2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ ബി.ജെ.പി -104 , കോൺഗ്രസ് -79, ജെ.ഡി-എസ് + ബി.എസ്.പി -37, സ്വതന്ത്രൻ -2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് തെരഞ്ഞെടുപ്പ് നടന്ന രണ്ടുസീറ്റിൽ ഒന്ന് കോൺഗ്രസും മറ്റൊന്ന് ബി.ജെ.പിയും നേടി.
കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും അന്ന് കേന്ദ്രമിടുക്കുപയോഗിച്ച് ബി.ജെ.പി ഭരണത്തിലേറിയെങ്കിലും സുപ്രീംകോടതിക്കുമുന്നിൽ നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു. ഭരണത്തിലേറിയ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിനെ ഓപറേഷൻ താമരയിലൂടെ അട്ടിമറിച്ച് അധികാരത്തിൽവന്ന ബി.ജെ.പി സർക്കാർ നാലാണ്ട് പൂർത്തിയാക്കവെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
ഈ കാലയളവ് അവസാനിക്കുമ്പോൾ ബി.ജെ.പി സീറ്റ് 120ലേക്ക് ഉയർത്തി. കോൺഗ്രസ് -69ഉം ജെ.ഡി-എസ്-32ഉം സീറ്റിലേക്ക് താഴ്ന്നു. ബി.എസ്.പിയുടെ ഏക എം.എൽ.എ കൊല്ലഗലിൽനിന്നുള്ള എൻ. മഹേഷും സ്വതന്ത്രനായ ആർ. ശങ്കറും ബി.ജെ.പിക്കൊപ്പമാണ്. സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ് കോൺഗ്രസിലേക്കും കൂടുമാറി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കർണാടക രാഷ്ട്രീയത്തിൽ വന്ന മാറ്റം ഈ എണ്ണക്കണക്കുകൾക്കും അപ്പുറമാണ്.
അഴിമതിയിൽ മുങ്ങിക്കുളിച്ച ബസവരാജ് ബൊമ്മൈ സർക്കാറിന് മുന്നോട്ടുവെക്കാനുള്ളത് കേന്ദ്രത്തിൽനിന്നും യു.പിയിൽനിന്നും കോപ്പി ചെയ്ത കുറെ നിയമങ്ങളും വർഗീയ അജണ്ടകളും മാത്രമാണ്. പ്രതിപക്ഷമായ കോൺഗ്രസിനും ജെ.ഡി-എസിനും തിരിച്ചുവരവിന് ഇതിലും നല്ലൊരവസരം വേറെയില്ല.
ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ പ്രചാരണം നയിക്കുന്ന കോൺഗ്രസ് ഇത്തവണ പ്രതീക്ഷയിലാണ്. പാർട്ടി നടത്തിയ സർവേ പ്രകാരം 130 സീറ്റ് നേടുമെന്നാണ് കണക്കുകൂട്ടൽ. ഈയിടെ നടന്ന പ്രീ-പോൾ സർവേയുടെ ഫലവും കോൺഗ്രസിന് അനുകൂലമാണ്.
അവർ 108 മുതൽ 114 സീറ്റ് വരെയും ബി.ജെ.പി 65 മുതൽ 75 സീറ്റ് വരെയും ജെ.ഡി-എസ് 24 മുതൽ 34 സീറ്റ് വരെയും നേടുമെന്നാണ് പ്രവചനം. ഉഡുപ്പി, ദക്ഷിണ കന്നഡ അടക്കമുള്ള തീരദേശ ബെൽറ്റ് ഒഴികെയുള്ള മേഖലകളിൽ കോൺഗ്രസ് മുൻതൂക്കമാണ് പ്രവചിക്കപ്പെടുന്നത്.
സാമൂഹികമായും സാമുദായികമായും ജാതീയമായും ഭിന്നസ്വഭാവങ്ങൾ നിലനിർത്തുന്ന പഴയ മൈസൂരു, തീരദേശ കർണാടക, സെൻട്രൽ കർണാടക, കിട്ടൂർ-കർണാടക (പഴയ മുംബൈ- കർണാടക), കല്യാണ കർണാടക (പഴയ ഹൈരാബാദ്- കർണാടക), ബംഗളൂരു എന്നിങ്ങനെ മേഖലകളിൽ പ്രത്യേകം പ്രകടനപത്രികകളുമായാണ് കോൺഗ്രസ് പ്രചാരണത്തിനിറങ്ങുന്നത്.
