'ഏത് പ്രതികൂല സാഹചര്യങ്ങളെയും സുവർണാവസരങ്ങളായി മാറ്റിയെടുക്കുക': വ്യക്തിത്വ വികസന ക്ലാസുകളിൽ സ്ഥിരമായി കേൾക്കുന്ന ഉപദേശമാണിത്. കേൾക്കുേമ്പാൾ ഇത്തിരി സുഖവും ആത്മവിശ്വാസവുമൊക്കെ തോന്നുന്ന ഇൗ വാചകം ഏതെങ്കിലും കാവിരാഷ്ട്രീയക്കാരെൻറ വായിൽനിന്ന് കേട്ടാൽ അൽപമൊന്ന് ശ്രദ്ധിച്ചേക്കണം. ഹിന്ദുത്വയുടെ രാഷ്ട്രീയ നിഘണ്ടുവിൽ ഇൗ ഉപദേശത്തിന് അർഥം വേറെയാണ്. വിദ്വേഷ രാഷ്ട്രീയത്തെയും വംശീയ ഉന്മൂലനത്തെയുെമല്ലാം ഏറ്റവും ലളിതമായി ആവിഷ്കരിക്കാനുള്ള വഴിയാണത്. ഒാർക്കുന്നില്ലേ, ശബരിമല വിവാദകാലത്ത് ശ്രീധരൻ പിള്ളയദ്ദേഹം അണികളെ ഒാർമിപ്പിച്ചതും ഇതേ 'സുവർണാവസര'ത്തെക്കുറിച്ചായിരുന്നു. ഏത് പ്രതിസന്ധിഘട്ടങ്ങളെയും തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിനുള്ള സുവർണാവസരങ്ങളായി വേണം സംഘ് പ്രവർത്തകർ കാണാൻ. അതിന് പ്രളയമെന്നോ കോവിഡെന്നോ ലോക്ഡൗൺ എന്നോ വ്യത്യാസമില്ല. പ്രധാനമന്ത്രി മുതൽ താഴെതട്ടിലുള്ള ശാഖ പ്രവർത്തകനുവെര ഇത് ബാധകമാണ്. അതുകൊണ്ടാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ട് ലോക്ഡൗൺ കാലത്തെ മോദിജി സുവർണാവസരമാക്കി മാറ്റിയത്. സൂക്ഷിച്ചുനോക്കിയാൽ, ഹിന്ദുത്വയുടെ സകല പ്രവർത്തകരും ഇതുപോലുള്ള സുവർണാവസരങ്ങൾ തേടിക്കൊണ്ടിരിക്കുന്നതായി മനസ്സിലാക്കാം. കന്നടദേശത്തെ തേജസ്വി സൂര്യ എന്ന യുവനേതാവും അതേ ചെയ്തുള്ളൂ. പാർലമെൻറ് അംഗമൊക്കെ ആയിട്ടും ഇൗ കോവിഡ് കാലത്ത് ടിയാന് ആകെ കിട്ടിയത് ബംഗളൂരു ആശുപത്രിയിലെ കുറച്ച് 'അഴിമതി ബെഡു'കളാണ്. എന്നാൽപിന്നെ അത് അവിടുത്തെ മുസ്ലിം ജീവനക്കാരുടെ തലയിൽ കിടക്കെട്ടയെന്നായി. പക്ഷെ, കാര്യങ്ങൾ തിരിഞ്ഞുകൊത്തി; ഒടുവിൽ മാപ്പ് പറയേണ്ടിവന്നിരിക്കുന്നു.
