ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോൾ ബഷീറിന്റെ മറുപടി വിശപ്പ് എന്നായിരുന്നു. വിശപ്പും ദാരിദ്ര്യവും കൊടൂരമായി അനുഭവിച്ച എഴുത്തുകാരനായിരുന്നു ബഷീർ. അതുകൊണ്ടാണ് വൈലാലിൽ ചെല്ലുന്ന ആരോടും ആഹാരം കഴിച്ചിരുന്നോ എന്ന് അദ്ദേഹം ആദ്യം ചോദിച്ചിരുന്നത്
ബഷീർ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘ഓർമയുടെ അറകൾ’ എഴുതുന്ന കാലം. ചന്ദ്രികയിലെ മാനു എന്നുവിളിക്കപ്പെടുന്ന പി.കെ. മുഹമ്മദും കാനേഷുമായി സംഭാഷണം നടത്തുന്ന രീതിയിലായിരുന്നു അതിന്റെ രചന. ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് ബഷീറുമായി ഈ ലേഖകൻ നേരിട്ട് പരിചയപ്പെടുന്നതും.
അന്ന് പ്രബോധനം വാരികയിലായിരുന്നു ലേഖകന് ജോലി. അക്കാലത്ത് ബേപ്പൂരിലെ ‘വൈലാലിൽ’ ചെന്ന് ബഷീറിനെ സന്ദർശിക്കുക പതിവായിരുന്നു. അന്നേ ‘പ്രബോധന’ത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു ബഷീർ. അഹിതകരമായി എന്തെങ്കിലും അച്ചടിച്ചുവന്നാൽ അദ്ദേഹത്തിന്റെ ഒരു വിളിയോ കത്തോ ഉടൻ വരും.
പ്രബോധനം ഒരു ഖുർആൻ വിശേഷാൽ പ്രതി ഇറക്കാൻ തീരുമാനിച്ചപ്പോൾ ഒരു ലേഖനം ആവശ്യപ്പെട്ട് അദ്ദേഹത്തിനെഴുതുകയുണ്ടായി.
നീണ്ട ഒരു കത്തായിരുന്നു മറുപടി. അലച്ചിലിനിടയിൽ കശ്മീരിലെത്തി ശൈഖ് അബ്ദുല്ലയുടെ വീട്ടിൽ അതിഥിയായി കഴിയുമ്പോൾ, ‘മക്കയിലേക്കുള്ള പാത’ എഴുതിയ മുഹമ്മദ് അസദിനെയും ഖുർആൻ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും എഴുതിയ അബ്ദുല്ല യൂസുഫലിയെയും കണ്ടതും അബ്ദുല്ല യൂസുഫലി ഖുർആൻ പരിഭാഷയുടെ കോപ്പി സമ്മാനിച്ചതുമൊക്കെയായിരുന്നു ആ കത്തിലെ വിശേഷങ്ങൾ.
‘ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ’ ആ കാലത്തും ഖുർആന്റെ ദിവ്യജ്യോതിസ്സ് ബഷീർ കെടാതെ മനസ്സിൽ കൊണ്ടുനടന്നിരുന്നുവെന്നർഥം. ‘പ്രബോധന’ത്തിന്റെ ഖുർആൻ വിശേഷാൽ പതിപ്പിൽ ഗോൾഡൻ ചൈൽഡിന്റെ ‘വാട്ട് ഹാപ്പൻഡ് ഇൻ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽനിന്നുള്ള ഒരുഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
ആ ലേഖനം മുഴുവൻ പ്രബോധനം റഫറൻസ് കാണിച്ച് അദ്ദേഹം ‘ഓർമയുടെ അറകളി’ൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. എറണാകുളത്ത് ബുക്സ്റ്റാൾ നടത്തിയിരുന്ന കാലത്ത് ഗോൾഡൻ ചൈൽഡിന്റെ പ്രസ്തുത പുസ്തകം ധാരാളമായി വിറ്റുപോയിട്ടുണ്ടെന്ന വിവരവും അതിൽ ബഷീർ അനുസ്മരിക്കുകയുണ്ടായി.
