‘‘ധനമൂലധനത്തിെൻറ ആധിപത്യം നിയന്ത്രണാതീതമാകുമ്പോൾ അതൊരു ആഗോള ആത്മഹത്യയായി പരിണമിക്കാം’’ -നൊേബൽ സമ്മാനിതനായ വിഖ്യാത ധ നതത്ത്വശാസ്ത്രജ്ഞൻ ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്സിേൻറതാണ് മേൽപറ ഞ്ഞ ഉദ്ധരണി. അനുഭവങ്ങളിൽനിന്നുള്ള തിരിച്ചറിവാണ് മുതലാളിത്ത ദ ർശനത്തിെൻറ വക്താവായ അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിച്ചത്. 50 കൊല ്ലം മുമ്പ് ഇന്ത്യയിൽ നടന്ന ബാങ്ക് ദേശസാത്കരണം സാമ്പത്തിക മേഖലയിൽ മാത്രമല്ല, രാഷ്ട്രീയരംഗത്തും പ്രകമ്പനങ്ങളുണ്ടാക്കിയിരുന്നു. ജനങ്ങളുടെ കൈവശമുള്ള മിച്ചസമ്പാദ്യം സമാഹരിക്കുകയും അങ്ങനെ കേന്ദ്രീകരിക്കപ്പെടുന്ന ധനവിഭവത്തെ വികേന്ദ്രീകൃതമായി വായ്പകൾ നൽകി വിന്യസിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇന്ത്യയിലെ മാസ് ബാങ്കിങ്ങിെൻറ സുപ്രധാന മികവ്. സ്വാഭാവികമെന്നോണം സ്വകാര്യ ബാങ്കുകൾക്കുപോലും സാമൂഹികനീതിയുടെയും ജനകീയതയുടെയും സഞ്ചാരപാത സ്വീകരിക്കേണ്ടിവന്നു. എന്നാൽ, 1990കളിൽ സ്വകാര്യവത്കരണ ഭ്രമം സമൂഹത്തെ പിടികൂടിയതോടെ സർക്കാർ സ്ഥാപനങ്ങൾപോലും നിക്ഷിപ്ത താൽപര്യങ്ങൾക്കായി നിലകൊള്ളുന്നുവെന്നതാണ് അഞ്ചു പതിറ്റാണ്ടിെൻറ ബാങ്ക് ദേശസാത്കരണ യുഗം പറഞ്ഞുതരുന്നത്.
അക്ഷയപാത്രങ്ങൾ വിൽപനക്ക്
ജനങ്ങളുടെ സമ്പാദ്യത്തെ, നാളത്തെ ജീവിതവരുമാന േസ്രാതസ്സാക്കാൻ കഴിയുന്ന ശക്തമായ വിത്തുധാന്യമാണ് ബാങ്ക് വായ്പകൾ. ആ രൂപത്തിൽ മനുഷ്യജീവിതത്തിെൻറ സമൃദ്ധിയും മരവിപ്പും നിർണയിക്കാൻ കഴിയുന്ന ബാങ്കുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും ആരുടെ കൈവശമെന്നത് സുപ്രധാനമാകുകയാണ്. ഇന്ത്യൻ ബാങ്കുകളുടെ ശക്തമായ പൊതുമേഖലാ സാന്നിധ്യംകൊണ്ടാണ് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനായത്. അതിനെയൊക്കെ വിസ്മൃതിയിലാക്കി സ്വകാര്യ മേഖലയിൽ പേമെൻറ് ബാങ്കുകളും സ്മോൾ ബാങ്കുകളും പൈപ്പിലൂടെ വെള്ളമൊഴുകുന്ന മട്ടിൽ (ഓൺ ടാപ് അടിസ്ഥാനത്തിൽ) അനുവദിച്ചുകൊണ്ടിരിക്കുകയാണ്. മറുഭാഗത്താകട്ടെ, പൊതുമേഖല ബാങ്ക് ഓഹരികൾ വിറ്റഴിച്ചും ബാങ്ക് ലയനങ്ങൾ വ്യാപകമാക്കിയും ദേശസാത്കൃത ബാങ്കുകളുടെ ബാഹ്യസാന്നിധ്യവും ആന്തരിക വിശുദ്ധിയും ഒരുപോലെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. പുതുതായി വരുന്ന ധനകാര്യസ്ഥാപനങ്ങളാകട്ടെ, സ്വകാര്യമേഖലയിൽ മാത്രമാണുള്ളത്. ബാങ്കിങ് മേഖലയിൽ 10 സ്മോൾ ഫിനാൻസ് ബാങ്കുകളും ഏഴ് പേമെൻറ് ബാങ്കുകളും ചരടില്ലാത്ത പട്ടം കണക്കെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ലോകവ്യാപകമായി സാമ്പത്തിക പ്രതിസന്ധി വിസ്ഫോടനത്തിെൻറ വക്കിലെത്തിനിൽക്കുേമ്പാഴാണ് ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയുടെ അഴിച്ചുപണി പ്രതിലോമപരമായി നടന്നുവരുന്നത്.
