ലീലാവിലാസം

ചരിത്രത്തില്‍നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തില്‍നിന്ന് നാം പഠിക്കുന്ന പാഠം. ചരിത്രസംഭവങ്ങള്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതിന് മറയാക്കിയ കുതന്ത്രങ്ങള്‍ ബാബരി മസ്ജിദ് ധ്വംസനം വരെ എത്തിയത് സമീപകാല ചരിത്രം. ചരിത്രപുരുഷന്മാരെ ചലച്ചിത്രത്തില്‍ അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം. അത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒരു തരത്തിലും മുറിവേല്‍പിക്കുന്നതാവരുത്. ആയാലുള്ള പ്രശ്നം അതു ചെയ്യുന്ന ആള്‍ക്ക് മുറിവേല്‍ക്കും എന്നുള്ളതാണ്. അതാണ് സഞ്ജയ് ലീലാ ബന്‍സാലിക്കും പറ്റിയത്. ഈയിടെയായി ചരിത്രസിനിമകളിലാണ് കമ്പം. അതുകൊണ്ട് അലാവുദ്ദീന്‍ ഖില്‍ജിയുടെയും റാണി പത്മിനിയുടെയും കഥപറയാന്‍ നോക്കിയതാണ്. സിനിമ തങ്ങളെ മുറിവേല്‍പിക്കാതിരിക്കാന്‍ സംവിധായകനെ മുറിവേല്‍പിക്കുകയാണ് കര്‍ണിസേന ചെയ്തത്. ആദ്യം മുഖമടച്ച് ഒന്നുകൊടുത്തു. പിന്നെ മുടി പിടിച്ചുവലിച്ചു. ഷൂട്ടിങ് സെറ്റ് നശിപ്പിക്കുകയുംചെയ്തു. ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ ആര് എന്തുപറയണം, എന്തു കാണിക്കണം എന്ന് ഇത്തരം സേനാംഗങ്ങള്‍ തീരുമാനിക്കും. കലാകാരന്മാരുടെ ഇത്തരം ലീലാവിലാസങ്ങളൊന്നും അനുവദിച്ചുകൊടുക്കില്ല. 

അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാതിരുന്ന റാണി പത്മിനിയുടെ വീരസാഹസിക കഥയാണ് ബന്‍സാലി സിനിമയാക്കാന്‍ നോക്കിയത്. ‘പദ്മാവതി’ എന്ന പേരുമിട്ടു. രജപുത്രര്‍ക്കിടയില്‍ വീരവനിതയുടെ ഇമേജാണ് പദ്മാവതിക്കുള്ളത്. ഖില്‍ജി ചിത്തോര്‍ഗഢ് കോട്ട ആക്രമിച്ചപ്പോള്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ സ്വയം ജീവനൊടുക്കുകയായിരുന്നത്രെ  പദ്മാവതി. മധ്യകാല ഇന്ത്യയിലെ രജപുത്ര വനിതകള്‍ ആത്മാഭിമാനം സംരക്ഷിക്കാന്‍ ചെയ്യുന്ന കൂട്ട ആത്മഹത്യയാണ് ജൗഹര്‍. മറ്റു സ്ത്രീകള്‍ക്കൊപ്പം ജൗഹര്‍ അനുഷ്ഠിച്ച പദ്മാവതിയെ മോശമാക്കി കാണിക്കുന്നുവെന്നാണ് കര്‍ണി സേന പറയുന്നത്. ശ്രീരാമസേന പോലെ ഒരു സേനയാണ് അതും. അസഹിഷ്ണുതയാണ് മുഖ്യമുദ്രാവാക്യം. രാജ്യത്തെ മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ നിറഞ്ഞുനില്‍ക്കണമെങ്കില്‍ ബന്‍സാലിയെപ്പോലൊരു സെലിബ്രിറ്റിയെ തല്ലണം. അതാണ് അവര്‍ ചെയ്തത്. അതോടെ അന്താരാഷ്ട്ര തലത്തിലും കര്‍ണിസേന അറിയപ്പെട്ടു. സേനാംഗങ്ങളാരും പടം കണ്ടിട്ടില്ല. കാണാന്‍ അത് ചിത്രീകരിച്ചിട്ടുപോലുമില്ല. ആരും തിരക്കഥ വായിച്ചിട്ടുമില്ല. അവിടെയാണ് രസകരമായ പ്രശ്നം കിടക്കുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിങ് ആണ്. പദ്മാവതിയായി വരുന്നതോ ദീപിക പദുക്കോണും. പോരേ പൂരം. ഓഫ് സ്ക്രീനില്‍ പ്രണയിക്കുന്നവര്‍ ഓണ്‍സ്ക്രീനില്‍ പ്രണയിക്കും എന്ന് സേനക്കാര്‍ ധരിച്ചുവെച്ചു. സ്വപ്നത്തിലോ പാട്ടുസീനിലോ അവര്‍ പ്രേമിക്കുന്ന രംഗമുണ്ടാവുമെന്നു വിചാരിച്ചാണ് ബന്‍സാലിതെ തല്ലിയത്. ബന്‍സാലി അതോടെ മുട്ടുമടക്കി. സേനയുമായി ധാരണയുണ്ടാക്കി. തന്‍െറ പടത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും പ്രേമിക്കുന്നില്ല എന്ന് കര്‍ണിസേനക്കാരെ രേഖാമൂലം അറിയിച്ചു. അടി കിട്ടിയപ്പോള്‍ ഒരു പാഠം പഠിച്ചു. ഇത്തരം അക്രമികളുടെ വീട്ടില്‍ പോയി തിരക്കഥ വായിച്ചുകേള്‍പ്പിച്ചിട്ടുവേണം ഇനി സിനിമയെടുക്കാന്‍. പടം തീര്‍ന്നാല്‍ റിലീസിനു മുമ്പ് കാണണം എന്നു പറഞ്ഞിട്ടുണ്ട് സേനക്കാര്‍. കാണിച്ചുകൊടുക്കും ബന്‍സാലി. കാരണം താണു കൊടുത്താല്‍ തലയില്‍ കയറിനിന്ന് ഡാന്‍സു കളിക്കുന്ന ഇത്തരം അക്രമികള്‍ക്കു മുമ്പില്‍ കുമ്പിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍ ബോളിവുഡ്. തന്‍െറ പുതിയ പടമായ ‘ദില്‍ ഹേ മുശ്കിലി’ല്‍ പാകിസ്താനി നടന്‍ ഫവാദ് ഖാനെ അഭിനയിപ്പിച്ചതിന്‍െറ പേരില്‍ രാജ്താക്കറെ ഇടഞ്ഞപ്പോള്‍ ഇന്ത്യന്‍ പട്ടാളത്തിന് അഞ്ചുകോടി കൊടുക്കാമെന്ന് ഏറ്റ് പഞ്ചപുച്ഛമടക്കിനിന്ന കരണ്‍ ജോഹറിനെപ്പോലുള്ളവരാണ് ബോളിവുഡിനെ നയിക്കുന്നത്. ഇത്തിരി അഭിമാനമുള്ള ഇന്ത്യന്‍ സൈന്യം അത് വേണ്ട എന്നു പറഞ്ഞു. ഗുജറാത്ത് വംശഹത്യക്ക് എതിരായ ശക്തമായ ദൃശ്യപ്രസ്താവനയായ ‘പര്‍സാനിയ’ എന്ന പടമെടുത്ത രാഹുല്‍ ധോലാക്കിയയുടെ ഏറ്റവും പുതിയ ചിത്രമായ ‘റയീസി’ല്‍ വേഷമിട്ട പാകിസ്താനി നടി മഹീറാ ഖാന്‍ സിനിമയുടെ പ്രചാരണത്തിന് ഇന്ത്യയില്‍ വരില്ളെന്ന് താക്കറെക്ക് ഉറപ്പുകൊടുത്തത് ഷാറൂഖ് ഖാന്‍. അങ്ങനെയൊക്കെയാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