ഖുർആനുമായി ബഷീർ പുലർത്തിപ്പോന്ന ഗാഢബന്ധത്തെ കുറിക്കുന്ന അനുഭവങ്ങൾ വേറെയുമുണ്ട്. ബഷീറിന്റെ ഉമ്മ മരിച്ച സന്ദർഭം. അനുശോചനമറിയിക്കാൻ വീട്ടിൽ പോയതായിരുന്നു. അപ്പോൾ ഉമ്മയുടെ പുണ്യത്തിനായി ഒരു നേർച്ച നേർന്ന വിവരം അദ്ദേഹം പറഞ്ഞു. റാംപൂരിലെ ‘അൽ ഹസനാത്ത് പബ്ലിക്കേഷൻ’ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഒരു ദ്വിഭാഷാ പരിഭാഷ പുറത്തിറക്കിയിരുന്നു.
ലാഭേച്ഛയില്ലാതെയുള്ള സംരംഭമായതിനാൽ 13 രൂപ മാത്രമേ അതിന് വിലയിട്ടിരുന്നുള്ളൂ. അതിന്റെ പരസ്യം ‘പ്രബോധന’ത്തിൽ വരാറുണ്ടായിരുന്നത് ബഷീറും കണ്ടുകാണും. അതിന്റെ 15 കോപ്പിയുടെ കാശ് കൈയിൽ തന്നു.
ഏതാനും കോപ്പികൾ തന്റെ പരിചിതവൃത്തത്തിലുള്ളവർക്കായി മാറ്റിവെച്ച് ബാക്കി കോപ്പികൾ പൊതു ലൈബ്രറികൾക്കും വായനാതൽപരരായ അമുസ്ലിം സഹോദരങ്ങൾക്കും കൊടുക്കാൻ ഞങ്ങളെ ഏൽപിച്ചു. ഉമ്മാക്കുവേണ്ടിയുള്ള സൽക്കർമം എന്ന് മനസ്സിൽ കരുതണമെന്ന് പ്രത്യേകം പറയുകയുമുണ്ടായി.
സന്ദർശിക്കാൻ വീട്ടിൽ ചെല്ലുമ്പോഴൊക്കെ ഐ.പി.എച്ചിന്റെ പുതിയ പുസ്തകങ്ങൾ ഞങ്ങൾ സമ്മാനിക്കാറുണ്ടായിരുന്നു. അവയുടെ വില വാങ്ങാത്തതിൽ അദ്ദേഹം പരിഭവപ്പെട്ടു. ‘നിങ്ങൾ ഏതായാലും പുസ്തകങ്ങൾക്ക് കാശ് വാങ്ങുന്നില്ല. അതുകൊണ്ട് നിങ്ങളുടെ ലൈബ്രറിക്ക് ഇതിരിക്കട്ടെ’ എന്നുപറഞ്ഞ് തന്റെ സ്വകാര്യ ലൈബ്രറിയിലെ നല്ലൊരു പങ്ക് നൽകിക്കൊണ്ടാണ് അദ്ദേഹം ആ ‘കടം’ വീട്ടിയത്. ശരിക്കും പറയുകയാണെങ്കിൽ ഞങ്ങളെ അങ്ങോട്ട് കടക്കാരനാക്കി എന്നുവേണം പറയാൻ.
ഉദാരമനസ്കതയും അഭിമാനബോധവും ബഷീറിന്റെ കൂടപ്പിറപ്പുകളായിരുന്നു. അത് തൊട്ടറിഞ്ഞ ആളാണ് എം.പി. പോൾ. താമസിക്കാനിടമില്ലാതെ ബഷീർ വിഷമിച്ച സന്ദർഭത്തിൽ ട്യൂട്ടോറിയൽ കോളജിലെ മുറി നൽകിയപ്പോൾ പോൾ വാർഡനായി നിയമിച്ചത് അതുകൊണ്ടായിരുന്നു.