സാേങ്കതികവിദ്യ നിയന്ത്രിക്കുന്നു
നിക്ഷേപം സ്വീകരിച്ച്, വായ്പകൾ നൽകി സമ്പദ്ഘടനയുടെ ചാലകശക്തിയായി വർത്തിക്കുന്ന സാമ്പ്രദായിക രീതിയിൽനിന്നു മാറി പണം കൈമാറാൻ ബാങ്കുകൾതന്നെ ആവശ്യമില്ല എന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ബാങ്കിങ് പ്രവൃത്തികളിൽ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പ്രയോഗം ഉച്ചസ്ഥായിയിലാണിന്ന്. ഫിനാൻസും ശാസ്ത്ര-സാങ്കേതികവിദ്യയും ചേർന്ന് രൂപംകൊടുത്തിട്ടുള്ള ഫിൻടെക് കമ്പനികൾ ബാങ്കിങ് പ്രവൃത്തികൾ ഒന്നൊന്നായി കൈവശപ്പെടുത്തിവരുകയാണ്. ഗൂഗ്ളും ഉബറും ആമസോണും നിത്യജീവിതത്തിലെ പരിചിത പ്രയോഗങ്ങളായി മാറി. ഈ സ്ഥാപനങ്ങളൊന്നും റിസർവ് ബാങ്കിെൻറ കീഴിൽ വരുന്നതുമില്ല. മൊബൈലും ഇൻറർനെറ്റും മുഖാന്തരം പണകൈമാറ്റം നടത്തുന്ന 1218 കമ്പനികളിലൂടെ 1,10,000 കോടി രൂപയുടെ ഇടപാടുകളാണ് 2017-18ൽ മാത്രം നടന്നിട്ടുള്ളത്. 92 കോടി ഇടപാടുകൾ. കറൻസി ഉപയോഗം കുറക്കാനുള്ള ഉപാധിയെന്ന നിലക്കാണ് ഇത്തരം നൂതന സങ്കേതങ്ങളെ േപ്രാത്സാഹിപ്പിച്ചുവരുന്നത്. ബാങ്ക് അക്കൗണ്ടിൽനിന്ന് വർഷത്തിൽ ഒരു കോടിയിലധികം തുക പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം തത്സമയ നികുതി (ഒരു കോടി രൂപക്ക് രണ്ടു ലക്ഷം വീതം) ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്ര ബജറ്റ് നിർദേശം ഫിൻ ടെക് കമ്പനികൾക്ക് ആവേശമുണ്ടാക്കുന്നതാണ്. സാമ്പത്തികരംഗത്ത് തികഞ്ഞ അരാജകത്വം ഉരുണ്ടുകൂടുമെന്നും തീർച്ച. പാസ്വേഡ് ക്രമക്കേടുകൾ, എ.ടി.എം തട്ടിപ്പുകൾ, ഇൻറർനെറ്റ് തിരിമറികൾ തുടങ്ങിയ ദുരനുഭവങ്ങളുടെ ആധിക്യവും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. ജീവിതാഭിവൃദ്ധിയുടെ ക്രമാനുഗത വളർച്ചയുടെ ഭാഗമായുള്ള ടെക്നോളജിയുടെ പ്രയോഗത്തിനു പകരം, യുദ്ധകാലാവശ്യംപോലെ ഡിജിറ്റലൈസേഷൻ അടിച്ചേൽപിക്കുന്നതിനാലാണ് സാധാരണക്കാർക്ക് റാഗിങ് സമാന പരിഭ്രാന്തി അനുഭവപ്പെടുന്നത്. മനുഷ്യൻ സാങ്കേതികവിദ്യയെയല്ല, നിക്ഷിപ്ത താൽപര്യങ്ങൾമൂലം സാങ്കേതികവിദ്യ മനുഷ്യനെ കീഴ്പ്പെടുത്തുന്നു എന്നതാണ് അനുഭവം. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ജനാധിപത്യബോധവും സാമൂഹികസുരക്ഷയുമാണ് ഇതുമൂലം കൈമോശം വന്നുകൊണ്ടിരിക്കുന്നത്.
