ഏപ്രിൽ 15ന് പൊലീസ് അകമ്പടിയിൽ പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകവെയാണ് ഗുണ്ട തലവനും മുൻ പാർലമെന്റംഗവുമായ അതീഖ് അഹ്മദും സഹോദരനും മൂന്നുപേരുടെ വെടിയേറ്റ് മരിക്കുന്നത്. രണ്ടുദിവസം മുമ്പ് നടന്ന അതീഖിന്റെ മകന്റേതുപോലെ ഇതും ഒരു നിയമബാഹ്യ കൊലപാതകമാണോ അല്ലയോ എന്ന കാര്യത്തിൽ എതിരഭിപ്രായങ്ങളുണ്ടാവാം. എന്നാൽ, കനത്ത പൊലീസ് സാന്നിധ്യത്തിൽ നേർക്കുനേർ നിന്ന് നടത്തിയ നടുക്കുന്ന കൊലപാതകം ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്.
ഈമാസം പതിമൂന്നിനാണ് ഉമേഷ് പൽ കൊലപാതക കേസിൽ അതീഖിനെയും അഷ്റഫിനെയും ഏപ്രിൽ 17 വരെ പ്രയാഗ് രാജ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 54ാം വകുപ്പനുസരിച്ച് ഒരാളെ പിടികൂടിയാലുടൻ വൈദ്യപരിശോധന നിർബന്ധമാണ്. അവിടെ പൊലീസിന് വിവേചനാധികാരമില്ല. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പായി വൈദ്യപരിശോധനക്ക് കൊണ്ടുപോവുകയാണ് സാധാരണ കീഴ് വഴക്കം. പല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത് നിയമപ്രകാരമുള്ള വൈദ്യപരിശോധന നിർബന്ധമാണെങ്കിലും കുറ്റാരോപിതരെ രാത്രികാലങ്ങളിൽ സാധാരണ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നത് അസാധാരണമാണ് എന്നാണ്.
അതുകൊണ്ടുതന്നെ ചില ചോദ്യങ്ങൾക്ക് യു.പി പൊലീസ് മറുപടി പറയാൻ ബാധ്യസ്ഥമാണ്. എന്തുകൊണ്ടാണ് അത്തരമൊരു അസാധാരണ സമയത്ത് അതീഖിനെയും അഷ്റഫിനെയും പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്? എന്തെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെങ്കിൽ കുറ്റാരോപിതർക്ക് നിയമപ്രകാരം ആശുപത്രി സന്ദർശനം ആവശ്യപ്പെടാം. അതീഖോ അഷ്റഫോ ഇത്തരത്തിൽ ആവശ്യപ്പെട്ടുവെങ്കിൽ, പൊടുന്നനെയുള്ള ആശുപത്രി സന്ദർശന വിവരം കൊലപാതകികൾ അറിഞ്ഞതെങ്ങനെ? ആതിഖും അഷ്റഫും ഒരേസമയം ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പരാതിപ്പെട്ടിരുന്നുവോ? ഉവ്വ് എങ്കിൽ ഒരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അവരെ നടത്തിക്കൊണ്ടുപോയത് എന്തുകൊണ്ടാണ്?
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അവർ ഇരുവരും പറഞ്ഞിട്ടില്ലെന്നും സാധാരണ വൈദ്യപരിശോധനക്കാണ് ഇരുവരെയും കൊണ്ടുപോയത് എന്നുമാണ് അവരുടെ അഭിഭാഷകൻ വിജയ് മിശ്ര വ്യക്തമാക്കിയത്. ആശുപത്രിയിലേക്ക് അവരെ കൊണ്ടുപോയ സമയം അത്യന്തം സംശയാസ്പദമാണ് എന്നും മിശ്ര കൂട്ടിച്ചേർക്കുന്നു.
ചുറ്റുമുണ്ടായിരുന്ന വിഡിയോ ജേണലിസ്റ്റുകളുടെ കാമറയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളിൽ ഇരുവരെയും ഒരു കൈവിലങ്ങിൽ ബന്ധിപ്പിച്ചാണ് കൊണ്ടുപോയിരുന്നത് എന്ന് കാണാം. സുനിൽ ബത്രയും ഡൽഹി ഭരണകൂടവും തമ്മിലെ കേസിൽ വിവേചനരഹിതമായ കൈവിലങ്ങ് ഉപയോഗം അവസാനിപ്പിക്കണമെന്ന് 1978ൽ തന്നെ സുപ്രീംകോടതി നിരീക്ഷിച്ചതാണ്.
ഈ സംഭവത്തിൽ ഒരേ കൈയാമം ധരിപ്പിച്ച് ഇരുവരുടെയും നീക്കം പൂർണമായി നിയന്ത്രിക്കുന്ന വിധത്തിലാണ് കൊണ്ടുപോയത്. അതീഖ് വെടിയേറ്റു വീണതോടെ അയാൾക്കൊപ്പം കൈയാമം ധരിപ്പിച്ചിരുന്ന അഷ്റഫിന് അടുത്ത വെടിയുണ്ട ഏറ്റുവാങ്ങുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
പ്രമാദമായ ഒരു കൊലപാതക കേസിലെ കുറ്റാരോപിതരാണ് അതീഖും അഷ്റഫും. അതീഖിന്റെ മകൻ കൊല്ലപ്പെട്ടത് രണ്ടുദിവസം മുമ്പ് മാത്രമാണ്. തങ്ങളുടെ ജീവനുനേരെ ഭീഷണിയുണ്ട് എന്ന് അതീഖും അഷ്റഫും പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ് രാജിലെ ജയിലിലേക്ക് മാറ്റിയ ഏപ്രിൽ 11ന് തന്നെ വഴിയിൽ കൊല്ലപ്പെടുമെന്ന ഭീതി മാധ്യമ പ്രവർത്തകരോട് അതീഖ് തുറന്നുപറഞ്ഞിരുന്നു.
വികാസ് ദുബേയെപ്പോലെ താനും ഒരു വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കും എന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടി അതീഖ് നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപേക്ഷ നിരസിക്കപ്പെട്ടതോടെ പ്രയാഗ് രാജ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹരജി നൽകിയെങ്കിലും അതും തള്ളി.
കൃത്യമായ വധഭീഷണി നേരിടുന്ന, ഇക്കാര്യം പലവട്ടം പരസ്യമായി പറഞ്ഞ ഒരാളെ കാൽനടയായി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണ്? ആ ആശുപത്രി യാത്രക്കിടെ അവരിരുവരുടെയും തൊട്ടരികിൽ വരെ ഒരുപറ്റം മാധ്യമപ്രവർത്തകർക്ക് എങ്ങനെയാണ് എത്തിച്ചേരാനായത്? മാധ്യമപ്രവർത്തകർ എന്ന വ്യാജേന ഈ കൂട്ടത്തിലേക്ക് കടന്നുകയറാനും തൊട്ടരികിൽനിന്ന് ഇരുവരെയും വെടിവെച്ചുവീഴ്ത്താനും പൊലീസിന്റെ ഗുരുതര വീഴ്ച മൂലം കൊലയാളികൾക്ക് സാധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.