‘ഉറങ്ങുന്ന സിംഹ’ത്തിൽ പോളിന്റെ മകൾ റോസി തോമസ് ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. പോളിന്റെ വീട്ടിലെ ഒരു അംഗം പോലെയായിരുന്നു ബഷീർ. റോസി അന്ന് ചെറിയ കുട്ടിയാണ്. കുട്ടികളോട് തമാശകൾ കാണിക്കുന്ന ബഷീർ ജൂബ്ബയിലെ കീശയിൽ കൈയിട്ട് ചില്ലിക്കാശുകൾ കുലുക്കി താൻ വലിയ കാശുകാരനാണെന്ന് വീമ്പുപറയുമായിരുന്നു. എന്നിട്ട് ചില്ലറ വാരി അവർക്ക് കൊടുക്കുകയും ചെയ്യും.
ഒരിക്കൽ കുട്ടികളുടെ കൈയിൽ നാണയത്തുട്ടുകൾ കണ്ടപ്പോൾ അതിന്റെ ഉറവിടം ബഷീറാണെന്നറിഞ്ഞ പോളിന് കുട്ടികൾ ബഷീറിനെ ബുദ്ധിമുട്ടിച്ചത് ഇഷ്ടമായില്ല. തന്റെ കൈയിൽ എമ്പാടും കാശുണ്ടെന്ന് ബഷീർ പറഞ്ഞല്ലോ എന്നായിരുന്നു റോസിയുടെ ന്യായം. ‘ഇന്ന് ബഷീർ ഊൺ കഴിച്ചുകാണില്ല. നിങ്ങൾക്കറിയാമോ? എന്തൊരു അഭിമാനിയായ മേത്തനാണ് അയാളെന്ന്!’ പോൾ മകളോട് പറഞ്ഞു.
അതായിരുന്നു ബഷീർ. ഇല്ലായ്മക്കിടയിലും സമ്പന്നമായിരുന്നു ആ മനസ്സ്. ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോൾ ബഷീറിന്റെ മറുപടി വിശപ്പ് എന്നായിരുന്നു. വിശപ്പും ദാരിദ്ര്യവും കൊടൂരമായി അനുഭവിച്ച എഴുത്തുകാരനായിരുന്നു ബഷീർ. അതുകൊണ്ടാണ് വൈലാലിൽ ചെല്ലുന്ന ആരോടും ആഹാരം കഴിച്ചിരുന്നോ എന്ന് അദ്ദേഹം ആദ്യം ചോദിച്ചിരുന്നത്.
കോഴിക്കോട് അൽ അമീൻ ഓഫിസിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ കാണാൻ പോയ സന്ദർഭം ബഷീർ ഓർക്കുന്നുണ്ട്. കണ്ടയുടൻ അബ്ദുറഹ്മാൻ സാഹിബ് ബഷീറിനോട് ചോദിക്കുന്നതും ഇതേ ചോദ്യം തന്നെ. ആ ഒറ്റ ചോദ്യത്തിലാണ് അബ്ദുറഹ്മാന്റെ വലുപ്പം ബഷീർ അളക്കുന്നത്.
സഞ്ചാരിയായ ബഷീറിന്റെ കഥകളും ലോകസഞ്ചാരം ചെയ്തിട്ടുണ്ട്. പാത്തുമ്മയുടെ ആടിനെ ആഷർ ഇംഗ്ലീഷിലേക്ക് തെളിച്ചുകൊണ്ടുപോയത് സുവിദിതം. ബഷീറിന്റെ ചില രചനകളെങ്കിലും അറബിയിൽ വെളിച്ചം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു.