കിട്ടാക്കടം പിരിച്ചെടുത്തതിെൻറ
പിന്നാമ്പുറം
ബാങ്ക് കിട്ടാക്കടത്തിലെ 88 ശതമാനം തുകയും അഞ്ചു കോടി രൂപക്കു മുകളിലുള്ളവരുടേതാണ്. 95 വലിയ വായ്പക്കാരുടെ കിട്ടാക്കടം 5,57,110 കോടി രൂപയാണ്. അവരുടെ ആസ്തികൾ പിടിച്ചെടുക്കാൻ നിയമമുണ്ടെങ്കിലും ഭരണാധികാരികൾക്ക് ആത്മാർഥതക്കുറവുണ്ട്. അതുകൊണ്ട് ചെറുകിട വായ്പക്കാരുടെ കുടിശ്ശികയിൽ കുതിരകയറ്റം നടക്കുമെങ്കിലും വൻ കുത്തകകളുടെ കാര്യം വരുമ്പോൾ മെല്ലെപ്പോക്ക് നയമാണ് അനുവർത്തിക്കാറുള്ളത്. 2017ൽ 2.53 ലക്ഷം കോടി രൂപ കുടിശ്ശികയുള്ള 12 കുത്തകകളുടെ പേരുവിവരം റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു. അതിശക്തമായ പാപ്പർ നിയമപ്രകാരം (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ്-െഎ.ബി.സി) ഒരു ലക്ഷം കോടി രൂപയുടെ കിട്ടാക്കടം കുറക്കാനായി എന്നാണല്ലോ കേന്ദ്ര ബജറ്റിലെ ആവേശപ്രസംഗം. എന്നാൽ, ഒരു ലക്ഷം കോടി രൂപ കുറഞ്ഞപ്പോൾ ബാങ്കുകൾക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പരാമർശിക്കാത്തതാണ് കണക്കുവായനയിലെ കാപട്യം. ഐ.ബി.സി നിയമപ്രകാരം കുടിശ്ശിക പിടിച്ചെടുക്കുമ്പോൾ കുത്തകകൾക്ക് വമ്പൻ ആനുകൂല്യങ്ങളും ഇളവുകളുമാണ് നൽകുന്നത്. ഈ ഇളവുകൾ ബാങ്കുകളുടെ കനത്ത നഷ്ടമായിത്തീരുന്നു. അലോക് ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ബാധ്യത, 22,075 കോടി രൂപയായിരുന്നു. എന്നിട്ടും അവർ 3755 കോടി രൂപ അടച്ച് വായ്പ ഇല്ലാതാക്കി. ഈ ഇടപാടിൽ ബാങ്കിന് വന്ന നഷ്ടം 18,320 കോടി രൂപ. 2019 മേയിൽ ഡിഗി പോർട്ട് എന്ന ഭീമൻ കമ്പനിയുടെ 3075 കോടി രൂപയുടെ വായ്പ 854 കോടി രൂപ അടച്ച് തീർപ്പാക്കിക്കൊടുത്തു. ബാങ്കിന് സംഭവിച്ചത് 2221 കോടി രൂപയുടെ നഷ്ടം! ഇത്തരത്തിൽ വൻ തുകകൾ ബാങ്കുകൾക്ക് നഷ്ടം വരുത്തി ഐ.ബി.സി നിയമപ്രകാരം ഇളവുകൾ നൽകുന്ന പ്രവണതക്ക് നൽകിയിട്ടുള്ള ഓമനപ്പേരാണ് ‘ഹെയർ കട്ടിങ്’. മുടിവെട്ടിനുശേഷം ബാങ്കുകളുടെ തലകൂടി വെട്ടിയില്ലാതാക്കുന്നു എന്നതാണ് 2016 മുതൽ തുടർച്ചയായി ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിെൻറ പിന്നാമ്പുറം. ബാങ്ക് കിട്ടാക്കടത്തിെൻറ പ്രഭവകേന്ദ്രമെന്നത് വായ്പ അനുവദിക്കുന്നതിൽ അവലംബിക്കുന്ന സമ്പന്ന പക്ഷപാതിത്വമാണ്. വായ്പനയത്തിൽ ചെറുകിട വായ്പകളുടെ അനുപാതം നിർബന്ധിതമായി ഉയർത്തിക്കൊണ്ടുവരുക എന്നതാണ് ഏക പരിഹാരമാർഗം.
ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥ
പരിധിക്കു പുറത്ത്
128 ലക്ഷം കോടി രൂപ നിക്ഷേപവും 96 ലക്ഷം കോടി രൂപ വായ്പയുമുള്ള ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥ അനന്യമായ വിഭവേസ്രാതസ്സിെൻറ മഹാപർവതമാണ്. ഈ സമ്പത്തിെൻറ വിനിയോഗരീതിയാണ് ഇന്ത്യൻ ജനജീവിതത്തിെൻറ ദിശയും ഘടനയും നിർണയിക്കുക. 1969ലെ ബാങ്ക് ദേശസാത്കരണ കാഴ്ചപ്പാട് പ്രദാനംചെയ്ത വിശ്വസനീയതയും സർക്കാർ പരിരക്ഷയുമാണ് ബാങ്കിങ് സ്ഥാപനങ്ങൾക്ക് ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. എന്നാൽ, ഉയരങ്ങൾ കീഴടക്കിയതോടെ വന്ന വഴി മറന്ന് പൊതുമേഖലയെ ഇകഴ്ത്തിപ്പറയുകയും സമ്പത്തിെൻറ നിറകുടങ്ങളെ സ്വകാര്യ വിദേശകരങ്ങളിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ചെറുകിട വായ്പകൾ ഇല്ലാതായതും സർവിസ് ചാർജുകൾ പെരുകുന്നതും ദുർബലരോടുള്ള അസഹിഷ്ണുതയും ഈ മനോഭാവമാറ്റത്തിെൻറ പ്രതിഫലനങ്ങളാണ്. ബാങ്കുകളുടെ സമീപനത്തിൽ വന്ന മാറ്റം റിസർവ് ബാങ്ക് ചട്ടങ്ങളെ ലംഘിക്കുന്നതിലേക്കുപോലും നീങ്ങിയിരിക്കുന്നു.
കെ.വൈ.സി മാനദണ്ഡങ്ങളും കിട്ടാക്കട നിർദേശങ്ങളും പരസ്യമായി ലംഘിച്ച് ബാലൻസ് ഷീറ്റുകളെ സൗന്ദര്യമുള്ളതാക്കുന്ന സമ്പ്രദായം വ്യാപകമാണ്. വല്ലപ്പോഴും റിസർവ് ബാങ്ക് പിടികൂടുകയാണെങ്കിൽ പിഴയടച്ച് താൽക്കാലിക അഗ്നിശുദ്ധി വരുത്തുകയും വീണ്ടും പഴയ ലംഘനങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. നേരത്തേ നവ സ്വകാര്യബാങ്കുകളായിരുന്നു ഈ വിധം നിയമലംഘനം നടത്തിയിരുന്നതെങ്കിൽ മത്സരരംഗത്ത് പിടിച്ചുനിൽക്കാൻ പൊതുമേഖല ബാങ്കുകളും വളയമില്ലാത്ത ചാട്ടത്തിന് സന്നദ്ധമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏഴു കോടി രൂപ പിഴയടച്ചത് കിട്ടാക്കട തുക അവതരിപ്പിച്ചതിലെ തിരിമറികളുടെ പേരിലാണ്. ബാങ്ക് ദേശസാത്കരണം അമ്പതാണ്ട് പിന്നിടുമ്പോൾ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവത്തിൽ വന്ന മാറ്റമാണ് ഏറ്റവും സുപ്രധാനം. സാധാരണക്കാരനെ വഴിയിൽ ഉപേക്ഷിച്ച്, സകല നൈതികതയും വേണ്ടെന്നുവെച്ച്, ബാങ്കെന്ന അക്ഷയപാത്രം കോർപറേറ്റുകളുടെ കളിപ്പാട്ടമാക്കി തീർത്തതാണ് ഇന്നത്തെ ബാങ്കിങ് കാഴ്ച.
(ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.