‘‘ബീദർ ജയിലിൽ കഴിഞ്ഞ ആ 17 ദിവസങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ തികട്ടി വരും. വീണ്ടുമൊരിക്കൽ കൂടി ജയിലിലേക്ക് പോകേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥയെന്ന് എപ്പോഴുമോർക്കും. രാജ്യദ്രോഹക്കുറ്റമായതിനാൽ ജീവപര്യന്തമാണ് ശിക്ഷ കിട്ടുകയെന്നും.’’
ബീദറിലെ ശഹീൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ഫരീദക്കും സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിനിയുടെ ഉമ്മയായ നസ്ബുന്നിസ ബീഗ(28)ത്തിനുമെതിരെ ചുമത്തപ്പെട്ടിരുന്ന രാജ്യദ്രോഹക്കേസ് മൂന്നര വർഷങ്ങൾക്കുശേഷം കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ച് ഈ മാസം 14ന് റദ്ദാക്കിയിരിക്കുന്നു.
2020 ജനുവരിയിൽ കർണാടകയുടെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ഒരു ചെറിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ കേസ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഏറെ ചർച്ചയായിരുന്നു. അക്കൊല്ലം ജനുവരി 21ന് സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ അവതരിപ്പിച്ച നാടകത്തിന്റെ പേരിലായിരുന്നു കേസ്.
‘‘ആ ദിവസം നടന്ന സകല സംഭവങ്ങളും ഞാൻ ഓർത്തെടുത്തു നോക്കി. നാടകത്തിന്റെ ഏതു ഭാഗമാണ് പരോക്ഷമായെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിക്കുകയോ നമ്മുടെ രാജ്യത്തിന് അപകടകരമാവുകയോ ചെയ്തതെന്ന്. ആ നാടകം ആകെ നൽകുന്ന സന്ദേശം സമാധാനത്തിന്റെയും ഐക്യത്തിന്റേതുമായിരുന്നു- ഫരീദ പറയുന്നു.
രാജ്യത്തെ മുസ്ലിം സമുദായം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയമാക്കി നസ്ബുന്നിസയുടെ 12കാരി മകൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിലാണ് ഇരുവർക്കെതിരെയും കേസ് വന്നത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ),
ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.സി.ആർ) എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടുക്ക് ഉടലെടുത്ത അസ്വസ്ഥതകൾ സംബന്ധിച്ച് ഒരു പെൺകുട്ടിയുടെ കലാപരമായ വീക്ഷണമായിരുന്നു ആ നാടകം.
എനിക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷ നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ വന്ന വിധിയാണ് അവയിൽ വെച്ച് ഏറ്റവും വലുത്- ഹൈകോടതി തീരുമാനത്തെക്കുറിച്ച് ഫരീദ പ്രതികരിച്ചത് ഇങ്ങനെ. പക്ഷേ കടന്നുപോയ മൂന്നു വർഷങ്ങൾ വേദനകളുടേതായിരുന്നുവെന്ന കാര്യം അവർക്ക് മറച്ചു വെക്കാനാവുന്നില്ല. ‘മാനസികവും ശാരീരികവുമായി ഒരുപാട് കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ഈ സംഭവങ്ങൾക്ക് പിറകെ ഹൃദ്രോഗം ബാധിച്ചു, രണ്ട് പെൺമക്കളെയും ഇത് വല്ലാതെ അലട്ടി’’.
ഏക മകളെ പഠിപ്പിച്ചു വലുതാക്കാനായി വീട്ടുവേലക്ക് പോകുന്ന നസ്ബുന്നിസ എന്ന വിധവക്ക് കേസും അറസ്റ്റും വല്ലാത്ത ആഘാതം തന്നെയായിരുന്നു.
