ഒരുത്തി

കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവന ആരുടേതാണെന്ന് എഴുതിയ വയലാറിനുപോ​ലും തിട്ടമില്ല. അത്​ ആരായിരുന്നാലും, വിഷാദസാഗരം ഉള്ളിലിരമ്പു​മ്പോൾ സ്ത്രീയൊരു വികാരവൈഢൂര്യ ബിന്ദുവാണെന്ന കാര്യത്തിൽ കവിക്ക് സംശയമേതുമില്ല. കാലം മാറി, അതിനാൽ കാവ്യഭാവനയും മാറിയേ തീരൂ. അല്ലെങ്കിൽ, വിഷാദസാഗരം ഉള്ളിൽ ആർത്തലക്കുമ്പോഴും ഒരിറ്റ് കണ്ണുനീർ പൊഴിക്കില്ലെന്ന് ഉറപ്പിച്ച സ്ത്രീകൾക്കു മുന്നിൽ കവികളും കാവ്യഭാവനകളും തോറ്റുപോകും.

അഫ്രീൻ ഫാത്തിമ എന്ന വിദ്യാർഥി നേതാവ് ഒരു കവിയല്ല. പക്ഷേ, ഫാഷിസത്തിന്റെ അഗ്നിവീരന്മാർ ബുൾഡോസറുകളുമായി തേർവാഴ്ച നടത്തുമ്പോൾ, പ്രക്ഷോഭങ്ങൾക്കപ്പുറം സമരഭൂമിയിൽ പുതിയ കാവ്യഭാവനകൂടി തീർക്കുകയെന്നതും അഫ്രീന്റെ ബാധ്യതയാണ്. ഓർമവെച്ച നാൾ മുതൽ കഴിഞ്ഞുപോരുന്ന സ്വന്തം വീട് ഭരണകൂടം ഇടിച്ചുനിരത്തിയപ്പോഴും 'കൊല്ലാം, തോൽപിക്കാനാവില്ല' എന്നു മാത്രമല്ല അവർ പറഞ്ഞത്; നഷ്ടപ്പെട്ടതോർത്ത്​ കരഞ്ഞും കണ്ണീ​രൊലിപ്പിച്ചും കുത്തിയിരിക്കാൻ സമയമില്ലെന്നുകൂടിയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഇതിലും മികച്ച സമരകാവ്യം ആരെങ്കിലും രചിച്ചിട്ടുണ്ടോ?

അഫ്രീന്‍റേത് വെറും വാക്കല്ല; മോദി-യോഗി ഉന്മാദ ഭീകരവാഴ്ചക്കെതിരെ, ബുൾഡോസർ പ്രതികാരരാഷ്ട്രീയത്തിനെതിരെ പുതിയ പോർമുഖം തുറക്കുമെന്നുതന്നെയാണ് ആ പ്രഖ്യാപനത്തിനർഥം. ഇന്ത്യയെന്ന ആശയത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലാത്തവരൊക്കെയും അവർ​ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ഹാഷ്ടാഗ് ആയി അഫ്രീൻ ഇപ്പോഴും കത്തിനിൽക്കുന്നത്; അന്താരാഷ്ട്ര മാധ്യമങ്ങൾ അവരെ ശ്രദ്ധയോടെ കേൾക്കുന്നതിന്റെ കാരണവും അതുതന്നെ. കഴിഞ്ഞദിവസവും അവർ ആവർത്തിച്ചു, ഭയപ്പെടുത്തിയോ അടിച്ചമർത്തിയോ ജയിലിലിട്ട് കഷ്ടപ്പെടുത്തിയോ തന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ലെന്ന്.