എല്ലാവർക്കും മാസംതോറും 200 യൂനിറ്റ് സൗജന്യ വൈദ്യുതി, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വേതനം ലഭിക്കുന്ന ‘ഗൃഹലക്ഷ്മി യോജന’ എന്നിങ്ങനെ ബി.ജെ.പിയെ ഞെട്ടിച്ച രണ്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് ആദ്യഘട്ട പ്രചാരണത്തിൽ പ്രഖ്യാപിച്ചത്.
ഈ രണ്ട് ജനകീയ പദ്ധതികളും പ്രചാരണത്തിൽ കോൺഗ്രസിന് മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ. ഹിജാബ് വിവാദമടക്കമുള്ള വിഷയങ്ങൾ കോൺഗ്രസിലേക്ക് കൂടുതൽ ന്യൂനപക്ഷ വോട്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും ഓരോ തെരഞ്ഞെടുപ്പിലും തീരദേശ മേഖലയിലും മൈസൂരു മേഖലയിലും വോട്ടുയർത്തുന്ന എസ്.ഡി.പി.ഐയും ഇത്തവണ അങ്കത്തിനിറങ്ങുന്ന ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും വോട്ട് ചോർത്തുമെന്ന ഭയവും കോൺഗ്രസിനുണ്ട്.
ഗുജറാത്തിൽ നടത്തിയതിന് സമാനമായി പ്രധാനമന്ത്രി ജലസേചന കനാൽ നവീകരണം, ലംബാനി സമുദായത്തിന് ഭൂരേഖ വിതരണം തുടങ്ങി ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ കർണാടകയിലെ വിവിധ പരിപാടികളിൽ ഇപ്പോൾ മോദിയുടെ സാന്നിധ്യമുണ്ട്. ഓരോ തവണയും ഓരോ മേഖലയെ ലക്ഷ്യമിട്ടാണ് മോദിയുടെ വരവ്. ഗുജറാത്തിലും ഇതേ തന്ത്രമാണ് മോദിയും ബി.ജെ.പിയും പയറ്റിയത്.
2008ൽ ആദ്യമായി ബി.ജെ.പി അധികാരത്തിലേറിയപ്പോൾ അഞ്ചുവർഷം അഴിമതിയുടെ കൂത്തരങ്ങായിരുന്നു കർണാടക. സഹസ്രകോടികളുടെ ഖനി അഴിമതിയുമായി മന്ത്രി ഗാലി ജനാർദന റെഡ്ഡിയും ലോകായുക്ത കേസിൽ ബി.എസ്. യെദിയൂരപ്പയുമെല്ലാം ജയിലിലായ കാലം.
അന്നത്തേതിലും രൂക്ഷമായ അഴിമതിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇപ്പോൾ നീങ്ങുന്നത്. കരാർ പ്രവൃത്തികൾക്ക് 40 ശതമാനം കമീഷൻ മന്ത്രി ആവശ്യപ്പെട്ടെന്ന ആരോപണമുയർത്തി ബി.ജെ.പി പ്രവർത്തകൻതന്നെ ആത്മഹത്യ ചെയ്തതും ഗത്യന്തരമില്ലാതെ മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചതും ഒരു സംഭവം മാത്രം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനത്തെക്കുറിച്ച് സംസാരിച്ചാൽ അഴിമതി ബൂമറാങ്ങാവുമെന്ന പേടിയുള്ള ബി.ജെ.പി, ഹിജാബും ലവ് ജിഹാദും പ്രചാരണായുധമാക്കാനാണ് അണികൾക്ക് നൽകിയ നിർദേശം. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയെ പ്രചാരണ റാലികളിൽ ‘സിദ്ധരാമുല്ലാ ഖാൻ’ എന്ന് വിശേഷിപ്പിക്കുന്നതിന്റെയും പിന്നിലെ അജണ്ട മറ്റൊന്നല്ല.
