോളം മടിച്ചുനിന്നു.
മഹ്ബൂബയുടെ ഉദയം
രാഷ്ട്രീയത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ പിതാവിെൻറ മരണശേഷം മഹ്ബൂബ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളിൽ പ്രതീക്ഷകൾ ചിറകടിച്ചിരുന്നു. എന്നാൽ, കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയിൽനിന്നും സൈനികരിൽനിന്നുമുണ്ടായ സമ്മർദങ്ങൾക്കിടയിൽ മഹ്ബൂബയുടെ ഭരണതന്ത്രങ്ങളൊന്നാകെ നിലംപരിശായി. ജനകീയപ്രക്ഷോഭങ്ങൾ നിയന്ത്രണാതീതമായി. അനേകം ജീവനുകൾ പൊലിഞ്ഞു.
എന്നാൽ, മഹ്ബൂബക്കനുകൂലമായി കാറ്റ് വീശുന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ പിറവിയെടുത്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവുകൾ മഹ്ബൂബയെ സമ്മർദമുക്തയാക്കിയേക്കാം. കശ്മീരിലേക്ക് മധ്യസ്ഥനെ നിയോഗിച്ച കേന്ദ്രനടപടിയും പ്രോത്സാഹജനകമായിരിക്കുന്നു. അതിനാൽ, അലോസരങ്ങളില്ലാതെ ഭരണകാര്യങ്ങളിൽ വ്യാപൃതയാകാൻ പുതിയ സാഹചര്യം തുണയാകും. ദിനേശ്വർ ശർമ എന്ന പുതിയ മധ്യസ്ഥെൻറ പ്രഥമ കശ്മീർസന്ദർശനം പരാജയം രുചിെച്ചങ്കിലും സംസ്ഥാനത്തെ പിരിമുറുക്കങ്ങൾക്ക് അത് അയവുവരുത്തി. പുതിയ നീക്കം സമാധാനാന്തരീക്ഷത്തിെൻറ കവാടങ്ങൾ തുറക്കുമെന്ന് മഹ്ബൂബ പ്രത്യാശിക്കുന്നു. അതുവഴി തെൻറ പാർട്ടിക്ക് സംഭവിച്ച പ്രതിച്ഛായനഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെക്കുന്നു. പുതിയ ഭരണശൈലികൊണ്ട് ഒരുപക്ഷേ ജനങ്ങളെ കൂടെനിർത്താനാകുമെങ്കിൽ അത് പുതിയ മാറ്റങ്ങൾക്കുപോലും നാന്ദിയാകും.
കേസുകൾ റദ്ദാക്കുന്നു
സുരക്ഷാഭടന്മാർക്കെതിരെ കല്ലേറ് നടത്തിയതിെൻറപേരിൽ യുവാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇൗ പശ്ചാത്തലത്തിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. ജനങ്ങൾക്കിടയിലെ വിശ്വാസവർധക നടപടിയായാണ് മഹ്ബൂബ ഇൗ നീക്കത്തെ സ്വയം വിലയിരുത്തുന്നത്. കഴിഞ്ഞവർഷംതന്നെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നെത്ര. പക്ഷേ, പ്രക്ഷോഭം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ‘നിരവധി യുവാക്കൾക്കും അവരുടെ കുടുംബത്തിനും പ്രത്യാശപകരുന്നതാണ് തീരുമാനമെന്നും തകർന്ന ജീവിതം പുതുതായി കെട്ടിപ്പടുക്കാൻ അത് സഹായകമാകുമെന്നും അവർ ട്വീറ്റ് ചെയ്തതും കീഴ്ത്തട്ടിലെ ജനങ്ങളുടെ പോലും ശ്രദ്ധ കവർന്നു. മധ്യസ്ഥെൻറ നിർദേശങ്ങൾക്കും കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ മുന്തിയ പരിഗണന നൽകുമെന്ന മഹ്ബൂബയുടെ പ്രസ്താവനയും സമാശ്വാസകരമാണ്.
11,560 കല്ലേറുകേസുകളാണ് ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 4500 കേസുകളുടെ എഫ്.െഎ.ആർ റദ്ദാക്കുമെന്നാണ് വാഗ്ദാനം. ആദ്യമായി കേസിൽ കുടുങ്ങിയവരാണ് ഇൗ പട്ടികയിൽ ഉൾപ്പെടുക. മറ്റ് കേസുകളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം ഉടനെ കൈക്കൊള്ളാനിടയില്ലെന്നാണ് ലഭ്യമായ സൂചനകൾ. അതേസമയം, കോടതി വിട്ടയച്ചവരെ വീണ്ടും നിയമപാലകർ പിടികൂടി കുരുക്കിൽ വീഴ്ത്തുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇത്തരം കോപ്രായങ്ങൾ അവസാനിപ്പിക്കണമെന്ന് നിയമപാലകർക്ക് മുഖ്യമന്ത്രി കർക്കശനിർദേശം തന്നെ നൽകി.
അതേസമയം, സുരക്ഷാസേന നടത്തുന്ന നരവേട്ടകൾ നിർബാധം തുടരുന്നത് ജനങ്ങളിൽ അസ്വസ്ഥത വർധിപ്പിക്കുന്നു. ജനുവരിക്കുേശഷം 195 പേരെയാണ് സൈനികർ കൊലപ്പെടുത്തിയത്. സൈനികവേട്ട ഇല്ലാതെ സംസ്ഥാനത്ത് ഒരുദിനം പോലും കടന്നുപോകുന്നില്ല.
മാനം തെളിയുമോ?
കല്ലേറ് നടത്തിയവർക്കെതിരായ കേസുകൾ റദ്ദാക്കാനുള്ള നീക്കം ചെറിയ ചുവടുവെപ്പ് മാത്രമായിരിക്കാം. എന്നാൽ, ഇത്തരം അനുഭാവസമീപനങ്ങളെ ബലപ്പെടുത്തുന്നതിനുള്ള മൂർത്തനീക്കങ്ങളും പ്രഖ്യാപിക്കപ്പെടേണ്ടിയിരിക്കുന്നു. വിഘടനവാദികളുമായി നടത്തുന്ന സംഭാഷണങ്ങൾ ഫലപ്രദമാകാൻ പുതിയ അന്തരീക്ഷസൃഷ്ടി തന്നെ വേണം. നിരവധി രാഷ്ട്രീയപ്രവർത്തകർ ഇപ്പോഴും അഴികൾക്ക് പിന്നിലാണ് ജീവിതം തള്ളിനീക്കുന്നത്. കോടതിഉത്തരവ് ഉണ്ടായിട്ടും അനേകം പൗരന്മാർ പൊലീസ്കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കപ്പെടുന്നില്ല.ഭരണകാര്യങ്ങളിലും വികസനത്തിലും ശ്രദ്ധയൂന്നി ജനസ്വീകാര്യത കൈവരിക്കാൻ മുഖ്യമന്ത്രിക്ക് ഇനിയും കഠിനപരിശ്രമങ്ങൾ തന്നെ അനിവാര്യമാണ്. ഉദ്യോഗസ്ഥതലത്തിലും കാര്യക്ഷമത വർധിപ്പിക്കുന്ന രീതികൾ നടപ്പാക്കേണ്ടിയിരിക്കുന്നു. പലരും ചൂണ്ടിക്കാട്ടുന്നതുപോലെ ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടികൾ മാത്രമാണ് മേലുദ്യോഗസ്ഥർ നിർവഹിക്കുന്ന ഏക ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.