അഫ്രീൻ സ്വന്തം കാര്യമല്ല പറയുന്നത്. അതിനപ്പുറം, ഒരു രാജ്യത്ത് മുസ്‍ലിം ആണെന്ന ഒറ്റക്കാരണത്താൽ ജീവിതം തകർക്കപ്പെടുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെയാണ് ഈ പോരാട്ടം. അതാവട്ടെ, ഭരണകൂടം ബുൾഡോസർ ​പ്രയോഗം ആരംഭിച്ചപ്പോൾ തുടങ്ങിവെച്ചതുമല്ല. ഫാഷിസത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ ഭരണകൂടം പ്രകടിപ്പിച്ചുതുടങ്ങിയ നാൾതൊട്ടേ തുടങ്ങിയിട്ടുമുണ്ട്. അതിപ്പോൾ, പ്രത്യേകമായൊരു ഘട്ടത്തിലെത്തിനിൽക്കുന്നുവെന്നു മാത്രം.

ഏതാണാ സവിശേഷസാഹചര്യമെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പിയുടെ രണ്ടു ദേശീയ നേതാക്കൾ ​മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പ്രസ്‍താവന നടത്തുന്നു. അറബ്നാടുകളിൽനിന്നും യു.എൻ അടക്കമുള്ള അന്താരാഷ്​ട്ര വേദികളിൽനിന്നും വലിയ പ്രതിഷേധം ഉയർന്നതോടെ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വം നിർബന്ധിതരായെങ്കിലും പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കാനോ തള്ളിപ്പറയാനോ അവർ തയാറായില്ല; നിയമനീക്കങ്ങൾക്കും വേഗം വന്നില്ല. ഇതാണെങ്കിൽ കേവലമൊരു പ്രവാചകനിന്ദ ഗണത്തിൽ പെടുത്താനുമാകില്ല. പ്രവാചകനിന്ദ ഇതിനുമുമ്പുമുണ്ടായിട്ടുണ്ട്.

ഇസ്‍ലാമിനെയും അതുവഴി രാജ്യത്തെ മുസ്‍ലിംകളെയും പൈശാചികവത്കരിക്കുക എന്ന ലക്ഷ്യംകൂടി ആ പ്രസ്താവനകൾക്കു പിന്നിലുണ്ടായിരുന്നല്ലോ. ഇത്തരം പൈശാചികവത്കരണം, വംശഹത്യയുടെ ആദ്യപടിയാണെന്നും ഓർക്കണം. അപ്പോൾ, പ്രതിഷേധം സ്വാഭാവികം. എന്നുവെച്ചാൽ, പ്രവാചകനിന്ദക്കെതിരായ പ്രതിഷേധം മാത്രമല്ലത്; നിലനിൽപിനായുള്ള സമരംകൂടിയാണ്. പ്രതിഷേധം രാജ്യ​ത്തിന്റെ പല ഭാഗങ്ങളിൽനിന്നും കേട്ടു. അലഹബാദ്​ എന്ന പ്രയാഗ് രാജിലും അതേ സംഭവിച്ചുള്ളൂ. എന്നാൽ, തൊട്ടടുത്ത ദിവസം സംഭവിച്ചത് ​കേട്ടു​കേൾവിയില്ലാത്ത കാര്യങ്ങളാണ്. കലാപത്തിനാഹ്വാനം നൽകിയെന്ന് പറഞ്ഞ് ആദ്യം അഫ്രീന്റെ പിതാവ് ജാവേദ് മുഹമ്മദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ശേഷം, മാതാവിനെയും സഹോദരിയെയും. അവ​രെ പിന്നീട് വിട്ടയച്ചുവെങ്കിലും ജാവേദ് അകത്തുതന്നെ. രണ്ടാം നാൾ, അനധികൃത കെട്ടിടമെന്നു പറഞ്ഞ്, പേരിനൊരു നോട്ടീസും പതിച്ച് അവരുടെ വീട് ​പൊളിച്ചുകളഞ്ഞു! കഴിഞ്ഞമാസം ഡൽഹി തെരുവുകളിൽ കണ്ട ബുൾഡോസർ പ്രതികാരത്തിന്റെ ആവർത്തനംതന്നെ.

