പത്തിരുപത് വർഷം മുമ്പ് തമിഴക രാഷ്ട്രീയത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: 'കരുണാനിധി ആഴ്ക-മു.ക സ്റ്റാലിൻ വാഴ്ക വാഴ്ക'. 96ൽ ജയലളിതയെ തറപറ്റിച്ച്, അഞ്ചുവർഷത്തിനുശേഷം രണ്ടാമൂഴത്തിനൊരുങ്ങിയപ്പോഴാണ് കരുണാനിധിയുടെ കട്ടൗട്ടുകൾക്കൊപ്പം മകൻ സ്റ്റാലിനെക്കൂടി ചേർത്ത് ഇതുപോലെ മുദ്രാവാക്യം വിളിച്ചത്. അന്നേ രാഷ്ട്രീയ പണ്ഡിറ്റുകൾ ദ്രാവിഡ രാഷ്ട്രീയത്തിലെ തലമുറ മാറ്റത്തെക്കുറിച്ച് പ്രബന്ധങ്ങൾ രചിക്കാൻ തുടങ്ങിയതാണ്. എന്നിട്ടും, സ്റ്റാലിന് പിന്നെയും രണ്ടു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. അതിനിടയിൽ, കൈല തന്നെയും കാലയവനികക്കുള്ളിൽ മറഞ്ഞു; പാളയത്തിൽ പടയുമായി സാമാന്യം നല്ല പോരും കാഴ്ചെവക്കേണ്ടിവന്നു. അതിനൊക്കെശേഷമാണ്, പാരമ്പര്യവൈരികൾക്കെതിരെ ഗോദയിലിറങ്ങിയത്. ആ സമയം മുദ്രാവാക്യമിങ്ങനെ: ''സ്റ്റാലിൻ താ വരാർ, ഇതു താൻ ഇതു താൻ മക്കളുടെ മുടിവ്'. സ്റ്റാലിൻ വരും, അതാണ് ജനങ്ങളുടെ തീരുമാനം എന്ന് സാമാന്യമായി അർഥം പറയാം. നീലഗിരി മുതൽ ചെന്നൈ വരെ മുഴങ്ങിയ ആ പ്രചവനമിപ്പോൾ യാഥാർഥ്യമായിരിക്കുന്നു. തമിഴകത്തെ ഇനിയുള്ള അഞ്ചുവർഷം മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ. സ്റ്റാലിൻ നയിക്കും. മുഖ്യമന്ത്രി കസേരയിലെ ആദ്യ ദിനങ്ങളിൽ നടത്തിയ ചില പ്രഖ്യാപനങ്ങൾ ദളപതിയെന്ന താരകത്തിെൻറ ശോഭ പിന്നെയും കൂട്ടി. കേരള മോഡലിൽ, സ്വന്തം ദേശത്തും കോവിഡ് കാല പ്രതിരോധം തീർക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യൻ. ഭക്ഷ്യക്കിറ്റുകളും മറ്റുമായി സൗജന്യങ്ങളുടെ പെരുമ്പറ സ്റ്റാലിനും മുഴക്കിയിരിക്കുന്നു. അതുകൊണ്ടായിരിക്കാം, ദേശീയമാധ്യമങ്ങളിപ്പോൾ 'സതേൺ സ്റ്റാർ' എന്ന് വിശേഷിപ്പിക്കുന്നത്.
സ്വന്തം ജീവൻപോലെ ചെന്തമിഴിനെയും അതിെൻറ സാംസ്കാരിക പാരമ്പര്യത്തെയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്തയാളാണ് കരുണാനിധി. ഒാരോ വാക്കിലും പ്രവൃത്തിയിലും ചെന്തമിഴിെൻറ സൗന്ദര്യം നുകർന്ന കലൈജ്ഞർ പക്ഷേ, തനിക്ക് രണ്ടാമതൊരു മകൻ പിറന്നപ്പോൾ കുഞ്ഞിന് സ്റ്റാലിൻ എന്നാണ് പേര് നൽകിയത്. ചെന്തമിഴിനോെടന്നപോലെ ചെങ്കൊടിയോടുള്ള അൻപായിരുന്നു അതിനു പിന്നിൽ. ജോസഫ് സ്റ്റാലിൻ മരിക്കുന്നതിന് അഞ്ചുദിവസം മുമ്പാണ് ദയാലു അമ്മാൾ സ്റ്റാലിന് ജന്മം നൽകിയത്. കുഞ്ഞിന് എന്തു പേര് നൽകണമെന്ന് ആലോചിച്ചിരിക്കുേമ്പാഴാണ് മോസ്കോയിൽനിന്ന് ആ മരണവാർത്തയെത്തിയത്. പിന്നെ കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല; കമ്യൂണിസ്റ്റ് രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ വിസ്തൃതമാക്കിയ ആ നേതാവിെൻറ പേര് തന്നെയാകെട്ടയെന്ന് തീരുമാനിച്ചുറപ്പിച്ചു. പേര് കടം കൊണ്ടുവെങ്കിലും, കരുണാനിധി മകന് പകർന്നുനൽകിയത് സ്റ്റാലിനിസമായിരുന്നില്ല; പെരിയാറിലൂടെ കൈവന്ന ദ്രാവിഡ രാഷ്ട്രീയത്തിെൻറ ബാലപാഠങ്ങൾ തന്നെയായിരുന്നു. അവയാണ് സ്റ്റാലിെൻറ രാഷ്ട്രീയത്തെ ചിട്ടപ്പെടുത്തിയത്. അതുകൊണ്ടാണ്, മുഖ്യശത്രുവിനെതിരെ െഎക്യപ്പെടാവുന്നവരെ മുഴുവൻ അണിനിരത്തി മികച്ചൊരു രാഷ്ട്രീയ പോരാട്ടം സാധ്യമാക്കിയത്. 234 സീറ്റുള്ള സംസ്ഥാനം പൂർണമായി പിടിച്ചടക്കാൻ അനുകൂല സാഹചര്യം നിലനിന്നിട്ടും സ്വന്തം പാർട്ടി മത്സരിച്ചത് 180ൽ താഴെയാണ്. ബാക്കിയെല്ലാം സംസ്ഥാനത്തെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം കൈയാളുന്ന കക്ഷികൾക്കു വീതിച്ചുനൽകി. ആ മതേതര സഖ്യമാണിപ്പോൾ 160ഒാളം സീറ്റുകൾ നേടിയിരിക്കുന്നത്. പത്തുവർഷത്തിനുശേഷം ഡി.എം.കെ അധികാരം തിരിച്ചുപിടിച്ചു എന്നതിനപ്പുറം, ദ്രാവിഡ രാഷ്ട്രീയത്തിെൻറ വേരറുക്കാൻ വൻ താരപ്പടയെ കൂട്ടുപിടിച്ചിറങ്ങിയവരെ കെട്ടുകെട്ടിച്ചു എന്നതാണ് സ്റ്റാലിെൻറ ലെഗസി.
വയസ്സ് 68 ആയി. മുഖ്യമന്ത്രി കസേരയുടെ വലുപ്പം വെച്ചുനോക്കുേമ്പാൾ ഇതൊരു ചെറിയ പ്രായം മാത്രമാണ്. നമ്മുടെ വി.എസ്. അച്യുതാനന്ദനൊക്ക ആ കസേരയിലെത്തിയത് 80 കഴിഞ്ഞാണെന്നറിയാമല്ലോ. പക്ഷേ, സ്റ്റാലിെൻറ കാര്യത്തിൽ ഇതൊരു നീണ്ട കാത്തിരിപ്പുതന്നെയാണ്. ജയലളിതയേക്കാൾ അഞ്ചുവയസ്സ് കുറവാണെങ്കിലും, തലൈവിക്കും അഞ്ചുവർഷം മുന്നേ രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടുണ്ട് സ്റ്റാലിൻ. എന്നിട്ടും ജയലളിത അഞ്ചുതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ട്. 20ാം വയസ്സിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. പിതാവിെൻറ ഉറച്ച പിന്തുണയുമുണ്ടായിരുന്നു. എന്നിട്ടും എം.എൽ.എ ആകാൻ 15 വർഷം കാത്തിരിക്കേണ്ടിവന്നു. മന്ത്രിയായത് പിന്നെയും 15 വർഷം കഴിഞ്ഞാണ്. അപ്പോഴേക്കും പ്രായം 50 കവിഞ്ഞു. പറഞ്ഞല്ലോ, 90കളുടെ അവസാനം മുതൽ കേൾക്കുന്നതാണ് സ്റ്റാലിൻ ഡി.എം.കെയുടെ അധ്യക്ഷസ്ഥാനത്തുവരുമെന്ന്. പക്ഷേ, അന്നൊന്നും അത് സംഭവിച്ചില്ല. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് കരുണാനിധി പിൻഗാമിയായി സ്റ്റാലിനെ പ്രഖ്യാപിച്ചത്. പിന്നെയും മൂന്നു വർഷം കഴിഞ്ഞു വർക്കിങ് പ്രസിഡൻറ് എന്ന പദവിയിലെത്താൻ. ഇതിനിടയിൽ രണ്ടുവർഷക്കാലം അച്ഛെൻറ തണലിൽ ഉപമുഖ്യനായി എന്നതു മാത്രമാണ് ഏക ആശ്വാസം.
