സർവകലാശാലകൾ ഇത്രമാത്രം വിവാദങ്ങളുടെ പ്രഭവകേന്ദ്രമായി മാറുന്ന അവസ്ഥ സംസ്ഥാനത്ത് മുമ്പ് ഉണ്ടായിട്ടില്ല. മദ്രാസ് സർവകലാശാലയെ മാതൃകാ സർവകലാശാലയായും അതിന്റെ തലവനായിരുന്ന എ. ലക്ഷ്മണ സ്വാമി മുതലിയാരെ മാതൃകാ വൈസ് ചാൻസലറായും കണ്ടിരുന്ന പഴയകാല അക്കാദമിക് സമൂഹം ഇപ്പോൾ നടക്കുന്നതെല്ലാം കണ്ടുംകേട്ടും അമ്പരക്കുകയാണ്. വൈസ് ചാൻസലർമാർ അടിസ്ഥാനപരമായി അധ്യാപകരാണ്. അവർ സർവകലാശാലാ ഭരണനേതൃത്വത്തിൽ വരുമ്പോൾ കാര്യക്ഷമമായി ഭരണം നടത്താനുള്ള ശക്തിയും ദൗർബല്യവും സർവകലാശാലാ ഭരണസംവിധാനത്തെ ഗുണകരമായും ദോഷകരമായും ബാധിക്കുന്നു.
സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സർവകലാശാലകളിലും സിൻഡിക്കറ്റ് കോക്കസ് ഭരണമാണ് നടക്കുന്നത് എന്ന ആക്ഷേപം അക്കാദമിക് സമൂഹത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി കൂട്ടുചേർന്ന് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ഭരണസംവിധാനത്തെ അവർ നിയന്ത്രിക്കുന്നു. സിൻഡിക്കറ്റ് കോക്കസും വൈസ് ചാൻസലർമാരും തമ്മിലെ അഭിലഷണീയമല്ലാത്ത ഒരു തരം കൂട്ടുകെട്ട് ഏറെക്കുറെ എല്ലായിടത്തും ദൃശ്യമാണ്. സർവകലാശാലകളിൽ നിയമനവും പ്രമോഷനുമെല്ലാം യു.ജി.സി മാനദണ്ഡങ്ങളെ കാറ്റിൽപറത്തി നടക്കുന്നതും അതിന്റെ തുടർച്ചയാണ്. എയ്ഡഡ് കോളജുകളിൽ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിയമനാംഗീകാരത്തിന്റെ കാര്യത്തിൽ സിൻഡിക്കേറ്റ് കോക്കസ് നിരന്തരം ഇടപെടുന്നു. അവരുടെ സമ്മർദത്തിന് വഴങ്ങാത്തവരുടെ നിയമനാംഗീകാരം അല്ലറ ചില്ലറ സാങ്കേതികത്വങ്ങൾ പറഞ്ഞ് തട്ടിക്കളിക്കുന്ന സംഭവങ്ങളും ഒട്ടേറെ. അധ്യാപക പശ്ചാത്തലത്തിൽനിന്ന് വരുന്ന, ഭരണപരിചയമില്ലാത്ത വൈസ് ചാൻസലർമാരുള്ള സർവകലാശാലകളൊക്കെ സിൻഡിക്കേറ്റ് കോക്കസുകളുടെ പിടിയിലാണ് എന്നാണ് സർവകലാശാല ഭരണം വിവിധ തലങ്ങളിൽ അടുത്തുനിന്ന് നിരീക്ഷിക്കാൻ സാധിച്ചിട്ടുള്ള ഈ കുറിപ്പുകാരന്റെ വിലയിരുത്തൽ. സിൻഡിക്കറ്റ് കോക്കസിന്റെ കുതന്ത്രങ്ങളെ ആർജവത്തോടെ നേരിടാൻ സാധിച്ചിട്ടുള്ള ചില വൈസ്ചാൻസലർമാരെ കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽനിന്ന് എടുത്തുപറയാൻ സാധിക്കും. പ്രഥമ വൈസ് ചാൻസലറായിരുന്ന പ്രഫ. എം.എം. ഗനി, പ്രഫ. കെ.എ. ജലീൽ, സിവിൽ സർവിസ് ഉദ്യോഗസ്ഥനായിരുന്ന ടി.എൻ. ജയചന്ദ്രൻ ഐ.എ.എസ് എന്നിവരുടെ കാലിക്കറ്റ് കാലഘട്ടം തിളങ്ങുന്ന ഓർമകളാണ്. 1987ൽ കാലിക്കറ്റിൽ നടന്ന സംഭവങ്ങൾ അതിന് സാക്ഷ്യമായി ഉദ്ധരിക്കുകയാണിവിടെ.