ഖേദകരമെന്ന് പറയട്ടെ, ബഷീർ മരിച്ച ശേഷമാണ് ആ ആഗ്രഹം സഫലമായത്. അന്ന് ലേഖകൻ ഖത്തറിലായിരുന്നു. അറബിയിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയതല്ലാതെ തിരിച്ചങ്ങോട്ട് ചെയ്ത ഒരു പൂർവാനുഭവവുമുണ്ടായിരുന്നില്ല. അതിനിടെയാണ് ‘അന്നാസ് ബൈസാത്ത്’ (മനുഷ്യൻ പണമാണ്) എന്ന ഒരു ടി.വി പരമ്പര ഖത്തർ മാധ്യമങ്ങളിൽ വലിയ വിവാദമാകുന്നത്.
വിവാദമാകാൻ കാരണം ഇന്ത്യയിൽനിന്ന് ഖത്തറിലെത്തിയ അതിലെ കഥാപാത്രം അറബികളെ അറബി പഠിപ്പിക്കുന്ന രംഗമായിരുന്നു. അതിലിടപെട്ട് ദീർഘമായ ഒരു കുറിപ്പ് ഒരു ഖത്തരി പത്രത്തിന് അയച്ചുകൊടുത്തു. ഈജിപ്തുകാരനായ അതിന്റെ പത്രാധിപർ ഹാമിദ് ഇസുദ്ദീൻ ഒരു ആമുഖ കുറിപ്പോടെ അത് മുഴുവൻ പ്രസിദ്ധീകരിച്ചു. അറബിയിലെഴുതുന്ന ആദ്യത്തെ ലേഖനം അതായിരുന്നു.
തുടർന്ന് മലയാളത്തിലെ സർഗരചനകൾ പരിഭാഷപ്പെടുത്തി അയക്കാമോ എന്ന് ഹാമിദ് ഇസുദ്ദീൻ ചോദിച്ചു. അങ്ങനെയാണ് ബഷീറിന്റെ ‘നൂറുരൂപ നോട്ട്’ പരിഭാഷപ്പെടുത്തുന്നത്. അപ്പോഴേക്ക് ഹാമിദ് ഇസുദ്ദീൻ ജോലി ഒഴിവാക്കി ഖത്തർ വിട്ടിരുന്നു.
രണ്ടും കൽപിച്ച് ഒട്ടും പ്രതീക്ഷയില്ലാതെ, അറബ് ലോകത്ത് ലക്ഷക്കണക്കിന് സർക്കുലേഷനുള്ള കുവൈത്തിലെ അൽ അറബി മാഗസിനിലേക്ക് അത് അയച്ചുകൊടുത്തു. പ്രതീക്ഷക്ക് വിരുദ്ധമായി അത് പ്രസിദ്ധീകരിച്ചുവരുകയും ചെയ്തു. പിൽക്കാലത്ത് അറബിയിൽ തുടർച്ചയായി എഴുതാൻ ധൈര്യം നൽകിയത് ഈ രചനകളായിരുന്നു.
ഖത്തർ വിട്ട ശേഷം ഒമാനിലെ പ്രൗഢമായ ത്രൈമാസിക ‘നസ്വ’യുടെ പത്രാധിപർ ഡോ. സൈഫ് റഹ്ബി, ബഷീറിനെക്കുറിച്ച് ഒരു കവർസ്റ്റോറി ചെയ്യുന്നതിനെക്കുറിച്ച് ആശയം പങ്കുവെച്ചു.
കാരശ്ശേരി ബഷീറിനെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിൽനിന്ന് ജീവചരിത്ര സംബന്ധിയായ ഭാഗവും നരേന്ദ്ര പ്രസാദിന്റെ ഒരു ലേഖനവും ബഷീറിന്റെ ‘ക്രിസ്ത്യൻ ഹെറിറ്റേജ്’ എന്ന കഥയും പരിഭാഷപ്പെടുത്തി സ്വന്തം ലേഖന സഹിതം അയച്ചുകൊടുത്തു. നാലു രചനകളും നസ്വയിൽ പ്രസിദ്ധീകരിച്ചുവന്നു. ഇക്കൂട്ടത്തിൽ ചേർത്തുപറയേണ്ടതാണ് ഖത്തറിലെ സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച സുഹൈൽ വാഫിയുടെ ബാല്യകാലസഖി പരിഭാഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.