പ്രയാഗ് രാജിൽ ജാവേദ് മുഹമ്മദ് കലാപത്തിനാഹ്വാനം ചെയ്തുവത്രെ. പക്ഷേ, ഇതുവരെയും തെളിവൊന്നും ഏമാന്മാർക്ക് കിട്ടിയിട്ടില്ല. കിട്ടുകയുമില്ല. വെൽഫെയർ പാർട്ടിയുടെ ദേശീയ നേതാവാണ് ജാവേദ്. പ്രയാഗ് രാജിൽ നാലാളറിയുന്ന വ്യക്തി. അന്നേദിവസം, തൊട്ടടുത്ത പള്ളിയിൽ ജുമുഅ നമസ്കാരത്തിനുവേണ്ടി മാത്രമാണ് അദ്ദേഹം പുറത്തിറങ്ങിയിട്ടുള്ളത്. ഭാര്യ പർവീനോടും മകൾ സുമയ്യയോടും ​പൊലീസിന് ചോദിക്കാനുണ്ടായിരുന്നത് ​അഫ്രീനെക്കുറിച്ചായിരുന്നു. കലാപാഹ്വാനത്തിന് പിതാവിനെ പ്രേരിപ്പിച്ചത് അഫ്രീനാണെന്നാണ് പൊലീസ് കഥ. ഒരു നിലക്കും മുന്നോട്ടുപോകാനുള്ള 'തെളിവ്' കിട്ടാത്തതുകൊണ്ടുമാത്രം അഫ്രീനിപ്പോൾ പുറത്താണ്. 'അവൾ വീട്ടിൽ എന്തൊക്കെയാണ് സംസാരിക്കുന്നത്', 'അവളുടെ പെരുമാറ്റം എങ്ങനെയൊക്കെയാണ്' തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പൊലീസിന് അറിയേണ്ടത്. ചോദ്യംചെയ്യലിനൊടുവിൽ, ​പൊലീസ് വക 'ഉപദേശം' ഇങ്ങനെ: ''നിങ്ങൾ അവളെ ജെ.എൻ.യുവിൽ കൊണ്ടു ചേർത്തതാണ് ഏറ്റവും വലിയ തെറ്റ്, അവിടെ പോയി പഠിച്ചതുകൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ ആയത്!''

ശരിയാണ്. ആ പൊലീസുകാരൻ പറഞ്ഞതുപോലെ അഫ്രീൻ 'ഇങ്ങനെയൊക്കെ' ആണ്. ഭരണകൂടത്തിന് എന്നേ നോട്ടപ്പുള്ളി. ഗോദി മീഡിയ 'ജിഹാദി വനിത'കളിൽപെടുത്തിയ വിദ്യാർഥി നേതാവ്. മറ്റൊരു 'ജിഹാദി' ശർജീൽ ഇമാമിന്റെ വലംകൈ. സംബിത് പാത്ര എന്ന ബി.ജെ.പി നേതാവ് അവരെ ഒരിക്കൽ 'വിഷവിത്ത്' എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ജെ.എൻ.യുവിൽ എം.എ ലിംഗ്വിസ്റ്റിക്സ് വിദ്യാർഥിയായിരുന്നു അഫ്രീൻ. വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ദേശീയ നേതൃത്വത്തിലുമുണ്ടായിരുന്നു. ആ വർഷം അംബേദ്കറൈറ്റ് വിദ്യാർഥി വിഭാഗമായ 'ബാപ്സ'യും 'ഫ്രറ്റേണിറ്റി'യും സഖ്യമായാണ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഇടതുകക്ഷികൾക്ക് മേൽക്കൈയുള്ള കാമ്പസിൽ കേന്ദ്രഭരണത്തിന്റെ സ്വാധീനത്തിൽ എ.ബി.വി.പി തള്ളിക്കയറാനൊരുങ്ങുന്ന സമയംകൂടിയായിരുന്നു അത്. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യംകൂടിയായതോടെ ശരിക്കുമൊരു ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങി. ​ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള ഇടതുസംഘം യൂനിയൻ പിടിച്ചു; പക്ഷേ, ലിംഗ്വിസ്റ്റിക്സ് ഡിപ്പാർട്മെന്റ് കൗൺസിലറായി വിജയിച്ചത് അഫ്രീനായിരുന്നു. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യമുയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ വിജയംകൂടിയായിരുന്നു അത്. വിജയത്തോടെ ആ രാഷ്ട്രീയത്തിന്റെ ​ഐക്കണായി അഫ്രീൻ. അതുകഴിഞ്ഞാണ് പൗരത്വനിയമത്തിനെതിരായ സമരം. ശാഹീൻബാഗിൽ മുസ്‍ലിം സ്ത്രീകൾ പുതിയൊരു സമരമുഖം തുറന്നപ്പോൾ ആ വേദിയിൽ ആവേശമായി അഫ്രീനും സംഘവുമെത്തി.