കാലിക്കറ്റ് സർവകലാശാലയുടെ ആരംഭത്തിൽ കാമ്പസും ആസ്ഥാനവും സ്ഥിതി ചെയ്തിരുന്നത് കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിലായിരുന്നു. അതിനനുസൃതമായിരുന്നു സർവകലാശാലയുടെ പോസ്റ്റൽ മേൽവിലാസവും. എന്നാൽ മലപ്പുറം ജില്ലാ രൂപവത്കരണത്തോടെ തേഞ്ഞിപ്പലം പഞ്ചായത്ത് ആ ജില്ലയുടെ ഭാഗമായി. മേൽവിലാസത്തിൽ കോഴിക്കോട് ഒഴിവാക്കപ്പെട്ടെങ്കിലും മലപ്പുറം എന്ന ജില്ലാനാമം ഉൾപ്പെടുത്താൻ നടപടി ഉണ്ടായില്ല. പോസ്റ്റൽ മേൽവിലാസം പഴയതുപോലെ യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി. പി.ഒ, പിൻ-673635, കേരള എന്ന നിലയിൽ തുടർന്നു. സർവകലാശാലയുടെ വാർഷിക ഡയറിയിലും സർവകലാശാല ആസ്ഥാനം സ്ഥിതിചെയ്യുന്നത് കോഴിക്കോട് നഗരത്തിൽനിന്ന് 23 കി.മീറ്റർ അകലെ ദേശീയപാത-17ൽ തേഞ്ഞിപ്പലം പഞ്ചായത്തിൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മലപ്പുറം ജില്ല അവിടെയും തമസ്കരിക്കപ്പെട്ടു. മലപ്പുറം എന്ന പേരുതന്നെ അലർജിയായിട്ടുള്ള ഒരു വിഭാഗം ജില്ലാ രൂപവത്കരണ കാലത്ത് അതിനെതിരെ വമ്പിച്ച പ്രക്ഷോഭം അഴിച്ചുവിട്ട അനുഭവമുണ്ട് സിൻഡിക്കേറ്റ് കോക്കസിന്റെ അട്ടിമറിയിൽ അകപ്പെട്ട് വിസ്മൃതിയിലേക്ക് തള്ളപ്പെട്ട മറ്റൊരു കാര്യം; സർവകലാശാലയുടെ ശിൽപിയും പ്രൊ. ചാൻസലറുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള തീരുമാനമായിരുന്നു. എന്നാൽ അത് ഏറെക്കാലം പ്രാവർത്തികമായില്ല. . വൈകിയെങ്കിലും, വിഷയം ലേഖകനും സെനറ്റ് അംഗമായിരുന്ന ചന്ദ്രിക മുൻ പത്രാധിപർ സി.കെ. താനൂരും വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തി. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെ ശ്രവിച്ച അദ്ദേഹം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയല്ല, വിഷയം സെനറ്റിൽ ഉന്നയിക്കാനാണ് നിർദേശിച്ചത്. അങ്ങനെ 1987ൽ തന്നെ നടന്ന ഒരു സെനറ്റ് യോഗത്തിൽ ചോദ്യോത്തര വേളക്കുശേഷം സീറോ അവറിൽ ഒരു സബ്മിഷൻ ആയി ലേഖകൻ വിഷയം ഉന്നയിച്ചു. രൂപവത്കരിച്ച് 18 വർഷത്തിന് ശേഷവും മലപ്പുറം ജില്ലയുടെ പേര് സർവകലാശാലയുടെ മേൽവിലാസത്തിൽ ഉൾപ്പെടുത്താത്ത നടപടി അംഗീകരിക്കാനാവില്ലെന്നും സി.എച്ച്. മുഹമ്മദ്കോയ മരണപ്പെട്ട് നാല് വർഷം കഴിഞ്ഞിട്ടും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നും ധരിപ്പിച്ചു. വളരെ രോഷത്തോടെയാണ് സഭ ഇതെല്ലാം ശ്രവിച്ചത്. എന്നാൽ ചർച്ചയൊന്നും അനുവദിക്കപ്പെട്ടില്ല. സംഭവിച്ച കാര്യങ്ങളിലെല്ലാം ഖേദം പ്രകടിപ്പിച്ച വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രൻ ക്രിയാത്മകമായ പരിഹാര നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചു. സ്മാരക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് എഡിറ്റോറിയൽ ബോർഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു (ലേഖകൻ സെനറ്റിന്റെ ഏക പ്രതിനിധിയായി എഡിറ്റോറിയൽ ബോർഡിൽ അംഗമായിരുന്നു). ട്രഷറി ബെഞ്ചിൽ സന്നിഹിതരായിരുന്ന സിൻഡിേക്കറ്റ് അംഗങ്ങൾക്ക് വിഷയത്തിൽ പ്രതികരിക്കാൻ അവസരം ഉണ്ടായില്ല. തന്ത്രപരമായ ആ അവസര നിഷേധത്തിൽ അവർക്കുള്ള അർഥവത്തായ സന്ദേശവും അതിനപ്പുറമുള്ള ഒരു താക്കീതും അന്തർഭവിച്ചിരുന്നു. പിന്നീട് സംഭവിച്ചത്: സർവകലാശാലയുടെ പോസ്റ്റൽ മേൽവിലാസം : യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി. പി.ഒ, പിൻ-673635, മലപ്പുറം ഡിസ്ട്രിക്റ്റ്, കേരള എന്ന് ഭേദഗതി വരുത്തി ഒരാഴ്ച്ചക്കകം ഉത്തരവിറക്കി. സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ച സ്മാരകഗ്രന്ഥങ്ങൾ (ലേഖന സമാഹാരം) മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് മൂന്ന് മാസത്തിനകം അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തിൽ 1987 ജൂലൈ 15ന് പ്രകാശനം ചെയ്യപ്പെടുകയുമുണ്ടായി.
വൈസ് ചാൻസലർമാർ മനസ്സുവെച്ചാൽ സകല കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞ് സർവകലാശാലകളെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകതന്നെ ചെയ്യും എന്ന് ബോധ്യപ്പെടുത്താനാണ് ഈ ഓർമ ഇവിടെ കുറിച്ചിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.