ബി.ജെ.പിയുടെ ഏറ്റവും പ്രായംകുറഞ്ഞ ലോക്സഭാംഗമാണ്. ബംഗളൂരു സൗത്തിെൻറ ജനപ്രതിനിധി. എഴുത്തിലും പ്രസംഗത്തിലുമൊക്കെ മികച്ച വഴക്കമുള്ളയാൾ. കോവിഡ് പ്രതിരോധത്തിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച് കൈയടി നേടിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇൗ പൊല്ലാപ്പ് സ്വയം ചോദിച്ചുവാങ്ങിയത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) കോവിഡ് വാർ റൂമുകളിൽ ഒഴിവുള്ള ബെഡുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുെവന്ന് നേരത്തെതന്നെ വാർത്തയുണ്ടായിരുന്നതാണ്. അതൊന്ന് അനേഷിക്കാനാണ് ടിയാൻ അവിടെ ചെന്നത്. ക്രൈം സീനിലെത്തിയപ്പോഴാണ് ആളിന് സ്വന്തം രാഷ്ട്രീയ നിഘണ്ടുവിലെ 'സുവർണാവസര'ത്തെക്കുറിച്ച് ഒാർമവന്നത്. പിന്നെ ഒന്നും നോക്കിയില്ല; അവിടെ കണ്ട 17 മുസ്ലിം ചെറുപ്പക്കാർക്കുനേരെ വിരൽചൂണ്ടി പറഞ്ഞു, 'നിങ്ങൾതന്നെയാണ് അഴിമതിക്കാർ'. അതിനുശേഷമാണ് തേജസ്വിയുടെ ശരിക്കുമുള്ള പ്രകടനം. ഏത് ഏജൻസിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്, ജിഹാദികൾക്ക് പണി നൽകാനിത് മദ്റസയോ ഹജ്ജ് കമ്മിറ്റിയോ ആണോ എന്നൊക്കെയാണ് യുവതുർക്കി അധികൃതരോട് ചോദിച്ചത്. അതൊക്കെ കേട്ട് കണ്ണുതള്ളിപ്പോയ അധികാരികൾ ആ 17 'തീവ്രവാദി'കളെയും ഉടൻ പിരിച്ചുവിട്ടു. കുറ്റം പറയാൻ പറ്റില്ല. സവർക്കറിനെയൂം ഗോൾവർക്കറിനെയുമൊക്കെ പഠിച്ച് മനസ്സിലാക്കി കാവിപാളയത്തിലെത്തിയ തേജസ്വിക്ക് ഇങ്ങനെയൊക്കെ പറയാനേ കഴിയൂ. 'രാഷ്ട്രത്തിനകത്തുനിന്നുള്ള ശത്രുക്കളെ പുറത്തുനിന്നുള്ള ആക്രമണകാരികളേക്കാൾ കൂടുതൽ രാജ്യസുരക്ഷാ ഭീഷണിയുയർത്തുന്ന''വരായിട്ടാണ് വിചാരധാരയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആ വിചാരമുള്ളതുകൊണ്ടാകാം അയാൾ ആ 17 ചെറുപ്പക്കാർക്കുനേരെ വിരൽചൂണ്ടിയത്. അതിനിടെ, യഥാർഥ പ്രതികൾ പിടിക്കപ്പെട്ടു. അതോടെ സംഗതി വിവാദമായി. അതാണ് മാപ്പുപറച്ചിലിൽ കലാശിച്ചത്. സവർക്കറെ രാഷ്ട്രീയഗുരുവായി പ്രതിഷ്ഠിച്ചൊരാൾക്ക് എത്രവേണേലും മാപ്പു പറയാല്ലോ.
മോദിയാണ് കൺകണ്ട ദൈവം. 2014ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി ബി.ജെ.പി രാജ്യമെങ്ങും ശക്തമായ കാമ്പയിൻ നടത്തിയപ്പോൾ ആ സംഘത്തിെൻറ മുൻനിരയിലുണ്ടായിരുന്നു. മോദിക്കൊപ്പം നൂറിലധികം പൊതുപരിപാടികളിൽ അന്ന് പെങ്കടുത്തു. അത്യാവശ്യം വായനാശീലെമാക്കെയുണ്ടായിരുന്നതിനാൽ, വിവിധ സാമ്പത്തിക-സാമൂഹിക ഗ്രൂപ്പുകളുടെയൊക്കെ യോഗങ്ങളിൽ മോദിയെ പ്രതിനിധീകരിച്ചു. യുവ വോട്ടർമാരെ മോദി പിടിച്ചത് തേജസ്വിയിലൂടെയാണെന്നും പറയാം. നാല് വർഷം കഴിഞ്ഞ് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലും തേജസ്വി ഇൗ പ്രകടനം ആവർത്തിച്ചു. ഡിജിറ്റൽ കമ്യൂണിക്കേഷൻ ഗ്രൂപ്പിന് രൂപം നൽകി സൈബർ പ്രചാരണം കൊഴുപ്പിച്ച് യെദിയൂരപ്പക്ക് ആത്മവിശ്വാസം പകർന്നു. അതുവഴി പാർട്ടിയിലെ യുവാക്കളുടെ മുഖമായി മാറി. അങ്ങനെയാണ്, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സീറ്റിൽ സ്ഥാനാർഥിയായത്. അടൽജിയുടെയും മോദിജിയുടെയും മന്ത്രിസഭകളിലിരുന്ന അനന്ത് കുമാറിെൻറ മണ്ഡലമായിരുന്നു അത്. 