ഗാലി ജനാർദന റെഡ്ഡി രൂപവത്കരിച്ച പുതിയ പാർട്ടിയായ ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ ബി.ജെ.പിക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ജനാർദന റെഡ്ഡിയുടെ ഉറ്റ തോഴനും ഇപ്പോഴത്തെ ഗതാഗത മന്ത്രിയുമായ ബി. ശ്രീരാമുലു, റെഡ്ഡിയുടെ പാർട്ടിക്കായി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.
പിന്നാക്ക വോട്ടുകൾ ഏറെയുള്ള കല്യാണ കർണാടക മേഖലയിൽ ജനാർദന റെഡ്ഡിയുടെ പാർട്ടി മത്സരിച്ചാൽ 12 മുതൽ 14 വരെ സീറ്റ് ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നാണ് സർവേ ഫലം.
സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും അടക്കം പഞ്ചരത്ന വാഗ്ദാനങ്ങളാണ് ജെ.ഡി-എസിന്റെ പ്രകടനപത്രികയിലുള്ളത്. ഒരുകാലത്ത് സംസ്ഥാനം ഭരിച്ചവരാണെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും ശോഷിച്ചുകൊണ്ടിരിക്കുന്ന പാർട്ടിക്ക് ഒറ്റക്ക് അധികദൂരമൊന്നും താണ്ടാനാവില്ലെന്നതാണ് യാഥാർഥ്യം.
അക്കാര്യം നന്നായി ബോധ്യമുള്ളതുകൊണ്ടാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പിയും കോൺഗ്രസും തങ്ങളെ തേടിയെത്തുമെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ഇപ്പോഴേ പറഞ്ഞുവെക്കുന്നത്. കർണാടകയിൽ ആദ്യമായി ഭരണമേറാൻ ബി.ജെ.പിക്ക് കസേരയിട്ടു കൊടുത്ത പാർട്ടി ഇപ്പോഴും നിർണായക സന്ദർഭങ്ങളിൽ അവർക്ക് കൈത്താങ്ങേകുന്നുണ്ട്.
ഐതിഹാസിക കർഷകസമര കാലത്ത് ബി.ജെ.പി സർക്കാറിന്റെ വിവാദ കർഷകവിരുദ്ധ നയത്തിനൊപ്പമായിരുന്നു അവർ. ഗണ്യമായ ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിരുന്ന ജെ.ഡി-എസിന് കുറച്ച് തെരഞ്ഞെടുപ്പുകളായി അത് കൈമോശം വന്നിരിക്കുകയാണ്. വർഗീയ അജണ്ടയോടെ ബി.ജെ.പി കൊണ്ടുവന്ന ഗോവധ നിരോധനം കർഷകവിരുദ്ധ നയമായിട്ടുപോലും ജെ.ഡി-എസിന്റെ പിന്തുണയോടെയാണ് പാസായത്.
പദവിയുടെ പേരിൽ പിണങ്ങി കോൺഗ്രസ് വിട്ട സി.എം. ഇബ്രാഹിമിനെ കർണാടക അധ്യക്ഷനായി അവതരിപ്പിച്ച ജെ.ഡി-എസിന് അദ്ദേഹത്തിന്റെ അനുയായികളുടെ വോട്ടുകൾക്കപ്പുറം ന്യൂനപക്ഷ വോട്ട് കാര്യമായി ചിതറിക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസുമായുണ്ടാക്കിയ സഖ്യം തകർന്നശേഷം ജെ.ഡി-എസിന്റെ നിലപാടുകളിൽ ബി.ജെ.പി അനുകൂല സമീപനങ്ങളുണ്ടായത് കോൺഗ്രസ് വിരോധംകൊണ്ട് മാത്രമാണെന്ന് കരുതാനാവില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഫലസാധ്യതകൾകൂടി കണ്ടുള്ള നീക്കമാണത്.
ഇതിന്റെ ആദ്യപടിയാണ് കർണാടക നിയമനിർമാണ കൗൺസിലിലും മൈസൂരു കോർപറേഷനിലും കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്നത്. കഴിഞ്ഞ 37 വർഷത്തിനിടെ ഭരണത്തിലിരിക്കുന്ന പാർട്ടി അധികാരം നിലനിർത്തിയ ചരിത്രമല്ല കർണാടകയുടേത്. എന്നാൽ, ജാതിയും സമുദായവും ഗതി നിർണയിക്കുന്ന വോട്ടെടുപ്പിൽ ഫലം പ്രവചനാതീതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.