അഫ്രീനെയും കൂട്ടുകാരെയും നോക്കിയാണ് 'വേഷം കണ്ടാലറിയാം സമരക്കാരെ' എന്ന് മോദി പറഞ്ഞത്. അതിൽപിന്നെ, ആ സമരം രാജ്യമെങ്ങും വ്യാപിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അക്കാലങ്ങളിൽ അഫ്രീൻ നടത്തിയ പ്രസംഗങ്ങൾ വലിയ വാർത്തയായി. വലതുകരമുയർത്തി, ചൂണ്ടുവിരൽ നിവർത്തി തൊണ്ടപൊട്ടുംവിധം അഫ്രീൻ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങളായി സി.എ.എ സമര പോസ്റ്ററുകൾ. ഒരുവേള, എസ്.എഫ്.ഐക്കുപോലും അഫ്രീൻ ഒരു പോസ്റ്റർ ഗേൾ ആയി മാറിയത് ആ ചിത്രങ്ങളുടെ രാഷ്​ട്രീയതീവ്രതകൊണ്ടാവാം.

ജെ.എൻ.യുവിൽ വരുന്നതിനുമുമ്പ് അലീഗഢ്​ യൂനിവേഴ്സിറ്റിയുടെ വിമൻസ് കോളജിലായിരുന്നു. രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ കോളജ് യൂനിയൻ ​പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുതൊട്ടേ, രാജ്യത്തെ ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്. ജെ.എൻ.യുവിലെത്തിയപ്പോൾ അത് കൂടുതൽ സജീവമായെന്നുമാത്രം. സ്വന്തം നാട്ടിൽ മുസ്‍ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി 'മുസ്‍ലിമ അലഹബാദ്' എന്ന പേരിൽ കൂട്ടായ്മക്ക് രൂപംനൽകി. കർണാടകയിൽ വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ ദേശീയതലത്തിൽതന്നെ സമരങ്ങൾക്ക് മുൻകൈയെടുത്തു. സംഘ്പരിവാർ ഇളക്കിവിട്ടുകൊണ്ടിരിക്കുന്ന പലവിധ 'ഇസ്‍ലാംഭീതി' എങ്ങനെയെല്ലാമാണ് മുസ്‍ലിംകളെ അപകടപ്പെടുത്തുന്നതെന്ന് രാജ്യത്തെ നിരന്തരം ഓർമപ്പെടുത്തിയ ഇടപെടലുകളായിരുന്നു അവയെല്ലാം. പിഎച്ച്.ഡി പ്രവേശനപരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു. അതിനിടയിലാണ്, ഉന്മൂലനരാഷ്ട്രീയത്തിന്റെ ബുൾഡോസർ ദംഷ്ട്രകൾ വീടിടിച്ചുനിരത്തി മുന്നിൽവന്നു നിൽക്കുന്നത്. വിട്ടുകൊടുക്കാ​നോ മാറിനിൽക്കാനോ കഴിയില്ല. പോരാട്ടമാണ് ഏക വഴി.

News Summary - Article on Afreen Fathima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.