2018ൽ അദ്ദേഹം അന്തരിച്ചു. ഭാര്യ തേജസ്വിനിക്കായിരുന്നു സ്വാഭാവികമായും ടിക്കറ്റ് ലഭിക്കേണ്ടിയിരുന്നത്. പക്ഷെ, മോദിയുടെ പ്രത്യേക താൽപര്യത്തിൽ അത് തേജസ്വി സൂര്യക്ക് ലഭിച്ചു. മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾക്ക് ജയിക്കുകയും ചെയ്തു. പാർലമെൻറിലെത്തിയശേഷം, മോദി സർക്കാറിനെ ചാനലിലും പത്രങ്ങളിലും പാർലെമൻറിലുെമാക്കെ ന്യായീകരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാന പരിപാടി. മോദി-അമിത് ഷാ കൂട്ടുകെട്ടിൽ ഉടലെടുക്കുന്ന ഏത് ഫാഷിസ്റ്റ് കലാപരിപാടികളും സവിശേഷമായ യുക്തിയിൽ ന്യായീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും സി.എ.എ സമരകാലത്തും കർഷക പ്രക്ഷോഭമുണ്ടായപ്പോഴുമെല്ലാം അത് കണ്ടു. 'വിദ്യാഭ്യാസമില്ലാത്ത പഞ്ചർവാലകളാ'ണ് സി.എ.എ വിരുദ്ധ സമരത്തിനുപിന്നിലെന്നാണ് ടിയാെൻറ ശ്രദ്ധേയമായൊരു കണ്ടെത്തൽ. ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മൂലകാരണം നെഹ്റുവാണെന്ന മറ്റൊരു തീസിസുമുണ്ട്. നെഹ്റുവിെൻറ സോഷ്യലിസ്റ്റ് നയങ്ങൾ ഇന്ത്യയെ ദാരിദ്ര്യത്തിൽതന്നെ നിലനിർത്തിയേത്ര. അതിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാണ് നോട്ട് നിരോധനവും കാർഷിക നിയമ ഭേദഗതിയുമൊക്കെ. മുസ്ലിംകളെന്ന പോലെ കമ്യൂണിസ്റ്റുകളും ആഭ്യന്തര ശത്രുക്കളാണ്. അതിനാൽ, കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥിരമായി ഇവിടെയുണ്ടായിരുന്നു. പ്രമാദമായ സ്വർണകള്ളക്കടത്ത് കേസ് പാർലമെൻറിൽ എത്തിച്ചതും ആഭ്യന്തര ശത്രുക്കളെ നിർമൂലനം ചെയ്യുന്നതിെൻറ ഭാഗമായിട്ടാണ്.
1990 നവംബർ 16ന് ബംഗളൂരുവിൽ ജനനം. ലക്യ സൂര്യനാരായണ തേജസ്വി എന്നാണ് പൂർണനാമധേയം. ആർ.എസ്.എസിെൻറ ബാലസംഘത്തിൽ സജീവമായിരുന്നു. നിയമ ബിരുദധാരിയാണ്. നിയമപഠനത്തിനുശേഷം ചില എൻ.ജി.ഒകളിലൊക്കെ പ്രവർത്തിച്ചു. ഇക്കാലത്ത് വലിയ കർഷക പ്രേമിയായിരുന്നു. വിദ്യാഭ്യാസ മേഖലയിലും എൻ.ജി.ഒ പരീക്ഷണങ്ങൾ നടത്തി. അതിനൊക്കെശേഷമാണ് ഹൈകോടതിയിൽ പ്രാക്ടിസ് ആരംഭിച്ചത്. അക്കാലത്ത്, തേജസ്വിയടങ്ങുന്ന അഭിഭാഷക ഗ്രൂപ്പാണ് യെദിയൂരപ്പയടക്കമുള്ള നേതാക്കളുടെ കേസുകൾ കൈകാര്യം ചെയ്തിരുന്നത്. ആ ബന്ധമാണ് വാസ്തവത്തിൽ രാഷ്ട്രീയത്തിലെത്തിച്ചത്. പക്ഷെ, തേജസ്വി അത് സമ്മതിച്ചുതരില്ല. ഒമ്പതാം വയസ്സിൽ, താൻ വരച്ച പെയിൻറിങ്ങുകൾ വിറ്റുകിട്ടിയ കാശ് കാർഗിൽ നിധിയിലേക്ക് സംഭാവന ചെയ്തായിരുന്നു രാഷ്ട്രീയ പ്രവേശനമെന്നാണ് പറയാറുള്ളത്. അംബേദ്കറിെൻറയും സവർക്കറിെൻറയും ചിന്തകളാണ് തെൻറ രാഷ്ട്രീയത്തെ ചിട്ടപ്പെടുത്തിയതെന്നാണ് മറ്റൊരു അവകാശവാദം. ഇൗ രണ്ട് കോമ്പിനേഷൻ എങ്ങനെ ശരിയാകുമെന്നൊന്നും ചോദിക്കരുത്. ഏതായാലും, മോദിയുടെ വിശ്വസ്തൻ കുറച്ചുമാസമായി യുവമോർച്ചയുടെ ദേശീയ അധ്യക്ഷൻ കൂടിയാണ്. പാർലമെൻറിനകത്തും പുറത്തും വിദ്വേഷത്തിെൻറ പുതിയ 'സുവർണാവസരങ്ങൾ'ക്കായി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.