കഴിഞ്ഞ അഞ്ചുവർഷമായി പ്രതിപക്ഷത്തിെൻറ അമരത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾ പ്രതിയോഗികൾക്കുപോലൂം തള്ളിക്കളയാനാകില്ല. അണ്ണാ ഡി.എം.കെയുടെ അഴിമതി ഭരണത്തെ തുറന്നുകാണിക്കുന്നതിനൊപ്പം കേന്ദ്രത്തിെൻറ ഫാഷിസത്തിനെതിരായും സ്റ്റാലിൻ പോരാട്ടമുഖം തുറന്നു. നോട്ടുനിരോധന കാലം അത്തരത്തിലൊന്നായിരുന്നു. അതിെൻറ ഫലമാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്. 39ൽ, 38 സീറ്റും നേടിയാണ് സ്റ്റാലിെൻറ മതേതര സഖ്യം തമിഴകത്ത് ആധിപത്യം നേടിയത്. ആ സഖ്യ പരീക്ഷണം ഇൗ നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ചേതാടെയാണ് സ്റ്റാലിനും സംഘത്തിനും ചരിത്ര വിജയം സാധ്യമായത്. സി.എ.എ വിരുദ്ധ സമരങ്ങൾക്കും സ്റ്റാലിൻ ശക്തിപകർന്നു. ഇൗ കോലാഹലങ്ങൾക്കിടെ പാർട്ടിയിലെയും കുടുംബത്തിലെയും ആഭ്യന്തര ശത്രുക്കളെയും തുരത്തേണ്ടതുണ്ടായിരുന്നു. വഴക്കാളിയായ മൂത്തസഹോദരനാണ് ഒന്നാമത്തെ പ്രശ്നം. അഴഗിരിക്ക് സ്റ്റാലിനെ എങ്ങനെയെങ്കിലും ഒതുക്കണമെന്നുണ്ട്. തെക്കൻ തമിഴകത്ത് കുറച്ച് ആളുകൾ പിന്നിലുണ്ടെന്നു കാണിച്ച് പാർട്ടി പിടിക്കാനുള്ള ശ്രമമായിരുന്നു. ആളിപ്പോൾ പാർട്ടിയിലില്ല. പുതിയ പാർട്ടിയുണ്ടാക്കി മറുകണ്ടം ചാടാനുള്ള ശ്രമം നടത്തി പരാജയപ്പെടുകയും ചെയ്തു. അർധ സഹോദരി കനിമൊഴിയും മോശക്കാരിയല്ല. അവർക്കും അധ്യക്ഷ കസേരയിലും അതുവഴി മുഖ്യമന്ത്രി കസേരയിലും കണ്ണുണ്ടായിരുന്നു. പക്ഷേ, സംഘടനാപരമായ പിന്തുണയില്ലാത്തതിനാൽ സ്റ്റാലിന് പ്രയാസമായില്ല. അപ്പോഴും, കരുണാനിധിയുടെ താരപ്രഭയില്ലെന്ന വിമർശനം പാർട്ടിക്കകത്തും പുറത്തും ബാക്കിയായി. സംഗതി ശരിയാണ്. അദ്ദേഹത്തെപ്പോലെ എഴുതാനും പ്രസംഗിക്കാനുമൊന്നുമറിയില്ല. കലൈജ്ഞറുടെ പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുമില്ല. ആ കുറവ് സ്റ്റാലിൻ തിരിച്ചറിഞ്ഞു എന്നതാണ് അയാളുടെ വിജയം. ആ തിരിച്ചറിവിൽ കാര്യങ്ങൾ മുന്നോട്ടുനീക്കിയതോടെയാണ് തമിഴകത്ത് സ്റ്റാലിൻ യുഗം പിറന്നത്.
1953 മാർച്ച് ഒന്നിനാണ് ജനനം. ചെന്നൈയിലായിരുന്നു പഠനം. ചരിത്രത്തിൽ ബിരുദധാരിയാണ്. ഉറ്റബന്ധു മുരസൊലി മാരനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാണ് രാഷ്ട്രീയ പ്രവേശനം. അന്ന് പ്രായം 14. ആറുവർഷത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1989ൽ ആദ്യമായി നിയമസഭയിലെത്തി. ആ സഭക്ക് രണ്ടുവർഷമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 91ൽ തോറ്റു. 96ൽ വീണ്ടും നിയമസഭയിലെത്തി. ഇക്കാലത്തുതന്നെ ചെന്നൈയുടെ മേയറുമായി. 2011വരെയും തൗസൻറ് ലൈറ്റ്സ് ആയിരുന്നു മണ്ഡലം. അതിനുശേഷം തട്ടകം കൊളത്തൂരിലേക്ക് മാറ്റി. ദുർഗയാണ് ഭാര്യ. ഉദയനിധിയും സെന്താമരൈയുമാണ് മക്കൾ. ഉദയനിധി സഭയിൽ കൂടെയുണ്ട്. മത വിശ്വാസിയല്ല. ആ നിലപാട് ഇങ്ങനെയാണ്: -'ദൈവത്തിൽ വിശ്വസിക്കുന്നുമില്ല, വെറുക്കുന്നുമില്ല'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.