“ ഞാൻ ജയിലിലേക്ക് പോകുമ്പോൾ 12 വയസ്സുള്ള എന്റെ മകൾ ശരിക്കും ഒറ്റപ്പെട്ടുപോയി. അയൽവാസികളും സ്കൂൾ അധികൃതരുമെല്ലാം തികഞ്ഞ അനുകമ്പയോടെ പെരുമാറിയെങ്കിലും താൻ കാരണം ഉമ്മ ജയിലിലടക്കപ്പെട്ടു എന്ന തോന്നൽ അവളെ വല്ലാതെ വിഷമിപ്പിച്ചു’’. നസ്ബുന്നിസ പറയുന്നു. ഈ ക്രിമിനൽ കേസിനു കാരണം തങ്ങളുടെ നിലപാടോ ചെയ്തിയോ അല്ല മറിച്ച് രാജ്യത്തുടനീളം ഉടലെടുത്ത വർഗീയ അന്തരീക്ഷത്തിന്റെ അനന്തരഫലമാണെന്ന് നസ്ബുന്നിസ തിരിച്ചറിഞ്ഞത് അൽപം താമസിച്ചാണ്.
നാട്ടിലെ തീവ്ര വലതുപക്ഷ സംഘ പ്രവർത്തകൻ നീലേഷ് രക്ഷാൽ നൽകിയ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നറിഞ്ഞപ്പോൾ, ഒളിച്ചു കളയാം എന്നായിരുന്നു ആദ്യ പ്രതികരണമെന്ന് നസ്ബുന്നിസ പറയുന്നു. “എനിക്ക് നാണക്കേട് തോന്നി. എനിക്കും മകൾക്കും എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാകില്ലെന്ന് ഞാൻ കരുതി. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിരുപാധികം പിന്തുണച്ചു.
പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു നസ്ബുന്നിസയുടെ കല്യാണം. അവർക്ക് 18 വയസ്സായപ്പോഴേക്കും ഭർത്താവ് അൾർബുദം ബാധിച്ച് മരിച്ചു. 2013ൽ ബീദറിലേക്ക് താമസം മാറ്റി വീട്ടുജോലിക്കാരിയായി. മകളെ പഠിപ്പിച്ച് വലുതാക്കുക എന്നതു മാത്രമായി മനസ്സിലെ ചിന്ത. അതിനിടയിലായിരുന്നു കേസും അറസ്റ്റും.
‘‘കുറഞ്ഞ കാലത്തെ ജീവിതത്തിനിടയിൽത്തന്നെ ഒരുപാട് കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ഞാൻ, ഇതോടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മകൾ ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കും. അടുത്ത വർഷം ഉപരിപഠനം തുടങ്ങണം, വരാനിരിക്കുന്നത് എല്ലാം നല്ലതു മാത്രമാവണേ എന്ന പ്രാർഥനയെ എനിക്കുള്ളൂ.”
ഹൈകോടതി എഫ്.ഐ.ആർ റദ്ദാക്കിയ വാർത്തയറിഞ്ഞതുമുതൽ ഇരുവരുടെയും വീടുകളിൽ സന്ദർശിക്കാനെത്തുന്ന ബന്ധുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും അയൽക്കാരുടെയുമെല്ലാം തിരക്കാണ്. ഇക്കാലമത്രയും നെഞ്ചുറപ്പോടെ പതറാതെ പിടിച്ചു നിന്നതിന് എല്ലാവരും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. തോൽപിക്കാൻ കഴിയാത്ത സ്ത്രീ എന്നാണ് ഒരാൾ എന്നെ വിളിച്ചത്, അതേ, ഒരു പക്ഷേ തോൽപിക്കാനാവാത്ത മുസ്ലിം പെണ്ണുങ്ങളായിരിക്കാം ഞങ്ങൾ- സന്തോഷ നിറവിൽ ഫരീദ പറയുന്നു.
(നിരവധി മാധ്യമപുരസ്കാരങ്ങൾ നേടിയ ലേഖിക thewire.in സീനിയർ അസിസ്റ്റൻറ് എഡിറ്ററാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.