രജപുത്രന്മാരുടെ ക്ഷാത്രരക്തം മാത്രമല്ല തിളച്ചത്. ക്ഷത്രീയവീര്യമില്ലാത്ത സാദാ ഹിന്ദുസേനാംഗങ്ങളുടെ ചോരയും തിളച്ചു. ബന്‍സാലിയെ പിന്തുണച്ചവരെ കൊന്നുകളയും എന്നുവരെ ഹിന്ദുസേന പറഞ്ഞുകളഞ്ഞു. ഹാര്‍ദിക് പട്ടേല്‍ നേരത്തെതന്നെ സിനിമക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. റാണി പദ്മിനിയെ നന്നായി ചിത്രീകരിക്കുമെന്ന് ഉറപ്പു തരാത്തപക്ഷം ഗുജറാത്തിലോ രാജസ്ഥാനിലോ പടം ചിത്രീകരിക്കാന്‍ സമ്മതിക്കില്ളെന്നാണ് പട്ടേല്‍ പറഞ്ഞത്. പലരെയും പ്രകോപിപ്പിക്കുന്നത് ബന്‍സാലി ചരിത്രം പറയാന്‍ എടുത്ത മൂലകൃതിയാണ്. അലാവുദ്ദീന്‍ ഖില്‍ജി മരിച്ച് 200 കൊല്ലം കഴിഞ്ഞപ്പോള്‍ എഴുതപ്പെട്ട മാലിക് മുഹമ്മദ് ജയസിയുടെ പദ്മാവതി എന്ന സാഹിത്യകൃതി. ഇവിടെ സത്യവും സൗന്ദര്യവും തമ്മിലൊരു സംഘര്‍ഷമുണ്ട്. ദീപികയും രണ്‍വീറും ഒരുപടത്തില്‍ അഭിനയിക്കുമ്പോള്‍ ചരിത്രസിനിമക്ക് സൗന്ദര്യം കൂട്ടാന്‍ ഖില്‍ജിയും പദ്മാവതിയും തമ്മില്‍ പ്രണയിച്ചേക്കുമോ എന്ന ഭീതിയാണ് ഹിന്ദുസേനക്കാര്‍ക്കും രജപുത്രര്‍ക്കും. പക്ഷേ, യഥാര്‍ഥഭീതി അതൊന്നുമല്ല. കരണത്തടിച്ചും മുടിപിടിച്ചു വലിച്ചും ഷൂട്ടിങ് സെറ്റു തകര്‍ത്തും കാമറ നശിപ്പിച്ചും പ്രതികരിക്കുന്ന ഹിംസോന്മുഖ ഹിന്ദുത്വത്തിന്‍െറ വക്താക്കള്‍ക്കു മുന്നില്‍ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കുകയാണ് കോടികള്‍ കൊയ്യുന്ന ബോളിവുഡ് എന്ന ബ്രഹ്മാണ്ഡ ബിസിനസ് സാമ്രാജ്യത്തിലെ നിമിഷങ്ങള്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള കലാകാരന്മാര്‍ എന്ന തിരിച്ചറിവാണ് ജനാധിപത്യവിശ്വാസികളില്‍ ഭീതിപരത്തുന്നത്. കലാകാരന്മാരുടെ സര്‍ഗാത്മക സ്വാതന്ത്ര്യത്തിനു മീതെ ഹിന്ദുവലതുപക്ഷം നേടുന്ന നാണംകെട്ട വിജയത്തിന് ഒരുദാഹരണം കൂടിയായി ബന്‍സാലിയുടെ അടികൊണ്ട് ചീര്‍ത്ത കവിള്‍. ആരും അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ബന്‍സാലി പരാതിപ്പെടാത്തത് ഒരു കാരണമല്ല. നിയമലംഘനം നടന്നാല്‍ നടപടിയെടുക്കേണ്ടത് പൊലീസ് ആണ്. പക്ഷേ പൊലീസ് രജപുത്രവികാരത്തിന് ഒപ്പം നിന്നു.

ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ളെന്നു കാണാം. റാണി പദ്മിനി ചരിത്രവനിതയായല്ല ഹിന്ദു നാടോടിക്കഥകളിലെ നായികയായാണ് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലെ സൂഫി കവിയുടെ പദ്മാവത് എന്ന കവിതയിലാണ് പദ്മിനിയെപ്പറ്റി പരാമര്‍ശമുള്ളത്. ഏറ്റവുമൊടുവില്‍ പദ്മാവതി എന്ന പേരുമാറ്റാന്‍ പോലും ബന്‍സാലി തയാറായതായാണ് വിവരം. അത് കര്‍ണിസേനയുടെ രാഷ്ട്രീയ നേട്ടവും ബന്‍സാലിയുടെ കലാപരമായ പരാജയവുമായി മാറുന്നു. സാങ്കല്‍പികമായ ഒരു ദേശീയാഭിമാനത്തിനു മുന്നില്‍ തലകുനിച്ചുകൊടുക്കുമ്പോള്‍ ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്ന കലാപ്രവര്‍ത്തനമാണ് കലാകാരന്മാര്‍ കളങ്കപ്പെടുത്തുന്നത്. അത് തിരിച്ചറിഞ്ഞില്ളെങ്കില്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന ബോളിവുഡിനെ ഇനിയും അവര്‍ കളി പഠിപ്പിക്കും.

Tags:    
News Summary - article abouty sanjay leela bansali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.